ഈശന്‍ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുടെയും ധനം.

അല്ലെങ്കിലന്ത്യം വരെയും
കര്‍മ്മം ചെയ്തിങ്ങസങ്ഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു ചെയ്തിടാന്‍.

ആസുരം ലോകമൊന്നുണ്ട്
കൂരിരുട്ടാലതാവൃതം
മോഹമാര്‍ന്നാത്മഹന്താക്കള്‍
പോകുന്നു മൃതരായതില്‍.

ഇളകാതേകമായേറ്റം
ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ
നിന്നുപോയിന്ദ്രിയാവലി.

അതു നില്ക്കുന്നു പോകുന്നി-
തോടുമന്യത്തിനപ്പുറം
അതിന്‍ പ്രാണസ്പന്ദനത്തി-
ന്നധീനം സര്‍വകര്‍മ്മവും.

അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സര്‍വ്വാന്തരമതു
സര്‍വത്തിന്നും പുറത്തുമ‍ാം.

സര്‍വഭൂതവുമാത്മാവി-
ലാത്മാവിനെയുമങ്ങനെ
സര്‍വഭൂതത്തിലും കാണു-
മവനെന്തുള്ളു നിന്ദ്യമായ്?

തന്നില്‍ നിന്നന്യമല്ലാതെ-
യെന്നു കാണുന്നു സര്‍വവും
അന്നേതു മോഹമന്നേതു
ശോകമേകത്വദൃക്കിന്?

പങ്കമറ്റംഗമില്ലാതെ
പരിപാവനമായ് സദാ
മനസ്സിന്മനമായ് തന്നില്‍
തനിയേ പ്രോല്ലസിച്ചിടും.

അറിവാല്‍ നിറവാര്‍ന്നെല്ലാ-
മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്‍കീ
മുന്‍പോലീ വിശ്വമൊക്കെയും.

അവിദ്യയെയുപാസിക്കു-
ന്നവരന്ധതമസ്സിലും
പോകുന്നു വിദ്യാരതര-
ങ്ങതേക്കാള്‍ കൂരിരുട്ടിലും.

അവിദ്യകൊണ്ടുള്ളതന്യം
വിദ്യകൊണ്ടുള്ളതന്യമ‍ാം
എന്നു കേള്‍ക്കുന്നിതോതുന്ന
പണ്ഡിതന്മാരില്‍നിന്നു ന‍ാം.

വിദ്യാവിദ്യകള്‍ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാര്‍ന്നിടും.

അസംഭൂതിയെയാരാധി-
പ്പവരന്ധതമനസ്സിലും
പോകുന്നു സംഭൂതിരത-
രതേക്കാള്‍ കൂരിരുട്ടിലും.

സംഭൂതികൊണ്ടുള്ളതന്യ-
മസംഭൂതിജമന്യമ‍ാം
എന്നു കേള്‍ക്കുന്നിതോതുന്ന
പണ്ഡിതന്മാരില്‍നിന്നു ന‍ാം.

വിനാശംകൊണ്ടു മൃതിയെ-
ക്കടന്നമൃതമ‍ാം പദം
സംഭൂതികൊണ്ടു സംപ്രാപി-
ക്കുന്നു രണ്ടുമറിഞ്ഞവര്‍.

മൂടപ്പെടുന്നു പൊന്‍പാത്രം-
കൊണ്ടു സത്യമതി
ന്‍ മുഖം
തുറക്കുകതു നീ പൂഷന്‍!
സത്യധര്‍മ്മന്നു കാണുവാന്‍.

പിറന്നാദിയില്‍ നിന്നേക-
നായി വന്നിങ്ങു സൃഷ്ടിയും
സ്ഥിതിയും നാശവും ചെയ്യും
സൂര്യ! മാറ്റുക രശ്മിയെ.

അടക്കുകിങ്ങു കാണ്മാനായ്
നിന്‍ കല്യാണകളേബരം
കണ്ടുകൂടാത്തതായ് കണ്ണു-
കൊണ്ടു കാണപ്പെടുന്നതായ്.

നിന്നില്‍ നില്‍ക്കുന്ന പുരുഷാ-
കൃതിയേതാണതാണു ഞാന്‍;
പ്രാണന്‍ പോമന്തരാത്മാവില്‍;
പിന്‍പു നീറാകുമീയുടല്‍.

ഓമെന്നു നീ സ്മരിക്കാത്മന്‍!
കൃതം സര്‍വ്വം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ.

ചെയ്യും കര്‍മ്മങ്ങളെല്ലാവു-
മറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളില്‍ നിന്നു മാറ്റുക.
അങ്ങേയ്ക്കു ഞങ്ങള്‍‍ ചെയ്യുന്നു
നമോവാകം മഹത്തരം.