അഹല്യാസ്തുതി
“ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ-
ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി-
ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗല്‍പതേ!
മര്‍ത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം.
ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണന്‍
ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാന്‍.
ത്വല്‍പാദാംബുജപാംസുപവിത്രാഭാഗീരഥി
സര്‍പ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലല്ലോ;
സിദ്ധിച്ചേനല്ലോ ഞാനും സ്വല്‍പാദസ്പര്‍ശമിപ്പോള്‍.
പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ-
കുണ്‌ഠ! തല്‍കുണ്‌ഠാത്മനാം ദുര്‍ല്ലഭമുര്‍ത്തേ! വിഷ്ണോ!
മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം
ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുര്‍ദ്ധരം
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
യാതൊരു പാദാംബുജമാരായുന്നിതു വേദം,
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
യാതൊരു നാമം ജപിക്കുന്നിതു മഹാദേവന്‍,
ചേതസാ തത്സ്വാമിയെ ഞാന്‍ നിത്യം വണങ്ങുന്നേന്‍.
നാരദമുനീന്ദ്രനും ചന്ദ്രശേഖരന്‍താനും
ഭാരതീരമണനും ഭാരതീദേവിതാനും
ബ്രഹ്‌മലോകത്തിങ്കല്‍നിന്നന്വഹം കീര്‍ത്തിക്കുന്നു
കല്‍മഷഹരം രാമചരിതം രസായനം
കാമരാഗാദികള്‍ തീര്‍ന്നാനന്ദം വരുവാനായ്
രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേന്‍.
ആദ്യനദ്വയനേകനവ്യക്തനനാകുലന്‍
വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യന്‍
പരമന്‍ പരാപരന്‍ പരമാത്മാവു പരന്‍
പരബ്രഹ്‌മാഖ്യന്‍ പരമാനന്ദമൂര്‍ത്തി നാഥന്‍
പൂരുഷന്‍ പുരാതനന്‍ കേവലസ്വയംജ്യോതി-
സ്സകലചരാചരഗുരു കാരുണ്യമൂര്‍ത്തി
ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാന്‍.
അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേന്‍ മനസി ഞാന്‍.
സ്വതന്ത്രന്‍ പരിപൂര്‍ണ്ണനാനന്ദനാത്മാരാമ-
തനന്ദ്രന്‍ നിജമായാഗുണബിംബിതനായി
ജഗദുത്ഭവസ്ഥിതിസംഹാരാദികള്‍ ചെയ്‌വാ-
നഖണ്ഡന്‍ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങള്‍ പൂണ്ടു
ഭേദരൂപങ്ങള്‍ കൈക്കൊണ്ടൊരു നിര്‍ഗ്ഗുണമൂര്‍ത്തി
വേദാന്തവേദ്യന്‍ മമ ചേതസി വസിക്കേണം.
രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാര്‍ച്ചിതം.
മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
മാനാര്‍ത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
ബ്രഹ്‌മാവിന്‍ കരങ്ങളാല്‍ ക്ഷാളിതം പത്മോപമം
നിര്‍മ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
മന്മനോനികേതനം കല്‍മഷവിനാശനം
നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
ജഗദാശ്രയം ഭവാന്‍ ജഗത്തായതും ഭവാന്‍
ജഗതാമാദിഭൂതനായതും ഭവാനല്ലോ.
സര്‍വഭൂതങ്ങളിലുമസക്തനല്ലോ ഭവാന്‍
നിര്‍വികാരാത്മാ സാക്ഷിഭൂതനായതും ഭവാന്‍.
അജനവ്യയന്‍ ഭവാനജിതന്‍ നിരഞ്ജനന്‍
വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
വാച്യവാചകോഭയഭേദേന ജഗന്മയന്‍
വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
കാര്യകാരണകര്‍ത്തൃഫലസാധനഭേദം
മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
കേവലമെന്നാകിലും നിന്തിരുവടിയതു
സേവകന്മാര്‍ക്കുപോലുമറിയാനരുതല്ലോ.
ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
ത്വന്മാഹാത്മ്യങ്ങള്‍ നേരേയറിഞ്ഞുകൂടായല്ലോ.
മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍.
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
ശുദ്ധനദ്വയന്‍ സമന്‍ നിത്യന്‍ നിര്‍മ്മലനേകന്‍
ബുദ്ധനവ്യക്തന്‍ ശാന്തനസംഗന്‍ നിരാകാരന്‍
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തന്‍
സത്വങ്ങളുളളില്‍ വാഴും ജീവാത്മാവായ നാഥന്‍
ഭക്താനാം മുക്തിപ്രദന്‍ യുക്താനാം യോഗപ്രദന്‍
സക്താനാം ഭുക്തിപ്രദന്‍ സിദ്ധാനാം സിദ്ധിപ്രദന്‍
തത്ത്വാധാരാത്മാ ദേവന്‍ സകലജഗന്മയന്‍
തത്ത്വജ്ഞന്‍ നിരുപമന്‍ നിഷ്‌കളന്‍ നിരഞ്ജനന്‍
നിര്‍ഗ്ഗുണന്‍ നിശ്ചഞ്ചലന്‍ നിര്‍മ്മലന്‍ നിരാധാരന്‍
നിഷ്‌ക്രിയന്‍ നിഷ്‌കാരണന്‍ നിരഹങ്കാരന്‍ നിത്യന്‍
സത്യജ്ഞാനാനന്താനന്ദാമൃതാത്മകന്‍ പരന്‍
സത്താമാത്രാത്മാ പരമാത്മാ സര്‍വ്വാത്മാ വിഭൂ
സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരന്‍ മഹേശ്വര-
നച്യുതനാദിനാഥന്‍ സര്‍വദേവതാമയന്‍
നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
പൊന്‍ത്തളിരടികളിലിളക്കം വരാതൊരു
ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
നര്‍ത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
നമസ്തേ രാമരാമ! ഭക്തവത്സല! രാമ!
നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
സമസ്തകര്‍മ്മാര്‍പ്പണം ഭവതി കരോമി ഞാന്‍
സമസ്തമപരാധം ക്ഷമസ്വ ജഗല്‍പതേ!
ജനനമരണദുഃഖാപഹം ജഗന്നാഥം
ദിനനായകകോടിസദൃശപ്രഭം രാമം
കരസാരസയുഗസുധൃതശരചാപം
കരുണാകരം കാളജലദഭാസം രാമം
കനകരുചിരദിവ്യാംബരം രമാവരം
കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം
കമലദലലോലവിമലവിലോചനം
കമലോത്ഭവനതം മനസാ രാമമീഡേ.”
പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
പുരുഷോത്തമം കൂപ്പി സ്തുതിച്ചാല്‍ ഭക്തിയോടേ
ലോകേശാത്മജയാകുമഹല്യതാനും പിന്നെ
ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്.
ഗൌതമനായ തന്റെ പതിയെ പ്രാപിച്ചുട-
നാധിയും തീര്‍ത്തു വസിച്ചീടിനാളഹല്യയും.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍
പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൌഖ്യം പുരുഷന്മാര്‍ക്കു നൂനം.
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
ണ്ടീ സ്തുതി ജപിച്ചീടില്‍ സാധിക്കും സകലവും.
പുത്രാര്‍ത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
മര്‍ത്ഥാര്‍ത്ഥി ജപിച്ചീടിലര്‍ത്ഥവുമേറ്റമുണ്ടാം.
ഗുരുതല്‍പഗന്‍ കനകസ്തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവന്‍ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം.
സദ്വഹൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം
സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.