യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 425 – ഭാഗം 6 നിര്‍വാണ പ്രകരണം.

യദച്ഛം ശീതളത്വം ച തദസ്യാത്മേന്ദുരുച്യതേ
ഇതീന്ദോരുഥിതഃ സോഽഗ്നിരഗ്നീഷോമൌ ഹി ദേഹകഃ (6/81/75)

രാമന്‍ ചോദിച്ചു: എങ്ങനെയാണ് മനുഷ്യജീവികള്‍ക്ക് ഗഗനചാരികളെ കാണാന്‍ കഴിയുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും നശ്വരമായ കണ്ണ് കൊണ്ട് അവരെ കാണാന്‍ കഴിയില്ല. എന്നാല്‍ ഒരു സ്വപ്നത്തിലെന്നപോലെ ശുദ്ധപ്രജ്ഞയാകുന്ന കണ്ണുകളാണ് അവരെ കാണുന്നത്. ഈ ഗഗനചാരികള്‍ക്ക് ഒരുവന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സാധിക്കും. വാസ്തവത്തില്‍ അവരെ കാണുന്നത് സ്വപ്നാനുഭവങ്ങള്‍ പോലെയല്ല. കാരണം സ്വപ്നദൃശ്യങ്ങള്‍ പെട്ടെന്ന് മാറിപ്പോവുമല്ലോ. എന്നാല്‍ ഈ കാഴ്ചകള്‍ എന്നെന്നേയ്ക്കും നിലനില്‍ക്കും.

പ്രാണനെ ദേഹത്തില്‍ നിന്നും ദ്വാദശാന്തം അകലത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ യോഗിക്ക് മറ്റു ദേഹങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കും. പ്രാണശക്തി സ്വതവേ ചഞ്ചലമാണ്, എന്നാല്‍ അഭ്യാസംകൊണ്ട് അതിനെ ഒരിടത്ത് അചഞ്ചലമായി നിര്‍ത്താന്‍ സാധിക്കും. അങ്ങനെയുള്ള പ്രാണന് ഇത്തരം സിദ്ധികള്‍ സഹജമാണ്.

അജ്ഞാനത്താല്‍ മൂടപ്പെട്ട ആവരണത്തിനെ മറികടക്കാന്‍ ഊര്‍ജ്ജപ്രവാഹത്തിന് ബുദ്ധിമുട്ടില്ല. ഇതെല്ലാം ബ്രഹ്മം തന്നെയാണ്. മറ്റെല്ലാം വാക്കുകളുടെ വെറും കസര്‍ത്താണ് എന്ന് മറക്കാതിരിക്കുക.

രാമന്‍ ചോദിച്ചു: നാഡി പോലുള്ള സൂക്ഷ്മമായ ഇടങ്ങളില്‍ കയറണമെങ്കില്‍ , അവിടം പ്രാണവായുവിനാല്‍ പൂരിതമാക്കണമെങ്കില്‍ ഈ ജീവശക്തി ഒരേസമയം അണുമാത്രവും ഘനസാന്ദ്രവും ആകണമല്ലോ? ഇതിന്റെ നിര്‍മ്മിതിയെങ്ങനെയാണ്‌?

വസിഷ്ഠന്‍ പറഞ്ഞു: മരവും അറക്കവാളും തമ്മിലുള്ള ബന്ധം കൊണ്ട് മരം പിളരുന്നു. എന്നാല്‍ രണ്ടു മരങ്ങള്‍ തമ്മിലുരസിയാല്‍ തീയാണുണ്ടാവുക. ഇതെല്ലാം പ്രകൃതിയുടെ ഭാഗമാണ്. ഈ ദേഹം രണ്ടു വസ്തുക്കള്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് സംയോജിക്കുന്നതുകൊണ്ടാണ് സംജാതമായത്. അത് രണ്ടും ചേര്‍ന്ന് പൊള്ളയായ ഒരു വടിയാവുന്നു. അതിനുള്ളിലാണ് കുണ്ഡലിനിയുടെ ഇരിപ്പിടം. ഭൂമിക്കും സ്വര്‍ഗ്ഗത്തിനും മദ്ധ്യേ നിലകൊള്ളുന്ന കുണ്ഡലിനി പ്രാണശക്തിയുടെ ഇരിപ്പിടമത്രേ. ഹൃദയത്തിലിരുന്നുകൊണ്ട് അതെല്ലാം അനുഭവിക്കുന്നു. അതീന്ദ്രിയകേന്ദ്രങ്ങള്‍ക്ക് കമ്പനവും ചലനവും നല്‍കുന്നത് കുണ്ഡലിനിയാണ്.

എല്ലാറ്റിനെയും ഭക്ഷിക്കുന്നതും ദഹിപ്പിക്കുന്നതും അതാണ്‌. പ്രാണന്റെ ചലനംകൊണ്ട് ആത്മശക്തിയെ കമ്പനമുള്ളതാക്കാന്‍ അതിനു സാധിക്കുന്നു. മൂലവസ്തുക്കള്‍ എരിഞ്ഞുതീരുംവരെ ദേഹത്തിലെ അഗ്നിയെ കെടാതെ സൂക്ഷിക്കുന്നത് അതാണ്‌. സ്വപ്രകൃതി ശീതളിമയാണെങ്കിലും ദേഹത്തിനു ചൂട് നല്‍കാന്‍ കുണ്ഡലിനിയുടെ സാന്നിദ്ധ്യം അനിവാര്യം. യോഗികള്‍ ഹൃദയത്തിലാണ് അതിനെ ധ്യാനിക്കുന്നത്. എങ്കിലും അത് ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു..

അത് ജ്ഞാനരൂപമാണ്. ദൂരെയുള്ള വസ്തുക്കള്‍ പോലും സമീപസ്ഥമായി അതിന്റെ വെളിച്ചത്തില്‍ കാണാനാകും. “സ്വതവേ ശീതളിമയാര്‍ന്നതെന്തും ചന്ദ്രനാണ്. ആ ചന്ദ്രനില്‍ നിന്നാണ് അഗ്നി ആവിര്‍ഭവിക്കുന്നത്. ചന്ദ്രനും അഗ്നിയും ചേര്‍ന്ന് ദേഹമുണ്ടാവുന്നു.”

വാസ്തവത്തില്‍ ഈ ലോകം മുഴുവനും ഈ രണ്ടു ഘടകങ്ങള്‍ കൊണ്ടുണ്ടായവയാണ്. ചാന്ദ്രശീതളിമയും ഊഷ്മളമായ അഗ്നിയും! അല്ലെങ്കില്‍ ഈ ലോകം ഉണ്ടായത് അജ്ഞാനവും അറിവും ചേര്‍ന്നാണ് എന്ന് പറയാം. അതുമല്ലെങ്കില്‍ സത്തും അസത്തും ചേര്‍ന്ന്.
ബോധം, പ്രകാശം, അഗ്നി, അല്ലെങ്കില്‍ അറിവാണ് സൂര്യന്‍. തമസ്സ്, ജഡം, അല്ലെങ്കില്‍ അജ്ഞാനമാണ് ചന്ദ്രന്‍.

കുറിപ്പ്: ‘അത്’, എന്നിവിടെ പരാമര്‍ശിച്ചിരിക്കുന്നതിന് ജഢരാഗ്നി, പ്രാണശക്തി, കുണ്ഡലിനി എന്നെല്ലാം പറയാം എങ്കിലും വസിഷ്ഠന്‍ അത്തരം നിര്‍വചനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണിവിടെ.