രാമായണമാഹാത്മ്യം
MP3 ഡൗണ്‍ലോഡ് ചെയ്യൂ.
ശ്രീരാമസ്തുതി
MP3 ഡൗണ്‍ലോഡ് ചെയ്യൂ.
രാമായണമാഹാത്മ്യം
അദ്ധ്യാത്മരാമായണമിദമെത്രയു-
മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം
അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം
മൈത്രീകരം ധനധാന്യവൃദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം
ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം
സൗഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാപഠിയ്ക്കിലും ചൊല്‍കിലും തല്‍ക്ഷണേ
മുക്തനായീടും മഹാപാതകങ്ങളാല്‍
അര്‍ത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ
സിദ്ധിയ്ക്കുമാര്യജനങ്ങളാല്‍ സമ്മതം
വിദ്യാഭിലാഷി മഹാബുധനായ് വരും
വന്ധ്യായുവതി കേട്ടീടുകില്‍ നല്ലൊരു
സന്തതിയുണ്ടാമവള്‍ക്കെന്നു നിര്‍ണ്ണയം,
ബദ്ധനായുള്ളവന്‍ മുക്തനായ് വന്നിടു-
മര്‍ത്ഥി കേട്ടീടുകിലര്‍ത്ഥവാനായ് വരും
ദുര്‍ഗ്ഗങ്ങളെല്ലാം ജയിക്കായ്‌വരുമതി-
ദുഃഖിതന്‍ കേള്‍ക്കില്‍ സുഖിയായ് വരുമവന്‍
ഭീതനതു കേള്‍ക്കില്‍ നിര്‍ഭയനായ്‌വരും
വ്യാധിതന്‍ കേള്‍ക്കിലനാതുരനായ് വരും
ഭൂതദൈവത്മോത്ഥമായുടനുണ്ടാകു-
മാധികളെല്ലാമകന്നുപോം നിര്‍ണ്ണയം
ദേവപിതൃഗണതാപസമുഖ്യന്മാ-
രേവരുമേറ്റം പരസാദിയ്ക്കുമത്യരം
കല്‍മഷമെല്ലാമകലുമതേയല്ല
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ സാധിച്ചിടും
അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാല്‍
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേള്‍ക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാര്‍ത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാപ്തം