ശ്രീമദ് ഭഗവദ്ഗീത നിത്യപാരായണം ചെയ്യുന്നതോടൊപ്പംതന്നെ ശ്ലോകങ്ങളുടെ അര്‍ത്ഥംകൂടി എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെ ഭാവാര്‍ത്ഥബോധിനി എന്ന ശ്രീമദ് ഭഗവദ്ഗീത വ്യഖ്യാനത്തോടുകൂടി ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീമദ്ഭഗവദ്ഗീത ഭാവാര്‍ത്ഥബോധിനി.
ഗീതാസന്ദേശം ഇങ്ങനെ സംഗ്രഹിക്കാം. “ഒരുവന്റെ പ്രവൃത്തിരംഗം രാഷ്ട്രീയമോ സാമുദായികമോ വിദ്യാഭ്യാസപരമോ സാമ്പത്തികമോ വ്യാവസായികമോ എന്തുതന്നെയായിക്കൊള്ളട്ടെ, അവന്‍ ചെയ്യുന്ന സകലകര്‍മ്മവും ഈശ്വരാര്‍പ്പണമായി, ആദ്ധ്യാത്മികസാധനയായി, നിഷ്കാമമായി, നിസ്സ്വാര്‍ത്ഥമായി ചെയ്യുക. സര്‍വ്വവ്യാപിയായി, വിരാട് രൂപിയായി വിരാജിക്കുന്ന സര്‍വ്വേശ്വരന്റെ ആരാധനയായിരിക്കണം എല്ലാ കര്‍മ്മവും. ‘ബഹുജന ഹിതായ ബഹുജന സുഖായ’ എന്നായിരിക്കണം അവന്‍റെ മുദ്രാവാക്യം. അങ്ങനെ ചെയ്‌താല്‍ അവന്‍റെ മനസ്സ് രാഗദ്വേഷവിമുക്തമാകും; ശുദ്ധമാകും. ശുദ്ധമായ മനസ്സുകൊണ്ട് എളുപ്പത്തില്‍ ഈശ്വരനെ സാക്ഷാത്കരിക്കാം; ആ സാക്ഷാത്കാരംകൊണ്ട് നിത്യാനന്ദം അനുഭവിക്കാം; ജീവിതലക്ഷ്യം നേടാം.”