രാവണന്റെ ഹോമവിഘ്നം
ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാന്‍:
‘അര്‍ക്കാത്മജാദിയാം മര്‍ക്കടവീരരു-
മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും
ഒക്കെയൊരുമിച്ചു വാരിധിയും കട-
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു
ശക്രാരിമുഖ്യനീശാചരന്മാരെയു-
മൊക്കെയൊടുക്കി ഞാനേകാകിയായിതു
ദു:ഖവുമുള്‍ക്കൊണ്ടിരിക്കുമാറായിതു
സത്ഗുരോ! ഞാന്‍ തവ ശിഷ്യനല്ലോ വിഭോ!‘
വിജ്ഞാനിയാകിയ രാവണനാലിതി-
വിജ്ഞാപിതനായ ശുക്രമഹാമുനി
രാവണനോടുപദേശിച്ചി’തെങ്കില്‍ നീ
ദേവതമാരെ പ്രസാദം വരുത്തുക
ശീഘ്രമൊരു ഗുഹയും തീര്‍ത്തു ശത്രുക്കള്‍
തോല്‍ക്കും പ്രകാരമതിരഹസ്യസ്ഥലേ
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക;
വന്നുകൂടും ജയ, മെന്നാല്‍ നിനക്കെടോ!
വിഘ്നം വരാതെ കഴിഞ്ഞുകൂടുന്നാകി-
ലഗ്നികുണ്ഡത്തിങ്കല്‍നിന്നു പുറപ്പെടും
ബാണതൂണീര ചാപാശ്വ രഥാദികള്‍
വാനവരാലുമജയ്യനാം പിന്നെ നീ
മന്ത്രം ഗ്രഹിച്ചുകൊള്‍കെന്നോടു സാദര-
മന്തരമെന്നിയേ ഹോമം കഴിക്ക നീ’
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു
രക്ഷോഗണാധിപനാകിയ രാവണന്‍
പന്നഗലോകസമാനമായ് തീര്‍ത്തിതു
തന്നുടെ മന്ദിരം തന്നില്‍ ഗുഹാതലം
ദിവ്യമാം ഹവ്യഗവ്യാദി ഹോമായ സ-
ദ്രവ്യങ്ങള്‍ തത്ര സമ്പാദിച്ചുകൊണ്ടവന്‍
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതില്‍
ശങ്കാവിഹീനമകംപുക്കു ശുദ്ധനായ്
ധ്യാനമുറപ്പിച്ചു തല്‍ഫലം പ്രാര്‍ത്ഥിച്ചു
മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍
വ്യോമമാര്‍ഗ്ഗത്തോളമുത്ഥിതമായൊരു
ഹോമധൂപം കണ്ടു രാവണസോദരന്‍
രാമചന്ദ്രന്നു കാട്ടിക്കൊടുത്തീടിനാന്‍
‘ഹോമം തുടങ്ങീ ദശാനനന്‍ മന്നവ!
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ
നാമവനോടു തോറ്റീടും മഹാരണേ
ഹോമം മുടക്കുവാനായയച്ചീടുക
സാമോദമാശു കപികുലവീരരെ’
ശ്രീരാമസുഗ്രീവശാസനം കൈക്കൊണ്ടു
മാരുതപുത്രാംഗദാദികളൊക്കവേ
നൂറുകോടിപ്പടയോടും മഹാമതി-
ലേറിക്കടന്നങ്ങു രാവണമന്ദിരം
പുക്കു പുരപാലകന്മാരെയും കൊന്നു-
മര്‍ക്കടവീരരൊരുമിച്ചനാകുലം
വാരണവാജിരഥങ്ങളേയും പൊടി-
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം
വ്യാജാല്‍ സരമ നിജ കരസംജ്ഞയാ
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം
ഹോമഗുഹാദ്വാരബന്ധനപാഷാണ-
മാമയഹീനം പൊടിപെടുത്തംഗദന്‍
തത്രഗുഹയിലകമ്പുക്കനേരത്തു
നക്തഞ്ചരേന്ദ്രനെക്കാണായിതന്തികേ
മറ്റുള്ളവര്‍കളുമംഗദാനുജ്ഞയാ
തെറ്റെന്നുചെന്നു ഗുഹയിലിറങ്ങിനാര്‍
കണ്ണുമടച്ചുടന്‍ ധ്യാനിച്ചിരിക്കുമ-
പ്പുണ്യജനാധിപനെക്കണ്ടു വാനരര്‍
താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ-
പ്പീഡിച്ചുകൊള്‍കയും സംഭാരസഞ്ചയം
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും
രാവണന്‍ കയ്യിലിരുന്ന മഹാസ്രുവം
പാവനി ശ്രീഘ്രം പിടിച്ചു പറിച്ചുടന്‍
താഡനം ചെയ്താനതു കൊണ്ടു സത്വരം
ക്രീഡയാ വാനരശ്രേഷ്ഠന്‍ മഹാബലന്‍
ദന്തങ്ങള്‍ കൊണ്ടും നഖങ്ങള്‍ കൊണ്ടും ദശ-
കന്ധരവിഗ്രഹം കീറിനാനേറ്റവും
ധ്യാനത്തിനേതുമിളക്കമുണ്ടായീല
മാനസേ രാവണനും ജയകാംക്ഷയാ
മണ്ഡോദരിയെപ്പിടിച്ചു വലിച്ചു തന്‍-
മണ്ഡനമെല്ലാം നുറുക്കിയിട്ടീടിനാന്‍
വിസ്രസ്തനീവിയായ് കഞ്ചുകഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങീടിനാള്‍:
‘വാനരന്മാരുടെ തല്ലുകൊണ്ടീടുവാന്‍
ഞാനെന്തു ദുഷ്ക്രുതം ചെയ്തതു ദൈവമേ!
നാണം നിനക്കില്ലയോ രാക്ഷസേശ്വര?
മാനം ഭവാനോളമില്ല മറ്റാര്‍ക്കുമേ
നിന്നുടെ മുന്‍പിലിട്ടാശു കപിവര-
രെന്നെത്തലമുടിചുറ്റിപ്പിടിപെട്ടു
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോര്‍ക്കില്‍ ജളമതേ!
എന്തിനായ്ക്കൊണ്ടു നിന്‍ ധ്യാനവും ഹോമവു-
മന്തര്‍ഗ്ഗതമിനിയെന്തോന്നു ദുര്‍മതേ!
ജീവിതാശാ തേ ബലീയസീ മാനസേ
ഹാ! വിധിവൈഭവമെത്രയുമത്ഭുതം
അര്‍ദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി;
ശത്രുക്കള്‍ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയില്‍
മൃത്യുഭവിക്കുന്നതുത്തമമേവനും
നാണവും പത്നിയും വേണ്ടീലവന്നു തന്‍
പ്രാണഭയം കൊണ്ടു മൂഢന്‍ മഹാഖലന്‍’
ഭാര്യാവിലാപങ്ങള്‍ കേട്ടു ദശാനനന്‍
ധൈര്യമകന്നു തന്‍ വാളുമായ് സത്വരം
അംഗദന്‍ തന്നോടടുത്താനതു കണ്ടു
തുംഗശരീരികളായ കപികളും
രാത്രിഞ്ചരേശ്വരപത്നിയേയുമയ-
ച്ചാര്‍ത്തുവിളിച്ചു പുറത്തു പോന്നീടിനാര്‍
ഹോമശേഷം മുടക്കിവയമെന്നു രാ-
മാന്തികേ ചെന്നു കൈതൊഴുതീടിനാര്‍
മണ്ഡോദരിയോടനുസരിച്ചന്നേരം
പണ്ഡിതനായ ദശാസ്യനും ചൊല്ലിനാന്‍:
‘നാഥേ! ധരിക്ക ദൈവാധീനമൊക്കെയും
ജാതനായാല്‍ മരിക്കുന്നതിന്‍ മുന്നമേ
കല്‍പ്പിച്ചതെല്ലാമനുഭവിച്ചീടണ-
മിപ്പോളനുഭവമിത്തരം മാമകം
ജ്ഞാനമാശ്രിത്യ ശോകം കളഞ്ഞിടൂ നീ
ജ്ഞാനവിനാശനം ശോകമറിക നീ
അജ്ഞാനസംഭവം ശോകമാകുന്നതു-
മജ്ഞാനജാതമഹങ്കാരമായതും
നശ്വരമായ ശരീരാദികളിലേ
വിശ്വാസവും പുനരജ്ഞാനസംഭവം
ദേഹമൂലം പുത്രദാരാദിബന്ധവും
ദേഹിക്കു സംസാരവുമതു കാരണം
ശോകഭയക്രോധലോഭമോഹസ്പൃഹാ-
രാഗഹര്‍ഷാദി ജരമൃത്യുജന്മങ്ങള്‍
അജ്ഞാനജങ്ങളഖിലജന്തുക്കള്‍ക്കു-
മജ്ഞാനമെല്ലാമകലെക്കളക നീ
ജ്ഞാനസ്വരൂപനാത്മാ പരനദ്വയ-
നാനന്ദപൂര്‍ണ്ണസ്വരൂപനലേപകന്‍
ഒന്നിനോടില്ല സംയോഗമതിന്നു മ-
റ്റൊന്നിനോടില്ല വിയോഗമൊരിക്കലും
ആത്മാനമിങ്ങനെ കണ്ടു തെളിഞ്ഞുട-
നാത്മനി ശോകം കളക നീ വല്ലഭേ!
ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും
വാനരന്മാരെയും കൊന്നു വന്നീടുവന്‍
അല്ലായ്കിലോ രാമസായകമേറ്റു കൈ-
വല്യവും പ്രാപിപ്പനില്ലൊരു സംശയം
എന്നെ രാമന്‍ കൊല ചെയ്യുകില്‍ സീതയെ-
ക്കൊന്നു കളഞ്ഞുടനെന്നോടുകൂടവേ
പാവകന്തങ്കല്‍ പതിച്ചു മരിക്ക നീ
ഭാവനയോടുമെന്നാല്‍ ഗതിയും വരും’
വ്യഗ്രിച്ചതുകേട്ടു മണ്ടോദരിയും ദ-
ശഗ്രീവനോടുപറഞ്ഞാളതുനേരം
‘രാഘവനെജ്ജയിപ്പാനരുതാര്‍ക്കുമേ
ലോകത്രയത്തിങ്കലെന്നു ധരിക്ക നീ
സാക്ഷാല്‍ പ്രധാനപുരുഷോത്തമനായ
മോക്ഷദന്‍ നാരായണന്‍ രാമനായതും
ദേവന്‍ മകരാവതാരമനുഷ്ഠിച്ചു
വൈവസ്വതമനു തന്നെ രക്ഷിച്ചതും
രാജീവലോചനന്‍ മുന്നമൊരു ലക്ഷ-
യോജന വിസ്ത്രുതമായൊരു കൂര്‍മ്മമായ്
ക്ഷീരസമുദ്രമഥനകാലേ പുരാ
ഘോരമാം മന്ഥരം പൃഷ്ഠേ ധരിച്ചതും
പന്നിയായ് മുന്നം ഹിരണ്യാക്ഷനെക്കൊന്നു
മന്നിടം തേറ്റമേല്‍ വച്ചു പൊങ്ങിച്ചതും
ഘോരനായോരു ഹിരണ്യകശിപുതന്‍
മാറിടം കൈനഖം കൊണ്ടു പിളര്‍ന്നതും
മൂന്നടി മണ്ണു ബലിയോടു യാചിച്ചു
മൂലോകവും മൂന്നടിയായളന്നതും
ക്ഷത്രിയരായ് പിറന്നോരസുരന്മാരെ
യുദ്ധേ വധിപ്പതിനായ് ജമദഗ്നിതന്‍
പുത്രനായ് രാമനാമത്തെ ധരിച്ചതും
പൃത്ഥ്വീപതിയായ രാമനിവന്‍ തന്നെ
മാര്‍ത്താണ്ഡവംശേ ദശരഥപുത്രനായ്
ധാത്രീസുതാവരനാകിയ രാഘവന്‍
നിന്നെ വധിപ്പാന്‍ മനുഷ്യനായ് ഭൂതലേ
വന്നുപിറന്നതുമെന്നു ധരിയ്ക്ക നീ
പുത്രവിനാശം വരുത്തുവാനും തവ
മൃത്യു ഭവിപ്പാനുമായ് നീയവനുടെ
വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ
നിര്‍ല്ജ്ജനാകയാല്‍ മൂഢ! ജളപ്രഭോ!
വൈദേഹിയെക്കൊടുത്തീടുക രാമനു
സോദരനായ്ക്കൊണ്ടുരാജ്യവും നല്‍കുക
രാമന്‍ കരുണാകരന്‍ പുനരെത്രയും
നാമിനിക്കാനനം വാഴ്ക തപസ്സിനായ്’
മണ്ഡോദരീവാക്കു കേട്ടൊരു രാവണന്‍
ചണ്ഡപരാക്രമന്‍ ചൊന്നാനതു നേരം:
പുത്രമിത്രാമാത്യസോദരന്മാരെയും
മൃത്യുവരുത്തി ഞാനേകനായ് കാനനേ
ജീവിച്ചിരിക്കുന്നതും ഭംഗിയല്ലെടോ
ഭാവിച്ചവണ്ണം ഭവിക്കയില്ലൊന്നുമേ
രാഘവന്‍ തന്നോടെതിര്‍ത്തു യുദ്ധം ചെയ്തു
വൈകുണ്ഠരാജ്യമനുഭവിച്ചീടുവന്‍’