ഭാരതീയ ആദ്ധ്യാത്മികത അനേകം മാര്‍ഗ്ഗങ്ങളെ ചൂണ്ടിക്കാണിക്കുന്നുവെങ്കിലും പരമമായ ലക്‌ഷ്യം എകമാണ്. ആ പരമസത്യത്തെ ദ്യോതിപ്പിക്കുന്ന ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ഭാരതത്തില്‍ അനേകകാലം മുതല്‍ പ്രചാരത്തിലുണ്ട്. ആദ്ധ്യാത്മികതത്ത്വങ്ങള്‍ പ്രതീകാത്മകമായും കഥാരൂപത്തിലും നേരായ തത്ത്വത്തിലൂടെയും ഋഷിമാര്‍ വിവരിച്ചിരിക്കുന്നു. അവയില്‍ വേദോപനിഷത്തുകള്‍ക്കു തത്തുല്യമായ പ്രാധാന്യമാണ് പുരാണങ്ങള്‍ക്കുമുള്ളത്. പതിനെട്ടു പുരാണങ്ങളില്‍ ശിവമാഹാത്മ്യത്തെ കുറിക്കുന്ന പുരാണങ്ങളില്‍ ഒന്നാണ് ശിവപുരാണം. ശിവമഹാപുരാണത്തില്‍ പല വിഷയങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. പ്രപഞ്ചോല്‍പ്പത്തി , ജ്ഞാനോപദേശം, സാധനാമാര്‍ഗ്ഗങ്ങള്‍, ഭക്തിസ്വരൂപം, ശിവലിംഗവിവരണം, പൂജാക്രമം, ശിവസ്വരൂപം, ഓംകാരം, രുദ്രാക്ഷമാഹാത്മ്യം, വര്‍ണ്ണാശ്രമവിചാരം, ജീവതത്വം, ഗുരുതത്വം, അങ്ങനെ അനേകമനേകം തത്ത്വങ്ങള്‍ വിവരിച്ചിരിക്കുന്നു. ബൃഹത്തായ ഈ പുരാണത്തിന് ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമിയുടെ ശിഷ്യനും വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമത്തിലെ മഠാധിപതിയും ആയിരുന്ന ബ്രഹ്മശ്രീ വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ ഒരു അവതാരിക എഴുതിയിട്ടുണ്ട്. ഒരു പുരാണത്തിന്റെ അവതാരിക തന്നെ ഒരു ഗ്രന്ഥമാകുന്നത് അപൂര്‍വ്വമായി സംഭവിക്കുന്നതാണ്. ഭാരതീയ തത്ത്വശാസ്ത്രത്തെ ആധികാരികമായി ഇതില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. ശൈവമതം, ശൈവാദ്വൈതം, ആഭാസവാദം, പാശുപത മതം, ശൈവസിദ്ധാന്ത മതം എന്നിങ്ങനെ വളരെ വിശദമായിത്തന്നെ ഈ അവതാരികയില്‍ പ്രതിപാദിക്കുന്നു. പ്രാധാന്യമേറിയ ഗവേഷണവിഷയമായ ശിവപുരാണത്തിന്റെയും ശൈവസമ്പ്രദായത്തിലെ പ്രധാന തത്ത്വങ്ങളുടെയും ഗംഭീരമായ ഒരു വിവരണം ഈ അവതാരികയിലൂടെ വായിക്കാം.