യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 409 – ഭാഗം 6 നിര്‍വാണ പ്രകരണം.
അഹമസ്മി ജഗത്യസ്മിന്‍സ്വസ്‍തി ശബ്ദാര്‍ത്ഥമാത്രകം
സത്താസാമാന്യമേവേതി സൌഷുപ്തം മൌനമുച്യതേ (6/68/26)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ദീര്‍ഘനിദ്രയിലെന്നപോലുള്ള പ്രശാന്തിയും നിശ്ശബ്ദതയും സ്വാംശീകരിച്ചുകൊണ്ട് ചിന്താസഞ്ചാരങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി വിമുക്തനായി ദൃഢഭാവത്തില്‍ നിലകൊണ്ടാലും.
രാമന്‍ പറഞ്ഞു: നാവിന്റെ മൌനത്തെപ്പറ്റിയും കണ്ണുകളെ മൌനമാക്കുന്നതിനെപ്പറ്റിയും മറ്റിന്ദ്രിയങ്ങളെ പ്രശാന്തമാക്കുന്നതിനെപ്പറ്റിയും തീവ്രസന്യാസത്തിലെ ദൃഢമൌനത്തെപ്പറ്റിയെപ്പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ദീര്‍ഘനിദ്രയിലെ മൌനം എന്നാല്‍ എന്താണ്?
വസിഷ്ഠന്‍ പറഞ്ഞു: രാമാ, മുനിമാര്‍ (മൌനികളായ സന്യാസിവര്യന്മാര്‍ ) രണ്ടുതരത്തിലാണുള്ളത്. ഒന്ന്‍ ദൃഢമൌനികളായ സന്യാസിമാര്‍. മറ്റേത് തുലോം ഉല്‍പതിഷ്ണുക്കളായ സന്യാസിമാരും. ദൃഢമൌനസന്യാസിമാര്‍ ഇന്ദ്രിയങ്ങളെ ബലമായി നിയന്ത്രിക്കുന്നു. ചിലപ്പോള്‍ അതവരെ വരണ്ടുണങ്ങിയ ജീവിതചര്യകളിലേയ്ക്കും ജ്ഞാനസംബന്ധിയല്ലാത്ത തീവ്രസാധനകളിലേയ്ക്കും നയിച്ചേക്കാം. എന്നാല്‍ മഹാനുഭാവനായ മുനിയ്ക്ക് സത്യാസത്യങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിവുള്ളതിനാല്‍ അത്തരം സാധനകള്‍ അയാള്‍ക്ക് സ്വീകാര്യമല്ല.
ആത്മജ്ഞാനം ഉള്ളതിനാല്‍ മറ്റേതൊരു മനുഷ്യനെപ്പോലെയും അയാള്‍ക്ക് സ്വാഭാവികമായി പെരുമാറാന്‍ കഴിയുന്നു. ഇത്തരം മുനിമാരുടെ മൌനം അവരുടെ പ്രവര്‍ത്തനങ്ങളേയും മാനോഭാവങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
സംസാരമൌനം, ഇന്ദ്രിയമൌനം, തീവ്രമായ നിയന്ത്രണത്തിലൂടെയുള്ള മൌനാചരണം (കഷ്ടമൌനം), ദീര്‍ഘനിദ്രയിലെ മൌനം (സുഷുപ്തിമൌനം) എന്നിങ്ങനെ നാലുതരം മൌനങ്ങളാണുള്ളത്. പിന്നെ ‘മനോമൌനം’ എന്നൊരുതരം കൂടിയുണ്ട്. ദേഹവിമുക്തി വന്നവര്‍ക്കും കഷ്ടമൌനം ആചരിക്കുന്നവര്‍ക്കും സുഷുപ്തി മൌനക്കാര്‍ക്കും മാത്രമേ ഇത് സാദ്ധ്യമാവൂ. ആദ്യത്തെ മൂന്നു മൌനത്തിലും ഏതെങ്കിലും തരത്തിലുള്ള തീവ്രനിയന്ത്രണം ആവശ്യമായി വരുന്നുണ്ട്. നാലാമത്തെ മൌനം മാത്രമേ വാസ്തവത്തില്‍ മുക്തിപ്രദമായുള്ളു.
സുഷുപ്തിമൌനത്തില്‍ പ്രാണനെ അല്ലെങ്കില്‍ ജീവസ്പന്ദനത്തെ പിടിച്ചു നിര്‍ത്തുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല. ഇന്ദ്രിയങ്ങളെ പ്രീണിപ്പിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നില്ല. പ്രകടമോ അല്ലാതെയോ ആയി നാനാത്വം അവിടെയില്ല. ആ അവസ്ഥയില്‍ മനസ്സോ നിര്‍മനമോ ഇല്ല. വിഭിന്നത എന്ന അവസ്ഥയേയില്ലാത്തതിനാല്‍ അതിനെ നിരാകരിക്കുവാനുള്ള പ്രയത്നവും അവിടെയില്ല. ദീര്‍ഘനിദ്രാവസ്ഥയില്‍ , മൌനത്തില്‍ ഇരിക്കുന്നതിനാല്‍ ആ അവസ്ഥയില്‍ ആമഗ്നനായ ഒരുവന്‍ ധ്യാനനിരതനാവാം, അല്ലാതെയുമിരിക്കാം. ജ്ഞാനത്തിന്റെ കറപുരളാത്ത അറിവ് യഥാതഥമായി ഉള്ളപ്പോള്‍ സംശയങ്ങള്‍ക്കവിടെ സ്ഥാനമില്ല.
അതൊരു നിശ്ശൂന്യനിശ്ശബ്ദാവസ്ഥയാണ്. അതിന് ഉപസ്തംഭങ്ങളില്ല. പരമപ്രശാന്തതയുടെ ഭാവമാണതിന്. ഉണ്മയാണതെന്നോ അല്ലെന്നോ പറയാനാവില്ല. ‘അവിടെ ഞാന്‍ ഇല്ല. മറ്റുള്ളവര്‍ ഇല്ല. മനസ്സില്ല. മനോജന്യങ്ങളായ ഒന്നുമില്ല. അങ്ങനെ ‘ഞാന്‍’ എന്നത് വിശ്വത്തിലെ വെറുമൊരാശയമോ, സങ്കല്പമോ മാത്രമാണ്. അത് ശുദ്ധമായ അസ്ഥിത്വമാണ്.’
സുഷുപ്തിമൌനത്തിന്റെ തലം ഈ അവസ്ഥയാണ്. അനന്തമായ, നിത്യശുദ്ധമായ അവബോധം മാത്രമായിരിക്കുന്നിടത്ത് ‘ഞാന്‍’, ‘മറ്റുള്ളവര്‍ ’ എന്നീ ആശയങ്ങള്‍ എവിടെ നിലനില്‍ക്കാനാണ്?