ഇന്ദ്രോപാഖ്യാനം എന്ന മുന്‍അദ്ധ്യായത്തില്‍ ജഡമായിരിക്കുന്ന മനസ്സിന്റെ സങ്കല്പശക്തിയുടെ സ്വഭാവം എങ്ങനെയുള്ളതാണെന്നു പറഞ്ഞുതന്നാല്‍ കൊള്ളാമെന്നപേക്ഷിച്ചു ശ്രീരാമചന്ദ്രന്‍. അപ്പോള്‍ വസിഷ്ഠമഹര്‍ഷി പറകയാണ്.
സങ്കല്പങ്ങള്‍ കൂടിച്ചേര്‍ന്ന ആത്മചൈതന്യം തന്നെയാണ് ചിത്തത്തിന്റെ സ്വരൂപമെന്നു പറയാം. എന്തില്‍നിന്നുണ്ടായതാണ് ചിത്തം; എന്താണ് ചിത്തത്തിന്റെ ആകൃതി എന്നല്ല ചിന്തിക്കേണ്ടതായിട്ടിരിക്കുന്നത്. എന്തില്‍ നിന്നോ വന്നതാവട്ടെ, എന്താകൃതിയിലുള്ളതോ ആവട്ടെ. എങ്ങനെ ഇല്ലാതായിത്തീരുമെന്നാണ് ചിന്തിക്കേണ്ടതായിട്ടിരിക്കുന്നത്. ആത്മജ്ഞാനത്തിലും മോക്ഷോപായങ്ങളിലും തന്നെ എപ്പോഴും ചിത്തത്തെ വ്യാപരിപ്പിച്ചുകൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ കാലംകൊണ്ടെങ്കിലും അതടങ്ങി ഇല്ലാതായിത്തീരൂ.
ചിത്തമുള്ളിടത്തോളം കാലം സംസാരം അവസാനിക്കലില്ല. വാസനകളുടെ പ്രേരണയാല്‍ പുതിയ പുതിയ സങ്കല്‍പ്പങ്ങളെ വളര്‍ത്തി വീണ്ടും വീണ്ടും ദുഃഖപരമ്പരകളെ സൃഷ്ടിക്കലാണ് ചിത്തത്തിന്റെ സ്വഭാവം. വിവേകത്തോടുകൂടിയ പുരുഷപ്രയത്നംകൊണ്ട് സങ്കല്‍പ്പങ്ങളെ അടക്കി ചിത്തത്തെ ലയിപ്പിക്കുകതന്നെ വേണം. അങ്ങനെ ചെയ്യാതിരിക്കും കാലത്തോളം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ഭൂമിയിലോ ഏതെങ്കിലും യോനികളില്‍ ജനിച്ചും മരിച്ചും പല യാതനകളേയും അനുഭവിച്ചുകൊണ്ടിരിക്കും. സ്വര്‍ഗ്ഗവും നരകവും ഭൂമിയും ജനമരണങ്ങളുമെന്നുവേണ്ട എല്ലാം തന്നെയും ചിത്തത്തിന്റെ സൃഷ്ടിയാണ്. അവയെല്ലാം നിലവിലുള്ളിടത്തോളംകാലം ദുഃഖമല്ലാതെ മറ്റെന്താണനുഭവിക്കാനുള്ളത്! അതിനാല്‍ എത്രയൊക്കെ പണിപ്പെട്ടും ചിത്തത്തെ അടക്കുകതന്നെ വേണം. വിവേകവും പുരുഷപ്രയത്നവും തന്നെ അതിന് മുഖ്യോപായങ്ങള്‍.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.