വേദാന്തശാസ്ത്രത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണ് പ്രസ്ഥാനത്രയം – അതായതു ദശോപനിഷത്തുക്കളും ഭഗവദ്ഗീതയും ബ്രഹ്മസൂത്രവും. ദ്വൈതം, വിശിഷ്ടാദ്വൈതം തുടങ്ങിയ അദ്വൈതവേദാന്തത്തിലെ മതഭേദങ്ങള്‍ക്കുകൂടി പ്രമാണഗ്രന്ഥങ്ങള്‍ പ്രസ്തുത പ്രസ്ഥാനത്രയമാണ്. അതിനാല്‍ വേദാന്തശാസ്ത്രമെന്നു പറഞ്ഞാല്‍തന്നെ പ്രസ്ഥാനത്രയഗ്രന്ഥങ്ങളെന്നു സാമാന്യമായി അറിയപ്പെട്ടുവരുന്നു. പ്രസിദ്ധങ്ങളായ മീമ‍ാംസാദിദര്‍ശനങ്ങളുടെ അത്യുന്നതാവസ്ഥയില്‍ വിളങ്ങുന്ന ജ്ഞാനദര്‍ശനത്തെ തന്നെയാണ് വേദാന്തശാസത്രമെന്നു പറഞ്ഞുവരുന്നത്. പ്രസ്തുത ജ്ഞാനദര്‍ശനത്തെ അല്ലെങ്കില്‍ വേദാന്തശാസ്ത്രത്തെ അനാദിയായ കാലംമുതല്‍ക്കുതന്നെ പലരും പലരൂപത്തില്‍ കൈകാര്യം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില ആചാര്യന്മാര്‍ വ്യാഖ്യാനങ്ങള്‍ വഴിക്കാണെങ്കില്‍ മറ്റു ചിലര്‍ ഉപദേശങ്ങള്‍ വഴിക്കും പിന്നെച്ചിലര്‍ വാദങ്ങളെക്കൊണ്ടും വേറെച്ചിലര്‍ സ്വാനുഭൂതികൊണ്ടും ഇനിയും ചിലര്‍ പ്രത്യേക ഗ്രന്ഥനിര്‍മ്മാണങ്ങളില്‍ക്കൂടിയുമാണ് പ്രസ്തുതകൃത്യത്തെ നിര്‍വഹിച്ചതും ഇപ്പോഴും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതും. ഇങ്ങനെ ഓരോ കാലത്ത് ഓരോ ദേശത്തുള്ള ഓരോ ആചാര്യന്മാര്‍ അവരവരുടെ അഭിപ്രായത്തിനനുസരിച്ച് ഓരോന്നിനെയാണ് പ്രചരണോപാധിയായി അംഗീകരിച്ചതെങ്കിലും എല്ലാ ഉപാധികള്‍ക്കും അവലംബം മുന്‍പറയപ്പെട്ട പ്രസ്ഥാനത്രയഗ്രന്ഥങ്ങളാണ്. അവയെ ഉപജീവിച്ചുകൊണ്ടുതന്നെ പല കാലദേശങ്ങളില്‍ക്കൂടെ പല ആചാര്യന്മാരുടെയും കൃതികളായി അസംഖ്യം ഗ്രന്ഥങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അങ്ങനെയുള്ള വേദാന്തഗ്രന്ഥങ്ങളെയാണ് പൊതുവെ പ്രകരണങ്ങളെന്നു പറഞ്ഞുവരുന്നത്.

ഒന്നിലധികം ഉപാധികളെ അംഗീകരിച്ചു വേദാന്തപ്രചാരം ചെയ്തു ആചാര്യന്മാരും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പറയപ്പെട്ട എല്ലാ ഉപാധികളില്‍ക്കൂടിയും ചുരുങ്ങിയകാലത്തിനുള്ളില്‍ വളരെയധികം പ്രചാരം ചെയ്ത മഹാത്മാവായിരുന്നു ശ്രീശങ്കരാചാര്യന്‍. അദ്ദേഹം പ്രസ്ഥാനത്രയഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുകയും ധാരാളം പ്രകരണഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കുകയും, വാദങ്ങള്‍ നടത്തി മറ്റു പണ്ഡിതന്മാരെ തോല്പിക്കുകയും, ഉപദേശങ്ങളെക്കൊണ്ട് ഉല്‍ബുദ്ധാരക്കുകയും, സ്വയം അനുഭൂതിയെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ എല്ലാ ഉപാധികളില്‍ക്കൂടിയും ഒരുപോലെ മതപ്രചാരം ചെയ്ത ആചാര്യന്മാര്‍ ചുരുക്കമാണ്. ശ്രീശങ്കരാചാര്യര്‍ അങ്ങനെയുള്ളവരില്‍ പ്രഥമസ്ഥാനത്തെ അലങ്കരിക്കുന്നു. അദ്വൈതവേദാന്തത്തിന്നുതന്നെ ഒരു പുതിയ ഉണര്‍വും പ്രകാശവുമുണ്ടായിട്ടുണ്ട് ആചാര്യരുടെ ജീവിതത്തിനുശേഷമെന്നു പറഞ്ഞാല്‍പ്പോലും തെറ്റില്ല. അദ്ദേഹം അനവധി പ്രകരണഗ്രന്ഥങ്ങളെ നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാറ്റിലും പ്രതിപാദ്യവിഷയം ഒന്നാണെങ്കില്‍ക്കൂടി പ്രതിപാദനശൈലികൊണ്ടും കവിതാചാതുര്യംകൊണ്ടും പുതിയ പുതിയ ഉദാഹരണങ്ങളെക്കൊണ്ടും ഓരോന്നിനും പ്രത്യേകം പുതുമ വരുത്തിയിട്ടുമുണ്ട്. ആചാര്യരുടെ ജീവിതത്തിനുശേഷം വേദാന്തശാസ്ത്രത്തിനു വളരെ വ്യാഖ്യാനങ്ങളും, പല പുതിയ പ്രകരണഗ്രന്ഥങ്ങളും ഭാരതത്തില്‍ നാനാദേശഭാഷകളിലും, സംസ്കൃതത്തിലുമുണ്ടായിട്ടുണ്ട്.

പ്രകരണസ്വരൂപത്തില്‍ വേദാന്തശാസ്ത്രത്തെ ആവിഷ്കരിക്കുന്ന സമ്പ്രദായം പുതിയതല്ല, പഴയകാലം മുതല്‍ക്കുതന്നെ ഉള്ളതാണ്. ആദിമഹാകവിയെന്നു പ്രസിദ്ധനും രാമായണത്തിന്റെ കര്‍ത്താവുമായ ശ്രീവാല്മീകിമഹര്‍ഷി നിര്‍മ്മിച്ച പ്രകരഗ്രന്ഥമാണ് സുപ്രസിദ്ധമായ ‘ബൃഹദ്യോഗവാസിഷ്ഠം‘. വലിപ്പുംകൊണ്ടും, പ്രതിപാദനശൈലികൊണ്ടും. ഭാഷയുടെ സരളതകൊണ്ടും ഇത്രയും വലിയൊരു പ്രകരണഗ്രന്ഥം വേദാന്തഗ്രന്ഥപരമ്പരയില്‍ വേറെയുണ്ടോ എന്നുപോലും സംശയമാണ്. വാല്മീകിയുടെ രാമായണം വെദികസാഹിത്യത്തില്‍ വേദങ്ങള്‍ക്കുശേഷം ആദ്യമുണ്ടായ ഗ്രന്ഥമാണെന്ന സിദ്ധാന്തം നിലവിലുള്ള സ്ഥിതിക്കു വേദാന്തപ്രകരണഗ്രന്ഥപരമ്പരയില്‍ ഒന്നാമത്തേതാണു ബൃഹദ്യോഗവാസിഷ്ടമെന്നു പറഞ്ഞാല്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. ശാസ്ത്രകര്‍ത്താക്കളായ വ്യാസാദി ഋഷികള്‍ക്കുപോലും മുമ്പ് – ദര്‍ശനങ്ങള്‍ക്കുപോലും ഉണ്ടായിക്കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്ത് – കേവലം ദശോപനിഷത്തുക്കളെ മാത്രം ഉപജീവിച്ചുകൊണ്ടായിരുന്നു വാല്മീകിയുടെ മുപ്പത്തിരണ്ടായിരം പദ്യങ്ങള്‍ക്കൊള്ളുന്ന ഈ മഹാപ്രകരണഗ്രന്ഥത്തിന്റെ നിര്‍മ്മാണം നടന്നതെന്ന കഥ ആരെയും അതിശയിപ്പിക്കും!

കന്യാകുമാരി ആനന്ദകുടീരത്തിലെ സ്വാമി ജ്ഞാനാനന്ദസരസ്വതി (1910 – 1997) രചിച്ച ലഘു യോഗവാസിഷ്ഠ സംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.