MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

വിഭീഷണരാജ്യാഭിഷേകം

ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും
‘രക്ഷോവരന‍ാം വിഭീഷണായ്‌ മയാ
ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ’
എന്നതുകേട്ടു കപിവരന്മാരൊടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്‌
അര്‍ണ്ണവതോയാദി തീത്ഥജലങ്ങളാല്‍
സ്വര്‍ണ്ണകലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു
വാദ്യഘോഷത്തോടു താപസന്മാരുമാ-
യാര്‍ത്തുവിളിച്ചഭിഷേകവും ചെയ്തിതു
ഭൂമിയും ചന്ദ്രദിവാകരരാദിയും
രാകമഥയുമുള്ളന്നു വിഭീഷണന്‍
ലങ്കേശനായ്‌ വാഴുകെന്നു കിരീടാദ്യ-
ലങ്കാരവു ചെയ്തു ദാനപുരസ്കൃതം
പൂജ്യനായോരു വിഭീഷണനായ്ക്കൊണ്ടു
രാജ്യനിവാസികള്‍ കാഴ്ചയും വച്ചിതു
വാച്ച കുതൂഹലം പൂണ്ടു വിഭീഷനന്‍
കാഴ്ചയുമെല്ലാമെടുപ്പിച്ചു കൊണ്ടുവ-
ന്നാസ്ത്ഥയാ രാഘവന്‍ തൃക്കാല്‍ക്കല്‍ വച്ചഭി-
വാദ്യവും ചെയ്തു വിഭീഷണനാദരാല്‍
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ്‌ രാമ-
ഭദ്രനതെല്ല‍ാം പരിഗ്രഹിച്ചീടിനാന്‍
‘ഇപ്പോള്‍ കൃതകൃത്യനായേനഹ’മെന്നു
ചില്‍പുരുഷന്‍ പ്രസാദിച്ചരുളീടിനാന്‍

അഗ്രേ വിനീതനായ്‌ വന്ദിച്ചു നില്‍ക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനം ചെയ്തു
സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്‍
‘ചിന്തിച്ചതെല്ല‍ാം ലഭിച്ചു നമുക്കെടോ!
ത്വത്സാഹയത്വേന രാവണന്‍ തന്നെ ഞാ-
നുത്സാഹമോടു വധിച്ചിതു നിശ്ചയം
ലങ്കേശ്വരനായ്‌ വിഭീഷണന്‍ തന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു.’