MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

കാലനേമിയുടെ പുറപ്പാട്

മാരുതനന്ദനനൌഷധത്തിന്നങ്ങു
മാരുതവേഗേന പോയതറിഞ്ഞൊരു
ചാരവരന്മാര്‍നിശാചരാധീശനോ-
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍‌.
ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍
പാരം വിചാരം കലര്‍ന്നു മരുവിനാന്‍
ചിന്താവശനായ് മുഹൂര്‍ത്തമിരുന്നള-
വന്തര്‍ഗൃഹത്തിങ്കല്‍നിനു പുറപ്പെട്ടു
രാത്രിയിലാരും സഹായവും കൂടാതെ
രാത്രിഞ്ചരാധിപന്‍കലനേമീഗൃഹം
പ്രാപിച്ചളവധി വിസ്മയം പൂണ്ടവ-
നാമോദപൂര്‍ണ്ണം തൊഴുതു സന്ത്രസ്തനായ്
അര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചു ചോദിച്ചാ-
‘നര്‍ക്കോദയം വരും മുമ്പേ ലഘുതരം
ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ-
മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’
ദു:ഖനിപീഡിതനാകിയ രാവണ-
നക്കാലനേമിതന്നോടു ചൊല്ലീടിനാന്‍:
‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു-
മൊക്കെ നിന്നോടു ചൊല്‍‌വാനത്ര വന്നതും
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ
ശക്തിയേറ്റാശു വീണിടിനാന്‍ഭൂതലേ
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജന്‍
മന്നവന്മാരെയും വാനരന്മാരെയും
കൊന്നു രണാങ്കണം തന്നില്‍വീഴ്ത്തീടിനാന്‍.
വെന്നിപ്പറയുമടിപ്പിച്ചിതാത്മജന്‍.
ഇന്നു ജീവിപ്പിച്ചുകൊള്ളുവാന്‍മാരുത-
നന്ദനനൌഷധത്തിന്നു പോയീടിനാന്‍.
ചെന്നു വിഘ്നം വരുത്തേണമതിന്നു നീ.
നിന്നോടുപായവും ചൊല്ലാമതിന്നെടോ!
താപസനായ് ചെന്നു മാര്‍ഗ്ഗമദ്ധ്യേ പുക്കു
പാപവിനാശനമായുള്ള വാക്കുകള്‍
ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം
വല്ല കണക്കിലും നീ വരുത്തീടണം.
താമസവാക്കുകള്‍കേട്ടനേരം കാല-
നേമിയും രാവണന്‍‌തന്നോടു ചൊല്ലിനാന്‍:
സാമവേദജ്ഞ! സര്‍വ്വജ്ഞ! ലങ്കേശ്വര!
സാമമാന്നുടെ വാക്കു കേള്‍ക്കേണമേ!
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-
മെന്നുള്ളിലേതും മടിയില്ല നിശ്ചയം.
മാരീചനെക്കണക്കെ മരിപ്പാന്‍മന-
താരിലെനിക്കേതുമില്ലൊരു ചഞ്ചലം.
മക്കളും തമ്പിമാരും മരുമക്കളും
മക്കളുടെ നല്ല മക്കളും ഭൃത്യരും
ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു
ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?
എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം?
എന്തു ഫലം തവ ജാനകിയെക്കൊണ്ടും?
ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു-
മെന്തു ഫലം തവ ചിന്തിച്ചു കാണ്‍‌കെടോ!
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ
സോദരനായ്ക്കൊണ്ടു രാജ്യവും നല്‍കുക.
കാനനം‌തന്നില്‍‌മുനിവേഷവും പൂണ്ടു
മാനസശുദ്ധിയോടും‌കൂടി നിത്യവും
പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി-
ച്ചത്യന്തഭക്തിയോടര്‍ക്കോദയം കണ്ടു
സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ-
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്
സര്‍വ്വവിഷയസംഗങ്ങളും കൈവിട്ടു
സര്‍‌വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടന്‍
ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ
സ്വാത്മോദയംകൊണ്ടു സര്‍വ്വലോകങ്ങളും
സ്ഥാവരജംഗമജാതികളായുള്ള
ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും
ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യന‍ാം
ദേഹി സര്‍വ്വത്തിനുമാധാരമെന്നതും
ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു
താല്പര്യമുള്‍ക്കൊണ്ടു കണ്ടതും കേട്ടതും
ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും
സല്‍‌ഗുരുമായയെന്നും പറഞ്ഞീടുന്നു.
ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ
സര്‍ഗ്ഗസ്ഥിതിവിനാശങ്ങള്‍ക്കും കാരണം
ലോഹിതശ്വേതകൃഷ്ണാദി മയങ്ങള‍ാം
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ.
പുത്രഗണം കാമക്രോധാദികളെല്ല‍ാം
പുത്രികളും തൃഷ്ണഹിംസാദികളെടോ.
തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു
തന്റെ വശത്താക്കുമാത്മാവിനെയവള്‍‌.
കര്‍ത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ
നിത്യമാത്മാവാകുമീശ്വരന്‍‌തങ്കലേ
ആരോപണം ചെയ്തു തന്റെ വശത്താക്കി
നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.
ശുദ്ധനാത്മാ പരനേകനവളോടു
യുക്തനായ് വന്നു പുറത്തു കാണുന്നിതു
തന്നുടെയാത്മാവിനെത്താന്‍‌മറക്കുന്നി-
തന്വഹം മായാഗുണവിമോഹത്തിനാല്‍.
‘ബോധസ്വരൂപനായോരു ഗുരുവിനാല്‍
ബോധിതനായാല്‍നിവൃത്തേന്ദ്രിയനുമായ്
കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ
വേണുന്നതെല്ലാമവനു വന്നൂ തദാ.
ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേര്‍‌
പെട്ടു ജീവമുക്തനായ് വരും ദേഹിയും.
നീയുമേവം സദാത്മാനം വിചാരിച്ചു
മായാഗുണങ്ങളില്‍നിന്നു വിമുക്തനായ്
അദ്യപ്രഭൃതി വിമുക്തനാത്മാവിതി-
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്
ധ്യാനനിരതനായ് വാഴുകെന്നാല്‍വരു-
മാനന്ദമേതും വികല്പ്മില്ലോര്‍ക്ക നീ.
ധ്യാനിപ്പതിന്നു സമര്‍ത്ഥനല്ലെങ്കിലോ
മാനസേ പാവനേ ഭക്തിപരവശേ
നിത്യം സഗുണന‍ാം ദേവനെയാശ്രയി-
ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം
ഹൃല്‍‌പത്മകര്‍ണ്ണികാമദ്ധ്യേ സുവര്‍ണ്ണ പീ-
ഠോല്‍‌പലേ രത്നഗണാഞ്ചിതേ നിര്‍മ്മലേ
ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം
ലക്ഷ്മണസേവിതം ബാണധനുര്‍ദ്ധരം
വീരാസനസ്ഥം വിശാലവിലോചന-
മൈരാവതീതുല്യപീത‍ാംബരധരം
ഹാരകിരീടകേയൂര‍ാംഗദ‍ാംഗുലീ-
യോരു രത്നാഞ്ചിത കുണ്ഡലനൂപുര
ചാരുകടക കടിസൂത്ര കൌസ്തുഭ
സാരസമാല്യവനമാലികാധരം
ശ്രീവത്സവക്ഷസം രാമം രമാവരം
ശ്രീവാസുദേവം മുകുന്ദം ജനാര്‍ദ്ദനം
സര്‍വ്വഹൃദിസ്ഥിതം സര്‍വേശ്വരം പരം
സര്‍വ്വവന്ദ്യം ശരണാഗതവത്സലം
ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കില്‍
മുക്തനായ് വന്നുകൂടും ഭവാന്‍നിര്‍ണ്ണയം.
തച്ചരിത്രം കേട്ടുകൊള്‍കയും ചൊല്‍കയു-
മുച്ചരിച്ചും രാമരാമേതി സന്തതം
ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി-
ലെങ്ങനെ ജന്മങ്ങള്‍പിന്നെയുണ്ടാകുന്നു?
ജന്മജന്മാന്തരത്തിങ്കലുമുള്ളോരു
കല്‍മഷമൊക്കെ നശിച്ചുപോം നിശ്ചയം.
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
ദേവം പരിപൂര്‍ണ്ണമേകം സദാ ഹൃദി-
ഭാവിതം ഭാവരൂപം പുരുഷം പരം
നാമരൂപാദിഹീനം പുരാണം ശിവം
രാമമേവം ഭജിച്ചീടു നീ സന്തതം.’
രാക്ഷസേന്ദ്രന്‍കാലനേമി പറഞ്ഞൊരു
വാക്കുകള്‍പീയൂഷതുല്യങ്ങള്‍കേള്‍ക്കയാല്‍
ക്രോധതാമ്രാക്ഷനായ് വാളുമായ് തല്‍‌ഗളം
ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാന്‍:
‘നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങള്‍‌
പിന്നെയെല്ല‍ാം വിചാരിച്ചുകൊള്ളാമെടോ!’
കാലനേമിക്ഷണദാചരനന്നേരം
മൂലമെല്ല‍ാം വിചരിച്ചു ചൊല്ലീടിനാന്‍:
‘രാക്ഷസരാജ! ദുഷ്ടാത്മന്‍‌! മതിമതി
രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം?
നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന-
തെന്നുടെ സല്‍‌ഗതിക്കെന്നു ധരിക്ക നീ.
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ-
നദ്യ സമുദ്യുക്തനായേന്‍മടിയാതെ.’
എന്നു പറഞ്ഞു ഹിമാദ്രിപാര്‍ശ്വേ ഭൃശം
ചെന്നിരുന്നാന്‍മുനിവേഷമായ് തല്‍‌ക്ഷണേ
കാണായിതാശ്രമം മായാവിരചിതം
നാനാമുനിജനസേവിതമായതും
ശിഷ്യജനപരിചാരകസംയുത-
മൃഷ്യാശ്രമം കണ്ടു വായുതനയനും
ചിന്തിച്ചു നിന്നാ ‘നിവിടെയൊരാശ്രമ-
മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാന്‍.
മാര്‍ഗ്ഗവിഭ്രംശം വരികയോ? കേവല-
മോര്‍ക്കണമെന്‍മനോവിഭ്രമമല്ലല്ലീ?
നാനാപ്രകാരവും താ‍പസനെക്കണ്ടു
പാനീയപാനവും ചെയ്തു ദാഹം തീര്‍ത്തു
കാണ‍ാം മഹൌഷധം നില്‍‌ക്കുമത്യുന്നതം
ദ്രോണാചലം രഘുപുംഗവാനുഗ്രഹാല്‍‌.’
ഇത്ഥം നിരൂപിച്ചൊരു യോജനായതം
വിസ്താരമാണ്ട മായശ്രമമശ്രമം
രംഭാപനസഖര്‍ജ്ജുരകേരാമ്രാദി
സമ്പൂര്‍ണ്ണമത്യച്ഛതോയവാപീയുതം
കാലനേമിത്രിയാമാചാരനും തത്ര
ശാലയിലൃത്വിക്സദസ്യാദികളോടും
ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു
ചന്ദ്രചൂഡപ്രസാദം വരുത്തീടുവാന്‍
ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന
നക്തഞ്ചരേന്ദ്രന‍ാം താപസശ്രേഷ്ഠനെ
വീണു നമസ്കാരവും ചെയ്തുടന്‍ജഗല്‍‌
പ്രാണതനയനുമിങ്ങനെ ചൊല്ലിനാന്‍:
‘രാമദൂതോഹം ഹനുമാനിനി മമ
നാമം പവനജനഞ്ജനാനന്ദനന്‍‌
രാമകാര്യാര്‍ത്ഥമായ് ക്ഷീര‍ാംബുരാശിക്കു
സാമോദമിന്നു പോകുന്നു തപോനിധേ!
ദേഹരക്ഷാര്‍ത്ഥമിവിടേക്കു വന്നിതു
ദാഹം പൊറാഞ്ഞു തണ്ണീര്‍കുടിച്ചീടുവാന്‍‌
എങ്ങു ജലസ്ഥലമെന്നരുള്‍‌ചെയ്യണ-
മെങ്ങുമേ പാര്‍ക്കരുതെന്നെന്‍‌മനോഗതം.’
മാരുതി ചൊന്നതു കേട്ടു നിശാചരന്‍‌
കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാന്‍:
‘മാമകമായ കമണ്ഡലുസ്ഥം ജല-
മാമയം തീരുവോളം കുടിച്ചീടുക.
പക്വഫലങ്ങളും ഭക്ഷിച്ചനന്തരം
ദു:ഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.
ഏതും പരിഭ്രമിക്കേണ്ട ഭവാനിനി-
ബ്ഭൂതവും ഭവ്യവും മേലില്‍‌ഭവിപ്പതും.
ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു
സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവന്‍.
വാനരന്മാരും സുമിത്രാതനയനും
മാനവവീരനിരീക്ഷിതരാകയാല്‍‌
മോഹവും തീര്‍ന്നെഴുന്നേറ്റിതെല്ലാവരു-
മാഹവത്തിന്നൊരുമിച്ചുനിന്നീടിനാര്‍‌.’
ഇത്ഥമാകര്‍ണ്യ ചൊന്നാന്‍കപിപുംഗവ-
‘നെത്രയും കാരുണ്യശാലിയല്ലോ ഭവാന്‍.
പാരം പൊരുതു മേ ദാഹമതുകൊണ്ടു
പോരാ കമണ്ഡലുസംസ്ഥിതമ‍ാം ജലം.’
വായുതനയനേവം ചൊന്ന നേരത്തു
മായാവിരചിതനായ വടുവിനെ
തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു
ഭൂയോ മുദാ കാലനേമിയും ചൊല്ലിനാന്‍.
‘നേത്രനിമീലനം ചെയ്തു പാനീയവും
പീത്വാ മമാന്തികം പ്രാപിക്ക സത്വരം.
എന്നാല്‍നിനക്കൌഷധം കണ്ടുകിട്ടുവാ-
നിന്നു നല്ലോരു മന്ത്രോപദേശം ചെയ്‌വന്‍‌.’
എന്നതു കേട്ടു വിശ്വാസേന മാരുതി
ചെന്നാനയച്ച വടുവിനോടും മുദാ
കണ്ണുമടച്ചു വാപീതടം പ്രാപിച്ചു
തണ്ണീര്‍കുടിപ്പാന്‍തുടങ്ങും ദശാന്തരേ
വന്നു ഭയങ്കരിയായ മകരിയു-
മുന്നതനായ മഹാകപിവീരനെ
തിന്നുകളവാനൊരുമ്പെട്ട നേരത്തു
കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാന്‍;
വക്ത്രം പിളര്‍ന്നു കണ്ടോരു മകരിയെ
ഹസ്തങ്ങള്‍കൊണ്ടു പിളര്‍ന്നാന്‍കപിവരന്‍
ദേഹമുപേക്ഷിച്ചു മേല്പോട്ടു പോയിതു
ദേഹിയും മിന്നല്‍‌‌പോലെ തദത്യത്ഭുതം.
ദിവ്യവിമാനദേശേ കണ്ടിതന്നേരം
ദിവ്യരൂപത്തൊടു നാരീമണിയെയും
ചേതോഹര‍ാംഗിയാമപ്സരസ്ത്രീമണി
വാതാത്മജനോടു ചൊന്നാളതുനേരം:
‘നിന്നുടെ കാരുണ്യമുണ്ടാകയാലെനി-
ക്കിന്നു വന്നൂ ശാപമോക്ഷം കപിവര!
മുന്നമൊരപ്സരസ്ത്രീ ഞാ,നൊരു മുനി-
തന്നുടെ ശാപേന രാക്ഷസിയായതും
ധന്യമാലീതി മേ നാമം മഹാമതേ!
മാന്യന‍ാം നീയിനിയൊന്നു ധരിക്കണം
അത്ര പുണ്‍യാശ്രമേ നീ കണ്ട താപസന്‍
നക്തഞ്ചരന്‍കാലനേമി മഹാഖലന്‍‌.
രാവണപ്രേരിതനായ് വന്നിരുന്നവന്‍‌
താവകമാര്‍ഗ്ഗവിഘ്നം വരുത്തീടുവാന്‍
താപസവേഷം ധരിച്ചിരിക്കുന്നിതു
താപസദേവഭൂദേവാദി ഹിംസകന്‍
ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി-
പ്പുഷ്ടമോദം ദ്രോണപര്‍വ്വതം പ്രാപിച്ചു
ദിവ്യൌഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി
ക്രവ്യാദവംശമശേഷമൊടുക്കുക.
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
വാനരവീര! കുശലം ഭവിക്ക തേ.’
പോയാളിവണ്ണം പറഞ്ഞവള്‍‌, മാരുതി
മായാവിയ‍ാം കാലനേമിതന്നന്തികേ
ചെന്നാ‍, നവനോടു ചൊന്നാനസുരനും:
‘വന്നീടുവാനിത്ര വൈകിയതെന്തെടോ?
കാലമിനിക്കളയാതെ വരിക നീ
മൂലമന്ത്രോപദേശം ചെയ്‌വനാശു ഞാന്‍.
ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക
ദക്ഷനായ് വന്നുകൂടും ഭവാന്‍നിര്‍ണ്ണയം.’
തല്‍ക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം
രക്ഷ:പ്രവരോത്തമ‍ാംഗേ കപിവരന്‍‌
ഒന്നടിച്ചാനതുകൊണ്ടവനും തദാ
ചെന്നു പുക്കീടിനാന്‍‌ധര്‍മ്മരാജാലയം