യുദ്ധകാണ്ഡം

ശ്രീരാമന്റെ രാജ്യഭാരഫലം – യുദ്ധകാണ്ഡം (128)


MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ശ്രീരാമന്റെ രാജ്യഭാരഫലം

ജാനകീദേവിയോടും കൂടി രാഘവ-
നാനന്ദമുള്‍ക്കൊണ്ടു രാജഭോഗാന്വിതം
അശ്വമേധാദിയ‍ാം യാഗങ്ങളും ചെയ്തു
വിശ്വപവിത്രയ‍ാം കീര്‍ത്തിയും പൊങ്ങിച്ചു
നിശ്ശേഷസൌഖ്യം വരുത്തി പ്രജകള്‍ക്കു
വിശ്വമെല്ല‍ാം പരിപാലിച്ചരുളിനാന്‍
വൈധവ്യദുഃഖം വനിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ
സസ്യപരിപൂര്‍ണ്ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
രാമപൂജാപരന്മാര്‍ നരന്മാര്‍ ഭുവി
രാമനെ ധ്യാനിക്കുമേവരും സന്തതം
വര്‍ണ്ണാശ്രമങ്ങള്‍ തനിക്കുതനിക്കുള്ള-
തൊന്നുമിളക്കം വരുത്തുകയില്ലാരുമേ
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാര്‍ക്കുമേ
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍
സാകേതവാസികളായ ജനങ്ങള്‍ക്കു
ലോകാന്തരസുഖമെന്തോന്നിതില്‍പ്പരം
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മരുവിനാര്‍.

Back to top button