യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 419 – ഭാഗം 6 നിര്‍വാണ പ്രകരണം.

ഇദം ചാഹമിദം നാഹം സത്യാ ചാഹം ന ചാപ്യഹം
സര്‍വാസ്മി ന കിഞ്ചിച്ച തേനാഹം ശ്രിമതീ സ്ഥിതാ (6/79/28)

വസിഷ്ഠന്‍ തുടര്‍ന്നു: ദിവസങ്ങള്‍ കടക്കുന്തോറും രാജ്ഞി കൂടുതല്‍ അന്തര്‍മുഖിയായിത്തീര്‍ന്ന്‍ ആത്മാനന്ദത്തില്‍ അഭിരമിച്ചു. യാതൊരാസക്തിയും ചൂഡാലയെ ഭ്രമിപ്പിച്ചില്ല. രാജ്ഞി യാതൊന്നിനെയും നിരാകരിക്കാതെയും യാതൊന്നും ആഗ്രഹിക്കാതെയും തികച്ചും സ്വാഭാവികമായി ചുറുചുറുക്കോടെ എന്നാല്‍ അയത്നലളിതമായി പ്രവര്‍ത്തിച്ചു വന്നു. അവളില്‍ സംശയങ്ങള്‍ എല്ലാം അസ്തമിച്ചിരുന്നു. ഭാവാഭാവങ്ങളുടെ സാഗരത്തിനുമപ്പുറം സമാനതകളില്ലാത്ത പ്രശാന്തതയില്‍ അവള്‍ വിശ്രാന്തിയോടെ നിലകൊണ്ടു.

ഇങ്ങനെ കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഇക്കാണായ ലോകമെന്ന കെട്ടുകാഴ്ചകള്‍ വന്നതുപോലെതന്നെ തിരിച്ചുപോവുമെന്ന് ചൂഡാല മനസ്സിലാക്കി. ആത്മജ്ഞാനത്തിന്റെ പ്രഭയില്‍ അവള്‍ ഭാസുരപ്രഭയാര്‍ന്നു ശോഭിച്ചു.

രാജ്ഞിയില്‍ പ്രകടമായ പ്രബുദ്ധതയും പ്രശാന്തിയും കണ്ട് ശിഖിധ്വജന്‍ പറഞ്ഞു: നിനക്ക് യുവത്വം തിരികെ കിട്ടിയതുപോലെയുണ്ടല്ലോ? പ്രിയേ, നിന്നില്‍ അത്യസാധാരണമായ ഒരു ശോഭ ഞാന്‍ കാണുന്നുണ്ട്. നിനക്ക് യാതൊന്നിലും ആസക്തിയില്ല, നിന്നെ ഒന്നിനും സ്വാധീനിക്കാനും കഴിയില്ല. നിന്നില്‍ ആനന്ദം നിറഞ്ഞിരിക്കുന്നത് എനിക്ക് അറിയാനാകുന്നുണ്ട്. പറയൂ, ദേവന്മാര്‍ക്ക് മാത്രം കിട്ടുന്ന അമൃത് നിനക്ക് സ്വായത്തമായോ? കിട്ടാന്‍ പ്രയാസമേറിയ എന്തോ നിനക്ക് ലഭ്യമായിട്ടുണ്ട്. നിശ്ചയം!

ചൂഡാല പറഞ്ഞു: ഏതെങ്കിലുമൊക്കെ രൂപഭാവങ്ങളാല്‍ മൂര്‍ത്തീകരിക്കപ്പെട്ട നിശ്ശൂന്യതയെ ഞാന്‍ ഉപേക്ഷിച്ചു. പുറത്തുള്ള കാഴ്ച്ചയിലല്ല, മറിച്ച്, സത്യത്തിന്റെ വേരിലാണ് ഞാന്‍ പിടിമുറുക്കിയിരിക്കുന്നത്. ‘ഇതി’നെയെല്ലാം ഞാന്‍ ഉപേക്ഷിച്ചു. എന്നിട്ട് ‘ഇതിനും അതിനും’ എല്ലാം അതീതമായ ‘ഒന്നി’ല്‍ ഞാന്‍ വിശ്രാന്തിയടയുന്നു. അത് സത്താസത്തുക്കള്‍ക്ക് അതീതമത്രേ. അത് എന്തെങ്കിലും ആണെന്നും അല്ലെന്നും പറയാം. ‘അതിനെ’ ഞാന്‍ അതായിമാത്രം അറിയുന്നു. സുഖാനുഭവങ്ങളെ ഞാന്‍ ഉപേക്ഷിക്കുംപോഴും അവയെ ആസ്വദിക്കുന്ന അനുഭവം എനിക്ക് നഷ്ടമാവുന്നില്ല. ആഹ്ലാദത്തിനോ ക്രോധത്തിനോ ഞാന്‍ വശംവദനല്ല. എന്റെ ഹൃദയത്തില്‍ സുദൃഢമായിരിക്കുന്ന സ്വരൂപത്തില്‍ ഞാന്‍ സന്തുഷ്ടിയാര്‍ന്നു നിലകൊള്ളുന്നു. കാരണം ആ പ്രഭയെന്നില്‍ പ്രശോഭിച്ചു നില്‍ക്കുകയാണല്ലോ? രാജകീയഭോഗങ്ങള്‍ എന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നില്ല. നന്ദനോദ്യാനത്തില്‍ ഇരിക്കുമ്പോഴും എന്നിലെ ആത്മരതിയ്ക്ക് മാറ്റമേതുമില്ല. സുഖാനുഭവങ്ങളില്‍ ആസക്തിയോ അവയുടെ ഭോഗത്തില്‍ എനിക്ക് ലജ്ജയോ ഇല്ല.

ഈ വിശ്വം ഭരിക്കുന്നത് ഞാനാണ്. ഞാന്‍ പരിമിതപ്പെട്ട ജീവനല്ല. ആത്മാവില്‍ അഭിരമിക്കുന്ന സത്യമാണ് ഞാന്‍. അതാണെന്റെയീ പ്രശോഭമായ ഭാവത്തിന് കാരണം.

‘ഇത് ഞാന്‍, ഞാന്‍ ഇതല്ല,
സത്യമാണ് ഞാന്‍;
ഞാന്‍, ഇല്ല.
ഞാന്‍ എല്ലാമാണ്, അല്ല.
അതിനാല്‍ ഞാന്‍ പ്രശോഭിതയാണ്.

ഞാന്‍ സമ്പത്തോ സുഖമോ ദാരിദ്ര്യമോ മറ്റൊരുതരത്തിലുള്ള അസ്തിത്വഭാവമോ ആഗ്രഹിക്കുന്നില്ല. സ്വാഭാവികമായി വന്നുചേരുന്നതെന്തോ അതാണെനിക്ക് പഥ്യം.

ശാസ്ത്രജ്ഞാനത്തിന്റെ പിന്‍ബലത്തില്‍ ആകര്‍ഷണ വികര്‍ഷണങ്ങളുടെ അവസ്ഥകളുമായി ഒരു ലീലയിലെന്നപോലെ ഞാന്‍ പൊരുത്തപ്പെട്ടു കഴിയുന്നു. അതിനാലാണ് എന്നിലീ മുഖപ്രസാദം കാണാനാവുന്നത്. ഞാന്‍ ഈ കണ്ണുകൊണ്ട് എന്ത് കണ്ടാലും മറ്റ് ഇന്ദ്രിയങ്ങള്‍ എന്തൊക്കെ അനുഭവിച്ചാലും മനസ്സെന്തൊക്കെ ഗ്രഹിച്ചാലും എന്നില്‍ ഞാന്‍ ഒരേയൊരു സത്യത്തെ മാത്രമേ കാണുന്നുള്ളൂ. ആ കാഴ്ച എന്നില്‍ സദാ സുവിദിതമാണ്!.