പണ്ടു മഗധരാജ്യത്തില്‍ ഇന്ദ്രദ്യുമ്നനെന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് അഹല്യയെന്നു പേരായൊരു രാജ്ഞിയുണ്ടായിരുന്നു. രാജ്ഞി പല ഇതിഹാസങ്ങളേയും വായിച്ചു മനസ്സിലാക്കിയ കൂട്ടത്തില്‍ ഇന്ദ്രന്റേയും അഹല്യയുടേയും ചരിത്രത്തേയും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അക്കാലത്ത് ഇന്ദ്രനെന്നൊരു വിടന്‍ അവിടെയുമുണ്ടായിരുന്നു. പേരിന്റെ സാമ്യതകൊണ്ടും ഇതിഹാസത്തിന്റെ ഓര്‍മ്മകൊണ്ടും അവരന്യോന്യം പ്രേമബദ്ധരായി. രഹസ്യമായ ആ സംഗതി കാലംകൊണ്ട് ജനങ്ങളും രാജാവും അറിയാനിടയാവുകയും ചെയ്തു. തന്റെ രാജ്ഞിയുടെ അധാര്‍മ്മികമായ വൃത്തിയെ അറിഞ്ഞ് ക്രുദ്ധനായിത്തീര്‍ന്ന മഹാരാജാവ് അവരെ രണ്ടുപേരേയും കഠിനമായി ശിക്ഷിച്ചു.

കൈകാലുകള്‍ കെട്ടി വെള്ളത്തില്‍ മുക്കുകയും, ചമ്മട്ടികൊണ്ടടിക്കുകയും, ജ്വലിക്കുന്ന അഗ്നികണ്ഡത്തില്‍ നിര്‍ത്തുകയുമൊക്കെ ചെയ്തു. പക്ഷേ അതുകൊണ്ടെന്നും അവര്‍ക്കു പറയത്തക്ക വ്യസനമോ പരിഭ്രമമോ ഉണ്ടായില്ലെന്നു മാത്രമല്ല. സ്വതവേ അവരിലുണ്ടായിരുന്ന സന്തോഷത്തിന്നും സംതൃപ്തിക്കും യാതൊരു കുറവുമുണ്ടായില്ല. ഇതു കണ്ടപ്പോള്‍ രാജാവാശ്ചര്യപ്പെട്ടു. അവരോടു ചോദിക്കകയും ചെയ്തു, എന്താണവരുടെ സന്തോഷത്തിന് ഭംഗം വരാതിരിക്കാന്‍ കാരണമെന്ന്. അപ്പോള്‍ അവള്‍ പറഞ്ഞു. മനസ്സ് ഒരു വിഷയത്തില്‍ മുഴുകി തന്മയീഭാവത്തെ പ്രാപിച്ചു കഴിഞ്ഞാല്‍ മറ്റൊന്നുംതന്നെ അറിയില്ല. മനസ്സിന്റെ ഭാവനാവിശേഷമാണ് എല്ല‍ാം അനുഭവങ്ങളും. പ്രേമാതിരേകംകൊണ്ട് ഞങ്ങളുടെ മനസ്സ് അന്യോന്യം തന്മയീഭാവത്തെ പ്രാപിച്ചിരിക്കയാല്‍ ശരീരത്തെ അരിഞ്ഞാല്‍പ്പോലും അറിയില്ല എന്ന്.

നോക്കൂ, മനസ്സിന്റെ ദൃഢതയോടുകൂടിയ തന്മയീഭാവത്തിനെന്തു ശക്തിയാണ്! ആ മനസ്സാണ് ഈ ശരീരത്തേയും എന്നുവേണ്ട സംസാരത്തെ ഒട്ടാകെത്തന്നെയും സൃഷ്ടിച്ചിരിക്കുന്നത്.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.