വിരക്തനും മുമുക്ഷുവുമായ ഒരാള്‍ക്കുണ്ടാവേണ്ട ജ്ഞാനത്തെയാണ് ഉത്പത്തിപ്രകരണം മുതല്‍ ഉപന്യസിക്കാന്‍ തുടങ്ങുന്നത്. സംസാരത്തിന്റെ ഉല്പത്തിയും സ്ഥിതിയുംഎങ്ങനെയാണെന്ന് തത്ത്വം വേണ്ടപോലെ ഗ്രഹിക്കുമ്പോള്‍ ചിത്തമടങ്ങും. മനസ്സടങ്ങിയാല്‍ സംസാരനിവൃത്തിയും ജ്ഞാനപ്രാപ്തിയും ഉണ്ടാവുകയും ചെയ്യും.

വാസ്തവത്തില്‍ സംസാരം ഉണ്ടായതും നിലനില്ക്കുന്നതും എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാണ് അതിനെ ലയിപ്പിക്കാന്‍വേണ്ടി പലരും പലപ്പോഴും പല രൂപത്തിലുള്ള പ്രയത്നങ്ങളും ചെയ്യാറുണ്ടെങ്കിലും ഉല്പത്തിയുടെ സ്വരൂപത്തെ അറിയാത്തതുകൊണ്ട് മിക്കപ്പോഴും പരാജയപ്പെടലാണ് പതിവ്. ശാസ്ത്രങ്ങള്‍ തന്നെ പലരുപത്തിലാണ് ജഗദുല്പത്തിയുടെ സ്വഭാവത്തെപ്പറയുന്നത്. അതിനാല്‍ അതിനെ ശരിയാവണ്ണം അറിയുകയെന്നതൊരു വലിയ കാര്യമാണ്.

വസിഷ്ഠമഹര്‍ഷി ശ്രീരാമചന്ദ്രനോടു പറകയാണ്. ലോകത്തില്‍ അനുഭൂതി, വേദനം, പ്രതിപത്തി, പ്രത്യക്ഷം എന്നൊക്കെ പറയുന്നതെന്തോ അതുതന്നെയാണ് ജീവന്‍. അതായതു ലോകം നമുക്കെല്ലാവര്‍ക്കും അനുഭവസ്വരൂപവും, വേദനാത്മകവും, പ്രതിപത്തിക്കാസ്പദവും പ്രത്യക്ഷവുമാണ്. അതിനാല്‍ പറയപ്പെട്ട ശബ്ദങ്ങളെല്ല‍ാം ലോകത്തിന്റെ പര്യായങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റില്ല; എന്നാല്‍ അതാണ് ജീവന്‍ എന്നര്‍ത്ഥമല്ല. ജീവനില്‍നിന്നു വേറെയല്ല പറയപ്പെട്ട വേദന അല്ലെങ്കില്‍ പ്രത്യക്ഷം. ‘ഞാന്‍’ എന്ന അഭിമാനത്തോടുകൂടിയ വിജ്ഞാനമാണ് ജീവന്റെ സ്വരൂപം. പ്രസ്തുത വിജ്ഞാനംതന്നെ സങ്കല്പാകാരേണ വിജ‍ൃംഭിക്കുന്നു എന്നുള്ളതാണ് പദാര്‍ത്ഥത്തിന്റെ സത്ത. അപ്രകാരമുള്ള പദാര്‍ത്ഥങ്ങളുടെ സമുച്ചയമാണ് ലോകം. ജലം, തിര, നുര, തുടങ്ങി‌യവയായിത്തീരുമ്പോലെ സങ്കല്പവികല്പങ്ങളെക്കൊണ്ടു സംവിത്ത് – വിജ്ഞാനം – തന്നെ അനേകം രൂപത്തില്‍ കാണപ്പെടുന്നു എന്നുള്ളതുതന്നെ ലോകം.

തിരമാലകള്‍ ഉണ്ടാവുന്നതും വളരുന്നതും ലയിക്കുന്നതും ജലത്തിലാണ്. അതുപോലെ പദാര്‍ത്ഥങ്ങള്‍ ഉണ്ടാവുന്നതും നിലനില്കുന്നതും ലയിക്കുന്നതും വിജ്ഞാനത്തിലാണ്. തിരമാലകളുണ്ടാവുന്നതിനുമുമ്പും ലയിച്ചതിനുശേഷവും, ജലം മാത്രമാണുള്ളതെന്ന കാരണത്താല്‍ തിരമാലകളും ജലം മാത്രമാണെന്ന് എപ്രകാരം വിശ്വസിക്കാമോ, അതുപോലെ പദാര്‍ത്ഥങ്ങളുണ്ടാവുന്നതിനുമുമ്പും ലയിച്ചതിന്നുശേഷവും വിജ്ഞാനം മാത്രമാണുള്ളതെന്ന കാരണത്താല്‍ പദാര്‍ത്ഥവും വിജ്ഞാനം മാത്രമല്ലാതെ മറ്റൊന്നുമല്ല. കാറ്റുവീശി ചലനമുണ്ടാവുമ്പോള്‍ ജലംതന്നെ തിരയുടെ ആകൃതിയില്‍ കാണപ്പെടുംപോലെ സങ്കല്പവികല്പങ്ങളെക്കൊണ്ടു വിജ്ഞാനംതന്നെ പദാര്‍ത്ഥകാരേണ കാണപ്പെടുന്നു എന്നു മാത്രമാണ്. അതായതു സൃഷ്ടിക്കുമുമ്പ് അകാരണമായ ബ്രഹ്മംതന്നെ ഈ ക്ഷണസ്വരൂപമായ സ്വര്‍ഗ്ഗലീലയാല്‍ തമ്മിലുള്ള സംസ്ക്കാരപരമ്പരകളാല്‍ ജഗദാകാരേണ വിളങ്ങുന്നു എന്നുമാത്രം, വായുവില്‍ സ്പര്‍ശശക്തി എപ്രകാരമാണോ സ്വാഭാവികമായി അടങ്ങിയിരിക്കുന്നത്, അതുപോലെയാണ് ബ്രഹ്മത്തില്‍ സ്ഥൂലസൂക്ഷമാകാരമായ ജഗത്തു കാണപ്പെടുന്നത്.

കാലദേശാദികള്‍ക്കതീതമായും മറ്റൊന്നിന്റെ ചേര്‍ച്ചയില്ലാത്തതിനാല്‍ അത്യന്തസംശുദ്ധവുമായ സര്‍വ്വാത്മജ്ഞാനം കാലദേശാദികലനകള്‍ക്കു വിധേയമായി, ഏതുമാതിരിയായിമാറുന്നുവോ, ആ വിധത്തിലുള്ള ശരീരമുണ്ടായിത്തീരുന്നു, അതുതന്നെ സൃഷ്ടി. വിജ്ഞാനം എവിടെ ഏതു രൂപത്തില്‍ വിജൃംഭിക്കുന്നുവോ, അവിടെ ആ മാതിരി രൂപമുള്ളതായി തോന്നപ്പെടുന്നു എന്നുമാത്രം, അതിനാല്‍ കാണപ്പെടുന്ന ഈ ബ്രഹ്മാണ്ഡം – പ്രപഞ്ചം – കേവലം അകാരണമാണ്. യാതൊരു കാരണവുമില്ലാതെ തോന്നപ്പെടുന്ന കാര്യമാണ്. കാരണമില്ലാത്ത കാര്യം അസത്യമാണെന്നു പറയേണ്ടതില്ലല്ലോ. പ്രത്യക്ഷമായ ഈ ജഗത്തിനു ജഗത്തുതന്നെയാണ് കാരണം. അല്ലാതെ മറ്റൊരു കാരണവുമില്ല. കയറില്‍ തോന്നപ്പെടുന്ന പാമ്പിനും കുറ്റിയില്‍ തോന്നപ്പെടുന്ന പുരുഷനും അവതന്നെയാണ് കാരണം. അല്ലാതെ മറ്റൊരു കാരണവുമില്ല. മൂന്നു കാലത്തും ഉണ്ടായിട്ടില്ലാത്തവയാണ് കയറിലെ പാമ്പും കുറ്റിയിലെ പുരുഷനും. അതുപോലെ മൂന്നുകാലത്തും ഉണ്ടായിട്ടില്ലാത്തതാണ് പ്രപഞ്ചവും. ജഗത്തിന്റെ നിര്‍മ്മാതാവു ജഗത്തുതന്നെയാണ്. അതിനാല്‍ എങ്ങിനെയുണ്ടായി എന്ന ചോദ്യംതന്നെ അസ്ഥാനത്താണ്. ജഗത്തിന്റെതന്നെ ചില അംശങ്ങളാണ് അനുമാനാദികളുമെന്ന കാരണത്താല്‍ അവയും കേവലം മൂന്നുകാലത്തുമില്ലാത്തവതന്നെ. ദ്രഷ്ടാവിനു ദൃശ്യത്തോടുള്ള സംബന്ധവും, ദൃശ്യത്തിലുള്ള സത്യബുദ്ധിയുമാണ് ബന്ധം. ദൃശ്യമേ ഇല്ലാത്തതാണെന്നു വന്നാല്‍ പിന്നെ എന്തു ബന്ധമാണ്! ദൃശ്യം കേവലം ഇല്ലാത്തതാവുമോ എന്നാണെങ്കില്‍ സംശയമില്ല മൂന്നു കാലത്തും ഇല്ലാത്തതുതന്നെ. അതിനെ വ്യക്തമാക്കുകയും ചെയ്യ‍ാം.

കാണപ്പെടുന്ന സ്ഥൂലസൂക്ഷ്മാകാരമായ ജഗത്തു മുഴവന്‍ കല്പാവസാനത്തില്‍ സൂഷുപ്തിയില്‍ സ്വപ്നമെന്നപോലെ ലയിച്ചില്ലാതായിത്തീരും. ദൃശ്യം മുഴുവന്‍ ലയിക്കുമ്പോള്‍ തമസ്സും തേജസ്സുമില്ലാതെ സ്തിമിതഗംഭീരമായ ചൈതന്യം താനേ ശേഷിക്കും. വ്യഷ്ടിയിലും അങ്ങനെതന്നെ. ശരീരമടക്കം എല്ലാ ദൃശ്യങ്ങളും ദൃശ്യങ്ങള്‍ക്കാസ്പദമായ തമസ്സും ലയിക്കുമ്പോള്‍ സ്തിമിതഗംഭീരവും, തേജസ്സെന്നോ, തമസ്സെന്നോ പറയാന്‍ വയ്യാത്തതും, ഇന്ന രൂപത്തിലെന്നു പറയാന്‍ വയ്യാത്ത നിലയില്‍ അനഭിവ്യക്തവും, ഇന്നതെന്നു നിര്‍ദ്ദേശിക്കാന്‍ പേരില്ലാത്തതുമായ ചൈതന്യം താനേ ശേഷിക്കും. വ്യഷ്ടിയിലായായും സമഷ്ടിയിലായാലും അതിനെത്തന്നെ, സത്യമെന്നും ആത്മാവെന്നും പരമെന്നും ബ്രഹ്മമെന്നും മറ്റും പറഞ്ഞു‌വരുന്നത് . വ്യവഹാരം അവസാനിച്ച ദശയില്‍ വ്യഷ്ടിസമഷ്ടികളില്ലാത്തതിനാല്‍ വ്യവഹാരദശയില്‍ മാത്രമാണ് വ്യഷ്ടിയെന്നും സമഷ്ടിയെന്നും പറഞ്ഞുവരുന്നതും. അങ്ങനെ സ്വയം താനായിരിക്കുന്ന പറയപ്പെട്ട ആത്മാവസ്തു ഇന്ന് അന്യനെപ്പോലെയായിട്ടിരിക്കയാണ്. അതാണ് ശരീരാഭിമാനം തുടങ്ങിയ അജ്ഞാനവൃത്തികളാല്‍ തോന്നപ്പെടുന്ന ആഭാസസ്വരൂപമായ ജീവിത്വം നിലനില്‍കുന്നത്. അപ്പോള്‍ സ്വപ്നാനുഭവങ്ങളെന്നപോലെ ഞാന്‍ ജനിച്ചുവെന്നും ജീവിക്കുന്നുവെന്നും മരണമുണ്ടെന്നും എല്ല‍ാം തോന്നാനിടയായി.

മുന്‍പറയപ്പെട്ട ആഭാസസ്വരൂപമായ ജീവത്വംതന്നെ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളുമെല്ലായിത്തീര്‍ന്നത്. മനനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മനസ്സായി. ബോധിക്കാന്‍ തുടങ്ങിയപ്പോള്‍ ബുദ്ധിയായി. വിഷയഗ്രഹണങ്ങളെക്കൊണ്ട് ഇന്ദ്രിയങ്ങളുമായി. ജലരാശിയില്‍നിന്നു തിരമാല പൊന്തുംപോലെയാണ് പരമാത്മാവില്‍ നിന്നു മനസ്സുണ്ടാവുന്നതെന്നു പറയണം. സങ്കല്പക്രിയകൊണ്ടാണ് മനസ്സെന്നതത്വം തന്നെ ഉണ്ടായത്. അപ്പോള്‍ മനസ്സു നിലനില്‍ക്കുന്നതും സങ്കല്പങ്ങളെക്കൊണ്ടാണെന്നു പറയേണ്ടതില്ലല്ലോ. മനസ്സിന്റെ വിവിധങ്ങളും വിചിത്രങ്ങളുമായ സങ്കല്പങ്ങള്‍ വളരുംതോറും പല പ്രകാരത്തിലുള്ള പദാര്‍ത്ഥങ്ങളും നിറയുന്നു. അങ്ങനെ സമുച്ചയമായ സ്വപ്നലോകംതന്നെ ജഗത്ത്. സങ്കല്പങ്ങളടങ്ങി മനസ്സു ലയിച്ചാല്‍ ജഗത്തുമില്ല. എന്നാല്‍ ജഗത്തുണ്ടെന്നു തോന്നുന്ന സമയത്തും പരചൈതന്യം തന്നെയാണ് ജഗദാകാരേണ വിളങ്ങുന്നത്, ജലത്തില്‍ നിന്നു വേറെയായി തിരയോ, സ്വര്‍ണ്ണത്തില്‍ നിന്നു വേററെയായി കടകമോ ഇല്ലാ അതുപോലെ ബ്രഹ്മത്തില്‍ നിന്നു വേറെയായി ജഗത്തുമില്ല.

മനസ്സുതന്നെ അസത്താണെന്നിരിക്കേ മനസ്സിന്റെ കല്പനാസ്വരൂപമായ ജഗത്തിനെന്തു സത്യത്വമാണുണ്ടാവുന്നത്! മൃഗതൃഷ്ണാനദിയിലെ തിരമാലകള്‍ സത്യമാണെന്നു പറയും പോലെയാണ് ജഗത്തു സത്യമാണെന്നു പറയുന്നത്. മായാ, സംസൃതി, ബന്ധം, അവിദ്യ, മോഹം, മലം, തമസ്സ് എന്നൊക്കെ ഈ പ്രപഞ്ചത്തിനെത്തന്നെയാണ് അറിവുള്ളവര്‍ പറയുന്നത്. വാസ്തവത്തില്‍ മൂന്നു കാലത്തുമില്ലാത്ത മൃഗതൃഷ്ണയെന്നപോലെ അസല്‍ സ്വരൂപമാണ് ജഗത്ത്. ഈ സ്ഥിതിക്ക് ജഗത്തുഹേതുവായിട്ടുണ്ടാവുന്ന ബന്ധമോക്ഷങ്ങള്‍ക്കെവിടെയാണ് സത്യത്വം? എങ്കിലും സ്വപ്നാനുഭവമെന്ന പോലെ വര്‍ത്തമാനകാലത്തു സത്യപ്രതീതിയോടെ അനുഭവിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ബന്ധമോക്ഷങ്ങള്‍. എന്താണീ ബന്ധമോക്ഷങ്ങളുടെ സ്വരൂപം എന്നാണെങ്കില്‍ പറയ‍ാം.

ദ്രഷ്ടാവിന്നു ദൃശ്യത്തിന്റെ പ്രതീതിയുണ്ടായിത്തീരുന്നു എന്നതുതന്നെ ബന്ധം. സ്വസ്വരൂപത്തിന്റെ വിസ്മൃതിയാണ് ദൃശ്യപ്രതീതിക്കു കാരണം. അപ്പോള്‍ സ്വരൂപവിസ്മൃതിയും അതുഹേതുവായിട്ടുണ്ടാവുന്ന ദൃശ്യപ്രതീതിയും തന്നെ ബന്ധം. പ്രതീതി ദൃഢപ്പെട്ടു സത്യമെന്നപോലെയായിത്തീര്‍ന്ന ദൃശ്യം ഭ്രഷ്ടാവിനു ശക്തിയായ ബന്ധനമായിത്തീരുന്നു. ദൃശ്യമില്ലാതായാല്‍ ബന്ധവും നീങ്ങി. ദൃശ്യവിലയം തന്നെ മോക്ഷം. പക്ഷെ ഏതുവരെ അല്പമായിട്ടെങ്കിലും ദൃശ്യപ്രതീതി നിലനില്ക്കുന്നവോ, അതുവരേയും മോക്ഷമില്ല. സൂക്ഷ്മമായ ബീജത്തില്‍ അത്യന്തസ്ഥൂലമായ വൃക്ഷവും അതിന്റെ ഘടകങ്ങളും അടങ്ങിയിരിക്കുന്നത്. എത്രയോ വലിയ ആല്‍വൃക്ഷം മുഴുവന്‍ സൂക്ഷമമായ ബീജത്തില്‍ അടങ്ങിയിരിക്കുന്നതുപോലെ ഭ്രഷ്ടമാവായ ബ്രഹ്മത്തില്‍ അത്യന്തസ്ഥൂലങ്ങളായ ബ്രഹ്മാണ്ഡദൃശ്യങ്ങളുടെ ശക്തി അടങ്ങിയിരിക്കുന്നു. ദൃശ്യശക്തിക്കു വികസിക്കാനുള്ള അവസരമുള്ളേടത്തോളം കാലം ബന്ധം അവസാനിക്കുന്നില്ല. ദൃശ്യശക്തി ദ്രഷ്ടാവായ തന്നില്‍ അടങ്ങി ലയിച്ചിരിക്കുന്നുവെങ്കിലും അതിനു വികസിക്കാന്‍ വയ്യാത്ത നിലവന്നു ക്രമേണ ചുരുങ്ങിച്ചുരുങ്ങി അവസാനം ദൃശ്യശക്തി കേവലം ഇല്ലാതായിത്തീര്‍ന്നപോലെയാവുന്നതുതന്നെ മുക്തി, ഇതിന്നുദാഹരണമായി ഒരു കഥ പറയ‍ാം.

‘ആകാശജന്‍’ എന്നൊരു ബ്രാഹ്മണന്റെ കഥയാണ് പറയുന്നത്. ജഗത്തിന്റെ സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനെത്തന്നെയാണ് ഇവിടെ ആകാശജനാക്കി കല്പിച്ചിരിക്കുന്നത്. പ്രസ്ത ബ്രാഹ്മണന്‍ മറ്റുള്ളവരെപ്പോലെ എല്ലാ വ്യവഹാരങ്ങളും ചെയ്യുന്നുണ്ടെങ്കിലും വളരെക്കാലം ചെന്നിട്ടും മറ്റുള്ളവരെപ്പോലെ മൃത്യു അദ്ദേഹത്തെ ബാധിച്ചില്ല. മൃത്യുദേവത സ്വയം അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഉജ്വലമായി കത്തിജ്വലിക്കുന്ന അഗ്നിയുടെ പ്രഭാവംകൊണ്ട് അദ്ദേഹത്തെ തൊടാനോ സമീപിക്കാന്‍പോലുമോ കഴിഞ്ഞില്ല. അതിന്റെ കാരണമെന്താണെന്നറിയാതെ മൃത്യുദേവന്‍ യമനെ സമീപിച്ചന്വേഷിച്ചപ്പോള്‍ മരിക്കുന്നവരുടെ കര്‍മ്മമാണ് അവരെ മരിപ്പിക്കുന്നതെന്നും, കര്‍മ്മമില്ലാത്തവരെ കൊല്ലാന്‍ സാധ്യമല്ലെന്നും ആകാശജനു കര്‍മ്മമില്ലെന്നും അതിനാല്‍ അദ്ദേഹത്തെ മൃത്യുവരുത്താന്‍ സാധ്യമല്ലെന്നും പറഞ്ഞു. അതുകേട്ട മൃത്യുദേവന്‍ ആ തൊഴിലില്‍ നിന്നു പിന്‍വാങ്ങുകയും ചെയ്തു; ഇതാണ് കഥ.

ഈ കഥയില്‍ നിന്നു ജനനവും ജീവിതവും ജീവിതത്തിലെ ഭിന്നഭിന്നങ്ങളായ കര്‍മ്മങ്ങളും അനുഭവങ്ങളും മരണവും എല്ല‍ാംതന്നെയും തങ്ങളുടെ കര്‍മ്മങ്ങളെ ആസ്പദിച്ചാണിരിക്കുന്നതെന്നു വ്യക്തമാവുന്നു. കര്‍മ്മമാകട്ടെ അഭിമാനത്തെയും നാനാത്വത്തിലുള്ള സത്യബുദ്ധിയെയും അവലംബിച്ചുമിരിക്കുന്നു. ശരീരമാണ് അഭിമാനത്തെ നിലനിര്‍ത്തുന്നത്. ആഗ്രഹം നാനാത്വത്തിലുള്ള സത്യബുദ്ധിയെയും. ചിത്തസങ്കല്പം തന്നെ ശരീരത്തിനു ഹേതു. ചിത്തസങ്കല്പമില്ലാതായാല്‍ ശരീരവും ഇല്ലാതാവും. ഒന്നിനെ മറ്റൊന്നാക്കി കല്പിക്കാന്‍ ഹേതുവായിതന്നെ സമവായികാരണമെന്നു പറയും. എന്നാല്‍ അങ്ങനെ കല്‍പിക്കപ്പെടുന്ന കാര്യവും കാരണത്തില്‍ നിന്നു വേറെയല്ല. മുത്തുച്ചിപ്പിയെക്കണ്ടു വെള്ളിയാണെന്നു തോന്നി എന്നിരിക്കട്ടെ. എന്നാല്‍ ആ തോന്നപ്പെട്ട വെള്ളിയും മുത്തുചിപ്പിയില്ലാതെ മറ്റൊന്നുമല്ല. ഇതുപോലെ ബ്രഹ്മത്തില്‍ കല്‍പിക്കപ്പെടുന്ന ശരീരാദികളും ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. ജീവികള്‍ക്കു സ്ഥൂലമെന്നും സൂക്ഷ്മമെന്നും രണ്ടുവിധം ശരീരങ്ങളുണ്ട്. സൂക്ഷ്മശരീരത്തെത്തന്നെയാണ് ആതിവാഹികശരീരമെന്നും പറയുന്നത് ജാഗ്രദവസ്ഥയിലെ വ്യവഹാരം സ്ഥൂലശരീരം കൊണ്ടാണെങ്കില്‍ സ്വപ്നാവസ്ഥയിലേതു സൂക്ഷമശരീരം കൊണ്ടാണ്. സ്ഥൂലശരീരത്തിനു ജഗത്തും സൂക്ഷമശരീരത്തിനു സ്വരൂപമവിസ്മൃതിയാകുന്ന അജ്ഞാനവും കാരണമാണ്. ജഗത് വിസ് മൃതിയില്‍ സ്ഥൂലശരീരപ്രതീതിയും സ്വരൂപസ്മൃതിയില്‍ സൂക്ഷ്മശരീരപ്രതീതിയും അടങ്ങുകയും ചെയ്യും. അതിനാല്‍ ജഗത്തിനെ വിസ്മരിച്ചു സ്വരൂപത്തെ സ്മരിച്ചു സ്വരൂപാവസ്ഥയില്‍ത്തന്നെ ഇരിക്കുന്നവര്‍ക്കു ബന്ധത്തിനോ ദുഃഖത്തിനോ കാരണമില്ല.

ബ്രഹ്മാദിദേവന്മാര്‍ക്കു ജഗല്‍ പ്രതീതിയില്ലാത്തതിനാല്‍ സ്ഥൂലശരീരമില്ല. മറ്റുള്ളവര്‍ക്കൊക്കെ അതുണ്ടെന്ന കാരണത്താല്‍ സ്ഥൂലശരീരമുണ്ടുതാനും. ഏതുവരെ സ്വരൂപസ്ഥിതിയില്‍ ദൃഢത കിട്ടുന്നില്ലയോ, അതുവരെയും സൂക്ഷ്മശരീരം നശിക്കുന്നില്ല. ജഗല്‍പ്രതീതി അവസാനിക്കാതിരിക്കുംകാലത്തോളം സ്ഥൂലശരീരവും നശിക്കുന്നില്ല. ഒരു ശരീരം നശിച്ചാല്‍ വീണ്ടുമുണ്ടാവുന്നു എന്നര്‍ത്ഥം. കേവലം മനസ്സിന്റെ കല്പനമാത്രമാണ് ജഗത്തു മുഴുവന്‍. പക്ഷേ ആ ബോധം ഉറയ്ക്കാതിരിക്കും കാലത്തോളം അതില്‍ സത്യബുദ്ധിയും ഉണ്ടാവും. കേവലം മനഃകല്പിതമാണ് ജഗത്തെന്നു ബോദ്ധ്യം വരുമ്പോള്‍ അതിലുള്ള സത്യബുദ്ധി നീങ്ങും. സത്യബുദ്ധി നീങ്ങിയാല്‍ പ്രതീതി ചുരുങ്ങിവന്നു ക്രമേണ വിസ്മൃതമായിത്തീരുകയും ചെയ്യും.

ഇത്രയുംകേട്ട ശ്രീരാമചന്ദ്രന്‍ അപ്പോള്‍ വസിഷ്ഠമഹര്‍ഷിയോടു ചോദിച്ചു, ‘മനസ്സെന്നാല്‍ എന്താണെ’ന്ന്. എല്ലാവിധ ദോഷങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും ആസ്പദം മനസ്സാണ്. മനസ്സിനെ നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ യാതൊരു വിധക്ലേശവും അയാളെ ബാധിക്കാന്‍ പോവുന്നില്ല. അതിനാല്‍ മനസ്സിന്റെ സ്വരൂപത്തെ അറിയേണ്ടതത്യാവശ്യം തന്നെ. വസിഷ്ഠമഹര്‍ഷി മറുപടി പറകയാണ്; ആകാശത്തെ എപ്രകാരം രൂപീകരിക്കാന്‍ സാദ്ധ്യമല്ലയോ അതുപോലെ മനസ്സിനേയും ഇന്നപ്രകാരത്തിലെന്നു രൂപീകരിച്ചു പറയാന്‍വയ്യ. ജഡവും ശൂന്യവുമാണ് എന്നു പറഞ്ഞാല്‍ മനസ്സിന്റെ രൂപീകരണമായി. പക്ഷെ അതുകൊണ്ട് ഇന്ന പ്രകാരത്തിലുള്ളതെന്നു വ്യക്തമാവുന്നില്ലല്ലോ. എങ്കിലും അതില്‍കൂടുതലായി അധികമൊന്നും പറയാന്‍ വയ്യാത്തതാണ് മനസ്സിന്റെ സ്വരൂപം. പേരല്ലാതെ രൂപമില്ല മനസ്സിനെന്നു പറയണം. അകത്തോപുറത്തോ മനസ്സിന്റേതെന്നു പറയാവുന്ന ഒരു സത്തയും പ്രത്യേകമില്ലെങ്കിലും എല്ലായിടത്തും മനസ്സു വിളങ്ങുന്നുണ്ടെന്നുള്ളതാണ് ആശ്ചര്യമായിട്ടിരിക്കുന്നത്. ഉള്ളതോ ഇല്ലാത്തതോ ആയ പദാര്‍ത്ഥത്തെക്കുറിച്ചുള്ള തോന്നലാണ് മനസ്സിന്റെ രൂപമെന്നു പറഞ്ഞാല്‍ തെറ്റില്ല, പദാര്‍ത്ഥജ്ഞാനമാണ് മനസ്സെന്നാണ് വേദാന്തികള്‍ പറയുന്നത്. എന്നാല്‍ സങ്കല്‍പമാണ് മനസ്സിന്റെ സ്വരൂപമെന്നു ധരിക്കുന്നതാണെളുപ്പം. മനസ്സോടുകൂടാതെ സങ്കല്‍പങ്ങളോ, സങ്കല്‍പത്തോടുകൂടാതെ മനസ്സോ ഇല്ല. ആസ്ഥിതിക്കു മനസ്സും സങ്കല്‍പവും രണ്ടല്ല, ഒന്നുതന്നെ. അതിനാല്‍ സങ്കല്‍പമാണ് മനസ്സിന്റെ രൂപമെന്നു ധരിക്കുന്നതബദ്ധമല്ല. എവിടെ സങ്കല്‍പമുണ്ടോ, അവിടെ മനസ്സുണ്ടെന്നു വിശ്വസിക്ക‍ാം. മനസ്സും സങ്കല്‍പവും ഒരിക്കലും വേറെയല്ല. അതിനാല്‍ സങ്കല്‍പംതന്നെ മനസ്സിന്റെ രൂപം. സങ്കല്‍പങ്ങളടങ്ങിയാല്‍ മനസ്സും അടങ്ങി.

ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ അവിദ്യ, ചിത്തം. മനസ്സ്, സംസാരം, ബന്ധം, മലം, തമസ്സ്, എന്നൊക്കെപ്പറയുന്നതും സങ്കല്‍പത്തെത്തന്നെയാണ്. സങ്കല്‍പമില്ലാതായാല്‍ പറയപ്പെട്ടവയൊന്നുമുണ്ടാവുന്നില്ല. സങ്കല്‍പശബ്ദത്തിന്റെ പര്യായങ്ങളാണ് മുന്‍പറയപ്പെട്ട ശബ്ദങ്ങളെന്നു പറഞ്ഞാല്‍പ്പോലും തെറ്റില്ല. സങ്കല്പം നിശ്ശേഷം നശിച്ചാല്‍ ആത്മാവുമാത്ര ശേഷിക്കും. മറ്റുയാതൊന്നുമുണ്ടാവാന്‍ പോവുന്നില്ല. കാണപ്പെടുന്ന ഈ ലോകം, ആകാശാദിഭൂതങ്ങള്‍, നീ ഞാന്‍ എന്നീ വ്യത്യസ്തഭാവങ്ങള്‍ തുടങ്ങി എല്ല‍ാംതന്നെയും സങ്കല്‍പമല്ലാതെ മറ്റൊന്നുമല്ല. അതിനാല്‍ സങ്കല്‍പമടങ്ങിയാല്‍ ഇവയെല്ലാമില്ലാതാവും. ഭ്രഷ്ടാവും ചിദ്രൂപനുമായ ആത്മാവുമാത്രം അപ്പോള്‍ ശേഷിക്കും. ദൃശ്യങ്ങളില്ലാതാവുമ്പോള്‍ ആത്മാവിനു ഭ്രഷ്ടാവെന്ന ബന്ധമില്ലാതായിത്തീരുന്നതിനാല്‍ സങ്കല്‍പമടങ്ങിയാല്‍ കൈവല്യം കൈവന്നുവെന്നുതന്നെ പറയ‍ാം. പ്രതിഫലിക്കാന്‍ വസ്തുക്കളില്ലാത്തിടത്ത് കണ്ണാടി എപ്രകാരം നിര്‍മ്മലമായും സ്വസ്വരൂപമായും വിളങ്ങുന്നുവോ, അതുപോലെ ദൃശ്യങ്ങളില്ലാതായിത്തീരുമ്പോള്‍ ആത്മാവും നിര്‍മ്മലവും നിരൂപാധികവുമായി കേവലസ്വരൂപേണ വിളങ്ങും, അതുതന്നെ കൈവല്യം. ഇല്ലാത്ത സ്വപ്നം അതുപോലെ ഇല്ലാത്തതായ മറ്റൊരു സ്വപ്നത്തെ ഉണ്ടാക്കിത്തീര്‍ക്കും പോലെയാണ് ഇല്ലാത്ത് മനസ്സ് ഇല്ലാത്ത ദൃശ്യങ്ങളെ സൃഷ്ടിക്കുന്നത് ചലനം ഹേതുവായിട്ടാണ് ചിത്തത്തിന് പല മാറ്റങ്ങളും അപ്പഴപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പ്രസ്തുത മാറ്റങ്ങള്‍തന്നെയാണ് വികാരങ്ങളും വൃത്തികളും സുഖദുഃഖങ്ങളുമെല്ല‍ാം. ചിത്തം നിശ്ചലമാവുമ്പോള്‍ ഇവയൊന്നുമുണ്ടാവുന്നില്ല നിശ്ചലമായ ജലാശയത്തില്‍ തിര-നുര-കുമിള തുടങ്ങിയവയൊന്നുമുണ്ടാവത്തതുപോലെയാണ് നിശ്ചലമായ മനസ്സില്‍ വികാരങ്ങളും വൃത്തികളുമൊന്നും പൊന്താനിടയാവാതിരിക്കുന്നത്.

മഹാപ്രളയകാലത്തു കാണപ്പെടുന്ന ലോകങ്ങളെല്ല‍ാം നശിക്കുന്നു. ആത്യന്തികയായ ഒരു ശാന്തി മാത്രം അപ്പോള്‍ ശേഷിക്കുന്നു. ഒരിക്കലും അസ്തമിക്കാത്ത ആത്മദേവനാകുന്ന ആദിത്യന്‍ മാത്രം അപ്പോള്‍ വിളങ്ങുന്നു. മറ്റെല്ല‍ാം ഇല്ലാതായിത്തീരുന്നു. അപ്പോള്‍ ശേഷിക്കുന്ന ആത്മസ്വരൂപമാകട്ടെ വാക്കിനോ മനസ്സിനോ എത്താവുന്നതല്ല. മുക്തന്മാരാല്‍ പ്രാപിക്കുപ്പെടുന്നു എന്നു മാത്രം പറയ‍ാം. ആത്മാദി ശബ്ദങ്ങള്‍കൂടിയും അവിടേയ്ക്കു വെറും കല്‍പനകളാണ്; അല്ലാതെ സ്വാഭാവികങ്ങളല്ല. സ‍ാംഖ്യന്മാര്‍ പുരുഷനെന്നും, വേദാന്തികള്‍ ബ്രഹ്മമെന്നും, വിജ്ഞാനികള്‍ വിജ്ഞാനമെന്നും, ശൂന്യവാദികള്‍ ശൂന്യമെന്നും പറയുന്നതൊക്കെയും ഇതേ ആത്മാവിനെത്തന്നെയാണ്.

മനസ്സാകുന്ന വേരോടും ഇന്ദ്രിയങ്ങളാകുന്ന ഇലകളോടും ബ്രഹ്മാണ്ഡങ്ങളാകുന്ന ഫലങ്ങളോടും കൂടിയ പ്രകൃതിയാകുന്ന ചിദ്വല്ലി ഈ ആത്മാവില്‍ നിന്നു പൊട്ടിമുളച്ചുണ്ടായി അതില്‍ത്തന്നെ ചുറ്റിപ്പറ്റിപ്പടര്‍ന്നു കളിക്കുന്നു. പ്രകൃതിയാകുന്ന പ്രസ്തുത ചിദ്വല്ലിയെ ചലിപ്പിക്കുന്നതും ലയിപ്പിക്കുന്നതും എല്ല‍ാം പ്രസ്തുത ആത്മാവുതന്നെ. പുര്യഷ്ടകമെന്നു പ്രസിദ്ധമായ സൂക്ഷമശരീരത്തെ പ്രവര്‍ത്തിപ്പിക്കുന്നത് ഓരോ ശരീരത്തിലും വിളങ്ങുന്ന ആത്മജ്യോതിസ്സാണ്. ശുദ്ധനിര്‍മ്മലമായ ജ്ഞാനമാണ് ആത്മാസ്വരൂപമെന്ന കാരണത്താല്‍ എന്തിനെ സ്മരിക്കുന്നുവോ അതായിത്തീരും. അങ്ങനെയുണ്ടാകുന്നവയാണ് ബ്രഹ്മാണ്ഡങ്ങള്‍കൂടിയും. അതിനാല്‍ ചിത്സമുദ്രത്തിലെ തിരമാലകളെന്നപോലുള്ള ബ്രഹ്മാണ്ഡങ്ങള്‍കൂടിയും കാനല്‍ ജലത്തിലെ തിരമാലകള്‍പോലെ ശൂന്യങ്ങളാണ്. ബ്രഹ്മത്തില്‍ അനേകമനേകം ബ്രഹ്മാണ്ഡങ്ങളുണ്ടാവുകയും നിലനില്‍ക്കുകയും ലയിക്കുകയും ചെയ്യുന്നുണ്ടെന്നു തോന്നാമെങ്കില്‍ക്കൂടിയും വാസ്തവത്തില്‍ ഒന്നും സംഭവിക്കുന്നില്ല. വികല്പംപോലും സംഭവിക്കുന്നില്ല. എപ്പോഴും നിര്‍വ്വികല്പമാകുന്ന ഒരേ ഒരു ഭാവമല്ലാതെ മറ്റൊന്നുംതന്നെ ഇല്ല. എപ്പോഴും വികല്പലേശമില്ലാതെ സ്വസ്വരൂപസ്ഥിതനായ പരമപുരഷനൊഴിച്ച് മറ്റൊന്നും എപ്പോഴും ഉണ്ടായിട്ടേ ഇല്ല. ആ പരമചൈതന്യത്തെ അറിയുമ്പോള്‍ ദ്വൈതകാരണമായ അഹങ്കാരം കേവലം നശിക്കുകയും ചെയ്യും.

എങ്കിലും ദൃഷ്ടവും അനുഭൂതവുമായ ഈ ജഗത്ത് ഇല്ലാത്തതാണെന്നെങ്ങിനെ പറയ‍ാം? യുക്തിയും പ്രമാണവുണ്ടായിരിക്ക‍ാം. എങ്കിലും യുക്തിയേക്കാളും പ്രമാണത്തേക്കാളും വലുതാണല്ലോ അനുഭവം. എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്നു ജഗത്തിനെ എന്നു പറയേണ്ടില്ലല്ലോ. ജഗത്ത് ഇല്ലാത്തതും ഉണ്ടായിട്ടില്ലാത്തതുമാണെന്നു വാദിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന ആളും അതേസമയത്തു ജഗത്തിനെ അനുഭവിക്കുന്നുണ്ടല്ലോ. ആ സ്ഥിതിക്കു ജഗത്തുണ്ടായിട്ടില്ലാത്തതാണെന്നെങ്ങിനെ പറയ‍ാം? എന്നാണ് വീണ്ടും ശ്രീരാമചന്ദ്രന്റെ സംശയം. അതിനു വസിഷ്ഠമഹര്‍ഷി മറുപടി പറഞ്ഞു.

ശാസ്ത്രാഭ്യാസവും സജ്ജനസമ്പര്‍ക്കവുമുണ്ടാവാത്തതുകൊണ്ടാണ് സംശയങ്ങള്‍ തീരാതെ എത്രതന്നെ കേട്ടാലും പരമാര്‍ത്ഥത്തെ ബോധിക്കാന്‍ കഴിയാതിരിക്കുന്നത്. സ്വന്തം യുക്തികളൊക്കൊണ്ടും സ്വാഭിപ്രായം കൊണ്ടും മാത്രം പരമാര്‍ത്ഥതത്വത്തില്‍ നിസ്സംശയത്വം വരുമെന്നു വിചാരിക്കാന്‍ വയ്യ. അതിനാല്‍ ശാസ്ത്രാഭ്യാസവും സല്‍സംഗവും അവശ്യം ഉണ്ടാവുകതന്നെ വേണം. അവ രണ്ടും വേണ്ടത്ര ബലപ്പെടുന്നു എന്നു വന്നാല്‍ ഏതാനും ദിവസങ്ങളെക്കോണ്ടുതന്നെ നിസ്സംശയജ്ഞാനം കൈവരും. ജ്ഞാനം നിസ്സംശയസ്വരൂപമാവുമ്പോള്‍ ഈ ജഗത്ത് ഇല്ലാത്തതാണെന്നു ബോദ്ധ്യമാവും. അതുവരെ എത്രതന്നെ കേട്ടാലും ഇല്ലാത്തതാണെന്നു ബോദ്ധ്യമാവും. അതുവരെ എത്രതന്നെ കേട്ടാലും ഇല്ലാത്തതാണെന്നു ബോധിക്കാന്‍ കഴിഞ്ഞില്ലെന്നുവര‍ാം. അങ്ങനെ ജഗത്തിന്റെ മിത്ഥ്യാഭാവത്തില്‍ ദൃഢതവന്നു എപ്പോഴും ആത്മജ്ഞാനപരായണനായിത്തന്നെ കഴിയുന്ന സാധകന്‍ വളരെ വേഗത്തില്‍ ജീവന്മുക്തനായിത്തീരും. കാലംകൊണ്ടു വിദേഹമുക്തനുമാവും.

ശരീരത്തോടുകൂടി ജീവന്മുക്തനായിരിക്കുന്നവനും ശരീരത്തെ വിട്ടുമുക്തനായിട്ടുള്ളവനും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് വ്യത്യാസം? എന്നാണ് ശ്രീരാമന്‍ പിന്നീട് ചോദിക്കുന്നത്. അതിന്റെ മറുപടി പറകയാണ് വസിഷ്ഠമഹര്‍ഷി. പറയത്തക്ക വ്യത്യാസമൊന്നുമില്ല. ദേഹമുണ്ടായാലും ഇല്ലെങ്കിലും കര്‍മ്മബന്ധമോ സംസാരബന്ധമോ ഇല്ലെന്നു വരുന്നതുതന്നെയാണ് മുക്തി. അഭിമാനം, അഹങ്കാരം, ലോകവ്യവഹാരം, ഭയം തുടങ്ങിയ വികാരങ്ങള്‍, സുഖദുഃഖങ്ങള്‍, ശരീരചിന്ത എന്നിവയില്ലാത്തവന്‍ ജീവന്മുക്തന്‍തന്നെയാണ്. അവന്‍ ലോകത്തെയോ, ലോകം അവനെയോ ഭയപ്പെടുന്നില്ല. ചിദാകാശമാകുന്ന ആത്മസ്വരൂപം എപ്പോഴും അവനു പ്രത്യക്ഷമായിരിക്കും. മോദശോകങ്ങളോ, രാഗദ്വേഷങ്ങളോ അവനെ അലട്ടില്ല. എന്തൊക്കെ ചെയ്താലും ഇല്ലെങ്കിലും അവന്റെ ചിത്തം ശീതളമാണ്. അങ്ങനെയുള്ളവന്‍ ജീവന്മുക്തനാണ്. സന്ദര്‍ഭം വരുമ്പോള്‍ അവന്‍ ശരീരത്തെ വിട്ടു വിദേഹകൈവല്യത്തെയും പ്രാപിക്കുന്നു. ഉദയാസ്തമയങ്ങളോ ഞാന്‍ നീയെന്ന ഭാവങ്ങളോ ഇല്ലാത്ത സ്തിമിതഗംഭീരമായ ഏതോ ഒരുത്ഭതവസ്തുവായിത്തീരുന്നു. ആ വസ്തു വാക്കിന്നും മനസ്സിന്നും അതീതമാണ്. ഇന്ന പ്രകാരത്തിലുള്ളതെന്നു പറയാനോ വിചാരിക്കാനോ സാദ്ധ്യമല്ല. അതിനെ സത്തെന്നോ അസത്തെന്നോ പറയാന്‍ വയ്യ. പൂര്‍ണ്ണത്തില്‍വെച്ചു പൂര്‍ണ്ണവും സൂക്ഷ്മത്തില്‍ വെച്ചു സൂക്ഷ്മവുമാണ്.

ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം, അല്ലെങ്കില്‍ അറിയുന്നവന്‍, അറിയപ്പെടുന്ന വസ്തു. അറിവ് ഇവ മൂന്നും കൂടിയതിനെ ത്രിപുടിയെന്നു പറയുന്നു. പ്രസ്തുത ത്രിപുടിയുടെ മദ്ധ്യത്തില്‍ സാക്ഷിരൂപേണ വിളങ്ങുന്നതുതന്നെ മുന്‍പറയപ്പെട്ട അദ്വൈതവസ്തു, എല്ലാ കലനകളും അടങ്ങുമ്പോള്‍ ശേഷിക്കുന്നതും അതേ വസ്തുതന്നെ. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളെയും വിട്ടു ചിരനിദ്രയുടെ സ്വരൂപത്തെ ഓര്‍മ്മിക്കാമെങ്കില്‍ അതും വസ്തുസ്വരൂപം തന്നെ. ദൃക്കും ദൃശ്യവുമെന്നു രണ്ടു രൂപത്തില്‍ ജഗത്തിനെ വേര്‍തിരിക്കുമ്പോള്‍ പ്രസ്തുത രണ്ടു വര്‍ഗ്ഗത്തിന്നും ആസ്പദമായും ആദ്യന്തഹീനമായുമുള്ള വേദനവും വസ്തുസ്വരൂപം തന്നെ. വ്യവഹാരത്തെ ചെയ്താലും കല്ലുപോലെ നിശ്ചലമായും ഭൗതികാകാശമല്ലാത്തതും എന്നാല്‍ ആകാശവടിവായിട്ടുള്ളതും തന്നെ വസ്തുസ്വരൂപം. മഹാപ്രളയകാലത്തില്‍ ധാതാവു തുടങ്ങിയ എല്ലാ ഉപാധികളെയും വിട്ടു പ്രസ്തുത പരമചൈതന്യം കേവലാദ്വൈതസ്വരൂപമായി വിളങ്ങുന്നു.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.