MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും

അങ്ങനെയുള്ള പോര്‍ കണ്ടുനില്‍ക്കുന്നേര-
മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ
രാഘവന്‍തേരിലിറങ്ങിനിന്നീടിനാ-
നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍
വന്ദിച്ചു നിന്നു രഘുകുലനാഥനാ-
നന്ദമിയന്നരുള്‍ചെയ്താനഗസ്ത്യനും
‘അഭ്യുദയം നിനക്കാശു വരുത്തുവാ-
നിപ്പോഴിവിടേയ്ക്കു വന്നിതു ഞാനെടോ!
താപത്രയവും വിഷാദവും തീര്‍ന്നുപോ-
മാപത്തു മറ്റുള്ളവയുമകന്നുപോം
ശത്രുനാശം വരും രോഗവിനാശനം
വര്‍ദ്ധിയ്ക്കുമായുസ്സു സല്‍ക്കീര്‍ത്തിവര്‍ദ്ധനം
നിത്യമാദിത്യഹൃദയമ‍ാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാ ജപിയ്ക്കെടോ!
ദേവാസുരോരഗചാരണ കിന്നര-
താപസഗുഹ്യകയക്ഷരക്ഷോഭൂത-
കിംപുരുഷാപ്സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലു ലോകങ്ങളും
രക്ഷിപ്പതും നിജ രശ്മികള്‍കൊണ്ടവന്‍
ഭക്ഷിപ്പതുമവന്‍ കല്‍പകാലാന്തരേ
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖന്‍താനും പ്രജാപതി വൃന്ദവും
ശക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാ ഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാ പിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസര്‍ത്തുസംവത്സരകല്‍പാദി
കാരകനായതും സൂര്യനിവന്‍തന്നെ
വേദാന്തവേദ്യന‍ാം വേദാത്മകനിവന്‍
വേദാര്‍ത്ഥവിഗ്രഹന്‍ വേദജ്ഞസേവിതന്‍
പൂഷാ വിഭാകരന്‍ മിത്രന്‍ പ്രഭാകരന്‍
ദോഷാകരാത്മകന്‍ ത്വഷ്ടാ ദിനകരന്‍
ഭാസ്കരന്‍ നിത്യനഹസ്കരനീശ്വരന്‍
സാക്ഷിസവിതാ സമസ്തലോകേക്ഷണന്‍
ഭാസ്വാന്‍ വിവസ്വാന്‍ നഭസ്വാന്‍ ഗഭസ്തിമാന്‍
ശാശ്വതന്‍ ശംഭു ശരണ്യന്‍ ശരണദന്‍
ലോകശിശിരാരി ഘോരതിമിരാരി
ശോകാപഹാരി ലോകാലോകവിഗ്രഹന്‍
ഭാനു ഹിരണ്യഗര്‍ഭന്‍ ഹിരണ്യേന്ദ്രിയന്‍
ദാനപ്രിയന്‍ സഹസ്ര‍ാംശു സനാതനന്‍
സപ്താശ്വനര്‍ജ്ജുനാശ്വന്‍ സകലേശ്വരന്‍
സുപ്തജനാവബോധപ്രദന്‍ മംഗലന്‍
ആദിത്യനര്‍ക്കനരുണനനന്തഗന്‍
ജ്യോതിര്‍മ്മയന്‍ തപനന്‍ സവിതാ രവി
വിഷ്ണു വികര്‍ത്തനന്‍ മാര്‍ത്താണ്ഡനംശുമാ-
നുഷ്ണകിരണന്‍ മിഹിരന്‍ വിരോചനന്‍
പ്രദ്യോതനന്‍ പരന്‍ ഖദ്യോതനുദ്യോത-
നദ്വയന്‍ വിദ്യാവിനോദന്‍ വിഭാവസു
വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണന്‍
വിശ്വവന്ദ്യന്‍ മഹാവിശ്വരൂപന്‍ വിഭു
വിശ്വവിഭാവനന്‍ വിശ്വൈകനായകന്‍
വിശ്വാസഭക്തിയുക്താന‍ാം ഗതിപ്രദന്‍
ചണ്ഡകിരണന്‍ തരണി ദിനമണി
പുണ്ഡരീകപ്രബോധപ്രദനര്യമാ
ദ്വാദശാത്മാ പരമാത്മാ പരാപര-
നാദിതേയന്‍ ജഗദാദിഭൂതന്‍ ശിവന്‍
ഖേദവിനാശനന്‍ കേവലാത്മാവിന്ദു-
നാദാത്മകന്‍ നാരദാദി നിഷേവിതന്‍
ജ്ഞാനസ്വരൂപനജ്ഞാനവിനാശനന്‍
ധ്യാനിച്ചുകൊള്‍ക നീ നിത്യമിദ്ദേവനെ