യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 426 – ഭാഗം 6 നിര്‍വാണ പ്രകരണം.
പീത്വാമൃത്യോപമം ശീതം പ്രാണഃ സോമമുഖാഗമേ
അഭ്രഗമാത്പൂരയതി ശരീരം പീനതാം ഗതഃ (6/81/94)
വസിഷ്ഠന്‍ തുടര്‍ന്നു: ദേഹത്തില്‍ കാര്യകാരണബന്ധത്തോടെ അഗ്നിയും ചന്ദ്രനും നിലനില്‍ക്കുന്നു. ആ ബന്ധം വിത്തും വൃക്ഷവും പോലെയുള്ളതാണ്. ഒന്ന് മറ്റേതിനു ജീവനേകുന്നു. അല്ലെങ്കില്‍ ഇരുട്ടും വെളിച്ചവും പോലെയാണവയുടെ ബന്ധം. ഒന്ന്‍ മറ്റേതിനെ ഇല്ലാതാക്കുന്നു. ഇതിനെയെല്ലാം യുക്തിയുക്തം ചോദ്യം ചെയ്യുന്നതായാല്‍, ആഗ്രഹങ്ങളുടെ പ്രചോദനം ഇല്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ രീതിയിലുള്ള കാര്യകാരണബന്ധുത അസംബന്ധമാണെന്ന് പറയുന്നവനെ അപ്പോള്‍ത്തന്നെ ഒഴിവാക്കണം. കാരണം അത് നമ്മുടെ സ്പഷ്ടമായ നിത്യാനുഭവം തന്നെയാണല്ലോ.
“ശീതള ചന്ദ്രന്റെ അമൃത്, അഗ്നി പാനം ചെയ്യുന്നു. ദേഹാകാശത്തെ പ്രാണന്‍ കൊണ്ട് നിറയ്ക്കുന്നു.” അഗ്നി മരിച്ചു ചന്ദ്രനാവുന്നു. പകല്‍ അവസാനിച്ചു രാത്രി സമാഗതമാവുന്നു. അഗ്നിയുടേയുംചന്ദ്രന്റെയും, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും, അല്ലെങ്കില്‍ ദിനരാത്രങ്ങളുടെ സന്ധിയില്‍ സത്യം സാക്ഷാത്ക്കരിക്കപ്പെടുന്നു. അത് ജ്ഞാനികള്‍ക്ക് പോലും വെളിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഒന്നത്രേ.
ഒരു ദിവസം എന്നത് രാത്രിയും പകലും ചേര്‍ന്നതാണെന്നതുപോലെ ജീവന്‍ ബോധവും ജഡവും ചേര്‍ന്നതാണ്. അഗ്നിയും സൂര്യനും ബോധത്തെയും ചന്ദ്രന്‍ ഇരുട്ടിനെ അല്ലെങ്കില്‍ ജഡത്തെ സൂചിപ്പിക്കുന്നു. സൂര്യന്‍ ആകാശത്തുദിക്കുന്ന മാത്രയില്‍ ഇരുട്ടപ്രത്യക്ഷമാകുന്നതുപോലെ ബോധപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ അജ്ഞാനമെന്ന ഇരുട്ടും, ഭാവാഭാവങ്ങളുടെ പ്രകടനവും അവസാനിക്കും. ചന്ദ്രനെ – അജ്ഞാനമെന്ന ആന്ധ്യത്തെ- അങ്ങനെത്തന്നെ കണ്ടാല്‍ സത്യസാക്ഷാത്ക്കാരമുണ്ടാവും.
ബോധത്തിന്റെ പ്രകാശമാണ് ദേഹത്തിന്റെ ചേതനാരാഹിത്യത്തെ നമുക്ക് വെളിവാക്കുന്നത്. ബോധം ചലനരഹിതവും ദ്വൈതവീതവും ആകയാല്‍ അതിനെ അറിയാന്‍ കഴിയില്ല. എന്നാല്‍ തന്റെ പ്രതിഫലനമായ ശരീരത്തിലൂടെ അതിനു സ്വയം സാക്ഷാത്ക്കാരത്തിലെത്താം. ബോധം സ്വയം വിഷയമായി അവബോധിക്കുമ്പോള്‍ ലോകത്തെ നേടുന്നു. ആ വിഷയീകരണം ഇല്ലാതാവുന്നതാണ് മുക്തി.
പ്രാണന്‍ അഗ്നിയാണ്, ചൂടാണ്. അപാനന്‍ ശീതളച്ചന്ദ്രനാണ്. വെളിച്ചവും നിഴലും പോലെ രണ്ടും ദേഹത്തില്‍ ഇരിക്കുന്നു. ബോധപ്രകാശവും ചാന്ദ്രവികീരണവും ചേര്‍ന്നാണ് അനുഭവങ്ങള്‍ വേദ്യമാകുന്നത്. അവയാണ് സൃഷ്ടിയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സൂര്യചന്ദ്രന്മാര്‍. ഈ സൂര്യചന്ദ്രന്മാര്‍ ദേഹത്തിലും ഉണ്ട്.
രാമാ, സുര്യന്‍ ചന്ദ്രനെ തന്നിലേയ്ക്ക് ആവഹിച്ചതായ ആ ഒരു തലത്തില്‍ നീ നിലകൊണ്ടാലും. ചന്ദ്രന്‍ ഹൃദയനിവാസിയായ സൂര്യനില്‍ വിലീനമായ അവസ്ഥയെ സ്വാംശീകരിച്ചാലും. ചന്ദ്രന്‍ എന്ന സംജ്ഞ സൂര്യന്റെ പ്രതിഫലനം മാത്രമാണെന്ന അറിവിന്റെ നിറവ് നിന്നിലെപ്പോഴും നിലനില്‍ക്കട്ടെ. ബാഹ്യമായ എല്ലാ പ്രതിഭാസങ്ങളും വൃഥാവാണ് എന്നും നീയറിയുക.
കുറിപ്പ്: ‘യോഗ’ത്തില്‍ അണ്ണാക്കില്‍ നിന്നും അമൃത് ഒഴുകി ജഢരാഗ്നി അതിനെ അടിവയറില്‍ ദഹിപ്പിക്കുന്നതായി പറയുന്നു. ശീതള ചന്ദ്രനാണ് അഗ്നിക്ക് ഹേതു. ഈ അമൃത് നശിക്കാതിരിക്കാന്‍ ‘വിപരീതകരാണി’ മാര്‍ഗ്ഗമാണ് യോഗി കൈക്കൊള്ളുന്നത്.