യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 416 – ഭാഗം 6 നിര്‍വാണ പ്രകരണം.

യദന്യദ്ബഹുശോ ഭൂത്വാ പുനര്‍ഭവതി ഭൂരിശഃ
അഭൂതൈവ ഭവത്യന്യഃ പുനശ്ച ന ഭവത്യലം
അന്യത്പ്രാക് സംനിവേശാഠ്യം സാദൃശ്യേന വിവല്‍ഗതി (6/77/7)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അങ്ങനെ ഭഗീരഥനെപ്പോലെ സമതാഭാവം കൈക്കൊണ്ടു ജീവിച്ചാലും. ശിഖിധ്വജനെപ്പോലെ എല്ലാം സംത്യജിച്ച് അചഞ്ചലനായി നിലകൊണ്ടാലും. ഇപ്പറഞ്ഞ ശിഖിധ്വജന്റെ കഥ ഇനി ഞാന്‍ വിവരിക്കാം. ശ്രദ്ധിക്കൂ.

ഒരിടത്ത് രണ്ടു മിഥുനങ്ങള്‍ ജീവിച്ചു മരിച്ച് വീണ്ടും മറ്റൊരു കാലത്ത് മറ്റൊരിടത്ത് പുനര്‍ജനിച്ചു. അവരുടെ ദിവ്യപ്രേമം അത്ര തീവ്രമായിരുന്നതാണ് അതിന്റെ കാരണം.

രാമന്‍ ചോദിച്ചു: ഒരിടത്ത് ഒരു കാലത്ത് ജീവിച്ചിരുന്ന ദമ്പതികള്‍ എങ്ങനെയാണ് മറ്റൊരു കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന് വീണ്ടും ദമ്പതികളായിത്തീരുക?

വസിഷ്ഠന്‍ പറഞ്ഞു: അതാണ്‌ രാമാ ലോകക്രമത്തിന്റെ സൂക്ഷ്മതലം. ‘ചിലകാര്യങ്ങള്‍ ധാരാളമായി ഉണ്ടാവും. അത് വീണ്ടും അങ്ങനെതന്നെ പ്രകടമാവുന്നു. മറ്റുചിലത് ഒരിക്കല്‍ മാത്രമുണ്ടായി വീണ്ടുമൊരിക്കലും പുനര്‍ജനിക്കാതെ എന്നെന്നേയ്ക്കുമായി വിലയിക്കുന്നു. മറ്റുചിലത് പഴയ രൂപഭാവങ്ങളോടെ തന്നെ വീണ്ടും ജനിക്കുന്നു.’ അത് സമുദ്രത്തിലെ അലകള്‍ പോലെയാണ്. സദൃശങ്ങളായവായും പരസ്പര ബന്ധമില്ലാത്തവയും അലകളായി സമുദ്രത്തില്‍ ധാരാളമുണ്ടല്ലോ.

മാല്വ രാജ്യത്ത് ശിഖിധ്വജന്‍ എന്നപേരില്‍ ഒരു രാജാവുണ്ടായിരുന്നു. രാജകീയമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ നിറഞ്ഞു വിളങ്ങി. അദ്ദേഹം ധർമ്മിഷ്ഠനും, മഹാനുഭാവനും, ധൈര്യശാലിയും വിനയാന്വിതനുമായിരുന്നു. പിതാവ് നഷ്ടപ്പെട്ടിരുന്നതിനാല്‍ ചെറുപ്പമായിരുന്നുവെങ്കിലും അദ്ദേഹം മന്ത്രിമാരുടെ സഹായത്തോടെ രാജ്യഭരണം ഭംഗിയായി നിര്‍വ്വഹിച്ചു വന്നു.

കാറ്റില്‍ വസന്തഋതുവിന്റെയും പ്രണയത്തിന്റെയും ലഹരി പടര്‍ന്നുനിന്ന ഒരു ദിവസം രാജാവ് തനിക്കുചേര്‍ന്ന ഒരിണയ്ക്കായി ആഗ്രഹിച്ചു. രാപ്പകലുകള്‍ മാരചിന്തയില്‍ അദ്ദേഹം മുഴുകിപ്പോയി. മിടുക്കന്മാരായ മന്ത്രിമാര്‍ രാജാവിന്റെ മനോഗതം മനസ്സിലാക്കി. അവര്‍ സൌരാഷ്ട്രത്തിലെ രാജാവിനെ കണ്ട് അദ്ദേഹത്തിന്‍റെ മകളെ തങ്ങളുടെ രാജാവിനായി വിവാഹമാലോചിച്ചു. താമസംവിനാ ശിഖിധ്വജന്‍ അവിടത്തെ രാജകുമാരിയായ ചൂഡാലയെ പാണിഗ്രഹണം ചെയ്തു.

ശിഖിധ്വജനും ചൂഡാലയും ഒരു ജീവനും രണ്ടു ദേഹങ്ങളും പോലെ ആയിരുന്നു. പരസ്പരാനുരാഗത്തിന്റെ തേരില്‍ അവരങ്ങനെ സന്തോഷത്തോടെ കേളിയാടി. നന്ദനോദ്യാനങ്ങളില്‍ കളിയാടാന്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നു. കൂമ്പിയ താമരയുടെ ഇതള്‍വിടര്‍ത്തുന്ന സൂര്യനെന്നപോലെ രാജാവിന്റെ സ്നേഹം ചൂഡാലയെ സന്തോഷിപ്പിച്ചു. അവര്‍ സ്നേഹം മാത്രമല്ല, തങ്ങളുടെ ജ്ഞാനവും വിവേകവും പരസ്പരം പങ്കുവച്ചു. അങ്ങനെയവര്‍ രണ്ടാളും സകലകലകളിലും പ്രവീണ്യം നേടി. രണ്ടാളും പരസ്പരം താന്താങ്ങളുടെ ഹൃദയപ്രഭ മറ്റെയാള്‍ക്ക് സ്വാഭാവികമായി പകര്‍ന്നു നല്‍കി. അവരെക്കണ്ടാല്‍ ഭഗവാന്‍ വിഷ്ണു ലക്ഷ്മീദേവിയോടോപ്പം എന്തെങ്കിലും കാര്യസാദ്ധ്യത്തിനായി ഭൂമിയില്‍ അവതരിച്ചതാണോ എന്ന് തോന്നുമായിരുന്നു. (തുടരും)