വസിഷ്ഠന്‍ പറയുകയാണ്, സച്ചിദാനന്ദാകാരമായ ബ്രഹ്മസ്വരൂപത്തെ അറിയാന്‍ ബദ്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഹേ രാമചന്ദ്ര! പറയപ്പെട്ട സൂച്യുപാഖ്യാനമെന്ന രസകരമായ ഇതിഹാസംകൊണ്ട് പരമാത്മാവെന്ന സത്യവസ്തു ഉണ്ടെന്നും, അതുമാത്രമേയുള്ളൂവെന്നും മറ്റു കാണപ്പെടുന്നതെല്ലാം ഇല്ലാത്തതാണെന്നും ബോദ്ധ്യമായല്ലോ. ചിത്തത്തിന്റെ നാനാപ്രകാരത്തിലുള്ള സ്ഫുരണവും വികാസവുമാണ് സംസാരം. ചിത്തത്തെവിട്ട് സംസാരമെന്ന ഒരു വസ്തുവില്ല. ചിത്തബാലന്റെ ഭ്രാന്തിദര്‍ശനം തന്നെ സംസാരം. രാഗദ്വേഷാദിഭാവങ്ങളെക്കൊണ്ട് പ്രക്ഷുബ്ധമായ ചിത്തംതന്നെ സംസാരം. അവയെല്ലാം അടങ്ങി പ്രശാന്തമായിത്തീര്‍ന്ന ചിത്തം മോക്ഷവും, ചിത്തമേ ഇല്ലാതായിത്തീരുന്നതുതന്നെ കേവലസ്വരൂപം അല്ലെങ്കില്‍ കൈവല്യം. ഈ വസ്തുതയെ വ്യക്തമാക്കുന്ന ഇന്ദുവെന്ന ബ്രാഹ്മണന്റെ ഇതിഹാസത്തെ പറഞ്ഞുതരാം. അതുകേട്ടാല്‍ത്തന്നെ സംസാരഭ്രാന്തി നീങ്ങും.
ഒരിക്കല്‍ നിത്യപ്രളയമാകുന്ന നീണ്ട രാത്രി അല്ലെങ്കില്‍ ബ്രഹ്മദേവന്റെ ഉറക്കുകാലം കഴിഞ്ഞ് കല്പാരംഭത്തില്‍ ബ്രഹ്മദേവന്‍ ഉറക്കമുണര്‍ന്നു തന്റെ നിത്യകൃത്യങ്ങളൊക്കെ കഴിഞ്ഞ് സൃഷ്ടികാര്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അനന്തവും വിശാലവുമായ ആകാശത്തേക്ക് നോക്കി. ആശ്ചര്യമെന്നു പറയട്ടെ, അപ്പോള്‍ അതിര്‍ത്തിയില്ലാത്ത ആ മഹാകാശത്തിന്റെ ഒരു മൂലയിലുണ്ട് ചില ബ്രഹ്മാണ്ഡങ്ങള്‍ പ്രകാശിച്ചുകൊണ്ടിരുന്നു. ബ്രഹ്മദേവന്‍ ആശ്ചര്യപ്പെട്ടു. കല്പം ആരംഭിച്ചിട്ടേയുള്ളൂ, താന്‍ ഉണര്‍ന്നെഴുന്നേറ്റു സൃഷ്ടി ആരംഭിച്ചു കഴിഞ്ഞില്ല. അതിനുമുമ്പ് ബ്രഹ്മാണ്ഡമോ? എന്തൊരു കഥയാണ്! ഇതെങ്ങനെയുണ്ടായി? ആര് സൃഷ്ടിച്ചു? ബ്രഹ്മദേവന് അതിനെ സംബന്ധിച്ചൊന്നും മനസ്സിലായില്ല. അതിനാല്‍ കാണപ്പെട്ട ബ്രഹ്മാണ്ഡത്തില്‍ നിന്ന് ഒരാദിത്യനെ ആവാഹിച്ചു തന്റെ മുന്നിലേയ്ക്കുവരുത്തി. അനന്തരം ചോദിച്ചു, ഈ ബ്രഹ്മാണ്ഡങ്ങള്‍ എങ്ങനെയുണ്ടായി? ഇവ ആരുടെ സൃഷ്ടിയാണ് എന്ന്. ബ്രഹ്മദേവനറിയാത്ത സംഗതിയാണോ എന്ന് വിചാരിച്ച് ആദിത്യദേവന്‍ ആശ്ചര്യപ്പെട്ടു. എങ്കിലും പറയുകയും ചെയ്തു.
ആദിത്യന്‍ ബ്രഹ്മദേവനോടു പറയുകയാണ്. കശ്യപാശ്രമത്തില്‍ പ്രസിദ്ധനായി ഇന്ദുവെന്നു പേരായൊരു ബ്രാഹ്മണനുണ്ടായി, ബാല്യത്തില്‍ സാധിക്കേണ്ട വിദ്യാഭ്യാസങ്ങളെയൊക്കെ സാധിച്ചു. യൗവനാരംഭത്തോടെ അദ്ദേഹം വിവാഹിതനായി. ഗൃഹസ്ഥനായി ധര്‍മ്മനിഷ്ഠയോടെ വളരെക്കാലം കഴിഞ്ഞുകൂടി. എങ്കിലും അദ്ദേഹത്തിനു പുത്രനുണ്ടായില്ല. അനപത്യതാദുഃഖംകൊണ്ട് പീഡിതനായ അദ്ദേഹം അവസാനം പത്നിയോടുകൂടി കൈലാസപര്‍വതത്തിന്റെ സാനുപ്രദേശത്തുപോയി തപസ്സുചെയ്യാന്‍ തുടങ്ങി. വളരെക്കാലം തപോനുഷ്ടാനം ചെയ്തതിന്റെ ഫലമായി കൈലാസനാഥനായ ഭഗവാന്‍ ശ്രീപരമേശ്വരനെ കാണാന്‍ സാധിച്ചു. യോഗ്യന്മാരും ബുദ്ധിമാന്‍മാരുമായ പത്തു പുത്രന്മാര്‍ ഉണ്ടാവുമെന്ന് ഭഗവാനോട് വരവും വാങ്ങി. കാലംകൊണ്ട് ഭഗവദനുഗ്രഹഫലമായി അദ്ദേഹത്തിനു പത്തു പുത്രന്മാര്‍ ഉണ്ടാവുകയും ചെയ്തു. അവര്‍ യോഗ്യന്മാരും ബുദ്ധിമാന്‍മാരുമായി വളരുകയും ചെയ്തു. അങ്ങനെയിരിക്കെ പ്രസ്തുത ഇന്ദുബ്രാഹ്മണനും അദ്ദേഹത്തിന്റെ പത്നിയും മരിച്ചു. അമ്മയച്ഛന്‍മാര്‍ മരിച്ച വ്യസനത്താല്‍ പുത്രന്മാര്‍ പത്തുപേരും ഗൃഹം വിട്ടിറങ്ങി തപസ്സിനുപോയി. അവിടെവച്ച് അവര്‍ എന്തനുഭവമാണ് ശ്രേയസ്കരമായിരിക്കുക എന്ന് വളരെയൊക്കെ ആലോചിച്ചതിന്റെ ഫലമായി ആത്യന്തിക പ്രളയംവരെ നാശമില്ലാതെ നീണ്ടുനില്‍ക്കുന്ന ബ്രഹ്മപദം തന്നെയാണ് എല്ലാറ്റിലും ശ്രേയസ്കരമായിട്ടിരിക്കുന്നതെന്ന് വിശ്വസിച്ചു. ബ്രഹ്മപദപ്രാപ്തിക്കായി പ്രയത്നിച്ചു. പത്മാസനത്തില്‍ അമര്‍ന്നിരുന്നു സൃഷ്ടിയെനടത്തുന്ന സത്യലോകവാസിയായ ബ്രഹ്മാവായി ഓരോരുത്തരും തങ്ങളെ വിഭാവനം ചെയ്തു. പ്രസ്തുത ഭാവനയ്ക്ക് ദൃഢത വന്നതോടുകൂടി അവരുടെ പൂര്‍വ്വസര്‍ഗ്ഗം വിസ്മരിക്കപ്പെടുകയും പത്തുപേരും സത്യലോകവാസികളായി ബ്രഹ്മാക്കളായിത്തീരുകയും അവര്‍ ഭാവനകൊണ്ടു ബ്രഹ്മാണ്ഡത്തെ സൃഷ്ടിക്കുകയും ചെയ്തു. ചിത്താകാശവര്‍ത്തികളായ പ്രസ്തുത ഇന്ദുപുത്രന്മാരുടെ ഭാവനാസൃഷ്ടിയില്‍ പ്രകാശിക്കുന്നവയാണ് കാണപ്പെടുന്ന ലോകങ്ങള്‍. അതില്‍ ഒരു ബ്രഹ്മാണ്ഡത്തിലെ ഒരാദിത്യനാണ് ഞാന്‍ എന്ന് പറഞ്ഞു മാര്‍ത്താണ്ഡദേവന്‍ പോവുകയും ചെയ്തു.
ഇതില്‍ നിന്ന് മനസ്സിന്റെ കല്പനയാണ് എല്ലാമെന്നു വ്യക്തമാവുന്നു. മനസ്സടങ്ങിയ ഒരാളുടെ ദൃഷ്ടിയില്‍ സംസാരമെന്നൊന്നില്ല. മനസ്സ് വികസിച്ചുകൊണ്ടിരിക്കുന്ന ആളുടെ ദൃഷ്ടിയിലാകട്ടെ പലതു മുണ്ടുതാനും. അതിനാല്‍ മനസ്സുതന്നെ ജഗത്തിന്റെ കര്‍ത്താവ്. പരമാത്മാവും മനസ്സ് തന്നെ. മനസ്സുകൊണ്ട് ചെയ്തതേ ചെയ്തതാവൂ. ശരീരം മാത്രം കൊണ്ടു ചെയ്തത് ചെയ്തതാവില്ല. മനസ്സുകൊണ്ട് ചെയ്തത് ചെയ്യാത്തതായും വരില്ല. ഇന്ദുപുത്രന്മാരായ ആ ബ്രാഹ്മണര്‍ കേവലം മനോഭാവന മാത്രം കൊണ്ടല്ലേ ബ്രഹ്മത്വത്തെ പ്രാപിച്ചതും ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിച്ചതുമെല്ലാം.പ്രസ്തുത മനസ്സുതന്നെയാണ് ഭാവനയെകൊണ്ട് ശരീരമായിത്തീര്‍ന്നിരിക്കുന്നത്. ശരീരത്തിലുള്ള അഭിമാനം ഹേതുവായിട്ടാണ് ബന്ധവും ദുഃഖവും അജ്ഞാനവുമെല്ലാം ഉണ്ടായതും നിലനില്‍ക്കുന്നതുമെല്ലാം. ഇല്ലാത്ത കര്‍തൃത്വഭോക്തൃത്വങ്ങളും ശരീരാഭിമാനം ഹേതുവായിട്ടാണ് ഉണ്ടായതും നിലനില്‍ക്കുന്നതും. മനസ്സടങ്ങിയവന് ശരീരമോ ശരീരധര്‍മ്മങ്ങളോ കര്‍തൃത്വഭോക്തൃത്വങ്ങളോ ബന്ധദുഃഖങ്ങളോ ഒന്നും തന്നെയില്ല.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.