ഈ ഭൂലോകത്തില്‍ ബഹുവിധം ജീവകോടികള്‍ വസിക്കുന്നതുപോലെ ഗന്ധം, ശീതം, ഉഷ്ണം ഈ ഗുണങ്ങളോടുകൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു. ഇതിന്റെ തത്ത്വം ചില കല്ലേറു മുതലായ പ്രവൃത്തികളെക്കൊണ്ടും, അതു ചില മാന്ത്രികന്മാരാല്‍ നിവൃത്തിക്കപ്പെടുന്നതുകൊണ്ടും, ദേവതാഗ്രസ്തന്മാരാല്‍ ചെയ്യപ്പെടുന്ന ചില അത്ഭുതകാര്യങ്ങളെക്കൊണ്ടും, സാമാന്യേന വെളിവാകുന്നു. അതുമല്ല, അന്തരചാരികളുണ്ടെന്നും, അവര്‍ ചില ഭക്തന്മാരുടെ മുമ്പില്‍ പ്രത്യക്ഷമായി വന്ന് അവര്‍ക്ക് വേണ്ടും വരങ്ങളെല്ലാം കൊടുത്തിരിക്കുന്നുവെന്നും, ഇന്നും അവരെ ഉപാസിക്കുന്ന ഭക്തന്മാര്‍ക്ക് അങ്ങനെതന്നെ സംഭവിക്കുമെന്നും, ദേവതാസിദ്ധിയുള്ള ആളുകള്‍ ഇപ്പോഴും അനേകം ഇരിക്കുന്നുവെന്നും മറ്റും മിക്കവാറും ലോകസമ്മതമാകുന്നു. അതുകൊണ്ട് ഇഹലോകവാസികളെപ്പോലെ പരലോകവാസികളും ഉണ്ടെന്നുള്ളത് നിര്‍വിവാദമാകുന്നു. അവര്‍ക്ക് വായുവെപ്പോലെ വേഗമുള്ളതുകൊണ്ടും, അദൃഷ്ടരൂപികളായിരുന്നുകൊണ്ട് അതികഠിനപ്രവൃത്തികളെ ചെയ്കകൊണ്ടും, ഇവരില്‍ വെച്ച് ചിലര്‍ അടുക്കുമ്പോള്‍ ഉഷ്ണവും ചിലരുടെ സാന്നിദ്ധ്യത്തില്‍ ശീതവും ചിലര്‍ക്ക് സുഗന്ധവും ചിലര്‍ക്ക് ദുര്‍ഗന്ധവും, മറ്റും ഇങ്ങനെയുള്ള സകല സംഗതികളെക്കൊണ്ടുമാണ് ഇവരെ വായുലോകവാസികളെന്ന് ചുരുക്കമായി പ്രസ്താവിച്ചിരിക്കുന്നത്. ഇതുകളെല്ലാം ഇപ്പോള്‍ വിസ്തരിക്കുന്നില്ല.
ഈ വായുലോകവാസികളില്‍ ചിലര്‍ക്ക് പാലിലും ചിലര്‍ക്ക് നെയ്യിലും ചിലര്‍ക്ക് തേനിലും ചിലര്‍ക്ക് പായസത്തിലും ചിലര്‍ക്ക് പഴവര്‍ഗ്ഗത്തിലും ചിലര്‍ക്ക് പലഹാരങ്ങളിലും ചിലര്‍ക്ക് കന്ദവര്‍ഗ്ഗങ്ങളിലും പ്രീതിയുണ്ട്. ചിലരുടെ പ്രീതി പരിമളദ്രവ്യത്തില്‍, ചിലരുടെ പ്രീതി മന്ത്രത്തില്‍, ചിലര്‍ക്ക് തന്ത്രത്തില്‍, ചിലര്‍ക്ക് യന്ത്രത്തില്‍, ചിലര്‍ക്ക് നൃത്തത്തില്‍, ചിലര്‍ക്ക് വാദ്യത്തില്‍, ചിലര്‍ക്ക് ഗാനത്തില്‍, ചിലര്‍ക്ക് സകലതിലും പ്രീതിയുണ്ട്. ചിലര്‍ മാംസം ഭക്ഷിക്കുന്നവര്‍, ചിലര്‍ രക്തം കുടിക്കുന്നവര്‍, ചിലര്‍ മദ്യപാനികള്‍, ചിലര്‍ പ്രേതം ഭക്ഷിക്കുന്നവര്‍, ചിലര്‍ പിള്ളതീനികള്‍, ചിലര്‍ ഗര്‍ഭം കലക്കുന്നവര്‍, ചിലര്‍ ശുക്ലഭോജികള്‍, ചിലര്‍ കാമികള്‍, ചിലര്‍ ഭോഗികള്‍. ചിലര്‍ കൃശന്മാര്‍, ചിലര്‍ സ്ഥൂലന്മാര്‍ ചിലരുടെ നിറം വെളുപ്പ്, ചിലരുടെ നിറം കറുപ്പ്, ചിലര്‍ക്ക് മഞ്ഞള്‍ വര്‍ണ്ണം, ചിലര്‍ ചിത്രവര്‍ണ്ണന്മാര്‍, ചിലര്‍ ഹ്രസ്വന്മാര്‍, ചിലര്‍ ദീര്‍ഘന്മാര്‍, ചിലര്‍ കാളവാഹനമുള്ളവര്‍, ചിലര്‍ മയില്‍വാഹനമുള്ളവര്‍, ചിലര്‍ ഗരുഡന്‍മേലേറി നടക്കുന്നവര്‍, ചിലരുടെ വാഹനം കുതിര, ചിലര്‍ പക്ഷി മുഖമുള്ളവര്‍, ചിലര്‍ അശ്വമുഖമുള്ളവര്‍, ചിലര്‍ സര്‍പ്പത്തിന്റെ മുഖമുള്ളവര്‍, ചിലര്‍ അശുദ്ധഭൂവാസികള്‍, ചിലര്‍ ശുദ്ധഭൂവാസികള്‍, ചിലര്‍ ശുക്ലാംബരധാരികള്‍, ചിലര്‍ പീതാംബരധാരികള്‍, ചിലര്‍ നീലാംബരികള്‍, ചിലര്‍ ജീര്‍ണ്ണവസ്ത്രമുള്ളവര്‍, ചിലര്‍ കൗപീനധാരികള്‍, ചിലര്‍ ദിഗംബരന്മാര്‍, ചിലര്‍ ജടിലന്മാര്‍, ചിലര്‍ മുണ്ഡികള്‍, ചിലര്‍ ശാന്തന്മാര്‍, ചിലര്‍ ക്രൂരന്മാര്‍, ചിലര്‍ ശിഷ്ടന്മാര്‍, ചിലര്‍ ദുഷ്ടന്മാര്‍, ചിലര്‍ സംഹാരശക്തിയുള്ളവര്‍, ചിലര്‍ സൃഷ്ടിക്കുന്നവര്‍,ചിലര്‍ രക്ഷിക്കുന്നവര്‍, ചിലര്‍ ദംഷ്ട്രയുള്ളവര്‍, ചിലര്‍ ഭയങ്കരരൂപികള്‍, ചിലര്‍ സൗന്ദര്യമുള്ളവര്‍, ചിലര്‍ ബലി കൊള്ളുന്നവര്‍, ചിലര്‍ തര്‍പ്പണപ്രീതിയുള്ളവര്‍, ചിലര്‍ ഹോമത്തില്‍ പ്രീതിയുള്ളവര്‍, ചിലര്‍ അമൃതം ഭക്ഷിക്കുന്നവര്‍, ചിലര്‍ പരമാണുപ്രായേണ പരകായത്തില്‍ പ്രവേശിക്കുന്നവര്‍, ചിലര്‍ പര്‍വ്വതം പോലെ ഇരിക്കുന്നതിന് ശക്തിയുള്ളവര്‍, ചിലര്‍ അങ്ങനെ മല പോലെയിരുന്നാലും പൂ പോലെ ഭാരമില്ലാത്തവര്‍, ചിലര്‍ പൂ പോലെയിരുന്നാലും പര്‍വ്വതം പോലെ ഭാരമുള്ളവര്‍, ചിലര്‍ സകലര്‍ക്കും ആധിപത്യം വഹിക്കുന്നവര്‍, ചിലര്‍ സകലപദാര്‍ത്ഥങ്ങളും വശീകരിക്കുന്നവര്‍, ചിലര്‍ സകല ദിക്കിലും നിര്‍വിഘ്നം സഞ്ചരിക്കുന്നവര്‍, ചിലര്‍ ഒരു സമയം പല ദിക്കിലും കാണുന്നവര്‍, ചിലര്‍ ഈ എല്ല സിദ്ധികളുമുള്ളവര്‍, ചിലര്‍ ഏകദേശം ചില സിദ്ധികളുള്ളവര്‍, ഇതുകൂടാതെയും ഇതുപോലെ അനേകം സിദ്ധിഭേദങ്ങളോടും വര്‍ണ്ണവിശേഷങ്ങളോടും ആഹാരവിശേഷങ്ങള്‍ ആകൃതിവിശേഷം, വാഹനവിശേഷം ഇതുകളോടും കൂടിയിരിക്കുന്ന ശുദ്ധദൈവങ്ങളും അശുദ്ധദുഷ്ടഭൂതപ്രേതയക്ഷരാക്ഷസപൈശാചജാതികളും ഇരിക്കുന്നു.
ഇവര്‍ സര്‍വ്വപ്രാണികളുടെയും ഹൃദയത്തിലും പ്രവേശിച്ച് ബുദ്ധിയെ ശുദ്ധിവരുത്തുന്നതിനും ഭ്രമിപ്പിച്ചു മാലിന്പ്പെടുത്തിക്കൊടുക്കുന്നതിനും നന്നാക്കുന്നതിനും സര്‍വ്വസമ്പത്തുക്കളേയും കൊടുക്കുന്നതിനും എടുക്കുന്നതിനും രക്ഷിക്കുന്നതിനും ശിക്ഷിക്കുന്നതിനും മറ്റുമുള്ള പ്രവൃത്തികള്‍ക്കൊക്കെയും ശക്തിയുള്ളവരായുമിരിക്കുന്നു. അതുകൊണ്ട് നാം ഇവരെ ഇഷ്ടോപചാരങ്ങളോടുംകൂടി ഭജിച്ച് പ്രസാദിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യകര്‍മ്മം തന്നെയെങ്കിലും ചില യക്ഷരാക്ഷസഭൂതപ്രേതാദികളായ ദുഷ്ടജന്തുക്കളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ആടുമാടുകോഴികളെ അറുത്ത് അവര്‍ക്ക് പാപബലി കൊടുത്തു ആ ദുഷ്ടഭൂതങ്ങളെ മനസ്സില്‍ ആവാഹിച്ച് ഭ്രമിച്ച് തുള്ളി വെറിവാടി ചുറ്റും നില്‍ക്കുന്ന പാവങ്ങളെക്കൂടെ ഭ്രമിപ്പിച്ച് പ്രസാദം കൊടുത്ത് ഈ ദുഷ്ടപ്രവൃത്തിയില്‍ വശപ്പെടുത്തി നടത്തിക്കൊണ്ടുപോകുന്നത് എന്തൊരു ബുദ്ധിമാന്ദ്യമാണ്.
കഷ്ടം! ഈ ദ്രോഹികള്‍ക്ക് ആ ദുഷ്ടജന്തുക്കളുടെ അനുഗ്രഹം കൊണ്ടിവിടെ സിദ്ധിക്കുന്ന ഫലം ദുര്‍വ്യാധി, ദുഷ്കീര്‍ത്തി, ദുര്‍മൃതി മുതലായ ഉപദ്രവങ്ങള്‍ തന്നെ. ഇപ്രകാരമില്ലാതെ ഈ വിധമുള്ള ദുഷ്‌പ്രവൃത്തികളെച്ചെയ്യുന്ന ചില പാപികള്‍ ഇവിടെ സുഖജീവികളായിരിക്കുന്നുവെങ്കിലും അവരും മരിച്ച് അവരുടെ ഉപാസനാമൂര്‍ത്തികളാകുന്ന ദുഷ്ടപ്രാണികള്‍ വസിക്കുന്ന നരലോകത്ത് ചെന്ന് ആ ഭയങ്കരന്മാരുടെ ദാസപ്രവൃത്തികളെ ചെയ്ത് അവരുടെ ഭുക്തോച്ഛിഷ്ടങ്ങളായ അസ്ഥി, കുടല്‍, തോല്‍ തുടങ്ങിയുള്ള അമേദ്ധ്യങ്ങളെ ഭക്ഷിച്ച് രക്തം കൊഴുക്കുമ്പോള്‍ അവര്‍ പിടിച്ച് കടിച്ച് പച്ച തിന്ന് കാഷ്ടിച്ചു കളയുന്നു. ഹാ കഷ്ടം! ഈ പാപികളുടെ ആവി തന്നെ തലകുത്തി ഭൂമിയില്‍ വീണ് പുല്ലുകുരുത്തുപോകുന്നു. അല്ലെങ്കില്‍ പാപയോനികളില്‍ പിറന്ന് പരിതപിച്ചു മരിക്കുന്നു. ഇപ്രകാരം ഇവര്‍ക്ക് ഇഹപരങ്ങളിലും നിത്യോപദ്രവഫലമല്ലാതെ സുഖത്തിന്റെ ലവലേശം പോലും ഒരു നാളും ഉണ്ടാകുന്നതല്ല.
ഈ വിധമുള്ള ഘോരകര്‍മ്മങ്ങളെ മനഃപൂര്‍വ്വമായിത്തന്നെ ആ ദുഷ്ടഭൂതങ്ങളുടെ ഉപദ്രവം നേരിടുമെന്നു വിചാരിച്ച് ഭയപ്പെട്ടു ചെയ്യുന്നുവെങ്കില്‍ ആ ദുര്‍ദേവതകളുടെ ഉപദ്രവം നമ്മില്‍ വേരിടാതെ ഇരിക്കുന്നതിന് വേറെ ഉപായമുണ്ട്. എങ്ങനെയെന്നാല്‍ ഈ ദുഷ്ടജന്തുക്കളെക്കാളും വളരെ ശക്തിയുള്ളവരായ ശുദ്ധദൈവങ്ങള്‍ അനേകമിരിക്കുന്നല്ലോ. അവരെ സേവിച്ച് സന്തോഷിപ്പിച്ചാല്‍ ഈ ഉപദ്രവം നമ്മില്‍ ഒരിക്കലും നേരിടുന്നതല്ല. അതുകൊണ്ട് നാം യാതൊരു പ്രാണികള്‍ക്കും ഉപദ്രവം വരാത്ത വിധത്തിലുള്ള പ്രവൃത്തികള്‍ ചെയ്ത് സന്‍മാര്‍ഗ്ഗികളായി ശുദ്ധോപചാങ്ങളോടുകൂടി ശുദ്ധദൈവങ്ങളെ ഭജിച്ച് പ്രസാദിപ്പിക്കണം. അപ്പോള്‍ അവരുടെ അനുഗ്രഹം കൊണ്ട് നമുക്ക് ഹൃദയപ്രസാദമുണ്ടായി ഐഹികഭോഗങ്ങള്‍ സകലവും ന്യായമായി അനുഭവിച്ച് തൃപ്തിവന്ന് ഭോഗങ്ങളില്‍ വൈരാഗ്യമുണ്ടായി ബ്രഹ്മജ്ഞാനികളാകുന്നതിനും സംഗതി വരുന്നു. ഒരുപക്ഷം തജ്ജന്മനി കര്‍മ്മശേഷത്താല്‍ ഇതിന് സംഗതി വരാതെപോയാലും ആയുരന്ത്യത്തില്‍ നമ്മുടെ ഉപാസനാമൂര്‍ത്തികളായ ശുദ്ധദൈവങ്ങള്‍ വസിക്കുന്ന ദിവ്യസ്ഥാനത്ത് ചെന്ന് അവരോടുകൂടി അങ്ങുള്ള ദിവ്യഭോഗങ്ങളെ ഭുജിച്ച് നിവൃത്തന്മാരായി ഭൂമിയില്‍ വന്ന് പുണ്യയോനികളില്‍ പിറന്ന് ഉത്തമഗുണങ്ങളോടുകൂടി വളര്‍ന്ന് സകലഭോഗങ്ങളിലും വിരക്തി സംഭവിച്ച് ബ്രഹ്മജ്ഞാനികളായി സുഖിച്ചിരുന്ന് പരമപദം പ്രാപിക്കുന്നതിലേക്ക് യാതൊരു സംശയവുമില്ല.
ഹാ! ഹാ! ചിത്രം! ചിത്രം! കയ്യിലിരിക്കുന്ന കല്പകവൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിച്ച് വിഷം കൊണ്ട് മരിക്കുന്നു. കഷ്ടം! കഷ്ടം!
ഇതിരിക്കട്ടെ! ഇതു കൂടാതെ, ചില ഉദരംഭരികള്‍ സകലപ്രാണികളെയും ദൈവം നമ്മുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു,നാം അതുകളെ കൊന്നു ഭക്ഷിക്കുന്നതുകൊണ്ട് യാതൊരു പാതകവും വരാനില്ല എന്നിങ്ങനെ ആരവാരം ചെയ്തുംകൊണ്ട് വായില്ലാ പ്രാണികളെ വധിച്ച് ഉപജീവിക്കുന്നു. കഷ്ടം! ഇപ്രകാരം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ സര്‍വ്വപ്രാണികളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നുവെങ്കില്‍ അതുകള്‍ അന്യോന്യം പിടിച്ച് ഭക്ഷിക്കുന്നതിനും മനുഷ്യര്‍ ചിലപ്പോള്‍ അതുകളാല്‍ അപഹരിക്കപ്പെട്ടുപോകുന്നതിനും സംഗതി വരുമായിരുന്നോ? ഇല്ല. പുത്രന്‍ തള്ളയുടെ സ്തന്യത്തെ ഉപയോഗിക്കുന്നതിനല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണമെന്ന് ദൈവസങ്കല്പം സംഭവിക്കുമോ? അത് ഒരിക്കലും വരുന്നതല്ല. ഇതുപോലെ ദൈവം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ട് തന്നെ പ്രാണികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നുള്ള വ്യവഹാരം അതുകളുടെ ക്ഷീരാദികളിലായിരുന്നുവെങ്കില്‍ എത്രയോ ന്യായമായിരിക്കുമായിരുന്നു? അപ്പോള്‍ അചരപദാര്‍ത്ഥങ്ങളായ ധാന്യാദികളൊക്കെയും മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ ദൈവം സൃഷ്ടിച്ചിരുക്കുന്നുവെന്നും ക്ഷീരാദികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചിട്ടില്ലാതെ പശ്വാദികളെ സൃഷ്ടിച്ചിട്ടുള്ളതല്ലെന്നും സ്പഷ്ടമാകുന്നു. അതു മാത്രമല്ല, പ്രാണികളെ ഭക്ഷിക്കുന്നതിലത്രെ മനുഷ്യത്വം സിദ്ധിക്കുന്നുള്ളൂ എങ്കില്‍ വ്യാഘ്രാദികളായ ക്രൂരജന്തുക്കളിലല്ലയോ അതിമാനുഷത്വം സിദ്ധിക്കേണ്ടത്? ഇങ്ങനെ വരുമ്പോള്‍ ചില ജീവകാരുണ്യമുള്ള ആളുകള്‍ തന്നെ മൃഗങ്ങളായിരിക്കുന്നുള്ളൂ എന്നല്ലയോ വന്നുകൂടുന്നത്? കൊള്ളാം, ഈ അസംഗതികള്‍ ദൈവത്തില്‍ സ്ഥാപിച്ച് പറയുന്നതിനെക്കാളും വലുതായ ഒരു ദൈവദൂഷണം വല്ലതുമുണ്ടോ?
ഈ ദ്രോഹികളുടെ പക്ഷത്തില്‍ പരലോകവും പരലോകവാസികളുമുണ്ടെന്നു തന്നെ, എങ്കിലും ആ വ്യവഹാരം കൊണ്ട് യാതൊരു പ്രയോജനവുമില്ല. എന്തെന്നാല്‍ ദൈവം ഒന്നേ ഉള്ളൂ. അവന്‍ അരൂപിയായും സര്‍വ്വത്ര വ്യാപിയായും ഇരിക്കുന്നതുകൊണ്ട് നാം അവനെ ഭജിക്കുന്നതിനും അന്യത്ര കൃതവാസം വേണമെന്നില്ല. അങ്ങനെ വേണമെങ്കില്‍ ശിക്ഷരക്ഷകളെ അനുഭവപ്പിക്കുന്നതിനു അവനാല്‍ നിയമിക്കപ്പെട്ടിട്ടുള്ള ചില ആളുകളും അവിടെ ഉണ്ടായിരിക്കണം. അപ്പോള്‍ ഇഷ്ടോപചാരങ്ങളോടുകൂടെ അവരെ ഭജിച്ച് അവരുടെ പ്രീതിയെ സമ്പാദിക്കേണ്ടതും ആവശ്യകമായി വരുന്നു. ഇതൊന്നും ആലോചിക്കാതെ ദൈവത്താല്‍ നിയമിക്കപ്പെട്ടിട്ടുള്ള ശിക്ഷരക്ഷകളെ അനുഭവിക്കുന്നതിനുള്ള സ്വര്‍ഗ്ഗനരകങ്ങളുണ്ടെന്നു വൃഥൈവ വ്യവഹരിച്ചുമൊണ്ട് ദുഷ്‌പ്രവൃത്തികളെ ചെയ്യുന്ന ഈ പാപികളും മരിച്ച് നരകത്തില്‍ വീണ് അവിടെയുള്ള നരികളുടെ ഓഹരി കൊടുക്കാതെ ആത്മാര്‍ത്ഥം പ്രാണികളെ വധിച്ചു ഭക്ഷിച്ചതുകൊണ്ട് അവരും ക്രുദ്ധന്മാരായി പിടിച്ചുതാഡിച്ചു കടിച്ച് പച്ചതിന്ന് കാഷ്ഠിച്ചു കളയുമ്പോള്‍ അവരുടെ ആവിയും മേല്‍പ്രകാരം തന്നെ ഭൂമിയില്‍ വീണ് പുല്ലു കുരുത്തു പോകുന്നു.
പിന്നെ ചിലര്‍ ദേവനേത്? ദേവിയേത്? എന്നിങ്ങനെ ഉദ്ഘോഷിച്ചുകൊണ്ട് ജീവകാരുണ്യമില്ലാതെയുള്ള പ്രവൃത്തകളെ ചെയ്തു കാലം കഴിച്ചുവരുന്നു. അവരും മരിച്ച് മേല്‍പ്രകാരം നരകത്തില്‍ വീണ് അങ്ങുള്ള സര്‍വ്വോപദ്രഫലവും ഭുജിച്ച് അധൊമുഖന്മാരായി ഭൂമിയില്‍ വീണ് തൃണജളുകാദിപാപയോനികളില്‍ പിറന്ന് തപിച്ചു മരിക്കുന്നു. പിന്നെ ചിലര്‍ സര്‍വ്വപ്രപഞ്ചവും പരമാണുക്കളുടെ സംയോഗം കൊണ്ട് സംഭവിച്ചതല്ലാതെ ഇതിനു വേറെ കാരണവുമില്ല അന്നിങ്ങനെയുള്ള അഹമ്മതികളെയും കൈക്കൊണ്ട് ദുര്‍വ്യാപാരികളായി തന്നാല്‍ നിയമിക്കപ്പെട്ട പരമാവധിയായ സദ്ധ്യപരമാണൂവ്യൂഹം സാധനബുദ്ധിവൃത്തിയുടെ വ്യാപകധര്‍മ്മതില്‍ ലയിച്ച് സാദ്ധ്യസാധനനിര്‍മ്മുക്തന്മാരായി ആ ശുദ്ധശൂന്യത്തില്‍ മോഹിച്ചു കിടക്കുന്നതിനു സംഗതി വരാതെ അവരും വൃഥൈവ മരിച്ച് നരകത്തില്‍ വീണ് ദുഃഖിച്ച് നരകശേഷം ഭൂമിയില്‍ വീണ് കൃമികീടങ്ങളായിപ്പോകുന്നു.
ഈ സംഗതികളെല്ലാം പ്രഥകദൃഷ്ടിയില്‍ തന്നെ നിസ്സാരമെന്നു വിചാരിച്ച് തള്ളിക്കളയാതെ സകലസമയികളും യുക്തിന്യായങ്ങളൊടുകൂടി ആലോചിച്ച് നോക്കുന്നുവെങ്കില്‍ ഇത് നാം ഉജ്ജീവിപ്പാനുള്ളതില്‍ ഒരു നല്ല വഴിയാകുന്നു.