യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 417 – ഭാഗം 6 നിര്‍വാണ പ്രകരണം.
അസത്യജഡചേത്യാംശചയനാച്ചിദ്വപുര്‍ജഡം
മഹാജലഗതോ ഹ്യഗ്നിര്‍വ രൂപം സ്വമുഞ്ജതി (6/78/26)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ ശിഖിധ്വജനും ചൂഡാലയും അലസമായ ഒരു നിമിഷംപോലും ഇല്ലാതെ ഉല്ലാസത്തോടെ ഏറെക്കാലം കഴിഞ്ഞു. കാലത്തിന്റെ ഗതിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. ജാലവിദ്യക്കാരന്റെ ചെപ്പടിവിദ്യയെന്നപോലെ ജീവജാലങ്ങള്‍ ഉണ്ടായി മറയുന്നു. സുഖാസക്തി, വില്ലില്‍ നിന്നും പുറപ്പെട്ട അമ്പുപോലെ പിടിവിട്ടുപാഞ്ഞുപോവുന്നു. ദുഖങ്ങളോ, പച്ചമാംസം കടിച്ചുപറിക്കുന്നൊരു കഴുകനേപ്പോലെ മനസ്സിനെ മഥിക്കുന്നു.
‘എന്ത് നേടിയാലാണ് മനസ്സൊരിക്കലുമിനി ദുഖത്തിനടിമപ്പെടാതിരിക്കുക?’ എന്നൊരു ചിന്തയുടെ പരിണിതഫലമായി ഈ ദിവ്യദമ്പതിമാര്‍ അത്മീയതയിലേയ്ക്കും ശാസ്ത്രപഠനത്തിലേയ്ക്കും അവരുടെ ശ്രദ്ധയെ തിരിച്ചു. ആത്മജ്ഞാനം ഒന്നുകൊണ്ടു മാത്രമേ ദുഖത്തിനവസാനം ഉണ്ടാവൂ എന്നവര്‍ക്ക് ബോദ്ധ്യമായി. സര്‍വ്വാത്മനാ ആത്മജ്ഞാനലബ്ദിക്കായി അവര്‍ സ്വയം സമര്‍പ്പിച്ചു, മഹാത്മാക്കളുടെ സത്സംഗം തേടി. അവരെ സ്വീകരിച്ചു പൂജിച്ചു. പരസ്പരം ആത്മവിദ്യാപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്തും അതിനായി പ്രോത്സാഹിപ്പിച്ചും കാലം കഴിച്ചു.
ആത്മജ്ഞാനത്തെപ്പറ്റി നിരന്തരം ചിന്തിച്ചു വരവേ രാജ്ഞി ഇങ്ങനെ ആലോചിച്ചു. ‘എനിക്ക് എന്നെ കാണാം, എങ്കിലും ‘ഞാന്‍ ആര്’ എന്ന ചോദ്യം എന്നില്‍ അങ്കുരിക്കുന്നു. എങ്ങനെയാണ് അവിദ്യയും ഭ്രമവും നമ്മിലുണ്ടാവുന്നത്? ഈ ദേഹം വെറും ജഡമാണ്. അത് ആത്മാവാകാന്‍ യാതൊരു സാദ്ധ്യതയുമില്ല. മനസ്സില്‍ ചിന്തകളുടെ സഞ്ചാരമുണ്ടാവുമ്പോള്‍ മാത്രമേ ദേഹത്തെപ്പറ്റി നമുക്കറിവുണ്ടാവുന്നുള്ളു. കര്‍മ്മേന്ദ്രിയങ്ങള്‍ എന്റെ തന്നെ ദേഹത്തിന്റെ ഭാഗമായതിനാല്‍ അവയും ജഡം തന്നെ. ഇന്ദ്രിയങ്ങളും സ്വയം ജഡമാകാനേ തരമുള്ളൂ. കാരണം മനസ്സിനെ ആശ്രയിച്ചാണല്ലോ അവയ്ക്ക് പ്രവര്‍ത്തനക്ഷമതയുണ്ടാവുന്നത്. ഈ മനസ്സുപോലും ജഡമാണെന്ന് ഇപ്പോള്‍ ഞാനറിയുന്നു. മനസ്സാണ് ധാരണകളും സങ്കല്‍പ്പങ്ങളും വെച്ചുപുലര്‍ത്തുന്നത്. എന്നാല്‍ അതിനെയെല്ലാം നിര്‍ണ്ണയിച്ച് നയിക്കുന്നത് ബുദ്ധിയാണ്. ഈ ബുദ്ധിയെ നയിക്കാന്‍ അഹംകാരമുള്ളതിനാല്‍ ബുദ്ധിയും ജഡമാണ് എന്ന് പറയാം. ഇല്ലാത്ത ഭൂതത്തെ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കുട്ടിയെപ്പോലെ ഈ അഹംകാരത്തെ സങ്കല്‍പ്പിച്ചു കൊണ്ടുനടക്കുന്നത് ജീവനാണല്ലോ. അപ്പോള്‍ അഹംകാരവും ജഡം തന്നെയെന്നു വരുന്നു.
ശുദ്ധാവബോധം ജീവശക്തിയെന്ന വസ്ത്രം ധരിച്ചപോലുള്ള ഒരു പ്രതിഭാസമത്രേ ജീവന്‍. അത് ഹൃദയത്തിലാണ് നിവസിക്കുന്നത്. ‘കിട്ടിപ്പോയി! ഈ ആത്മാവ് തന്നെയാണ് അനന്തമായ ശുദ്ധാവബോധം! അതാണ് ജീവനായി നിലകൊള്ളുന്നത്. അതായത് അവബോധം സ്വയം സ്വരൂപത്തെപ്പറ്റി അറിയുന്നതാണ് ജീവന്‍.
‘ഈ വസ്തു വാസ്തവത്തില്‍ സ്വയം ചൈതന്യരഹിതമാണ്. അസത്താണ്. കാരണം ആത്മാവ് ഇതുമായി താതാത്മ്യം പ്രാപിച്ച് സ്വയം ബോധസ്വരൂപത്തെ മറന്നതുപോലെ അചേതനവസ്തുവാല്‍ മൂടപ്പെടുകയാണ്.
അതാണ് ബോധത്തിന്റെ സ്വഭാവം. അതെന്തു സങ്കല്‍പ്പിക്കുന്നുവോ അത് യാഥാതഥമാവുന്നു. അത് സത്തോ അസത്തോ ആയിക്കൊള്ളട്ടെ, സ്വരൂപത്തെ മറന്നെന്നപോലെ അതങ്ങനെ ആയിത്തീരുകയാണ്. ആത്മാവ് ശുദ്ധബോധമാണെങ്കിലും അതതു ധാരണാതലത്തിനനുസരിച്ച് അത് ചേതനവും അചേതനവുമായി നിലകൊള്ളുന്നു. ഇങ്ങനെ നിരന്തരം ധ്യാനനിമഗ്നയായിരുന്ന്‍ ചൂഡാല പ്രബുദ്ധതയെ പ്രാപിച്ചു.