വസിഷ്ഠമഹര്‍ഷി പറയുകയാണ്. ഹേ രാമചന്ദ്ര! മനസ്സാണെല്ല‍ാം. മനസ്സുകൊണ്ടു ചെയ്തതെല്ല‍ാം ചെയ്തതാണ്. മനസ്സറിയാതെ എന്തൊക്കെ നടന്നാലും അതൊന്നും ചെയ്തതായിത്തീരുന്നില്ല. ശരീരമറിയാതെ മസ്സുകൊണ്ടു ചെയ്യപ്പെടുന്ന സങ്കല്പങ്ങളെല്ല‍ാം ചെയ്യപ്പെട്ടവയായിത്തീരുകയും ചെയ്യുന്നു. എപ്പോഴും ചലിച്ചുകൊണ്ടും പലവിധ സങ്കല്പങ്ങളെ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മനസ്സടങ്ങിയാല്‍ സംസാരംതന്നെ ഇല്ലാതായി. ചുരുക്കിപ്പിറഞ്ഞാല്‍ മനസ്സിന്റെ തടുക്കാന്‍ കഴിയാത്ത ചലനമാണ് സംസാരം. മനസ്സു നിശ്ചലമായാല്‍ സംസാരം അടങ്ങി. മനസ്സിനെ അടക്കാനുള്ള വിദ്യകളില്‍ ഏറ്റവും എളുപ്പമേറിയതാണ് ഇഷ്ടവസ്തുക്കളെ ഉപേക്ഷിക്കല്‍. ഇഷ്ടവസ്തുക്കളില്‍ പിടിച്ചുതൂങ്ങിക്കൊണ്ടാണ് മനസ്സു നിലനില്ക്കുന്നത്. ഇഷ്ടവസ്തുക്കളില്‍ എപ്പോഴും ആശ വളര്‍ന്നുകൊണ്ടിരിക്കും. ആശയുള്ളേടത്തോളം കാലം മനസ്സടങ്ങലില്ല. അതാണ് ഇഷ്ടവസ്തുക്കളെ മുഴുവന്‍ ഉപേക്ഷിക്കണമെന്നു പറഞ്ഞത്. അങ്ങനെയായാല്‍ മനസ്സിന്റെ പുറമേയ്ക്കുള്ള വ്യാപ്തി ചുരുങ്ങി അകത്തൊതുങ്ങിയാല്‍ത്തന്നെ വളരെ അടക്കം കിട്ടും. പിന്നെ തത്വോപാസനംകൊണ്ടും തീവ്രവൈരാഗ്യം കൊണ്ടും മുഴുവന്‍ ലയിപ്പിക്കാന്‍ കഴിയും.

മനസ്സിനെ ജയിച്ചുകഴിഞ്ഞ ഒരാള്‍ ത്രൈലോക്യത്തെ മുഴുവന്‍തന്നെയും ജയിച്ചുവെന്നു പറയ‍ാം. എന്തുകൊണ്ടെന്നാല്‍ ത്രൈലോക്യാകാരേണ നില്ക്കുന്നതും മനസ്സല്ലാതെ മറ്റൊന്നുമല്ല. സ്വന്തം പൗരുഷംകൊണ്ടു സാധിക്കേണ്ടതും ആശാത്യാഗസ്വരൂപവുമായ ചിത്തനിഗ്രഹംകൂടാതെ ഏതുകാലത്തും ഒരാള്‍ക്കു പരഗതിയെന്നതുണ്ടാവാന്‍ പോവുന്നില്ല. അസങ്കല്പനമാകുന്ന മൂര്‍ച്ചയേറിയ വാളുകൊണ്ട് എന്നാണോ ചിത്തത്തെ നിശ്ശേഷം വെട്ടി നശിപ്പിക്കുന്നത്, അന്നു സര്‍വ്വ‍ാംഗവും, സത്താമാത്രവുമായ ബ്രഹ്മത്തെ അറിഞ്ഞുവെന്നു കരുത‍ാം. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മപ്രാപ്തിക്കു ചിത്തവിജയം മാത്രമാണുപായമായിട്ടിരിക്കുന്നത്.

അതുകൊണ്ടു ഹേ രാമ! നീ ചിത്തത്തെ ചിത്തംകൊണ്ടുതന്നെ ജയിച്ചു പരബ്രഹ്മമാകുന്ന ആത്മാവില്‍ സുസ്ഥിതിയെ പ്രാപിക്കും. ചിത്തമടങ്ങിയവര്‍ക്കു യാതൊരാധിയുമില്ല. ഏതെല്ല‍ാം വസ്തുക്കളെ നല്ലതാണെന്നു വിചാരിക്കുന്നുവോ അവയൊന്നും നല്ലതല്ലെന്നു ബോധിക്കുമ്പോള്‍ മനസ്സിലെ ആശ മുഴുവനടങ്ങും. ആശയില്ലാതായിത്തീര്‍ന്ന ചിത്തത്തെ വളരെ വേഗത്തില്‍ നശിപ്പിക്കാന്‍ സാധിക്കും, ഞാന്‍ നീ, അവന്‍, ഇവന്‍, അത് ഇത് എന്നീ ഭാവങ്ങളാണ് മനസ്സിന്റെ രൂപം. അവയൊക്കെ ഇല്ലാതായാല്‍ പിന്നെയെന്തു മനസ്സാണ്!

നിസ്സങ്കല്പാഭ്യാസംകൊണ്ടു മനസ്സടങ്ങിയ ഒരാള്‍ക്കു നിര്‍വ്വികല്പസമാധിപോലും വളരെ സുഗമമാണ്. വിഷയാകാരമായ മനസ്സാണ് ഇപ്പോഴും മനുഷ്യനെ തോല്‍പ്പിച്ചു ആപല്‍ ഗര്‍ത്തങ്ങളിലേയ്ക്കു നയിച്ചുകൊണ്ടിരിക്കുന്നത്, നിര്‍വ്വിഷാത്മകവും ബ്രഹ്മാകാരവുമായ മനസ്സുകൊണ്ടുമാത്രമേ അതിനെ ജയിക്കാന്‍ സാധിക്കൂ. അങ്ങനെ ജയിച്ചിട്ടുള്ളവര്‍ക്കാകട്ടെ യാതൊരു ദുഃഖവും പിന്നീടനുഭവിക്കേണ്ടിവരികയുമില്ല. എന്തുകൊണ്ടെന്നാല്‍ എല്ലാവിധ ദുഃഖങ്ങള്‍ക്കും ഏകഹേതു മനസ്സുമാത്രമാണ്. ബ്രഹ്മഭാവംകൊണ്ടു തുച്ഛമായ അഹങ്കാരം കേവലം ഇല്ലാതാവുമ്പോള്‍ യാതൊന്നു ശേഷിക്കുന്നുവോ, അതുതന്നെയാണ് പ്രാപ്യവും ലക്ഷ്യവുമായ ബ്രഹ്മപദം.

ചഞ്ചലമായ മനസ്സുതന്നെയാണ് അഹങ്കാരവും. അതിനാല്‍ മനസ്സടങ്ങിയാല്‍ അഹങ്കാരം ശേഷിക്കുന്നില്ല. എന്നാല്‍ മനസ്സുനശിച്ചില്ലെങ്കിലും നിശ്ചലമായാല്‍ പോരെ എന്നാണെങ്കില്‍ നിശ്ചലമായ മനസ്സെന്ന ഒരു വസ്തുവില്ല. ശീതളമായ അഗ്നിയെന്നപോലെ നിശ്ചലമായ മനസ്സുണ്ടാവാന്‍ വയ്യ. ചൂട് അഗ്നിയുടെ സ്വഭാവമാണ്. ചൂടില്ലാത്ത അഗ്നി നിലനില്‍ക്കാന്‍വയ്യ. അതുപോലെ ചലനമെന്നതു മനസ്സിന്റെയും സ്വഭാവമാണ്. ചലനമില്ലാതെ മനസ്സിനും നില്ക്കാന്‍ വയ്യ മനസ്സു നിശ്ചലമാവുകയെന്നു പറഞ്ഞാല്‍ മനസ്സുതന്നെ ഇല്ലാതവുകയെന്നര്‍ത്ഥമാണ്. ചഞ്ചലമായ മനസ്സുതന്നെയാണ് ഈ ജഗത്തെല്ലാമായിട്ടിരിക്കുന്നത്. അതുകൊണ്ടു മനസ്സടങ്ങിയാല്‍ ജഗത്തൊക്കെത്തന്നെയും ഇല്ലാതായെന്നു പറയ‍ാം.

ഇഷ്ടവസ്തു പരിത്യാഗംകൊണ്ടും ആശാത്യാഗംകൊണ്ടും നിശ്ചലമായിത്തീര്‍ന്ന മനസ്സു വളരെ ദിവ്യമായ ആനന്ദസ്വരൂപമായി മാറുന്നു. പക്ഷേ ചിത്തമടങ്ങുമ്പോള്‍മാത്രമേ ആ അവസ്ഥ കൈവരൂ. ഒരു രാജാവിനെ മറ്റൊരു രാജാവിനല്ലാതെ ജയിക്കാന്‍ സാധിക്കാത്തതുപോലെ ചിത്തത്തെ ചിത്തത്തിന്നുമാത്രമേ ജയിക്കാന്‍ സാധിക്കു. മറ്റൊന്നും തന്നെ ചിത്തവിജയത്തിന്നുള്ള ഉപകരണങ്ങളല്ലെന്നു പറയണം.

ശക്തിയാകുംവണ്ണം ബന്ധിച്ച കയറാകുന്ന മനസ്സിനെ ഛേദിച്ചുവേണം ജീവനെ ഈ സംസാരഗര്‍ത്തത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍. അതിനു മറ്റാരുടെ പ്രയത്നവും ഉപകരിക്കയുമില്ല. താന്‍തന്നെ പ്രയത്നിക്കണം. മനസ്സില്‍ അപ്പപ്പോള്‍ പൊന്തിക്കൊണ്ടിരിക്കുന്ന വാസനകളെ മുഴുവന്‍ നശിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ മനസ്സെങ്ങിനെ നിലനില്ക്കും? അതിനാല്‍ ആദ്യത്തില്‍ ഭോഗഭാവനയേയും ഭേദഭാവനയേയും പിന്നീടു ഭാവഭാവങ്ങളേയും ത്യജിക്കുമ്പോള്‍ മനസ്സുമിക്കവാറും മൃതമായിക്കഴിഞ്ഞു എന്നു പറയണം. മനസ്സുമൃതമായാല്‍ വികല്പങ്ങളടങ്ങി നിര്‍വ്വികല്പമായി സ്ഫുരിക്കാന്‍ ഒട്ടും താമസമില്ല. അതുപോലെ മനസ്സു വളര്‍ന്നു വികസിച്ചു സങ്കല്പങ്ങള്‍ പൊന്തല്‍ തുടങ്ങിയാല്‍ സംസാരം വളരാനും ഒട്ടും തന്നെ താമസമില്ല. സങ്കല്‍പംമാത്രം കൊണ്ട് ലവണരാജാവ് ചണ്ഡാളനായിത്തീര്‍ന്ന വാര്‍ത്ത കേട്ടില്ലേ? മനസ്സിന്റെ സങ്കല്പപ്രഭാവത്തില്‍ എന്താണ് ഉണ്ടാവത്തതായിട്ടിരിക്കുന്നത്! ഘടിക്കാത്തതെല്ല‍ാം ഘടിപ്പിക്കാന്‍ വളരെ സാമര്‍ത്ഥ്യമുള്ള മായാശക്തിയാണ് മനസ്സ്. പിന്നെ അതിന്റെ വികാസത്തില്‍ എന്തൊക്കംയാണ് സംഭവിച്ചുകൂടാത്തത്?

എന്നിങ്ങനെ വസിഷ്ഠമഹര്‍ഷി പറഞ്ഞ സമയത്തു ലവണരാജാവിനങ്ങനെയുള്ള അനുഭവങ്ങള്‍ സംഭവിക്കാനെന്താണ് കാരണമെന്നു ചോദിച്ച ജിജ്ഞാസുവായ രാമചന്ദ്രനോടു പറകയാണ്. മനസ്സുകൊണ്ടൊരു രാജസൂയം ചെയ്ത ലവണന്‍. അതിന്റെ ഫലമനുഭവിച്ചു അദ്ദേഹത്തിന്റെ ചിത്തം. അതാണ് ഇന്ദ്രജാലക്കാരന്റെ വിദ്യയില്‍ക്കൂടെ വന്നു ചേര്‍ന്ന അനുഭവങ്ങള്‍. മനസ്സുകൊണ്ടു ചെയ്യുന്നതേതും ചെയ്യപ്പെട്ടതായിത്തീരുമെന്നു അതിന്റെ ഫലമനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞുവല്ലോ, എല്ലാ യജ്ഞങ്ങളുടേയും പരമഫലം ജ്ഞാനമാണ്. അപ്പോള്‍ വളരെ ശ്രേഷ്ഠമായ രാജസൂയയജ്ഞത്തിന്റേയും ഫലം ജ്ഞാനപ്രാപ്തിയാണെന്നു പറയേണ്ടതില്ലല്ലോ. ജ്ഞാനമുണ്ടാവണമെങ്കില്‍ അജ്ഞാനത്തിന്റെ സ്വഭാവം അറിയണമെന്നും പറയേണ്ടതില്ലല്ലോ. അതിനെ അറിയിച്ചുകൊടുത്തതാണ് ലവണരാജാവിന്.

എന്നാല്‍ സാധാരണ വ്യവഹാരം രാജസൂയം ചെയ്തവന്‍ പന്ത്രണ്ടു കൊല്ലക്കാലം ദുരന്തങ്ങളായ ദുഃഖങ്ങളനുഭവിക്കേണ്ടി വരുമെന്നാണ്. ദുഃഖങ്ങളനുഭവിക്കാതെ എങ്ങഇനെ വാസനകള്‍ ക്ഷയിച്ചു ചിത്തശുദ്ധിവന്നു ജ്ഞാനപ്രാപ്തിയുണ്ടാവും? അതിനാല്‍ പ്രസ്തുത രാജസൂയയജ്ഞഫലം കൊടുക്കാന്‍വേണ്ടി ഇന്ദ്രന്‍ ദേവലോകത്തുനിന്നൊരു ദൂതനെ അയച്ചു. അവനാണ് ഇന്ദ്രജാലക്കാരനായി രാജസഭയില്‍ വന്നത്. ഇതില്‍ നിന്ന് അറിയേണ്ടിയിരിക്കുന്നതും മനസ്സിന്റെ ശക്തിയാണ്. മനസ്സ് എന്തു ചെയ്താലും അവയൊക്കെ ചെയ്തതായിത്തീരുകയും അതു ജീവനെ ബന്ധിക്കുകയും ചെയ്യുന്നു. അങ്ങനെ സംസാരാകാരമായ മനസ്സിന്റെ അജ്ഞാനപ്രവാഹത്തിന് ഏഴു വിഭാഗങ്ങളുണ്ട്. അവയെയാണ് അജ്ഞാനഭൂമികളെന്നു പറയുന്നത്. അതു പോലെ സംസാരത്തെ വിട്ട് ആത്മസ്വരൂപത്തിലേയ്ക്കു മടങ്ങുന്ന മനസ്സിന്റെ ജ്ഞാനപ്രവാഹത്തിനും ഏഴു ഘടകങ്ങളുണ്ട്. അവയെയാണ് ജ്ഞാനഭൂമികളെന്നും പറയുന്നത്. അനന്തങ്ങളായ ഫലങ്ങളോടുകൂടിയവയാണ് പറയപ്പെട്ട രണ്ടുവിധ ഭൂമികളും. സ്വരൂപസ്ഥിതിയാണ് മോക്ഷം. എന്നാല്‍ അതിനെ തടയുന്നതാകട്ടെ അഹങ്കാരവുമാണ്. അതിനാല്‍ അഹങ്കാരംതന്നെ ബന്ധസ്വരൂപം. മനസ്സായും എല്ലാമായും നില്ക്കുന്നതും അഹങ്കാരംതന്നെ.

കേവലവും സത്താമാത്രവുമായ സംവിദ്രൂപത്തില്‍ നിന്ന് ആരുടെ ചിത്തം അല്പംപോലും മാറുന്നില്ലയോ, അങ്ങനെയുള്ളവന് രാഗദ്വേഷാദി അജ്ഞാനവൃത്തികളുണ്ടാവുന്നില്ല. സംവിത്സ്വരൂപത്തില്‍ നിന്ന് എപ്പോള്‍ ചിത്തം തെറ്റുന്നുവോ, അപ്പോഴാണ് ദൃശ്യ ഭ്രമത്തില്‍ മുഴുകുന്നത്. വാസ്തവത്തില്‍ ദൃശ്യഭ്രാന്തികളൊക്കെയും താല്കാലികങ്ങളാണ്. മുമ്പുണ്ടായിരുന്നതോ, പിന്നീടുണ്ടാകാവുന്നതോ അല്ല അപ്പഴപ്പോഴുണ്ടാവുകയും അപ്പഴപ്പോള്‍തന്നെ ലയിക്കുകയും ചെയ്യുന്നവയാണ്. മനസ്സില്‍ അനവരതം പൊന്തിക്കൊണ്ടിരിക്കുന്ന വിഷയദൃശ്യങ്ങള്‍ക്കു തമ്മില്‍ യാതൊരു സംബന്ധവുമില്ല. പറമ്പില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ എപ്രകാരം അന്യോന്യംസംബന്ധമില്ലാതിരിക്കുന്നുവോ, അതുപോലെയാണ് മനസ്സിലെ ദൃശ്യങ്ങളും. യാതൊരു സംബന്ധവും അന്യോന്യമില്ല. വെള്ളത്തില്‍ കുമിളകളെന്നപോലെ അനുനിമിഷം മനസ്സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നാമരൂപങ്ങളുടെ പൊന്തലിനേയും താഴലിനെയും തന്നെയാണ് വിചാരങ്ങളെന്നു പറയുന്നത്. അവയോരോന്നും വേറെവേറെയാണ്. ഒരു വിചാരം അവസാനിച്ചതിനു ശേഷമാണ് മറ്റൊരുവിചാരം ആരംഭിക്കുന്നത്. അതിനിടയില്‍ അതിസൂക്ഷമമായ സമയമുണ്ട്. പ്രസ്തുത സമയം എത്രതന്നെ സൂക്ഷമമായാല്‍ക്കൂടിയും ആ സമയം വസ്തുസ്വരൂപത്തിന്റെ സ്ഫുരണം മാത്രമാണുള്ളത്. അതിനെ സൂക്ഷമമായി വീക്ഷിച്ചുപാസിച്ചാല്‍ത്തന്നെ ഒരാള്‍ക്കു വസ്തുസ്വരൂപാനുഭൂതിയുണ്ടാവും. സങ്കല്പം, നിദ്ര, ജാഡ്യം എന്നീ മൂന്നു ധര്‍മ്മങ്ങളുമില്ലാത്ത കേവലസ്ഥിതിതന്നെ വസ്തുസ്വരൂപമെന്ന് അറിവുള്ളവര്‍ പറയുന്നു. മനസ്സു നിശ്ചലവും ചൈതന്യമയവും അഹങ്കാരസ്ഫുരണവും ഭേദഭാവവുമില്ലാതെയുമായിത്തീരുന്നതും വസ്തുസ്ഥിതി തന്നെ. അജ്ഞാതജാതങ്ങളായ സപ്തമോഹങ്ങള്‍ നീങ്ങുമ്പോള്‍ പ്രസ്തുത അവസ്ഥ കൈവരികയും ചെയ്യും.

അജ്ഞാനകൃതമോഹങ്ങള്‍ ആകെ ഏഴാണ്. അവയേഴും നീങ്ങുമ്പോള്‍ സ്വരൂപപ്രകാശം സ്വാഭാവികമായുണ്ടാവും. അവയില്‍മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കയാണ് പ്രായേണ മിക്ക ജീവന്മാരും. ബീജജാഗ്രം, ജാഗ്രം, മഹാജാഗ്രം, ജാഗുല്‍സ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രം, സുഷുപ്തി, ഇവയാണു പറയപ്പെട്ട ഏഴു മഹാമോഹങ്ങള്‍. ഇവയോരോന്നും, പിന്നെ അനേകം അവാന്തരവിഭാഗങ്ങളോടുകൂടി, അനവധിയായി ഭവിക്കുകയും ചെയ്യും.

അത്യന്തസൂക്ഷ്മവും ജീവത്വഹേതുവുമായ ചൈതന്യംതന്നെ ബീജജാഗ്രത്ത്. ചിത്തില്‍ നിന്നു വേര്‍തിരിഞ്ഞും എന്നാല്‍ നിര്‍മ്മലവും, ഇന്നതെന്നു പേരുകൊണ്ടു പറയാന്‍ വയ്യാത്തതായും ജീവന്‍, ചിത്തം തുടങ്ങിയ തത്വങ്ങള്‍ക്കു ഹേതുവായുമുള്ള പ്രസ്തുത ചൈതന്യം തന്നെ ബീജജാഗ്രത്ത്. ജീവത്വത്തിന്റെ ആരംഭദശയും ഈ ചൈതന്യം തന്നെ. ഒരു കാലത്തുമുണ്ടായിരുന്നില്ലാത്ത ജീവത്വം വികസിക്കുന്നതോടെ ഞാന്‍, എന്റെ, ഇത്, അത് എന്നീ ഭാവങ്ങളുണ്ടാവാന്‍ തുടങ്ങുകയായി. അതുതന്നെയാണു ജാഗ്രത്ത്. പ്രസ്തുതഭാവങ്ങള്‍ക്കു ക്രമേണ ദൃഢത വന്നു ജന്മാന്തരസംസ്ക്കാരംകൂടിച്ചേര്‍ന്നു് അത്യന്തസുദൃഢമായിത്തീരുമ്പോള്‍ അതിനെ മഹാജാഗ്രത്തെന്നു പറയുന്നു. അറിഞ്ഞതോ അറിയാത്തതോ ആയ കാര്യങ്ങളെ തന്മയതോടുകൂടി ജാഗ്രതവസ്ഥയില്‍ നടത്തുന്ന മനോരാജ്യംതന്നെ ജാഗ്രല്‍സ്വപ്നം. ജാഗ്രല്‍ സംസ്കാരം ഹേതുവായി ഉറക്കത്തില്‍ എന്തൊക്കെയോ കാര്യങ്ങളെ കാണുകയും അനുഭവിക്കുകയും ചെയ്ത് ഉണര്‍ന്നശേഷം ഇന്നെന്തൊക്കെ സ്വപ്നം കണ്ടു എന്നിങ്ങനെ വീണ്ടും അവയെ ഓര്‍മ്മപ്പിക്കുന്നതു സ്വപ്നം. അറിയാവുന്നതാണെങ്കിലും വളരെക്കാലത്തെ അപരിചയം ഹേതുവായി ഒരു വസ്തുവിനെ കണ്ടയുടനെ എന്താണെന്നറിയാതെ വളരെ നേരം ജാഗ്രത്തെന്നോ സ്വപ്നമെന്നോ പറയാന്‍ വയ്യാത്ത നിലയില്‍ ആലോചനാമഗ്നമായിക്കൊണ്ടിരിക്കുന്ന സമ്പ്രദായത്തിനു ജാഗ്രല്‍ സ്വപ്നമെന്നു പറയും. പറയപ്പെട്ട ആറവസ്ഥ ഇല്ലാത്തതായത്തീരുമ്പോള്‍ ജീവന് അന്ധകാരസ്വരൂപവും ജഡാത്മികയുമായ യാതൊരവസ്ഥ ശേഷിക്കുന്നുവോ, അതുതന്നെ സുഷുപ്തി. ഈ സുഷുപ്തിയില്‍ ജഗത്തു മുഴുവന്‍ അന്ധകാരത്തില്‍ ലയിക്കും. ഇങ്ങനെ ഏഴാണ് അജ്ഞാനാവസ്ഥകള്‍ അല്ലെങ്കില്‍ മഹാമോഹങ്ങള്‍. എന്നിരുന്നാലും അല്പാല്പവ്യത്യാസങ്ങളോടുകൂടി ഇവതന്നെ അനേകങ്ങളായും പരിണമിക്കുന്നു. പ്രസ്തുത മോഹാവസ്ഥകളില്‍ത്തന്നെ മുഴുകി ജനിച്ചും മരിച്ചും കഴിയുന്നു ജീവന്മാര്‍.

അ‍ജ്ഞാനത്തിന് ഏഴ് അവസ്ഥാവ്യത്യാസങ്ങളെ പറഞ്ഞപോലെ ജ്ഞാനത്തിന്നും ഏഴവസ്ഥാവിശേഷങ്ങളുണ്ട്. അവയെ ജ്ഞാനഭൂമികളെന്നു പറഞ്ഞുവരുന്നു. അവയേയും വേര്‍തിരിച്ചു പറയ‍ാം. ജ്ഞാനഭൂമികളെ ശരിയായിട്ടറിയുന്നതുതന്നെ അജ്ഞാനനാശത്തിന്നും ജ്ഞാനപ്രകാശനത്തിന്നും ഹേതുവാണ്. ജ്ഞാനപ്രകാശത്തിന്റെ ഫലമാകട്ടെ കൈവല്യമാണെന്നു പറയേണ്ടതില്ലല്ലോ. ശുഭച്ഛേ, സുവിചാരണ, തനുമാനസി, സത്വാപത്തി, അസംസക്തി, പദാര്‍ത്ഥാഭാവിനി, തുരീയം ഇവയാണ് ഏഴു ജ്ഞാനഭൂമികള്‍. ഇവയുടെ ലക്ഷണങ്ങളേയും പറയ‍ാം.

ഞാന്‍ മൂഢനാണ്; അറിയേണ്ടതായ ആത്മതത്വത്തെ ഇതുവരേയും അറിയാന്‍ കഴിഞ്ഞില്ല. ശാസ്ത്രവിചാരവും സല്‍സംഗവും ചെയ്ത അറിയേണ്ടതിനെ അറിയുകതന്നെ വേണം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യ‍ാം എന്ന ശ്രദ്ധ വളരുന്നതുതന്നെ ശുഭേച്ഛയെന്ന ഒന്നാമത്തെ ജ്ഞാനഭൂമി. ഇതില്‍ക്കൂടെ വേണം മറ്റു സ്ഥാനങ്ങളിലേയൊക്കെ കയറിപ്പോവാന്‍ അതിനാല്‍ ജിജ്ഞാസുവായ ഏതൊരാളും ആദ്യ ഈ ഭൂമിയിലാണെത്തിച്ചേരേണ്ടത്, പ്രസ്തുത ശുഭേച്ഛ വളര്‍ന്നു ത്യാഗവൈരാഗ്യങ്ങളോടുകൂടി ശാസ്ത്രവിചാരവും സല്‍സംഗവും ചെയ്തുകൊണ്ടു സദാചാരനിഷ്ഠനായിക്കഴിഞ്ഞുകൂടുന്നതും സുവിചാരണയെന്ന രണ്ടാമത്തെ ഭൂമി. പറയപ്പെട്ട ശുഭേച്ഛയും സുവിചാരണയും വളര്‍ന്നു വൈരാഗ്യത്തിന് ശക്തികൂടി ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളെവിട്ട് തന്നില്‍ അടങ്ങിനിലനില്ക്കാന്‍ തുടങ്ങുന്നതുതന്നെ തനുമാനസിയെന്നു മൂന്നാമത്തെ ജ്ഞാനഭൂമി പ്രസ്തുത മൂന്നു ഭൂമികളുടെ അഭ്യാസം കൊണ്ട് ഇന്ദ്രിയമനസ്സുകളടങ്ങി തീവ്രവൈരാഗ്യം വികസിക്കുമ്പോള്‍ ചിത്തത്തിലെ രജസ്തമസ്സുകള്‍ ചുരുങ്ങി സത്വഗുണവും വീര്യവും വര്‍ധിക്കും. ആ അവസ്ഥയാണ് സത്വാപത്തിയെന്ന നാലാമത്തെ ഭൂമി. ഈ ഭൂമികയുടെ അഭ്യാസം വളര്‍ന്നു ദൃഢതയെ പ്രാപിക്കുമ്പോള്‍ ശുദ്ധസത്വാത്മസ്ഥിതിയുണ്ടാവും. സത്വാത്മസ്ഥിതികൊണ്ടു ക്രമേണബ്രഹ്മാനന്ദനിര്‍വൃതിയെ അനുഭവിക്കാന്‍ തുടങ്ങും. ബ്രഹ്മനിര്‍വൃതി കൊണ്ട് ആനന്ദമത്തനായി മറ്റൊന്നിലും അല്പംപോലും ഇച്ഛയോ പ്രവൃത്തിയോ ഇല്ലാതെ ആത്മാരാമനായിരുന്നുകൊണ്ടുള്ള സ്ഥിതിയാണ് അസംസക്തിയെന്ന അഞ്ചാമത്തെ ഭൂമിക. പറയപ്പെട്ട അഞ്ചു ഭുമികളുടെ അഭ്യാസംകൊണ്ടു ബ്രഹ്മാനന്ദ നിര്‍വൃതിയില്‍ത്തന്നെ എപ്പോഴും മുഴുകി ആനന്ദമത്തനും ആത്മരാമനുമായി അകത്തും പുറത്തുമുള്ള ഒന്നിനേയും അറിയാതെ ആരെങ്കിലും ഉണര്‍ത്തിയാല്‍മാത്രം ഉണര്‍ന്നു പ്രപഞ്ചത്തെ അറിയുന്ന സ്ഥിതിയിലുള്ള അവസ്ഥയാണ് ആറാമത്തേതായ പദാര്‍ത്ഥാഭാവിനിയെന്ന ഭൂമി. ഈ ആറു ഭൂമികകളുടെ അഭ്യാസം കൊണ്ടു ഭേദഭാവം മുഴുവന്‍ നശിച്ചു സ്വസ്വരൂപത്തില്‍ത്തന്നെ ദൃഢമായ സ്ഥിതിയുണ്ടാവുന്നതു തുരീയമെന്ന ഏഴാമത്തെ ഭൂമിക.

ജീവന്മുക്തന്മാരായ ശ്രീശുകന്‍ തുടങ്ങിയവരോ, അതുപോലുള്ള മറ്റു മഹാത്മാക്കളോ മാത്രമേ പറയപ്പെട്ട ഏഴാമത്തെ ഭൂമിയായ തുരീയത്തിലെത്തിച്ചേര്‍ന്നു സ്ഥിരമായിരിക്കലുള്ളു. ഏതുകാലത്തും വളരെ ചുരുക്കമാണ് ആ നിലയിലെത്തുന്നവര്‍. പ്രസ്തുത തുരീയാവസ്ഥയെ അതിക്രമിച്ച സ്ഥിതിയെ തുര്യാതീതമെന്നു പറയും. അതിനെത്തന്നെയാണ് വിദേഹമുക്തിയെന്നും പറയുന്നത്. പറയപ്പെട്ട ഈ ജ്ഞാനഭൂമികളെ ഏഴിനെയും ശരിയായി അറിയുന്ന ഒരാള്‍ ആരായലും കാലം കൊണ്ടു മുക്തനായിത്തീരും. നല്ല ബുദ്ധിമാന്മാര്‍ക്കുമാത്രമേ അവയെ ശരിക്കറിയാനും കഴിയൂ. അവയെ ശരിയായറിഞ്ഞ് അവയില്‍ക്കൂടെത്തന്നെ ജീവിച്ചുകൊണ്ട‌് ക്രമേണ പരമപദത്തിലെത്തുന്നവരാണ് മഹാപുരുഷന്മാര്‍. ഹേ രാമ! അങ്ങനെയുള്ള മഹാത്മാക്കളാണ് ഭൂമിയില്‍ അഭിവന്ദ്യന്മാരായിട്ടിരിക്കുന്നത്. ചക്രവര്‍ത്തി പദംപോലും അവരെ അപേക്ഷിച്ച് എത്രയോ തുച്ഛമാണ്.

ഹേ, രാമചന്ദ്ര! മനസ്സടങ്ങലാണ് സംസാരഭ്രാന്തി നശിക്കാനുള്ള ഏകമാര്‍ഗ്ഗം. മനസ്സിനെ അടക്കാന്‍ ഏറ്റവും പറ്റിയ അഭ്യാസം യോഗമാണെന്നും പറയാറുണ്ട്. പക്ഷെ, ഈ ജ്ഞാനഭൂമികളെ അറിയാത്ത ഒരാള്‍ക്കു മനസ്സിനെ അടക്കാന്‍ വിഷമംന്നെയാണ്. ഇവയെ ശരിക്കറിഞ്ഞ ഒരാള്‍ക്കുവേറെ പറയത്തക്ക അഭ്യാസമൊന്നുമില്ലെങ്കില്‍ക്കൂടി കാലം കൊണ്ടു മനസ്സടങ്ങും. അതിനാല്‍ ഈ ജ്ഞാനഭൂമികളില്‍ക്കൂടെയല്ലാതെ ബ്രഹ്മപദത്തിലേയ്ക്കു പോവാന്‍ വയ്യെന്നുപോലും പറയണം. ജ്ഞാനഭൂമികളില്‍ക്കൂടെ മോലോട്ടു കയറാതിരിക്കും കാലത്തോളം അജ്ഞാനമോഹങ്ങളില്‍ നിന്നു വിട്ടുമാറാന്‍ സാദ്ധ്യമല്ലെന്നുതന്നെ പറയണം. അതാണ് ലവണരാജാവിനു പറ്റിയത്. അദ്ദേഹത്തിന്റെ അനുഭവകഥയുടെ ബാക്കി ഭാഗം കൂടിപ്പറയ‍ാം.

ഇന്ദ്രജാലക്കാരന്റെ വിദ്യകൊണ്ടു മോഹവിഭ്രാന്തിയെ അനുഭവിച്ചതിന്റെ പിറ്റേദിവസം ലവണമഹാരജാവു താന്‍ ചുറ്റിത്തിരിഞ്ഞ് അലഞ്ഞുവെന്നു തോന്നിയ വിന്ധ്യകാനനത്തെ ഒന്നു നേരില്‍ കാണാന്‍ പറ്റുമോ എന്നു പരീക്ഷിക്കാന്‍ തീര്‍ച്ചപ്പെടുത്തി. ഏതാനും അനുയായികളോടും ചില മന്ത്രിമാരോടുകൂടി അദ്ദേഹം വിന്ധ്യപര്‍വ്വതത്തിന്റെ സാനുപ്രദേശത്തേയ്ക്കു പുറപ്പെട്ടു. പര്‍വ്വതപ്രാന്തത്തിലെത്തി നിബിഡവും ഭയങ്കരവുമായ കാട്ടില്‍ക്കൂടെ കൂറെ ദൂരം ചുറ്റിത്തിരിഞ്ഞുനടന്നു. അങ്ങനെ കുറച്ചു ദൂരം നടന്നപ്പോള്‍ തനിക്കു പരിചിതങ്ങളായ പ്രദേശങ്ങള്‍ കാണാന്‍ തുടങ്ങി. അവിടേയ്ക്കു കടന്ന് ഓരോന്നും സൂക്ഷ്മമായി പരിശോധിക്കാന്‍ തുടങ്ങി. രാജാവു വിസ്മയാകുലനായി.

ആ പ്രദേശങ്ങളും അവിടെയുള്ള വസ്തുക്കളുമെല്ല‍ാം തനിക്കു ധാരാളം പരിചിതങ്ങളായിട്ടാണദ്ദേഹം കണ്ടത്. മാത്രമല്ല, കാട്ടാളന്മാരെ പലരേയും കണ്ടു അവരെയും ധാരാളം പരിചയമുള്ളതായി തോന്നി. അവരുടെയൊക്കെ പേരുപോലും രാജാവിന്നു ദൃഢമായ ഓര്‍മ്മയുണ്ട്. അന്വേഷണം കൊണ്ട് അതിലൊന്നും യാതൊരു പിഴയുമില്ലെന്നും ബോധ്യമായി. എല്ലാവരും വളരെയധികം ആശ്ചര്യപ്പെട്ടു. അവസാനം ആ കാട്ടിന്റെ ഒരു മൂലയിലുള്ള കാട്ടാള ഗ്രാമത്തിലേയ്ക്കു പോയി. അവിടെയാണല്ലോ കുറെ കാലം താമസിച്ചതായി തോന്നിയത്. വാര്‍ദ്ധക്യത്തിലെത്തിയ കാട്ടാളന്മാരും കാട്ടാള സ്ത്രീകളേയും അവിടെ ധാരാളം കണ്ടു. എല്ലാവരും പ്രായേണ വ്യസനാക്രാന്തന്മാരാണ്. അവരെയൊക്കെ രാജാവിന് ധാരാളം പരിചയവും ഓര്‍മ്മയും തോന്നി. മാത്രമല്ല, ഓരോരുത്തരുടെയും കുടുംബസ്ഥിതിയെപ്പോലും രാജാവോര്‍മ്മിച്ചു. പലരും വ്യസനം കൊണ്ടു കരയുന്നതായും കണ്ടു. കൂട്ടത്തില്‍ വളരെ വയസ്സായ ഒരു കാട്ടാളസ്ത്രീ കഠിനമായ വ്യസനമടക്കാന്‍ കഴിയാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടു ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി.

“അയ്യോ! എന്റെ പൊന്നു കുട്ടികളേ, എന്റെ മടിയില്‍ നിന്നിറങ്ങാന്‍ വയ്യാത്ത നിങ്ങളെവിടെപ്പോയി? നിങ്ങളെ കാണാതെ ഞാനെങ്ങനെ ജീവിക്കും? കുന്നിമാലകളണിഞ്ഞ സുന്ദരിയായ എന്റെ മകളേ, നിന്നെയും നിന്റെ ഭര്‍ത്താവായ മഹാരാജാവിനെയും ഇനി ഞാനെന്നു കാണും?” എന്നൊക്കെയാണ് ആ തള്ള പിറുപിറുത്തു കരയുന്നതെന്നു മനസ്സിലായി രാജാവിനും ആ സ്ത്രീയേയും നല്ലവണ്ണം മനസ്സിലായി. എങ്കിലും മന്ത്രിമാരോടുകൂടി അവളുടെ മുന്നില്‍ ചെന്നു നിന്ന് അവളെന്തിനാണിങ്ങെ കരയുന്നതെന്നും എന്താണവളുടെ ദുഃഖത്തിന് ഹേതുവെന്നുമന്വോഷിച്ചു.

അപ്പോള്‍ ആ കാട്ടാള വൃദ്ധ പറകയാണ്: “പുല്‍ക്കസപോഷമെന്നാണീ ഗ്രാമത്തിനു പേര്. ഇവിടെ വളരെക്കാലമായി ഞാന്‍ എന്റെ ഭര്‍ത്താവോടുകൂടി സുഖമായി താമസിച്ചുവരികയാണ്. ഞങ്ങള്‍ക്കൊരു മകളുണ്ടായി. ഞങ്ങളുടെ ഭാഗ്യംകൊണ്ടു വളരെ യോഗ്യനായ ഒരു മഹാരാജാവ് അവള്‍ക്കു ഭര്‍ത്താവായിത്തീര്‍ന്നു. കാലം കൊണ്ട് ആ രാജപത്നി ഒരു പെണ്‍കുട്ടിയെയും രണ്ടാണ്‍കുട്ടികളേയും പ്രസവിച്ചു. കാലം പിന്നെയും നീങ്ങിക്കൊണ്ടിരിക്കേ മഴ പെയ്യാത്തതുകൊണ്ടു വലിയ ക്ഷാമം ബാധിച്ചു തിന്നാനും കുടിക്കാനുമൊന്നുമില്ലാതായപ്പോള്‍ ജനങ്ങളൊക്കെ ഈ ഗ്രാമത്തെ വിട്ട് എവിടേയ്ക്കോ പോയി. അക്കൂട്ടത്തില്‍ അവരും പോയി. അവരുടെ വിരഹദുഃഖം സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് കരയുന്നത്” എന്ന്.

ഇങ്ങനെ ആ വൃദ്ധ പറഞ്ഞു കേട്ടപ്പോള്‍ താന്‍ തലേദിവസം ഭ്രമസ്വരൂപേണ സ്വപ്നമായനുഭവിച്ച വര്‍ത്തമാനമാണ് കേട്ടതെന്നറിഞ്ഞ മഹാരാജാവ് ആശ്ചര്യം കൊണ്ടു സ്തബ്ധനായി. മന്ത്രിമാരും അത്ഭുതപരതന്ത്രരായി. പിന്നെ അവിടെക്കണ്ട കാട്ടാളര്‍ക്കൊക്കെ അഭീഷ്ടവസ്തുക്കളെ ദാനം ചെയ്തു മടങ്ങിപ്പോരികയും ചെയ്തു. ഇതുകൊണ്ട് അവിദ്യാസ്വരൂപത്തെ വേണ്ടപോലെ അറിഞ്ഞവനായിത്തീര്‍ന്നു ലവണരാജാവ്. അവിദ്യാസ്വരൂപത്തെ അറിഞ്ഞാല്‍ ജ്ഞാനസമ്പാദനം വളരെ എളുപ്പമാണ്. അതിനാല്‍ കാലംകൊണ്ടദ്ദേഹം ജ്ഞാനിയും ജീവന്മുക്തനുമായിത്തീരുകയും ചെയ്തു.

ലവണമഹാരാജാവിന്റെ ചരിത്രത്തെപ്പറ്റി ഇത്രയും കേട്ട ശ്രീരാമന്‍ സ്വപ്നമെങ്ങിനെയാണ് സത്യമായിത്തീര്‍ന്നതെന്നു ചോദിച്ചു. ലവണരാജാവു സ്വപ്നാകാരേണ ചിത്തത്തില്‍ വീക്ഷിച്ച സംഗതികളെയാണല്ലോ പരമാര്‍ത്ഥമായി ബാഹ്യപ്രപഞ്ചത്തില്‍ കണ്ടത്. അതെങ്ങിനെയാണെന്നാണ് സംശയം. അപ്പോള്‍ വസിഷ്ഠമഹര്‍ഷി പറകയാണ്. ഹേ, രാമ! എല്ല‍ാം അവിദ്യയാണ്. അവിദ്യയിലാണ് എല്ലാവരും ജീവിച്ചുകൊണ്ടിരിക്കുന്നത്. ചിത്തവും ബാഹ്യപ്രപഞ്ചവും ഒരു പോലെ അസത്യമാണ് സ്വപ്നവും ജാഗ്രത്തും ഒരുപോലെ അസത്യമാണ്. ചിത്തത്തില്‍ കണ്ടതിനെ അസത്യമെന്നും ബാഹ്യപ്രപഞ്ചത്തില്‍ കണ്ടതിനെ സത്യമെന്നും ധരിക്കുന്നു. അതുപോലെ സ്വപ്നാനുഭങ്ങളെ അസത്യമെന്നും ജാഗ്രദനുഭവങ്ങളെ സത്യമെന്നും ധരിക്കുന്നു. അതും അവിദ്യാവിലാസം തന്നെ.

ചിത്തദൃഷ്ടപദാര്‍ത്ഥങ്ങളും അസത്യങ്ങളും മൂന്നു കാലത്തുമില്ലാത്തവയും തന്നെ. അങ്ങനെതന്നെ സ്വപ്നജാഗ്രത്തുകള്‍ക്കും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ലവണന്‍ ചിത്തത്തില്‍ വീക്ഷിച്ച സംഗതികള്‍ എപ്രകാരം അസത്യമാണോ, അതുപോലെ ബാഹ്യപ്രപഞ്ചത്തില്‍ വീക്ഷിച്ചവയും അസത്യങ്ങള്‍തന്നെ. ഈ കാര്യം മേലില്‍ പറയാന്‍ പോകുന്ന ഗാധിവൃത്താന്തമകുന്ന ചരിത്രത്തില്‍ നിന്നു കൂടുതല്‍ വ്യക്തമാവുകയും ചെയ്യും. ഏതൊരരവിദ്യയാണോ സ്വപ്നാവസ്ഥയായിട്ടിരിക്കുന്നത്. അതേ അവിദ്യതന്നെയാണ് ജാഗ്രത്തായുമായിട്ടിരിക്കുന്നതെന്നു ധരിച്ചാല്‍ മതി. അതുപോലെ ഏതൊരുവിദ്യയാണോ ചിത്തമായിട്ടിരിക്കുന്നത്. ആ സ്ഥിതിക്ക് ഏതിനെ സത്യമെന്നും ഏതിനെ അസത്യമെന്നുംപറയണം? എല്ല‍ാം ഒരു പോലെ അസത്യംതന്നെ.

ഇന്ദ്രജാലക്കാരന്റെ വിദ്യഹേതുവായി ലവണരാജാവിന്റെ ചിത്തത്തില്‍ വികസിച്ച അവിദ്യ അതുപോലെ പിറ്റേദിവസവും വികസിച്ചു. അദ്ദേഹത്തിനുതോന്നിയപോലെ കാട്ടിലെ കാട്ടാളന്മാര്‍ക്കുമൊക്കെ തോന്നലുണ്ടായി എന്നുമാത്രം. അപ്പോള്‍ അതു സത്യമാണെന്നു വിശ്വസിക്കാനും ഇടവന്നു. കാകതാളീയം പോലെ യാതൊരു സാബന്ധവുമില്ലാതെയാണ് അവിദ്യ കാര്യകാരണങ്ങളെ കൂട്ടിയോജിപ്പിക്കുന്നത്. അതുകണ്ടാല്‍ സത്യമാണെന്നു തോന്നും. സത്യത്വമൊന്നും അതിനില്ല. ദ്രഷ്ടാവിന്റെയും ദൃശ്യത്തിന്റെയുമിടയ്ക്കുള്ള നിശ്ചലമായ ചൈതന്യമാണ് വസ്തുസത്ത. അതിനെ വിസ്മരിച്ചു താന്‍തന്നെ ദ്രഷ്ടാവായും ദൃഷ്യമായും തോന്നപ്പെട്ട് ദര്‍ശനാദിവ്യാപാരങ്ങളുണ്ടായിത്തീരുകയാണ്. അതാണ് സംസാരം.

തന്നെ വിസ്മരിക്കുന്ന ഞൊടിയില്‍ ഇരുട്ടില്‍ വേതാളങ്ങളെന്നപോലെ അനേകം നാമരൂപങ്ങള്‍ ചിത്തത്തില്‍ പൊന്തിവികസിക്കും. പിന്നെ അവയുടെ വ്യവഹാരമായി. അതുതന്നെയാണ് സംസാരം. സങ്കല്പംതന്നെ മനസ്സിന്റെ രൂപം. ഒരു സങ്കല്പമടങ്ങി മറ്റൊരു സങ്കല്പമുദിക്കുന്നതിനിടയിലുള്ള ഏറ്റവും സൂക്ഷ്മമായ സമയം ആത്മസത്തയുടെ സ്വരൂപമാണ്. അതിനെ സൂക്ഷ്മ ദൃഷ്ടിതൊണ്ടു വീക്ഷിച്ചറിഞ്ഞുപാസിക്കാന്‍ തുടങ്ങുമ്പോള്‍ സങ്കല്പം ചുരുങ്ങാന്‍ തുടങ്ങും, സങ്കല്പങ്ങള്‍ മുഴുവന്‍ അടങ്ങുമ്പോള്‍ മനസ്സുതന്നെ നശിക്കും. മനസ്സുനശിച്ചുകഴിഞ്ഞാല്‍ പിന്നെയെന്തു സംസാരമാണ്? മനസ്സുനശിക്കുമ്പോള്‍ അവിദ്യനീങ്ങി വസ്തുസ്വരൂപനായിത്തീരം. അതുതന്നെ ജ്ഞാനം അല്ലെങ്കില്‍ മുക്തി. ഹേ രാമ! നീ ഇപ്പോള്‍ത്തന്നെ അങ്ങനെയായിത്തീരാന്‍ ശ്രമിക്കൂ എന്നു പറഞ്ഞുകൊണ്ട് ഇവിടെവെച്ചാണ് ഉല്പത്തിപ്രകരണം അവസാനിപ്പിക്കുന്നത്.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.