യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 420 – ഭാഗം 6 നിര്‍വാണ പ്രകരണം.
ജ്ഞസ്യോപേക്ഷാത്മകം നാമ മുഢസ്യാദേയതാം ഗതം
ഹേയം സ്ഫരവിരാഗസ്യ ശൃണു സിദ്ധിക്രമഃ കഥം (6/80/24)
രാജ്ഞിയുടെ വാക്കുകളുടെ ആന്തരാര്‍ത്ഥം മനസ്സിലാവാതെ ശിഖിധ്വജന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: നീ ബാലിശമായി ഒരു വിവരവുമില്ലാതെ എന്തോ പുലമ്പുന്നു. എന്തെങ്കിലും ഒന്നിനും വേണ്ടിയല്ലാതെ എല്ലാം ഉപേക്ഷിച്ചാല്‍ , യഥാര്‍ത്ഥത്തില്‍ ഉള്ള വസ്തുവിനെ വേണ്ടെന്നു വെച്ച് നിശ്ശൂന്യതയെ പ്രാപിച്ചാല്‍ , എങ്ങനെയാണ് ഒരാളില്‍ ഐശ്വര്യവും ശോഭയും തിളങ്ങി വിളങ്ങുക?
ക്രോധം വരുമ്പോള്‍ ചിലപ്പോള്‍ നാം പറഞ്ഞേക്കാം ‘എനിക്കീ പട്ടുമെത്തയൊന്നും വേണ്ട, സുഖാനുഭവങ്ങളെ ത്യജിക്കുന്നതിലാണ് എനിക്ക് സന്തോഷം’, എന്നൊക്കെ. എന്നാല്‍ അത് പ്രബുദ്ധതയുടെ ലക്ഷണമൊന്നുമല്ല. ഒരാള്‍ എല്ലാ സുഖങ്ങളും വേണ്ടെന്നുവെച്ച് വെറും ശൂന്യതയിലാണ് ആഹ്ലാദമെന്നു പറയുന്നത് അസംബന്ധമാണ്.
ആഹാരശയ്യാവസ്ത്രാദികള്‍ എല്ലാം ഉപേക്ഷിച്ച് ഒരുവന്‍ ‘താനിപ്പോള്‍ സന്തുഷ്ടനാണ്’ എന്ന് പറയുന്നതും അത്രതന്നെ വിവരക്കേടാണ്. ‘ഞാന്‍ ശരീരമല്ല, ഞാന്‍ മറ്റൊന്നും അല്ല, നിശ്ശൂന്യതയാണെല്ലാമെല്ലാം’ എന്നൊക്കെയുള്ള വര്‍ത്തമാനം വെറും ജല്പനങ്ങള്‍ മാത്രമല്ലേ? ‘ഞാന്‍ കാണുന്നത് ഞാന്‍ കാണുന്നില്ല, ഞാന്‍ കാണുന്നത് മറ്റെന്തോ ആണ്’, തുടങ്ങിയ ഉദീരണങ്ങളും അങ്ങനെതന്നെ. എല്ലാം വിട്ടുകളയൂ. നിനക്ക് കിട്ടിയിട്ടുള്ള സമൃദ്ധിയും ഐശ്വര്യവും വേണ്ടപോലെ ആസ്വദിക്കുക. ഞാന്‍ നിനക്ക് കൂട്ടായി ഉണ്ടാവും. ജീവിതം ആസ്വദിക്കൂ.
വസിഷ്ഠന്‍ തുടര്‍ന്നു: ഇത്രയും പറഞ്ഞ് രാജാവ് അന്തപ്പുരം വിട്ടു പോയി. ‘കഷ്ടം രാജാവിന് ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ലല്ലോ’, ചൂഡാല വിചാരിച്ചു. അവള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ തുടര്‍ന്നു. അവര്‍ ഏറെക്കാലം അങ്ങനെ സുഖമായിക്കഴിഞ്ഞു.
ചൂഡാലയ്ക്ക് സാധാരണയായി ആഗ്രഹങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും അന്നൊരു ദിവസം ആകാശഗമനം ചെയ്‌താല്‍കൊള്ളാം എന്നവള്‍ക്ക് തോന്നി. ഈ സിദ്ധി സ്വായത്തമാക്കാന്‍ വേണ്ടി ചൂഡാല ഏകാന്തമായ ഒരിടത്തെത്തി, ആകാശത്തേയ്ക്ക് ഉയര്‍ന്നു പൊങ്ങാന്‍ ഉതകുന്ന വായുസഞ്ചാരം തനിക്കു ചുറ്റും കണ്ടെത്തി.
രാമാ, മൂന്നുതരത്തിലാണ് സ്വായത്തമാക്കാൻ കഴിയുന്ന നേട്ടങ്ങള്‍ ഈ ലോകത്തുള്ളത്. അഭികാമ്യം, മ്ലേഛം, അവഗണനാര്‍ഹം, എന്നിങ്ങനെ ഇവയെ വേര്‍തിരിക്കാം. അഭികാമ്യമായവയെ എത്ര കഠിനാദ്ധ്വാനം ചെയ്തും നാം കരസ്ഥമാക്കുന്നു. മ്ലേഛമായവയെ ഉപേക്ഷിക്കുന്നു. ഇതിനിടയിലുള്ളവയാണ് അവഗണിക്കാവുന്നവ.
സാധാരണയായി അഭികാമ്യനേട്ടങ്ങള്‍ നമ്മില്‍ സന്തോഷമുണ്ടാക്കുന്നു. അതിനു വിപരീതമായവയാണ് അനഭികാമ്യം. പ്രബുദ്ധരായവരില്‍ ഇത്തരം തരംതിരിവുകള്‍ ഇല്ല. കാരണം അവര്‍ക്കിതെല്ലാം വെറും ലീലയാണ്. അവര്‍ക്ക് കാണുന്നതും അല്ലാത്തതുമായ എല്ലാത്തിനോടും തികഞ്ഞ നിര്‍മമമതയാണുള്ളത്.
“സിദ്ധികളാര്‍ജ്ജിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇനി ഞാന്‍ പറഞ്ഞു തരാം. അവയോട് ആത്മജ്ഞാനമുള്ള യോഗികള്‍ക്ക് താല്‍പ്പര്യമേതുമില്ല. ഭ്രമങ്ങള്‍ക്കടിമയായ ഒരുവന് സിദ്ധികള്‍ അഭികാമ്യമാണ്, എന്നാല്‍ ആത്മജ്ഞാനകുതുകികളായ സാധകര്‍ സിദ്ധികളെ വര്‍ജ്ജിക്കുകയാണ് ചെയ്യുക.”