യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 418 – ഭാഗം 6 നിര്‍വാണ പ്രകരണം.
ന തസ്യ ജന്മമരണേ ന തസ്യ സദസദ്‌ഗതീ
ന നാശഃ സംഭവത്യസ്യ ചിന്‍മാത്രനഭസഃ ക്വചിദ് (6/78/43)
വസിഷ്ഠന്‍ തുടര്‍ന്നു: സ്വയം ഇങ്ങനെയൊരുണര്‍വ്വുണ്ടായ രാജ്ഞി പ്രഖ്യാപിച്ചു: ‘ഒടുവില്‍ നേടേണ്ടതെന്താണോ അത് ഞാന്‍ നേടിയിരിക്കുന്നു. ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല’.
മനസ്സും ഇന്ദ്രിയങ്ങളുമെല്ലാം ബോധത്തിന്റെ പ്രതിഫലനം മാത്രമാണ്. ആയഥാര്‍ത്ഥമാണെങ്കിലും അവ ബോധത്തില്‍ നിന്നും സ്വതന്ത്രമായിരിക്കുന്നു. പരമമായ അവബോധം മാത്രമേ വാസ്തവത്തില്‍ നിലനില്‍ക്കുന്നുള്ളു. അഹംകാരലേശമില്ലാതെ പരിപൂര്‍ണ്ണസമതയില്‍ മാലിന്യമേതും ബാധിക്കാതെ പരമസത്യമായി നില്‍ക്കുന്നത് അത് മാത്രമാണ്.
ഈ സത്യമൊരിക്കല്‍ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞാല്‍ അത് നിതാന്തഭാസുരമായി ഉപാധികള്‍ ഒന്നുമില്ലാതെ തന്നെ പ്രോജ്വലിക്കും. ഈ ബോധമാണ് ബ്രഹ്മം, പരമാത്മാവ് എന്നീ പല പേരുകളില്‍ അറിയപ്പെടുന്നത്. അതില്‍ വിഷയ-വിഷയീ ഭേദമോ അവ തമ്മിലുള്ള ബന്ധമോ അതിനെക്കുറിച്ചുള്ള അറിവോ ഇല്ല. ബോധം സ്വയം സ്വരൂപത്തെപ്പറ്റി ബോധവാനാവുന്നു. അത്രതന്നെ. അതങ്ങനെ ആവുകയേ തരമുള്ളൂ. കാരണം ‘ബോധവിഷയം’ എന്നൊന്ന് സത്യമാവുക അസാദ്ധ്യം.
ഈ ബോധം തന്നെയാണ് മനസ്സായും ബുദ്ധിയായും ഇന്ദ്രിയങ്ങളായും പ്രകടമാവുന്നത്. ഈ പ്രത്യക്ഷലോകവും ബോധത്തിന്റെ തന്നെ മറ്റൊരു പ്രകടിതഭാവമല്ലാതെ മറ്റൊന്നും ആവുകവയ്യ. ബോധത്തിന് മാറ്റങ്ങള്‍ ഇല്ല. മാറ്റങ്ങള്‍ ഉണ്ടെന്നു തോന്നുന്നത് തുലോം ഭ്രമാത്മകവും ആപേക്ഷികവുമത്രേ. സങ്കല്‍പ്പസമുദ്രത്തിലെ അലകളും വെറും സങ്കല്‍പ്പം മാത്രം.
മനോവസ്തു എന്നത് സമുദ്രമാണെങ്കില്‍ അതിലെ ചിന്തകളാകുന്ന അലകളും മനസ്സ് തന്നെ. ബോധത്തില്‍ ഉയരുന്ന ലോകമെന്ന കാഴ്ചയും ബോധവിഭിന്നമല്ല.
“അഹംകാരരഹിതമായ, സര്‍വ്വവ്യാപിയായ ശുദ്ധബോധമാണ് ഞാന്‍. ഈ ബോധത്തിന് ജനനമരണങ്ങളില്ല. ഇതിനൊരിക്കലും നാശമുണ്ടാകുന്നില്ല, കാരണം ഇത് ആകാശമെന്നതുപോലെ നിലകൊള്ളുന്നു. ഇതിനെ മുറിക്കാനോ എരിച്ചുകളയാനോ സാധിക്കില്ല. വികലത തൊട്ടു തീണ്ടാത്ത ശുദ്ധാവബോധത്തിന്റെ ഭാസുരതയാണ് ഞാന്‍.
എല്ലാ വിഭ്രാന്തികളുമൊഴിഞ്ഞു പ്രശാന്തയാണ് ഞാന്‍. ദേവതകളും രാക്ഷസന്മാരും മറ്റനേകം ജീവജാലങ്ങളും എല്ലാം ബോധം മാത്രമാണ്. അവയൊന്നും വ്യതിരിക്തമായ സത്തകളായി ഉണ്ടായിട്ടേയില്ല. അവയുടെ കാഴ്ച വെറും ഭ്രമാത്മകമാണ്. കളിമണ്ണുകൊണ്ട് നിര്‍മ്മിച്ച പട്ടാളക്കാര്‍ എങ്ങനെയാണ് യാഥാര്‍ത്ഥ്യമാവുക?
കാഴ്ചയും കാഴ്ചക്കാരനും വാസ്തവത്തില്‍ ഒന്നാണ്. ഒരേ ബോധം മാത്രമാണ്. ‘ഇതെല്ലാം ഒന്നാണ്’, ‘ഇതെല്ലാം വിഭിന്നങ്ങളാണ്’ തുടങ്ങിയ ഭ്രമാത്മകഭാവങ്ങള്‍ എങ്ങനെയാണ് ഉൽഭവിക്കാനിടയായത്? ആരിലാണവ ഉയര്‍ന്നത്? ആരുടേതാണാ ഭാവങ്ങള്‍ ?
ഞാന്‍ ഈ നിര്‍വാണപദത്തില്‍ അഭിരമിക്കുന്നു. മനശ്ചഞ്ചലതയേതുമില്ലാതെ സചേതനവും അചേതനവും ആയ എല്ലാം ശുദ്ധാവബോധം മാത്രമാണെന്നുള്ള അറിവിന്റെ നിറവാണെന്നിലിപ്പോള്‍ ഉള്ളത്. ‘അത്’, ‘ഇത്’ എന്നീ തരം തിരിവുകള്‍ക്ക് ഇനി പ്രസക്തിയില്ല. ഭാവാഭാവങ്ങള്‍ക്കും സ്ഥാനമില്ല. എല്ലാം പ്രശാന്തം.’ ഇങ്ങനെ പരമമായ പ്രശാന്തഭാവത്തില്‍ ചൂഡാല പൂര്‍ണ്ണമായ വിശ്രാന്തിയോടെ ജീവിച്ചുപോന്നു.