യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 431 – ഭാഗം 6 നിര്‍വാണ പ്രകരണം.

ജീവിതം യാതി സാഫല്യം സ്വമഭ്യഗതപൂജയാ
ദേവാദപ്യധികം പൂജ്യഃ സതാമഭ്യാഗതോ ജനഃ (6/85/82)

വസിഷ്ഠന്‍ പറഞ്ഞു: വെറുമൊരു സ്ത്രീയായ തന്നില്‍ നിന്നും ആത്മോപദേശം സ്വീകരിക്കാന്‍ രാജാവ് ഇനിയും മടിച്ചെങ്കിലോ എന്ന് കരുതി ചൂഡാല ഒരു മുനികുമാരന്റെ രൂപം സ്വീകരിച്ച് തന്റെ പ്രിയതമന്റെ മുന്നില്‍ വന്നിറങ്ങി. മുന്നില്‍ തേജസ്വിയായ യുവമുനിയെക്കണ്ട് ശിഖിധ്വജന്‍ സന്തുഷ്ടനായി. രണ്ടാളും ആത്മപ്രകാശത്തിന്റെ നിറവില്‍ പ്രശോഭിതരായിരുന്നു. ആരുടെ ശോഭയാണ് കൂടുതല്‍ ഉല്‍ക്കൃഷ്ടം എന്ന് പറയുക വയ്യ. യുവമുനിയുടെ തേജസ്സ് കണ്ട് അദ്ദേഹമൊരു ഗന്ധര്‍വ്വനോ കിന്നരനോ ആണെന്ന് ശിഖിധ്വജന്‍ നിശ്ചയിച്ചു. അദ്ദേഹത്തെ ഉചിതമായി സ്വീകരിച്ചു. ചൂഡാല അത് സമുചിതമായി കണക്കാക്കി മുനിയെ ശ്ലാഘിച്ചു സംസാരിക്കുകയും ചെയ്തു.

‘ഞാന്‍ ഈ ലോകം മുഴുവനും സഞ്ചരിച്ചു. എന്നാല്‍ ഇത്ര ഭക്തി ബഹുമാനങ്ങളോടെ ആരും എന്നെ ഇതുവരെ സ്വീകരിച്ചിട്ടില്ല. അങ്ങയുടെ തപസ്സും പ്രശാന്തതയും കണ്ടിട്ട് ഞാനേറെ സന്തുഷ്ടനായിരിക്കുന്നു. രാജകീയ സുഖഭോഗങ്ങളും അധികാരങ്ങളും ഉപേക്ഷിച്ച് വനവാസിയായി വാള്‍ത്തലമേലുള്ള നടത്തം പോലുള്ള ആത്മീയതയുടെ പാതയാണല്ലോ അങ്ങ് തിരഞ്ഞെടുത്തത്?’

ശിഖിധ്വജന്‍ പറഞ്ഞു: ദേവപുത്രനായ അങ്ങേയ്ക്ക് എല്ലാ കഥയും അറിയാം. അങ്ങയുടെ ദര്‍ശനം തന്നെ എനിയ്ക്ക് അമൃതസമാനമാണ്. എന്റെ ഭാര്യയാണിപ്പോള്‍ രാജ്യം ഭരിക്കുന്നത്. അങ്ങയെക്കാണുമ്പോള്‍ സുചരിതയും സുഭഗയുമായ അവളെയാണ് എനിക്കോര്‍മ്മവരുന്നത്. ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിച്ച പൂക്കള്‍ അനുഗൃഹീതമാവട്ടെ.

“അതിഥിയായി (തിഥി മുന്‍കൂട്ടിപ്പറയാതെ) വന്നെത്തുന്നയാളെ പൂജിച്ചു ബഹുമാനിക്കുന്നത് ഒരുവന്റെ ജന്മസാഫല്യമത്രേ. അതിന്റെ പ്രാധാന്യം ദേവതകളെ പൂജിക്കുന്നതിലും മേലെയാണ്.” പറയൂ അങ്ങാരാണ്? അങ്ങയുടെ ഈ സന്ദര്‍ശനസൌഭാഗ്യം എനിക്ക് ലഭിക്കാന്‍ എന്താണ് കാരണം?

യുവമുനി (ചൂഡാല) പറഞ്ഞു: നാരദന്‍ എന്നൊരു ദിവ്യമുനിയുണ്ടല്ലോ ഈ ഭൂമണ്ഡലത്തില്‍? അദ്ദേഹം ഒരിക്കല്‍ ഗംഗാതീരത്ത്‌ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. ധ്യാനത്തില്‍ നിന്നുണര്‍ന്ന അദ്ദേഹം ജലകേളിയില്‍ ഏര്‍പ്പെട്ടിരുന്ന ആരുടേയോ കൈവളക്കിലുക്കം കേട്ടു. ആരെന്നറിയാന്‍ അദ്ദേഹം തല തിരിച്ചു നോക്കിയപ്പോള്‍ കുറെ അപ്സരസ്സുകള്‍ നഗ്നരായി ജലകേളിയാടി സ്നാനം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. അതീവ സുന്ദരികളായിരുന്ന അവരുടെ രൂപഭാവങ്ങള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ സുഖാനുഭവം ഉണര്‍ത്തി. കാമത്തിന്റെ പിടിയില്‍പ്പെട്ട് അദ്ദേഹത്തിന്‍റെ മനസ്സ് ചഞ്ചലമായി. സമതാഭവം കൈവിട്ടുപോയി.

ശിഖിധ്വജന്‍ ചോദിച്ചു: മഹാത്മന്‍, ആ മുനി ഇത്ര വലിയ പണ്ഡിതനായിരുന്നിട്ടും മുക്തികൈവന്ന ഋഷിവര്യനായിരുന്നിട്ടും ആശാപാശങ്ങളില്‍ നിന്നും വിമുക്തനായിരുന്നിട്ടും ആകാശം പോലെ സീമാതീതമാണ് ബോധമെന്ന അറിവുണ്ടായിരുന്നിട്ടും എങ്ങനെയാണ് അദ്ദേഹത്തെ വെറും കേവലവികാരമായ കാമം തീണ്ടിയത്?

ചൂഡാല പറഞ്ഞു: രാജര്‍ഷേ, മൂലോകങ്ങളിലും ഉള്ള ജീവികള്‍ക്ക് ശരീരം എന്നൊരുപാധി ഉള്ളിടത്തോളം അത് ദ്വൈതശക്തികളുടെ പിടിയില്‍ത്തന്നെയാണ്. ഒരുവന്‍ പ്രബുദ്ധനാണെങ്കിലും അല്ലെങ്കിലും ദേഹമുണ്ടോ, എങ്കില്‍ അതിനു സുഖാന്വേഷണത്വര സഹജമായുമുണ്ട്. സുഖദുഃഖങ്ങള്‍, സന്തോഷസന്താപങ്ങള്‍ എന്നിവയ്ക്ക് അതിരില്ല. സുഖവിഷയങ്ങള്‍ ആസ്വദിക്കുമ്പോള്‍ സന്തോഷവും അവയെ നിരാകരിക്കുമ്പോള്‍ ദുഖവും ദേഹത്തിനു പ്രകൃത്യായുള്ളതാണ്.