“യോഗവാസിഷ്ഠം” വസിഷ്ഠരാമായണം എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ പ്രാധാന്യവും മഹത്വവും പണ്ഡിതന്മാരാല്‍ വാഴ്ത്തപ്പെട്ടിട്ടുണ്ട്‌. ആത്മജ്ഞാനത്തെ സംബന്ധിച്ച ഉത്തമഗ്രന്ഥങ്ങളില്‍ ഒന്നാണ്‌ ഇത്‌. ഇതില്‍ പറയാത്ത കാര്യങ്ങള്‍ മറ്റു ഗ്രന്ഥങ്ങളില്‍ കാണപ്പെടുവാനിടയില്ല. മറ്റു ഗ്രന്ഥങ്ങളില്‍ പറഞ്ഞതെല്ല‍ാം ഇതില്‍ ഉള്‍ക്കൊണ്ടിട്ടുമുണ്ട്‌.

വിശ്വാമിത്രമഹര്‍ഷിയുടെ ആവശ്യപ്രകാരം യാഗസംരക്ഷണത്തിനായി ശ്രീരാമലക്ഷ്ണന്മാരെ കാട്ടിലേയ്ക്ക്‌ അയയ്ക്കുവാന്‍ തീരുമാനിച്ച അവസരത്തില്‍ വിശ്വാമിത്ര മുനി പറഞ്ഞതനുസരിച്ച്‌, വസിഷ്ഠമഹര്‍ഷി ശ്രീരാമന്‌ നല്‍കുന്ന ജ്ഞാനോപദേശമാണ്‌ “യോഗവാസിഷ്ഠം”.

ആത്മജ്ഞാനം നേടുവാന്‍ ആവശ്യമായ മുഖ്യ സാധന മനോനിഗ്രഹമാണ്‌. കാരണം, മനസ്സാണ്‌ മായാലോകത്തില്‍പ്പെട്ട്‌ നമ്മളെ ബന്ധനസ്ഥരാക്കുന്നത്‌. മനോനിഗ്രഹത്തിനുള്ള രണ്ട്‌ മാര്‍ഗങ്ങള്‍ – യോഗമാര്‍ഗവും ജ്ഞാനമാര്‍ഗവും. യോഗം എന്നുള്ളത്‌ നമ്മുടെ മനസിലുണ്ടാക്കുന്ന ചലനങ്ങളെ നിയന്ത്രിക്കലാണ്‌.

പ്രാണനെ നിയന്ത്രിക്കുന്നതുവഴി മനസിനെ നിയന്ത്രിക്ക‍ാം. വേദാദ്ധ്യയനം, സത്സംഗം, വൈരാഗ്യം, ആദ്ധ്യാത്മികശിക്ഷണം, കഠിനതപസ്സ്‌, ശ്വാസോച്ഛ്വാസ നിയന്ത്രണം, “ഓം” മന്ത്രജപം, ഗുരുമുഖമായിട്ടുള്ള മറ്റ്‌ ഉപദേശങ്ങള്‍ ഇവയെല്ല‍ാംകൊണ്ടും പ്രാണനിയന്ത്രണം സാധ്യമാണ്‌.

രണ്ടാമത്തെ മാര്‍ഗമായ ജ്ഞാനമാര്‍ഗത്തിനാണ്‌ “യോഗവാസിഷ്ഠം” ഊന്നല്‍ നല്‍കുന്നത്‌. ശരിയായ വീക്ഷണമാണ്‌ ജ്ഞാനം. അതായത്‌, എല്ലാറ്റിനെയും അതാതിന്റെ നിജസ്ഥിതിയില്‍ കാണുക. ലോകത്തിലെ സൃഷ്ടികള്‍ ഓരോന്നും വൈവിധ്യമാര്‍ന്നതായും വ്യത്യസ്ത ഉദ്ദേശ സഫലീകരണത്തിനുള്ള താണെന്നും തോന്നാമെങ്കിലും അവയെല്ല‍ാം പരബ്രഹ്മം അല്ലാതെ മറ്റൊന്നല്ല. വ്യത്യസ്തരൂപങ്ങളും നാമങ്ങളും വെറും മിഥ്യയാണ്‌. ഈ ദൃഢവിശ്വാസമാണ്‌ ശരിയായ വീക്ഷണം. കാണുവാന്‍ വസ്തുക്കളില്ല. കാണുന്ന മനസ്സുമില്ല; ബ്രഹ്മമാണ്‌ ഈ രൂപങ്ങളില്‍ പ്രകടമാകുന്നുത്‌. എല്ല‍ാം അനന്തമായ പരബ്രഹ്മം തന്നെ, യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ആരും ബന്ധനത്തിലില്ല; അതുകൊണ്ട്‌ വിമോചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. ഇന്ദ്രിയങ്ങള്‍ക്കതീതവും ദോഷരഹിതവും സര്‍വമംഗളദായകവും അനശ്വരവും കാരണമില്ലാത്തതും സമാധാനവും നിര്‍വൃതിയും പൂര്‍ണമായതും ഈ പ്രപഞ്ചത്തിന്‌ അടിസ്ഥാനമായിട്ടുള്ള ആ ഏക പരബ്രഹ്മത്തെ ധ്യാനിയ്ക്ക‍ാം. ശുദ്ധജ്ഞാനമായ ആ പരബ്രഹ്മത്തിന്‌ നമസ്കാരം.

കടപ്പാട്: ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചത്, രചന: സ്വാമി ശാന്താനന്ദപുരി , വിവര്‍ത്തനം: വി.എസ്‌.കെ.മൂര്‍ത്തി