യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 414 – ഭാഗം 6 നിര്‍വാണ പ്രകരണം.

യേന പ്രാപ്തേന ലോകേഽസ്മിന്‍ ന പ്രാപ്യമവശിഷ്യതേ
തത്കൃതം സുകൃതം മന്യേ ശേഷം കര്‍മ വിഷൂചികാ (6/74/17)

രാമന്റെ അഭ്യര്‍ത്ഥന മാനിച്ച് വസിഷ്ഠന്‍ ഭഗീരഥന്റെ ആ കഥ വിവരിച്ചു. ധര്‍മ്മിഷ്ഠനായ ഒരു രാജാവായിരുന്നു അദ്ദേഹം. മഹാത്മാക്കള്‍ക്കും സന്യാസിമാര്‍ക്കും അദ്ദേഹം എല്ലാവിധ സഹായങ്ങളും സമ്മാനങ്ങളും നല്‍കി. എന്നാല്‍ ദുഷ്ടജനങ്ങള്‍ക്ക് അദ്ദേഹം ഒരു പേടിസ്വപ്നമായിരുന്നു. ദാരിദ്ര്യത്തിന്റെ മൂലകാരണം കണ്ടെത്തി അതിനെ ഇല്ലാതാക്കാന്‍ അദ്ദേഹം നന്നായി പരിശ്രമിച്ചു. മഹാത്മാക്കളുടെ സാമീപ്യംകൊണ്ട് തന്നെ അദ്ദേഹം ഭക്തിപരവശനായിത്തീരുമായിരുന്നു. ഈ ഭഗീരഥനാണ് കഠിനപ്രയത്നം ചെയ്ത് ഗംഗയെ ഭൂമിയിലേയ്ക്ക് കൊണ്ടുവന്നത്. ഇതിനായി അദ്ദേഹത്തിന് വലിയ വൈതരണികള്‍ കടക്കേണ്ടതായും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെയും മഹര്‍ഷി ജഹ്നുവിന്റെയും പ്രീതി ആര്ജ്ജിക്കേണ്ടതായും വന്നു.

ഈ പരിശ്രമത്തില്‍ അദ്ദേഹം കൂടെക്കൂടെ നിരാശയും പരാജയവും അനുഭവിക്കുകയും ചെയ്തു. ചെറുപ്പത്തിലേ തന്നെ അദ്ദേഹം വിവേകവും വിജ്ഞാനവും സ്വായത്തമാക്കിയിരുന്നു. ഒരിക്കല്‍ ഏകനായിരുന്ന് അദ്ദേഹമിങ്ങനെ ആലോചിച്ചു. ‘ഈ ലോകജീവിതം വാസ്തവത്തില്‍ കേവലം അര്‍ത്ഥശൂന്യമാണ്. ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ദിനരാത്രങ്ങള്‍ ഓടിയോടി പരസ്പരം മത്സരിക്കുകയാണ്. ആളുകള്‍ ദിനവും പ്രയോജനമില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തുകൊണ്ടേയിരിക്കുന്നു.

“ഏതൊരു പ്രയത്നമാണോ അതിന്റെ അവസാനത്തില്‍ നമ്മെ ഇനിയൊരു പ്രയത്നങ്ങളും ആവശ്യമില്ലാത്ത ഒരതീതതലത്തില്‍ എത്തിക്കുന്നത്, അതിനെ മാത്രമേ ഞാന്‍ ഉചിതമായ പ്രവൃത്തിയായി കണക്കാക്കുകയുള്ളൂ. ബാക്കിയെല്ലാം വെറും വയറിളക്കംപോലെയുള്ള ആവര്‍ത്തനങ്ങള്‍ മാത്രം.”

അദ്ദേഹം തന്റെ ഗുരുവായ ത്രിതലന്റെ അടുത്തുപോയി ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ‘ഗുരോ, എങ്ങനെയാണ് ഒരുവന് ജനനമരണചക്രങ്ങള്‍ക്ക് നിദാനമായ ഈ ദുരിതങ്ങളും ജരാനരകളും മരണവും മോഹവിഭ്രാന്തിയും മറ്റും അവസാനിപ്പിക്കാന്‍ കഴിയുക?’

ത്രിതലമുനി പറഞ്ഞു: അറിയേണ്ടതറിഞ്ഞു കഴിഞ്ഞാല്‍, ഭിന്നതയെന്ന ഭാവംതന്നെ ഇല്ലാതായാല്‍, പൂര്‍ണ്ണത്വം അനുഭവമായാല്‍, സ്വയം ആത്മസമതയില്‍ ഏറെക്കാലം അഭിരമിക്കുവാന്‍ കഴിഞ്ഞാല്‍, സംശയങ്ങള്‍ ഇല്ലാതാവും. എല്ലാ ബന്ധങ്ങളും കെട്ടഴിഞ്ഞു സ്വതന്ത്രമാവും. അതോടെ ഒരുവന്റെ ദുഖദുരിതങ്ങള്‍ ഇല്ലാതെയാവും.

എന്താണ് അറിയേണ്ടതായുള്ളത്? അത് ആത്മാവാണ്. അത് നിത്യശുദ്ധം. ശുദ്ധമായ, അനന്തമായ ആത്മബോധം. അത് സര്‍വ്വവ്യാപിയും സനാതനവുമത്രേ.

ഭഗീരഥന്‍ ചോദിച്ചു: ദേഹം സത്യമല്ലെന്നും ആത്മാവ് മാത്രമേ ഉണ്മയായുള്ളു എന്നും എനിക്കറിയാം. എന്നാല്‍ എന്തുകൊണ്ടാണെനിയ്ക്ക് ഇക്കാര്യം ഉള്ളില്‍ തെളിഞ്ഞ വിളക്കുപോലെ അനുഭവമാകാത്തത്?

ത്രിതലന്‍ പറഞ്ഞു: നിന്നിലുള്ള ധിഷണാപരമായ അത്തരം അറിവ്, ഉണര്‍ച്ചയുള്ള അറിവല്ല. ഭാര്യാഗൃഹപുത്രാദികളോടു പോലുമുള്ള നിര്‍മമത, സുഖദുഖാദിദ്വന്ദങ്ങളോടുള്ള സമതാഭാവം, എകാന്തതയോടുള്ള ആഭിമുഖ്യം, ആത്മജ്ഞാനത്തിലുള്ള സുദൃഢമായ അറിവ്, ഇതൊക്കെയാണ് ശരിയായ ജ്ഞാനം. ബാക്കിയെല്ലാം വെറും അവിദ്യ. അഹങ്കാരം ഇല്ലാതെയാവുമ്പോഴേ ആത്മജ്ഞാനം ഉണരുകയുള്ളു.

ഭാഗീരഥന്‍ ചോദിച്ചു: ഭഗവന്‍, ഈ അഹം എന്നത് ദേഹത്തില്‍ ഉറച്ചുപോയതിനാല്‍ അതിനെ എങ്ങനെയാണ് വേരോടെ പിഴുതെറിയാന്‍ നമുക്കാവുക?

ത്രിതലമുനി പറഞ്ഞു: സ്വപ്രയത്നം. സുഖാസക്തികളില്‍ നിന്നും മനസ്സുറപ്പോടെയുള്ള വിരക്തി. പിന്നെ വൃഥാഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും തടവറ പൊട്ടിച്ചു പുറത്തുകടക്കാനുള്ള ആര്‍ജ്ജവം. ഇതെല്ലാം നിനക്ക് അനുഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ അഹംകാരം ഇല്ലാതെയാവും. അപ്പോള്‍ നിനക്ക് സ്വയം പരമാത്മാവാണെന്നുള്ള സാക്ഷാത്ക്കാരമാവും.