ഭാര്‍ഗവോപഖ്യനം
വസിഷ്ഠമഹര്‍ഷി പറകയുയാണ്: ഹേ രാമചന്ദ്ര, ഭിത്തിയും ചായവും ചിത്രകാരനുമില്ലാതെ എഴുതപ്പെട്ട ചിത്രമാണ് ഈ ലോകം. എന്നാല്‍ അനുഭവം സുദൃഢവുമാണ്. ചിത്രകാരനും ചായവും ഭിത്തിയുമൊന്നുമില്ലാതെ ചിത്രമുണ്ടാവുമോ? കാരണമില്ലാതെ കാര്യമുണ്ടാവുന്നതെങ്ങിനെ? ജഗത്താകുന്ന കാര്യത്തിനെന്താണ് കാരണം? രണ്ടാമതൊരു കാരണമില്ലെന്നിരിക്കെ ഈ ജഗത്തുണ്ടായിട്ടില്ലെന്നല്ലാതെ എങ്ങിനെ ഉണ്ടായതായി കണക്കാക്കും? എങ്കിലും ഉള്ളതായി അനുഭവപ്പെടുകയും ചെയ്യുന്നു. അതാണ് മായയുടെ അത്ഭുതകരമായ സാമര്‍ത്ഥ്യം. ഒരു വലിയ ചിത്രം കൊത്തിയിട്ടുണ്ടെന്നു വെയ്ക്കുക. ആ ചിത്രങ്ങള്‍ പാറയില്‍ നിന്നു വേറെയല്ലല്ലോ, മാത്രമല്ല, പാറയല്ലാതെ എന്തെങ്കിലും അതിലുണ്ടോ? ഒന്നുമില്ല. പാറയില്‍ പല ആകൃതികള്‍ തോന്നപ്പെടുന്നു എന്നല്ലാതെ എവിടെയാണ് ചിത്രം? അതുപോലെ പരമനിര്‍ഗുണവും നിശ്ചലവും നിരാകാരവുമായ പരബ്രഹ്മത്തില്‍ തോന്നപ്പെടന്ന ജഗത്തെന്നല്ലാതെ ബ്രഹ്മത്തില്‍ നിന്നന്യമായി ജഗത്തെന്ന വസ്തുവെവിടെയാണുണ്ടയത്? ബ്രഹ്മത്തില്‍ നിന്നന്യമായി രണ്ടാമതൊരു കാരണമില്ലെന്നതിനാല്‍ ജഗത്തുണ്ടായിട്ടില്ലെന്നുതന്നെ വിദ്വാന്മാരുടെയൊക്കെത്തന്നെയും നിശ്ചയം. ഈ നിശ്ചയത്തെ വ്യക്തമാക്കാന്‍ ഞാനൊരു കഥ പറയ‍ാം. ഭൃഗുമഹര്‍ഷിയുടെ പുത്രനായ ശുക്രന്റെ കഥയാണ് ഞാന്‍ പറയാന്‍ പോവുന്നത്. അതുകേട്ടാല്‍ത്തന്നെ ഒരാളുടെ ജഗല്‍ ഭ്രാന്തി നീങ്ങും.

ഒരിക്കല്‍ ബ്രഹ്മദേവന്റെ മാനസപുത്രനായ ഭൃഗുമഹര്‍ഷി മന്ദരപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള കൊടുംകാട്ടില്‍ കഠിനമായി തപസ്സു ചെയ്തുവരികയായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുക്രനും അച്ഛനെ ശുശ്രൂഷിച്ചുകൊണ്ട് അവിടെ താമസിച്ചുവന്നു. വിദ്യാഭ്യാസം കഴിഞ്ഞു വസ്തുബോധം വന്ന ആളായിരുന്നു ശുക്രന്‍. എന്നിരുന്നാലും അവിദ്യ നീങ്ങീട്ടുണ്ടായിരുന്നില്ല മഞ്ഞില്‍പെട്ട താമരയെന്നപോലെ വിദ്യാവിദ്യകളുടെ മദ്ധ്യവര്‍ത്തിയായിരുന്നു ശുക്രന്‍. ഭൃഗുമഹര്‍ഷി മിക്കപ്പോഴും നിര്‍വ്വകല്പസമാധിയില്‍ മുഴുകിക്കൊണ്ടിരിക്കും. അപ്പോഴൊക്കെയും വേദാന്തവിചാരവും സമാധിപരിശീലനവുമായി ഭാര്‍ഗ്ഗവനും കഴിച്ചുകൂട്ടും.

അങ്ങനെ ഒരിക്കല്‍ ശുക്രന്‍ വേദാന്തവിചാരം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഒരു സുന്ദരിസ്ത്രീ ആകാശത്തൂടെ പോവുന്നതു കണ്ടു. അവളുടെ വേഷഭൂഷകളും ഭാവഹാവങ്ങളുമൊക്കെ കണ്ട ശുക്രന്റെ മനസ്സ് വികാരപരവശമായിത്തീര്‍ന്നു. അവള്‍ പോയിമറഞ്ഞതോടെ ഭാര്‍ഗ്ഗവന്‍ അവളെത്തന്നെ മനസ്സില്‍ വിചാരിച്ചുകൊണ്ടിരിക്കാന്‍ തുടങ്ങി. ആ സ്ത്രീയെസ്സംബന്ധിച്ചു പല ഭാവനകളും വളര്‍ത്താന്‍ തുടങ്ങി അവള്‍ ദേവസ്ത്രീകളില്‍ ആരെങ്കിലുമായിരുന്നിരിക്കുമെന്നും സ്വര്‍ഗ്ഗലോകത്തേയ്ക്കുതന്നെ പോയതായിരിക്കുമെന്നും മറ്റും പല മനോരാജ്യങ്ങളും വളര്‍ത്താന്‍ തുടങ്ങി. അവസാനം ഭാവനകൊണ്ടുതന്നെ അവളെ പ്രാപിക്കാന്‍ തീര്‍ച്ചപ്പെടുത്തി.

നീണ്ടുനിവര്‍ന്നു പതിഞ്ഞിരുന്നു താന്‍ സ്വര്‍ഗ്ഗത്തിലെത്തി; ഇന്ദ്രസഭയിലെത്തി. ഇന്ദ്രനെക്കണ്ടു നമസ്ക്കരിച്ചു. ഭൃഗുമഹര്‍ഷിയെന്നപോലെ തന്നെയും ഇന്ദ്രന്‍ വളരെയധികം മാനിക്കുകയും സല്ക്കരിക്കുകയും ചെയ്തു. ആ സദസ്സില്‍ പലരെയും കണ്ടു. കൂട്ടത്തില്‍ തന്നെ ആകര്‍ഷിച്ച സ്ത്രീയെയും അവിടെ കണ്ടു. അവള്‍ക്കു ശുക്രനിലും ശുക്രന് അവളിലും അനുരാഗം തഴച്ചുവളര്‍ന്നു. സഭ പിരിഞ്ഞ് എല്ലാവരും അവരവരുടെ വാസസ്ഥലങ്ങളിലേയ്ക്കു പോവാന്‍ തുടങ്ങി ശുക്രന്‍ തന്റെ സ്ത്രീയുടെകൂടെ അവളുടെ ഗൃഹത്തിലേയ്ക്കു പോയി. അവളോടുകൂടി അവിടെ താമസമുറപ്പിച്ചു. അങ്ങനെ അനേകം മന്വന്തരങ്ങള്‍തന്നെ അവിടെ അവളോടുകൂടി കഴിച്ചുകൂട്ടി.

ഇങ്ങനെയൊക്കെ ഭാര്‍ഗ്ഗവന്‍ തന്റെ ഭാവനയെ ഉറപ്പിച്ചുവന്നു. ഭാവയുടെ ദൃഢതകൊണ്ട് അദ്ദേഹത്തിന്നതില്‍ താദാത്മ്യാനുഭവവും വന്നു. ഭൂമിയിലുള്ള ശരീരത്തെപ്പറ്റി അദ്ദേഹത്തിനോര്‍മ്മതന്നെ ഇല്ലാതായി. ശരീരം യാതൊരു ചലനവുമില്ലാതെ ജഡമായങ്ങനെ ഇരിക്കുന്നു. ശുക്രന്‍ ഭാവനയില്‍ക്കൂടെ സ്വര്‍ഗ്ഗത്തിലെത്തി ദേവസ്ത്രീയോടുകൂടി രമിച്ചു താമസിച്ചുവരികയാണ്. അങ്ങനെ അനേകമന്വന്തരങ്ങള്‍തന്നെ സുഖമായ അവിടെ കഴിഞ്ഞുവന്നു ക്രമേണ പുണ്യം ക്ഷയിച്ചുവെന്നും സ്വര്‍ഗ്ഗത്തില്‍നിന്നു താഴോട്ടുതന്നെ പതിച്ചുവെന്നും ചന്ദ്രമണ്ഡലത്തിലും അവിടെനിന്നു മഞ്ഞുതുള്ളിയായി ഭൂമിയിലേയ്ക്കും പതിച്ച അദ്ദേഹം ധാന്യമായിത്തീര്‍ന്നു. ഒരു ബ്രാഹ്മണന്‍ അതു ഭക്ഷിച്ചു. കാലംകൊണ്ട് അദ്ദേഹത്തിന്റെ പുത്രനായിത്തീര്‍ന്നു. ആ ജീവിതം മുഴുവന്‍ അവിടെ ബ്രാഹ്മണനായി കഴിച്ചുകൂട്ടി. പിന്നെ ക്ഷത്രിയനായി ജനിച്ചു. പിന്നെയും അനേകം ജന്മങ്ങള്‍ എവിടെയൊക്കെയോ കഴിച്ചുകൂട്ടി അവസാനം ഒരു ഋഷിപുത്രനായി ജനിച്ചു. ഒരു നദിതീരത്തു പര്‍ണ്ണശാലയും തീര്‍ത്തു തപസ്സുചെയ്യാന്‍ തുടങ്ങി. വളരെക്കാലം കഠിനമായി തപസ്സുചെയ്യാന്‍ തുടങ്ങി.

അക്കാലത്തു ഭൃഗുമഹര്‍ഷി നിര്‍വ്വികല്പസമാധിയില്‍ നിന്നുണര്‍ന്നു. പതിവുപോലെ തന്റെ മുമ്പില്‍ പുത്രനെ കാണാതായിരുന്നപ്പോള്‍ ചുറ്റുപാടും നോക്കി. പുത്രവിരഹം കൊണ്ടു പരിഭ്രാന്തനായി ഭൃഗുമഹര്‍ഷിയുടെ ദൃഷ്ടി പെട്ടെന്ന് അധികം വിദൂരത്തല്ലാതെ കിടക്കുന്ന പുത്രന്റെ ശവശരീരത്തില്‍ പതിഞ്ഞു. ശരീരം വെയിലും കാറ്റു മഞ്ഞും മഴയുമെല്ലാമേറ്റു ജീര്‍ണ്ണിച്ചു അസ്ഥിമാസംങ്ങളെല്ല‍ാം ദൃവിച്ചു പഴകി ജന്തുക്കള്‍ പലപ്രകാരത്തില്‍ അതിനെ സമീപിച്ചിരിക്കുന്ന രൂപത്തിലാണ് മഹര്‍ഷി കണ്ടത്. അദ്ദേഹത്തിന് വ്യസനവും ക്രോധവും പരിഭ്രമവുമെല്ലാമുണ്ടായി. അകാലത്തില്‍ത്തന്നെ തന്റെ പ്രിയപ്പെട്ട പുത്രന്‍ മരിച്ചുപോയല്ലോയെന്നു വിചാരിച്ച് അദ്ദേഹത്തിന്റെ മനസ്സു വളരെ വേദനിച്ചു. അതു ക്രോധമായി മാറി. അതിന്റെ ഫലമായി തന്റെ അറിവില്ലാതെ പുത്രനെ കൊണ്ടുപോയ യമനെ ശപിക്കാന്‍പോലും മുതിര്‍ന്നു. തന്നെ പരമാര്‍ത്ഥമറിയാതെ ഭൃഗുമഹര്‍ഷി ശപിക്കാന്‍പോകുന്നുവെന്നറിഞ്ഞ മൃത്യുദേവതയായ യമന്‍ പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെട്ടു ഭൃഗുമഹര്‍ഷിയോടു പറഞ്ഞു:

മഹാത്മായ ഹേ ഭൃഗുമഹര്‍ഷേ, അങ്ങൊരു തപസ്വിയാണെന്നു കരുതിയാണ് ഞങ്ങളൊക്കെ അങ്ങയെ ബഹുമാനിക്കുന്നത്. അല്ലെങ്കില്‍ കല്പാവസാനത്തെ സംഹാരാഗ്നിക്കുപോലും ചൂടുതോന്നാത്ത എനിക്ക് അങ്ങയുടെ ശാപം കൊണ്ടെന്തു പറ്റാനാണ്! അവരവരുടെ കര്‍മ്മത്തിനനുരൂപമായാണ് എല്ലാ അനുഭവങ്ങളും വന്നുചേരുന്നത്. എല്ലാറ്റിനും കാരണമായ ബ്രഹ്മദേവന്റെ ആയുസ്സുപോലും അവസാനമുള്ളതാണെന്നു വന്നാല്‍ പിന്നെ എന്താണീ ലോകത്തില്‍ നശിക്കാത്തതായിട്ടുള്ളത്? അങ്ങു സുദീര്‍ഘമായ നിര്‍വ്വികല്പസമാധിയില്‍ മുഴുകിയ കാലത്ത് അങ്ങയുടെ പുത്രന്‍ തന്റെ ശരീരത്തെ വിട്ടു വളരെക്കാലം ദേവലോകത്ത് ഒരപ്സരസ്ത്രീയോടുകൂടി രമിച്ചുകൊണ്ടു കഴിഞ്ഞു. പിന്നെ ബ്രാഹ്മണനും ക്ഷത്രിയനും മൃഗവും പക്ഷിയും ഇഴജന്തുവും വൃക്ഷവും മറ്റും മറ്റുമായി അനേകജന്മങ്ങള്‍ ജനിച്ചുമരിച്ച് ഇപ്പോള്‍ സമംഗാ നദീതീരത്തു വാസദേവനെന്ന പേരോടുകൂടിയ ബ്രാഹ്മണകുമാരനായി തപസ്സുചെയ്തുവരുന്നുണ്ട്. അങ്ങയ്ക്കു മനോവിഭ്രാന്തിയുടെ മാഹാത്മ്യം കാണണമെന്നുണ്ടെങ്കില്‍ ജ്ഞാനദൃഷ്ടിയില്‍ക്കൂടെ ഒന്നു നോക്കൂ. എന്നാല്‍ എല്ല‍ാം അറിയാറാവും എന്നൊക്കെപ്പറഞ്ഞു യമന്‍.

ഇപ്രകാരം യമന്റെ വാക്കു കേട്ട ഭൃഗു ഉടനെ തന്റെ ജ്ഞാനദൃഷ്ടിയില്‍ക്കൂടെ വീക്ഷിച്ചപ്പോള്‍ യമന്‍ പറഞ്ഞപ്രകാരമുള്ള സംഗതികളെല്ല‍ാം പ്രത്യക്ഷത്തില്‍ കണ്ടു. ഉടനെ കാലനെ വണങ്ങി സ്തുതിച്ചു. സന്തുഷ്ടനായ യമധര്‍മ്മരാജാവ് ഉടനെ ഭൃഗുമഹര്‍ഷിയുടെ കൈപിടിച്ച് ആ മന്ദരപര്‍വ്വതസാനു പ്രദേശത്തില്‍നിന്ന് പെട്ടെന്ന് സമംഗാനദീതീരത്ത്‌ തപോനിഷ്ഠയിലിരിക്കുന്ന ഋഷികുമാരന്റെ പുരഭാഗത്തെത്തിച്ചേര്‍ന്നു.

കണ്ണുമടച്ചു സമാധിയില്‍ മുഴുകിയ വാസുദേബ്രാഹ്മണന്റെ മുമ്പില്‍ കുറച്ചുനേരം അവര്‍ രണ്ടുപേരും നോക്കി നിന്നു. അനന്തരം യമന്‍ അദ്ദേഹം സമാധിവിട്ടുണരട്ടെ എന്നു സങ്കല്പിച്ചപ്പോള്‍ ബ്രാഹ്മണകുമാരന്‍ സമാധിവിട്ട് കണ്‍മിഴിച്ചു നോക്കി. തന്റെ മുന്നില്‍ നില്‍ക്കുന്ന പ്രഭാവശാലികളായ രണ്ടു മഹാത്മാക്കളേയും വണങ്ങി. ദര്‍ശനമാത്രം കൊണ്ടുതന്നെ തനിക്കുണ്ടായ അനുഭവവിശേഷങ്ങളെപ്പറഞ്ഞ് അവരെ വാഴ്ത്തി സ്തുതിച്ചു. എങ്കിലും അവരാരാണെന്നറിയാത്തതുകൊണ്ട് വ്യക്തമാക്കിത്തരണമെന്നപേക്ഷിക്കുകയും ചെയ്തു. ഭൃഗുമഹര്‍ഷിയുടെ അനുഗ്രഹം കൊണ്ടു പെട്ടെന്ന് അദ്ദേഹത്തിന്റെ മായാവരണം നീങ്ങി; അപ്പോള്‍ എല്ല‍ാം അറിയുകയും ചെയ്തു. പിന്നെ മൂന്നുപേരുംകൂടി മന്ദരപര്‍വ്വതപ്രദേശത്തേയ്ക്കു വന്നു. ഭാര്‍ഗ്ഗവജീവന്‍ ബ്രാഹ്മണശരീരാഭിമാനത്തെ വിട്ട് പൂര്‍വ്വശരീരത്തെ പ്രാപിക്കുകയും യമന്‍ അവരെ അനുഗ്രഹിച്ചു മറയുകയും ചെയ്തു.

ഹേ രാമ! ശരീരത്തിന്റെ ഉണ്ടാവലും നിലനില്‍പും നാശവും എന്നുവേണ്ട, എല്ലാവിധ ഭാവങ്ങളും മനസ്സിന്റെ കല്പനാമാത്രങ്ങളാണെന്ന് ഇതില്‍നിന്നു വ്യക്തമാവുന്നില്ലേ? അവിദ്യയുടെ നാനാവിധ വിലാസങ്ങളാണ് സംസാരം. അവിദ്യനീങ്ങിയ ഒരാള്‍ക്കു സംസാരത്തിന്റെ സ്ഫുരണംതന്നെയില്ല. അതിനാല്‍ അവിദ്യയെ നീക്കി സംസാരസ്ഫുരണമില്ലാത്ത സത്താമാത്രസ്ഥിതിയില്‍ത്തന്നെ എപ്പോഴും ഇരിക്കാനായി ശ്രമിക്കൂ.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.