MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഹനൂമദ്ഭരതസംവാദം

പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ
ചൊന്നാനനിലാത്മജനോടു രാഘവന്‍
‘ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍-
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ
വന്നീടുകെന്നുടെ വൃത്താന്തവും പുന-
രൊന്നൊഴിയാതെയവനോടു ചൊല്ലണം
പോകുന്നനേരം ഗുഹനെയും ചെന്നു ക-
ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍’
മാരുതി മാനുഷവേഷം ധരിച്ചു പോയ്‌
ശ്രീരാമവൃത്തം ഗുഹനെയും കേള്‍പ്പിച്ചു
സത്വരം ചെന്നു നന്ദിഗ്രാമമുള്‍പ്പുക്കു
ഭക്തനായീടും ഭരതനെ കൂപ്പിനാന്‍
പാദുകവും വച്ചു പൂജിച്ചനാരതം
ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്‌
സോദരനോടുമാമാതൃജനത്തൊടു-
മാദരപൂര്‍വ്വം ജടവല്‍ക്കലം പൂണ്ടു
മൂലഫലവും ഭുജിച്ചു കൃശ‍ാംഗനായ്‌
ബാലനോടുംകൂടെ വാഴുന്നതു കണ്ടു
മാരുതിയും ബഹുമാനിച്ചിതേറ്റവു-
‘മാരുമില്ലിത്ര ഭക്തന്മാരവനിയില്‍’
എന്നു കല്‍പിച്ചു വണങ്ങി വിനീതനായ്‌
നിന്നു മധുരമാമ്മറു ചൊല്ലീടിനാന്‍
‘അഗ്രജന്‍ തന്നെ മുഹൂര്‍ത്തമാത്രേണ നി-
ന്നഗ്രേ നിരാമയം കാണ‍ാം ഗുണനിധേ!
സീതയോടും സുമിത്രാത്മജന്‍ തന്നോടു-
മാദരവേറും പ്ലവഗബലത്തൊടും
സുഗ്രീവനോടും വിഭീഷണന്‍ തന്നോടു-
മുഗ്രമായുള്ള രക്ഷോബലം തന്നൊടും
പുഷ്പകമ‍ാം വിമാനത്തിന്മേലേറി വ-
ന്നിപ്പോളിവിടെയിറങ്ങും ദയാപരന്‍
രാവണനെക്കൊന്നു ദേവിയേയും വീണ്ടു
ദേവകളാലഭിവന്ദിതനാകിയ
രാഘവനെക്കണ്ടു വന്ദിച്ചു മാനസേ
ശോകവും തീര്‍ന്നു വസിക്കാമിനിച്ചിരം’
ഇത്ഥമാകര്‍ണ്യ ഭരതകുമാരനും
ബദ്ധസമ്മോദം വിമൂര്‍ച്ഛിതനായ്‌ വീണു
സത്വരമാശ്വസ്തനായ നേരം പുന-
രുത്ഥായ ഗാഢമായാലിംഗനം ചെയ്തു
വാനരവീരശിരസി മുദാ പര-
മാനന്ദബാഷ്പാഭിഷേകവും ചെയ്തിതു
‘ദേവോത്തമനോ നരോത്തമനോ ഭവാ-
നേവമെന്നെക്കുറിച്ചിത്ര കൃപയോടും
ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്‌
തുഷ്ട്യാ തരുവതിനില്ല മറ്റേതുമേ
ശോകം മദീയം കളഞ്ഞ ഭവാനു ഞാന്‍
ലോകം മഹമേരു സാകം തരികിലും
തുല്യമായ്‌ വന്നുകൂടാ പുനരെങ്കിലും
ചൊല്ലീടെടോ രാമകീര്‍ത്തനം സൗഖ്യദം
മാനവനാഥനു വാനരന്മാരോടു
കാനനേ സംഗമമുണ്ടായതെങ്ങനെ?
വൈദേഹിയെക്കട്ടുകൊണ്ടവാറെങ്ങനെ
യാതുധാനാധിപനാകിയ രാവണന്‍?
ഇത്തരം ചോദിച്ച രാജകുമാരനോ-
ടുത്തരം മാരുതിപുത്രനും ചൊല്ലിന്നന്‍
‘എങ്കിലൊ നിങ്ങളച്ചിത്രകൂടാചല-
ത്തിങ്കല്‍ നിന്നാധി കലര്‍ന്നു പിരിഞ്ഞ നാള്‍
ആദിയായിന്നോളമുള്ളോരവസ്ഥക-
ളാദരമുള്‍ക്കൊണ്ടു ചൊല്ലുന്നതുണ്ടു ഞാന്‍
ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടീടുക
വന്നുപോം ദുഃഖവിനാശം തപോനിധേ’
എന്നു പറഞ്ഞറിയിച്ചാനഖിലവും
മന്നവന്‍തന്‍ ചരിത്രം പരിത്രം പരം
ശത്രുഘ്നമിത്രഭൃത്യാമാതൃവര്‍ഗ്ഗവും
ചിത്രം വിചിത്രമെന്നൊര്‍ത്തുകൊണ്ടീടിനാര്‍