യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 429 – ഭാഗം 6 നിര്‍വാണ പ്രകരണം.
പ്രാപ്തകാലം കൃതം കാര്യം രാജതേ നാഥ നേതരത്
വസന്തേ രാജതേ പുഷ്പം ഫലം ശരദി രാജതേ (6/84/22)
വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനത്തിന്റെ അഭാവത്തില്‍ ശിഖിധ്വജന്‍ മോഹാന്ധകാരത്തില്‍ തന്റെ ജീവിതം തുടര്‍ന്നു. എങ്കിലും ലോകത്തിലുള്ള ഒന്നിനും തൃപ്തമാക്കാന്‍ കഴിയാത്ത ഒരു ദുഃഖം അദ്ദേഹത്തെ മഥിച്ചു. താമസം വിനാ, അദ്ദേഹവും, രാമാ, നിന്നെപ്പോലെ ഏകാന്തത ഇഷ്ടപ്പെടുവാന്‍ തുടങ്ങി. മന്ത്രിമാര്‍ പറയുന്ന അത്യാവശ്യം രാജ്യകാര്യങ്ങള്‍ മാത്രം അദ്ദേഹം ചെയ്തുവന്നു. ദാനധര്‍മ്മങ്ങള്‍ അനവധി ചെയ്തു. യാഗങ്ങളും നടത്തി. എന്നാല്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്ന ദുഖത്തിന് അറുതിയുണ്ടായില്ല.
അവസാനം ആലോചിച്ചുറച്ച തീരുമാനത്തോടെ അദ്ദേഹം രാജ്ഞിയോട് ഇങ്ങനെ പറഞ്ഞു: ഞാന്‍ രാജകീയ ഭോഗങ്ങളും അധികാരവും ഏറെക്കാലം അനുഭവിച്ചു. എന്നാല്‍ ഒരു താപസന്റെ മനസ്സെന്നെ ആകര്‍ഷിക്കുന്നു. കാരണം സുഖദുഖങ്ങളോ ഐശ്വര്യാനൈശ്വര്യങ്ങളോ അവരെ ബാധിക്കുന്നില്ലല്ലോ. ഞാന്‍ വനത്തില്‍പ്പോയി തപസ്സിലേര്‍പ്പെടാന്‍ പോവുന്നു. കാട് പലവിധത്തിലും നിന്നെ ഓര്‍മ്മിപ്പിക്കുന്നു. നിന്റെ അംഗപ്രത്യംഗം കാട്ടിലെ പ്രകൃതിരമണീയതപോലെ തന്നെയാണ്. അതുകൊണ്ട് അവ നീയെന്നപോലെ എന്നെ സന്തുഷ്ടനാക്കും എന്നെനിക്കുറപ്പുണ്ട്. എനിക്ക് നിന്റെ അനുമതി നല്‍കിയാലും ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ ഇഷ്ടത്തിനു വിഘാതമാവുകയില്ലല്ലോ.
ചൂഡാല പറഞ്ഞു: “ഉചിതമായ സമയത്ത് ചെയ്യപ്പെടുന്ന കര്‍മ്മങ്ങളേ സമുചിതമായി കൊണ്ടാടപ്പെടുകയുള്ളു. വസന്തകാലത്ത് പൂക്കളും ശിശിരത്തില്‍ കായ്കളും എന്നതാണ് പ്രകൃതി നിയമം.” വനവാസം വാര്‍ദ്ധക്യത്തില്‍ മതി. അങ്ങയുടെ പ്രായക്കാര്‍ക്ക് അനുയോജ്യമല്ലത്. ഒരു ഗൃഹസ്ഥജീവിതമാണ് അങ്ങേയ്ക്കുത്തമം. നമുക്ക് രണ്ടാള്‍ക്കും വാര്‍ദ്ധക്യമാവുമ്പോള്‍ വനവാസത്തിനു പോകാം. മാത്രമല്ല, അങ്ങിപ്പോള്‍ ഇവിടം വിട്ടുപോയാല്‍ നമ്മുടെ പ്രജകള്‍ക്ക് നാഥനില്ലാതെയാവുകയും ചെയ്യും.
ശിഖിധ്വജന്‍ പറഞ്ഞു: എന്റെ മുന്നില്‍ തടസ്സവാദങ്ങള്‍ ഒന്നും പറയരുതേ. ഞാന്‍ വനവാസത്തിനു പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീ കേവലം ചെറിയൊരു പെണ്ണാണ്. നീയും വനത്തിലേയ്ക്ക് വരികയെന്നത് ഉചിതമല്ല. വനത്തിലെ താപസവൃത്തി നിനക്ക് ഹിതമാവുകയില്ല. അതുകൊണ്ട് നീയിവിടെ താമസിച്ചു രാജ്യഭാരം നടത്തിയാലും.
വസിഷ്ഠന്‍ തുടര്‍ന്നു: അന്നുരാത്രി രാജ്ഞി ഉറങ്ങുമ്പോള്‍ നഗരം ചുറ്റാനാണെന്ന മട്ടില്‍ രാജാവ് വനത്തിലേയ്ക്ക് പോയി. കുതിരപ്പുറത്തേറി രാത്രിമുഴുവന്‍ സഞ്ചരിച്ച് അദ്ദേഹം മന്ദരപര്‍വതത്തിലുള്ള നിബിഢവനത്തില്‍ എത്തിച്ചേര്‍ന്നു. ജനപഥങ്ങളില്‍ നിന്നകലെ പണ്ട് മാമുനിമാര്‍ താമസിച്ചിരുന്ന ഒരിടമായിരുന്നു അത്. അവിടെ താപസവൃത്തിക്കാവശ്യമായ എല്ലാം സംഘടിപ്പിച്ചു. ഒരു കുടില്‍കെട്ടി. മുളവടി, കമണ്ഡലു, ഭിക്ഷാപാത്രം, പൂപ്പാളിക, ജലകുംഭം, രുദ്രാക്ഷമാല, തമുപ്പില്‍ നിന്നും രക്ഷയ്ക്കായി കമ്പിളി, ഇരിക്കാനായി മാന്തോല്‍ എല്ലാം ഒരുക്കി. താപസജീവിതം തുടങ്ങി.
അദ്ദേഹം പതിവായി ജപത്തിലും ധ്യാനത്തിലും ഉച്ചവരെ കഴിഞ്ഞു. ഉച്ചതിരിഞ്ഞ് പൂക്കള്‍ അറുത്തും കുളി തേവാരങ്ങള്‍ ചെയ്തും കഴിച്ചു കൂട്ടി. അത് കഴിഞ്ഞു ഫലമൂലാദികള്‍ കൊണ്ട് ലഘുഭക്ഷണവും കഴിച്ചു. വീണ്ടും മന്ത്ര ജപാദികള്‍. തന്‍ വിട്ടുപോന്ന രാജ്യത്തെപ്പറ്റി ആലോചിക്കപോലും ചെയ്യാതെ അദ്ദേഹം ഏറെനാള്‍ ആ കുടിലില്‍ കഴിഞ്ഞു.