കൊല്ലവര്‍ഷം 1089ല്‍ പ്രസിദ്ധീകരിച്ച ‘ശ്രീവിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍ ചട്ടമ്പി സ്വാമി പാദഷഷ്ടിപൂര്‍ത്തി പ്രശസ്തി’ എന്ന പേരിലും 1099ല്‍ പ്രസിദ്ധീകരിച്ച ‘ബ്രഹ്മശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ പരമഭട്ടാര ശ്രീചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി സംബന്ധിച്ചുള്ള പദ്യങ്ങള്‍’ എന്നിവയില്‍ ഉള്‍പ്പെട്ട കവിതകളാണ് ‘ശ്രീ വിദ്യാധിരാജ സ്മരണാഞ്ജലി’ ഈ ഗ്രന്ഥത്തില്‍ ഉള്പ്പെട്ടവയില്‍ ഭൂരിപക്ഷവും. മുഴങ്ങോട്ടുവില കൃഷ്ണപിള്ള എഴുതിയ ഭട്ടാരശതകവും, സ്വാമികളുടെ സമാധി വാര്‍ത്താ ശ്രവണവേളയില്‍ ശ്രീ നാരായണഗുരു സ്വാമികള്‍ എഴുതിയ ശ്ലോകവും അതിനു ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ എഴുതിയ വിശദമായ വ്യാഖ്യാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കവിതകളെല്ലാം വായിക്കുന്നവര്‍ക്കു സ്വാമി തിരുവടികളുടെ മഹത്വം എന്തെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. സ്വാമികളുടെ നിസ്സീമമായ വിവിധശാസ്ത്ര വിജ്ഞാനം, മേധാശക്തി, യോഗനിഷ്ഠ, സിദ്ധികള്‍, ജീവകാരുണ്യം, തത്ത്വദര്‍ശനം തുടങ്ങിയ വശങ്ങളെപ്പറ്റി മനസ്സിലാക്കാന്‍ ഈ കവിതകള്‍ ഉപകരിക്കും.
ആനന്ദാത്മകമിപ്രപഞ്ചമഖിലം
നാനാത്വ ബോധത്തിന-
ജ്ഞാനം കാരണമെന്ന ബോധമഴകില്‍
ശിഷ്യര്‍ക്കു നല്‍കും മഹാന്‍;
വാനോര്‍ക്കും ബഹുമാനനീയനമലന്‍
‘ചട്ടമ്പി’യാം സ്വാമി വി-
ജ്ഞാനാംഭോധി ഗമിച്ചു തല്‍പദ,
മൊരാധാരം നമുക്കാരിനി?
– കവിതിലകന്‍ വരവൂര്‍ ശാമുമേനോന്‍ സ്വാമികളുടെ മഹാസമാധി സംബന്ധിച്ച് എഴുതിയ പദ്യം.