വസിഷ്ഠ മഹര്‍ഷി ആദ്യംതന്നെ ശ്രീരാമചന്ദ്രനോട് പുരുഷപ്രയത്നത്തിന്റെ മാഹാത്മ്യത്തെയാണ് ഉപന്യസിക്കുന്നത്. വിധിയെന്നോ വാസനയെന്നോ ഭാഗ്യമെന്നോ ഒക്കെപറഞ്ഞു പ്രയത്നം ചെയ്യാതെ അലസനായിരിക്കുന്ന ഒരാള്‍ക്ക് ഒരു കാര്യവും ഈ ലോകത്തില്‍ നിറവേറാന്‍ പോകുന്നില്ല. തൃഷ്ണയോടുകൂടിയ പ്രയത്നംകൊണ്ടു മാത്രമേ ആത്മജ്ഞാനം ഉണ്ടാവൂ. വാസന അനുകൂലിക്കുമ്പോള്‍ താനേ ജ്ഞാനമുണ്ടാവുമെന്നുപറഞ്ഞ് അലസനും മൂഢനുമായിക്കഴിയുന്ന ഒരാള്‍ക്ക് എത്രകാലം കഴിഞ്ഞാലും ജ്ഞാനമുണ്ടാവാന്‍ പോകുന്നില്ല. വിവേകംകൊണ്ട് വാസനയെ കീഴൊതുക്കി പ്രയത്നത്തെ സഫലമാക്കണം. അതാണ് പൗരുഷം.
വാസനയെന്നു പറഞ്ഞാല്‍ ഇന്നലെ ചെയ്ത കര്‍മ്മങ്ങളുടെ അവശിഷ്ടവും ഓര്‍മ്മയുമാണ്. ഇന്നത്തെ ഇച്ഛയ്ക്ക് അത് അനുകൂലമല്ലെങ്കില്‍ ഇന്ന് വേണ്ടപോലെ ചെയ്ത് ഓര്‍മ്മയേയും കര്‍മ്മത്തെയും ഫലത്തെയും ശരിപ്പെടുത്തിയാല്‍ മതി. ശാസ്ത്രാഭ്യാസവും സത്സംഗവും തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നാല്‍ വിവേകവും സദ്വാസനയും എല്ലാമുണ്ടാവും. ശാസ്ത്രനിര്‍ദ്ദേശങ്ങള്‍ക്കും സജ്ജനാചാരത്തിനും ഹിതമെന്നും ആഹിതമെന്നും രണ്ടു രൂപത്തിലാണ് വാസന. ഇതില്‍ ഹിതമായ വാസന പൗരുഷത്തോട് കൂടിച്ചേര്‍ന്നാല്‍ വളരെ വേഗത്തില്‍ വികസിച്ചു സത്ഫലത്തെ പ്രദാനം ചെയ്യും. ആഹിതമാണ് വാസനയെങ്കില്‍ വിവേകംകൊണ്ട് ഹിതമാക്കിത്തീര്‍ക്കണം. അങ്ങനെ ചെയ്യാതെ അശുഭവാസനയെ ഇഷ്ടംപോലെ പ്രവഹിക്കാന്‍ അനുവദിക്കുന്നപക്ഷം അനേകം ദുഷ്ടകര്‍മ്മങ്ങള്‍ വളരാനും അതിന്റെ ഫലമായി അനന്തരയാതനകള്‍ അനുഭാവിക്കാനും ഇടയാവുകയും ചെയ്യും.
ഇങ്ങനെ ആദ്യംതന്നെ പുരുഷപ്രയത്നത്തിന്റെ ആവശ്യകതയും മാഹാത്മ്യത്തെയും വാസനയുടെ സ്വഭാവത്തെയും ഉപന്യസിച്ചു പറഞ്ഞശേഷം ബ്രഹ്മദേവന്‍ സ്വയമേവ വസിഷ്ഠമഹര്‍ഷിക്ക് ഉപദേശിച്ച ജ്ഞാനത്തെ ഉപദേശിക്കാമെന്നും എന്നാല്‍ എല്ലാ ചീത്തവിഭ്രാന്തിയും തീരുമെന്നും പറഞ്ഞ് അതിനെ ഉപദേശിക്കാന്‍ തുടങ്ങി.
സഗുണമെന്നോ നിര്‍ഗ്ഗുണമെന്നോ പറയാന്‍ വയ്യാത്ത നിര്‍മ്മലമായ ചിദാകാശത്തില്‍ നിന്ന് വിഷ്ണുദേവനും, വിഷ്ണുദേവന്റെ ഹൃദയപത്മത്തില്‍ നിന്ന് ബ്രഹ്മദേവനുമുണ്ടായി. ബ്രഹ്മദേവന്‍ നാനാവിധ സങ്കല്‍പ്പങ്ങളെകൊണ്ട് അനന്തഭൂതജാലങ്ങളടങ്ങിയ ഈ ജഗത്തിനെ മുഴുവന്‍ സൃഷ്ടിച്ചു. ഭാരതവര്‍ഷത്തിലെ മനുഷ്യസമുദായം പല ദുഃഖപരമ്പരകളെയും അനുഭവിച്ച് തപിക്കുന്നതുകണ്ട ബ്രഹ്മദേവന്റെ മനസ്സലിഞ്ഞു. ഏതെങ്കിലും പ്രകാരത്തില്‍ ഇവര്‍ക്ക് ക്ഷേമമുണ്ടാകണമെന്ന് നിശ്ചയിച്ചു. യോഗം, തപസ്സ്, തുടങ്ങിയവയെല്ലാം ക്ഷേമകാരണങ്ങളാണെങ്കിലും ജ്ഞാനംകൊണ്ടുമാത്രമേ ആത്യന്തിക സമാധാനം കിട്ടൂ. അതിനാല്‍ ഇവര്‍ക്ക് ജ്ഞാനത്തെതന്നെ കൊടുത്തനുഗ്രഹിക്കണമെന്ന് തീര്‍ച്ചപ്പെടുത്തി. സങ്കല്പംകൊണ്ട് വസിഷ്ഠമുനിയെ സൃഷ്ടിച്ചു. അദ്ദേഹത്തെപ്പോലെതന്നെ കമണ്ഡലുവും ജപമാലയും ധരിച്ചു മുന്നില്‍ നില്‍ക്കുന്ന ജ്ഞാനസമ്പന്നനായ വസിഷ്ഠനെ ബ്രഹ്മദേവന്‍ ശപിച്ച് അജ്ഞാനനാക്കി. അജ്ഞാനം വളര്‍ന്നു ചപലനായി അത്യന്ത ദുഃഖപരവശമായിത്തീര്‍ന്ന വസിഷ്ഠനെ നോക്കി പിതാവായ ബ്രഹ്മദേവന്‍ കാരുണ്യത്തോടുകൂടുംവണ്ണം ജ്ഞാനത്തെ ഉപദേശിച്ചു. അനന്തരം ജംബുദ്വീപത്തിലുള്ള മനുഷ്യരെ ഉപദേശം കൊണ്ട് ഉല്‍ബുദ്ധരാക്കാന്‍ നിര്‍ദ്ദേശിച്ചയക്കുകയും ചെയ്തു.
ഈ കഥയൊക്കെ വസിഷ്ഠ മഹര്‍ഷി വിസ്തരിച്ചു പറഞ്ഞുകൊടുത്തു. അജ്ഞാനത്തിന്റെ ഗൗരവത്തെ അറിഞ്ഞവനുമാത്രമേ ജ്ഞാനത്തിന്റെ മഹിമ അറിയാന്‍ പറ്റൂ. അതിനാണ് വസിഷ്ഠമഹര്‍ഷിയെ ആദ്യം അജ്ഞാനനാക്കിയത്. അതിനാല്‍ അജ്ഞാനം കൊണ്ടുള്ള താപത്തിന്റെ സ്വരൂപം അദ്ദേഹത്തിനു നല്ലവണ്ണം മനസ്സിലായി. അപ്പോള്‍ ജ്ഞാനത്തിന്റെ മഹിമയും മനസ്സിലായി. ദാഹമുള്ളൊരാള്‍ക്കേ ജലത്തിന്റെ മഹാത്മ്യം അറിയൂ.
അങ്ങനെ യാതൊരു ജ്ഞാനമാണോ ആ അജ്ഞാനദശയില്‍നിന്ന് ഉല്‍ബുദ്ധനാക്കാന്‍വേണ്ടി ബ്രഹ്മദേവന്‍ ഉപദേശിച്ചത് , അതിനെ പറഞ്ഞുതരാം. എന്നാല്‍ എല്ലാ ഭ്രാന്തിയും അകലുമെന്നു പറഞ്ഞ് വസിഷ്ഠ മഹര്‍ഷി ബ്രഹ്മാദിഷ്ടമായ ജ്ഞാനത്തെ പ്രവചിക്കാന്‍ തുടങ്ങി.
ഒരു രാജധാനിയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കണമെങ്കില്‍ അവിടത്തെ ദ്വാരപാലകന്മാര്‍ സ്വാധീനമാവണമല്ലോ. അതുപോലെ മോക്ഷമാകുന്ന രാജധാനിക്ക് ശമം (ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അടക്കം), തത്ത്വവിചാരം, സന്തോഷം, സജ്ജനസംസര്‍ഗ്ഗം എന്നീ നാലു ദ്വാരപാലകന്മാരാണുള്ളത്. അവരെ സ്വാധീനിച്ചാല്‍ വളരെ സുഗമമായി അകത്തു കടക്കാം. ഇനി അവരെ നാലാളെയും വശത്താക്കാന്‍ വിഷമമാണെങ്കില്‍ ചിലരെയെങ്കിലും സ്വാധീനിച്ചാലും കാര്യം നടക്കും. അതായത്, ജന്മസാഫല്യമായ കൈവല്യപ്രാപ്തി സാധിക്കണമെങ്കില്‍ ആദ്യംതന്നെ സംസാരവുമായുള്ള ബന്ധം ചുരുക്കണം. സംസാരത്തില്‍ ശക്തിയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തോളം സംസാരാനുഭാവത്തിന് വിരുദ്ധമായ മോക്ഷാനുഭൂതി കൈവരാന്‍ വയ്യ, മനസ്സും ഇന്ദ്രിയങ്ങളും മുഖേനയാണ് സംസാരത്തോട് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ മനസിനെയും ഇന്ദ്രിയങ്ങളെയും അടക്കണം. ആ അടക്കം സ്ഥിരമായി നിലനില്‍ക്കണമെങ്കില്‍ താന്‍ ശരീരമല്ല, ആത്മാവാണെന്നും സംസാരം ഇല്ലാത്തതാണെന്നും ബോദ്ധ്യം വരണം. തത്ത്വവിചാരംകൊണ്ട് ആ ബോധം ഉണ്ടാവുകയും ഉറയ്ക്കുകയും ചെയ്യും. അതിനാല്‍ “ഞാന്‍ ആരാണ്‘ ഈ പ്രപഞ്ചമെങ്ങനെയുണ്ടായി?; മരണമെന്നാലെന്താണ്?; മരണാനന്തരം ഞാന്‍ എവിടെ പോകും?” എന്നിങ്ങനെ എപ്പോഴും തന്നെയും തന്റെ അനുഭവങ്ങളെയും സംബന്ധിച്ച് തീഷ്ണമായി വിചാരംചെയ്തുകൊണ്ടിരിക്കണം. വിചാരം വേണ്ടത്ര വളരുമ്പോള്‍ വസ്തുബോധമുണ്ടാവും. വസ്തുബോധമുണ്ടാവുമ്പോള്‍ ഉപാധികളുടെ ധര്‍മ്മമായ ദുഃഖമല്ല, ആത്മാവിന്റെ ധര്‍മ്മമായ ആനന്ദമാണ് തന്റെ അനുഭവമെന്നു ബോദ്ധ്യമാവും. അപ്പോള്‍ എല്ലാ സമയത്തും സന്തുഷ്ടമായിരിക്കാന്‍ വിഷമമില്ല. പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും ദൃഢതയുണ്ടാവും ഇടയ്ക്ക് സജ്ജനസമ്പര്‍ക്കം ചെയ്യുന്നു എന്നുവന്നാല്‍. അതുകൊണ്ട് ഇടയ്ക്കെങ്കിലും സത്സംഗം ചെയ്തുകൊണ്ടിരിക്കണം. ഇങ്ങനെ ജീവിക്കുന്ന ഒരാള്‍ക്ക് ആദ്യം പറഞ്ഞ ശമം, വിചാരം, സന്തോഷം, സത്സംഗം എന്നീ നാലു ദ്വാരപാലകന്മാരും സ്വാധീനമാവും. എന്നുവച്ചാല്‍, മുന്‍പറഞ്ഞ തോതില്‍ ജീവിച്ചാല്‍ കാലം കൊണ്ട് മുക്തവാനാന്‍ വിഷമമില്ലെന്നര്‍ത്ഥം.
പറയപ്പെട്ട നാലു ധര്‍മ്മങ്ങളില്‍ ഒന്നെങ്കിലും ഒരാള്‍ വളര്‍ത്തണം, സംശയമില്ല. എങ്കിലേ കാലംകൊണ്ടെങ്കിലും അജ്ഞാനത്തില്‍നിന്ന് നിവര്‍ത്തിക്കാവുന്ന നിലയിലെത്തൂ. തന്റെ പ്രജ്ഞയാണ് അജ്ഞാനത്തെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. തന്റെ പ്രജ്ഞകൊണ്ടുതന്നെ വേണം അതിനെ നശിപ്പിക്കാനും. അതിനാല്‍ മോക്ഷത്തിന്റെ പരിശ്രമത്തില്‍ ആദ്യംതന്നെ സത്വസംഫുല്ലയും നിശിതയുമായ ബുദ്ധിയെയാണ് സമ്പാദിക്കേണ്ടതെന്നു പറഞ്ഞാല്‍ തെറ്റില്ല. ശരിയായ ശാസ്ത്ര പഠനവും സത്സംഗവും തപോനുഷ്ഠാനവും ഉണ്ടെങ്കില്‍ ബുദ്ധിക്ക് പറയപ്പെട്ട ഗുണങ്ങളുണ്ടായിത്തീരും. സൂക്ഷ്മവും സത്വസംഫുല്ലയും നിശിതയുമായ ബുദ്ധികൊണ്ട് വളരെ വേഗത്തില്‍ അജ്ഞാനവനത്തെ ഭേദിച്ച് സത്യമായ തത്ത്വത്തെ പ്രാപിക്കാന്‍ കഴിയും. അങ്ങനെ ഒന്നും ചെയ്യാതെ അലസനായി സംസാരത്തില്‍ തന്നെ മുഴുകി കഴിയുന്ന ഒരാള്‍ പല തരത്തിലുളള ക്ലേശങ്ങളെ ഇഹത്തിലും പരത്തിലും അനുഭവിക്കേണ്ടതായും വരുന്നു.
ശാസ്ത്ര ജ്ഞാനവും ഗുരൂപദേശവും അഭ്യാസവും വേണ്ടപോലെ സാധിച്ച ഒരാള്‍ക്ക് കാലംകൊണ്ട് അനുഭവം പ്രകാശിക്കാതിരിക്കില്ല. അവ മൂന്നും വേണ്ടപോലെ ഉണ്ടാവുകയാണ് വേണ്ടത്. ഇനി ശാസ്ത്രജ്ഞാനമെങ്കിലും വേണ്ടപോലെ ഉണ്ടാവുന്നുവെങ്കില്‍ സമാധാനം കിട്ടും. അതുമില്ലെങ്കില്‍ പിന്നെ മൂര്‍ഖത്വം തന്നെയാണുള്ളത്. ചട്ടി കയ്യിലെടുത്തു ചണ്ഡാളത്തെരുവില്‍ നടന്ന് ഭിക്ഷവാങ്ങി ജീവിക്കുന്നതിനെക്കാളും കഷ്ടമാണ് മൂര്‍ഖജീവിതമെന്ന് പറയണം. സാമാന്യസംസ്കാരം സിദ്ധിച്ച ഒരാള്‍ ഈ ശാസ്ത്രത്തെ പഠിക്കുന്ന പക്ഷം മൂര്‍ഖത നീങ്ങി വസ്തുപ്രാപ്തിയുണ്ടാവാം.ധനം കൊണ്ടോ ഗൃഹംകൊണ്ടോ ബന്ധുജനങ്ങളെകൊണ്ടോ വിവിധങ്ങളായ കര്‍മ്മങ്ങളെകൊണ്ടോ ഒന്നും ആര്‍ക്കും സമാധാനം കിട്ടാന്‍ പോകുന്നില്ല. ഇതുവരെ ആര്‍ക്കും കിട്ടിയിട്ടുമില്ല. തന്റെ മനോജയം ഒന്നുകൊണ്ടുമാത്രമേ സംതൃപ്തിയും സമാധാനവും പരാനുഭൂതിയും ഉണ്ടാവാന്‍ പോവുന്നുള്ളൂ. തൃഷ്ണ, ദുഃഖം, ആധി എന്നിവ കൊണ്ടുള്ള ഉപദ്രവം ചിത്തജയം കൊണ്ടല്ലാതെ എങ്ങനെ തീരും? ശമംകൊണ്ട് ചിത്തമടങ്ങി ശാന്തനായ ഒരാളുടെ കുളിര്‍മ്മയും സുഖവും മറ്റൊന്നുകൊണ്ടും കിട്ടാന്‍ പോകുന്നില്ല. അതിനാല്‍ മോക്ഷ ദ്വാരപാലകന്മാരില്‍ പ്രധാനിയായ ശമത്തെ എങ്ങനെയും സ്വാധീനിച്ചു വശത്താക്കുകയാണ് വേണ്ടത്. കാണല്‍, കേള്‍ക്കല്‍, തൊടല്‍, ഘ്രാണിക്കല്‍, രസിക്കല്‍ എന്നിവയാണല്ലോ സംസാരത്തിലെ അനുഭവങ്ങള്‍. അങ്ങനെയുള്ള അനുഭവങ്ങള്‍ ഏതെല്ലാം രൂപത്തില്‍ എത്രയൊക്കെ അനുഭവിച്ചാലും മനസ്സിന് യാതൊരുവിധ വികാരവുമുണ്ടാവില്ലെന്നതാണ് മനസ്സടങ്ങി ശാന്തിവന്ന ഒരാളുടെ ലക്ഷണം.
ഈ ലോകത്തില്‍ എന്തൊക്കെ സംഭവിച്ചാലും ഉപശമം വന്നവന്റെ ചിത്തത്തിനു യാതൊരു ഭാവഭേദവുമില്ല. ചന്ദ്രകിരണങ്ങള്‍പോലെ സ്വച്ഛനിര്‍മ്മലവും കുളിര്‍മ്മയുള്ളതുമായ ചിത്തത്തെക്കാള്‍ വലിയ ധനം മറ്റൊന്നുംതന്നെയില്ല. മരണത്തെയും ഉത്സവത്തെയും യുദ്ധത്തെയും തുല്യഭാവത്തില്‍ കാണും. അങ്ങനെയുള്ള ആളെയാണ് ശാന്തന്‍ എന്നുപറയുന്നത്. തപസ്വികളെക്കാളും ജ്ഞാനികളെക്കാളും കര്‍മ്മികളെക്കാളും രാജാക്കന്മാരെക്കാളും ബലവാന്മാരെക്കാളും ഗുണാഢ്യന്മാരെക്കാളും ശ്രേഷ്ഠനാണ് ശമംകൊണ്ട് ശാന്തി വന്നവനെന്നു പറയണം. ഉപശമമാകുന്ന അമൃതത്തോട് തുല്യമായി ഒന്നുംതന്നെയില്ല. അതുകൊണ്ട് സിദ്ധിയെ പ്രാപിച്ചവരാണ് മഹാത്മാക്കളെല്ലാം. ശാസ്‌ത്രജ്ഞാനം കൊണ്ട് വേണ്ടപോലെ ബുദ്ധിയെ സംസ്കരിച്ചാല്‍ ശരിയായ തത്ത്വവിചാരത്തെയും അതുകൊണ്ട് ഉപശമത്തെയും പ്രാപിക്കാം. നിഷിതയായ ബുദ്ധികൊണ്ട് തീക്ഷ്ണമായ തത്ത്വവിചാരത്തെ ചെയ്യുന്നുവെങ്കില്‍ പരപദത്തെ അറിയാറാവും. തത്ത്വവിചാരം തന്നെയാണ് സംസാരമഹാരോഗത്തിന് ഏറ്റവും പറ്റിയ സിദ്ധൗഷധം എന്ന് പറയണം. “ഞാന്‍ ആര്? ഈ സംസാരം എന്ത്? എങ്ങനെയുണ്ടായി? എങ്ങനെ ഇല്ലാതാവും?” എന്നീ രൂപത്തിലുള്ള വിചാരത്തെയാണ് തത്ത്വവിചാരമെന്നു പറയുന്നത്. അത് വേണ്ടപോലെ ചെയ്യുന്ന പക്ഷം അറിയാന്‍ കഴിയാത്ത ഒരു സംഗതിയുമില്ലെന്നു വരും. ക്രമേണ എല്ലാ അറിവുമുണ്ടാകും.അവസാനം പരമപദത്തെയും അറിയും. അജ്ഞാനമാകുന്ന സംസാരമഹാന്ധകാരത്തില്‍ തപ്പിത്തടഞ്ഞു ജനനമരണങ്ങളാകുന്ന കുണ്ടുംകുഴിയും കയറിയിറങ്ങി വലയുന്ന അജ്ഞന്‍മാര്‍ക്ക് ആത്മവിചാരം മാത്രമാണ് ശരിയായ വെളിച്ചം. അതിനെ അറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാതിരിക്കുംകാലത്തോളം അന്ധകാരത്തില്‍ കിടന്നുഴലല്‍തന്നെ ഫലം. അതിനാല്‍ ഏതൊരാളും തന്റെ ശക്തിക്കനുസരിച്ചെങ്കിലും “താന്‍ ആരാണ്? ഈ സംസാരം എങ്ങനെയുണ്ടായി?” എന്നീ രൂപത്തില്‍ ആത്മ വിചാരം ചെയ്യേണ്ടതാണ്.
ഇതുപോലെ തന്നെയാണ് സന്തോഷവും. എപ്പോഴും സന്തുഷ്ടനായിരിക്കാന്‍ കഴിയുന്നു എന്നതൊരു മഹാഭാഗ്യമാണ്. വാസ്തവത്തില്‍ അതിനൊരു വിഷമവുമില്ല. കേവലം മൂഢതകൊണ്ടുമാത്രമാണ് തന്റെ സ്വഭാവമായ സന്തോഷം നഷ്ടപ്പെടുന്നത്. ചിന്ത, ആവലാതി, ആധി എന്നിവയാണ് സ്വാഭാവിക സന്തോഷത്തെ മറയ്ക്കുന്ന മുഖ്യശത്രുക്കള്‍. ആത്മവിചാരംകൊണ്ട് അവ കേവലം നശിക്കും. വരാത്തതില്‍ ഇച്ഛയും വന്നുചേര്‍ന്നതില്‍ വെറുപ്പും ഇല്ലെങ്കില്‍ത്തന്നെ ഖേദാഖേദങ്ങള്‍ക്ക് ഇടയില്ല. വസ്തുക്കളില്‍ സാമ്യബോധാമുണ്ടാവുമ്പോള്‍ ആ നില വരാതിരിക്കാനും വയ്യ. തത്ത്വവിചാരംകൊണ്ട് പിന്നെ സന്തോഷത്തെ നിലനിര്‍ത്താനെന്താണ് വിഷമം?
ഇതിനു പുറമേ സംസാരോത്തരണത്തിനു ഒരാള്‍ക്ക് ആദ്യം മുതല്‍ അവസാനം വരെ ഉപകരിക്കുന്ന ഒരേയൊരു ഉപകരണമാണ് സജ്ജനസംസര്‍ഗ്ഗം. ആപത്ത് സമ്പത്തായും, മൃത്യു ഉത്സവമായും മാറും സല്‍സമാഗമംകൊണ്ട്. ശരിയായ സജ്ജനസമ്പര്‍ക്കം മിക്കപ്പോഴും സാധിക്കുന്ന ഒരാള്‍ക്ക് മറ്റു തപസ്സിന്റെയും തീര്‍ഥാടനത്തിന്റെയുമൊന്നും ആവശ്യമില്ലെന്നു പറയണം. അജ്ഞാനഗ്രന്ഥി പൊട്ടി ജ്ഞാനപ്രകാശം കൊണ്ട് ഈശ്വരസ്വരൂപികളായ മഹാത്മാക്കളാണ് സജ്ജനങ്ങള്‍. അങ്ങനെയുള്ളവരുടെ ദര്‍ശനം തന്നെ പാപഹരവും പുണ്യവര്‍ദ്ധകവുമാണ്. പിന്നെ അവരുമായി സമ്പര്‍ക്കംകൂടിയുണ്ടെങ്കില്‍ പറയേണ്ടതില്ല. വളരെ വേഗത്തില്‍ അജ്ഞാനനാശവും കൈവല്യപ്രാപ്തിയും ഉണ്ടാകും. ചുരുക്കത്തില്‍ സംസാരത്തിന്റെ മറുകരപറ്റാനുള്ള മുഖ്യോപകരണം സജ്ജനങ്ങളോടുള്ള ചേര്‍ച്ചയാണെന്നു പറയണം. ശമം, തത്ത്വവിചാരം, സന്തോഷം, സത്സംഗം എന്നിങ്ങനെ പറയപ്പെട്ട നാലുപകരണങ്ങളെയും തയ്യാറാക്കി സംസാരത്തെ ജയിക്കാന്‍ പുറപ്പെടുന്ന ഒരാള്‍ക്ക് വളരെ വേഗത്തില്‍ ഇഷ്ടപ്രാപ്തിയുണ്ടാവുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. അതിനാല്‍ മുമുക്ഷുക്കള്‍ പറയപ്പെട്ട നാലുധര്‍മ്മങ്ങളെയും വേണ്ടത്ര വളര്‍ത്തേണ്ടതാണ്.
മോക്ഷോപായങ്ങളെക്കുറിച്ചുള്ള വിവിധങ്ങളായ പ്രതിപാദനങ്ങളുടെ ശ്രവണം തന്നെ ഒരാള്‍ക്ക് – ഇഷ്ടമല്ലെങ്കില്‍ കൂടി – ആത്മജ്ഞാനമുണ്ടാവാനും ലോഭം, മോഹം തുടങ്ങിയ ചിത്തമാലിന്യങ്ങള്‍ അകന്ന് ചിത്തശുദ്ധിയുണ്ടാവാനും കാരണമാണ്. മനസ്സ് ശരല്‍ക്കാലത്തെ നിര്‍മ്മലജലാശയംപോലെ പ്രസന്നമായിത്തീര്‍ന്നു എന്നിരിക്കട്ടെ; ദൈന്യം, ദാരിദ്ര്യം, തുടങ്ങിയ യാതൊരു പീഡയും പിന്നെ അയാളെ ബാധിക്കില്ല. വിചാരംകൊണ്ടുതന്നെ സത്യത്തെ അറിഞ്ഞു തത്ത്വാവസ്ഥിതി വന്ന ഒരാള്‍ സമുദ്രത്തെപ്പോലെ ഗംഭീരാശയനും മേരുവിനെപ്പോലെ സ്ഥിരചിത്തനും ചന്ദ്രനെപ്പോലെ അകത്ത് കുളിര്‍മ്മയുള്ളവനും ആയിത്തീരും. അങ്ങനെ ആയിത്തീര്‍ന്ന ഒരാള്‍ ക്രമേണ ജീവന്മുക്തപദത്തിലേക്ക് ഉയരാനും ഇടയായിത്തീരും. സംസാരശാന്തികരമായ അപ്രകാരമുള്ള ജ്ഞാനത്തെ സമ്പാദിച്ചവന്‍ പിന്നീട് ഒരിക്കലും ഗര്‍ഭോദരത്തെ അധിവസിക്കേണ്ടിവരില്ല. ഇപ്രകാരമുള്ള ജ്ഞാനപരങ്ങളായ വാക്യങ്ങളെ ശ്രവിക്കുന്നതുപോലും ചിത്തത്തിനു ശാന്തികരമാണ്. അതിനാല്‍ ഹേ! രാഘവ! ശമം കൊണ്ട് ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കി തീവ്രവൈരാഗ്യംകൊണ്ട് സംസാരത്തില്‍നിന്ന് നിവൃത്തനായി ഇഷ്ടാനിഷ്ടങ്ങളോ ശുഭാശുഭങ്ങളോ സുഖദുഃഖങ്ങളോ ഇല്ലാത്തവനായി എപ്പോഴും സന്തുഷ്ടനായി സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ സജ്ജനങ്ങളുമായി സമ്പര്‍ക്കം ചെയ്തുകൊണ്ടു തത്ത്വപ്രാപ്തിവരെ വിടാതെ ആത്മവിചാരം ചെയ്തുകൊണ്ടിരിക്കണം. അങ്ങനെ ജീവിക്കുന്ന ഒരാള്‍ക്ക് കാലംകൊണ്ടെങ്കിലും തത്ത്വ്വനുഭൂതിയും ജന്മസാഫല്യമായ കൈവല്യപ്രാപ്തിയും ഉണ്ടാവുമെന്ന് പറഞ്ഞു കൊണ്ടാണ് മുമുക്ഷുവ്യവഹാരപ്രകരണം അവസാനിപ്പിക്കുന്നത്.
മോക്ഷേച്ഛയില്ലാതെ വൈരാഗ്യവും ത്യാഗമില്ലാതെ ജീവകാരുണ്യവും ഉണ്ടായിട്ട് വിശേഷിച്ച് പ്രയോജനമൊന്നുമില്ല. വൈരാഗ്യത്തിന്റെ ആവശ്യം തന്നെ മോക്ഷമാണ്. മോക്ഷേച്ഛയില്ലെങ്കില്‍ പിന്നെ വിരക്തനായിട്ടൊരുകാര്യവുമില്ല. അതിനാല്‍ വിരക്തന്‍ മുമുക്ഷു ആവണം. അതുപോലെ മുമുക്ഷു വിരക്തനുമാവണം. വൈരാഗ്യമില്ലാത്ത മോക്ഷേച്ഛയും അതുപോലെ പ്രയോജനമില്ലാത്തതാണ്. വൈരാഗ്യവും മോക്ഷേച്ഛയും രണ്ടുംകൂടി ഒരാളില്‍ ഒപ്പമുണ്ടാവേണ്ടതാണ്. എങ്കിലേ പ്രയോജനമുള്ളു എന്ന് ചുരുക്കം. അതാണ് വൈരാഗ്യപ്രകരണം കഴിഞ്ഞ ഉടനെതന്നെ മുമുക്ഷുവ്യവഹാരത്തെ അവതരിപ്പിച്ചത്. പ്രസ്തുത രണ്ടു ധര്‍മ്മങ്ങളും വേണ്ടത്ര പോഷിച്ചനിലയില്‍ ഒരാളിലുണ്ടായാല്‍ ജ്ഞാനത്തിനു അധികാരിയായിത്തീര്‍ന്നു .ജ്ഞാനംകൊണ്ടു കൈവല്യപ്രാപ്തിയുമുണ്ടാവും.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.