കര്‍മ്മവും ജ്ഞാനവും (434)
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 434 – ഭാഗം 6 നിര്‍വാണ പ്രകരണം.
അനുപാദേയവാക്യസ്യ വക്തുഃ പ്രഷ്ടസ്യ ലീലയാ
വ്രജന്ത്യഫലതാം വാചസ്തമസീവാക്ഷസംവിദഃ (6/87/42)
ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ഞാനൊരിക്കല്‍ എന്റെ പിതാവിനോടു ചോദിച്ചു, ഏതാണ് കൂടുതല്‍ ഉത്തമം? ക്രിയായോഗമോ? അത്മജ്ഞാനമോ?
അദ്ദേഹം പറഞ്ഞു, ജ്ഞാനം തന്നെയാണ് ഏറ്റവും വലുത്. കാരണം ജ്ഞാനത്തിലൂടെയാണ് ഒരുവന്‍ തന്റെ സ്വരൂപത്തെ സാക്ഷാത്ക്കരിക്കുന്നത്. അതേസമയം ക്രിയായോഗം (കര്‍മ്മയോഗം) വളരെയധികം നിറപ്പകിട്ടുള്ളതാണ്. നേരംപോക്കുമാണ്. ജ്ഞാനത്തിനു യോഗ്യതയില്ലാത്തവര്‍ കര്‍മ്മത്തില്‍ കുടുങ്ങുന്നു. നല്ല വസ്ത്രത്തിന്റെ അഭാവത്തില്‍ ചാക്ക് തുന്നിക്കെട്ടിയ ഒരു കുപ്പായം അണിയുകതന്നെ.
സ്വയം വാസനകളാല്‍ ബന്ധിതമാകയാല്‍ അജ്ഞാനികള്‍ തങ്ങളുടെ കര്‍മ്മഫലങ്ങളില്‍ ആസക്തരായി കഴിയുന്നു. എന്നാല്‍ കര്‍മ്മഫലങ്ങളെ ത്യജിച്ചാല്‍, കര്‍മ്മങ്ങള്‍, സദ്‌കര്‍മ്മങ്ങളോ ദുഷ്കര്‍മ്മങ്ങളോ ആയിക്കൊള്ളട്ടെ, അവ ‘അകര്‍മ്മങ്ങളാ’വുന്നു. സ്വയം തീര്‍ത്ത പരിമിതികളോ ഇച്ഛകളോ ഇല്ലാതെ നടത്തുന്ന കര്‍മ്മങ്ങള്‍ക്ക് ഫലങ്ങളുണ്ടാവുന്നില്ല. കാരണം കര്‍മ്മങ്ങള്‍ സ്വയം ഫലങ്ങളെ ഉണ്ടാക്കുന്നില്ല. കര്‍മ്മങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന വാസനകളാണ് കര്‍മ്മഫലങ്ങളെ അനുഭവവേദ്യമാക്കുന്നത്.
ഭൂതത്തെ ഓര്‍ത്ത് പേടിച്ചരണ്ട കുട്ടി ഭൂതത്തെ കാണുന്നു. അജ്ഞാനി ദുഖങ്ങളും ദുരിതങ്ങളും സങ്കല്പ്പിച്ചുണ്ടാക്കി അനുഭവിക്കുന്നു. സ്വപരിമിതി, ഉപാധി, എന്നെല്ലാം അറിയപ്പെടുന്ന വാസനയോ, അതനുഭവിക്കുന്ന അഹംഭാവമോ സത്യമല്ല. മൂഢമനസ്സിന്റെ സൃഷ്ടിയാണവ. ഈ മൂഢത്വം കളയുമ്പോള്‍ എല്ലാമെല്ലാം ബ്രഹ്മമാണെന്നു തിരിച്ചറിയുന്നു. സ്വപരിമിതികള്‍ ഇല്ലാതാവുന്നു. വാസനയുള്ളപ്പോള്‍ മനസ്സുണ്ട്. മനസ്സില്‍ വാസനകള്‍ ഒടുങ്ങുമ്പോള്‍ ആത്മജ്ഞാനം ഉണരുകയായി. ആത്മജ്ഞാനിയ്ക്ക് ജനിമരണങ്ങളില്ല. ബ്രഹ്മാവും മറ്റ് ദൈവങ്ങളും എല്ലാം ആത്മജ്ഞാനത്തിന്റെ ഔന്നത്യത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
അങ്ങെന്തിനാണ് അജ്ഞാനത്തില്‍ കഴിയുന്നത്? ‘ഇത് കമണ്ഡലു’, ‘ഇത് ദണ്ഡ്’, തുടങ്ങിയ വൈവിദ്ധ്യചിന്തകളോടെ എന്തിനാണ് അജ്ഞാനം നിലനിര്‍ത്തുന്നത്? ‘ഞാന്‍ ആരാണ്’ എന്നും ‘ഈ ലോകം എങ്ങനെ ഉണ്ടായി’ എന്നും ‘ഇതെല്ലാം എങ്ങനെ അവസാനിക്കും’ എന്നും അങ്ങേയ്ക്ക് എന്തുകൊണ്ട് ധ്യാനിച്ചു കൂടാ? ബന്ധങ്ങളുടെയും മുക്തിയുടെയും സത്യസ്ഥിതി അറിഞ്ഞ് അങ്ങെന്തുകൊണ്ടാണ് ഇനിയും പ്രബുദ്ധത കൈവരിക്കാത്തത്? എന്തിനാണ് അങ്ങീ കര്‍മ്മങ്ങളില്‍ മുഴുകി, കഠിനതപം ചെയ്ത് ജീവിതം പാഴാക്കുന്നത്?
മഹാത്മക്കളുമായുള്ള സത്സംഗം, അവരെ പരിചരിക്കല്‍, അവരുമായുള്ള ചര്‍ച്ചകള്‍ എന്നിവ ആത്മജ്ഞാനത്തിനു സഹായിക്കും.
ശിഖിധ്വജന്‍ പറഞ്ഞു: മുനേ അങ്ങയുടെ വാക്കുകള്‍ എന്നില്‍ ഉണര്‍വ്വുണ്ടാക്കിയിരിക്കുന്നു. എല്ലാ മൂഢതയും ഞാന്‍ ഉപേക്ഷിക്കുന്നു. അങ്ങാണെന്റെ ഗുരു. ഞാന്‍ ശിഷ്യന്‍. അങ്ങെന്നെ സ്വീകരിച്ച് ദുഖങ്ങളെല്ലാം അവസാനിപ്പിക്കുന്ന ആ പരമമായ അറിവ് പകര്‍ന്നു തന്നാലും.
ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: രാജര്‍ഷേ, അങ്ങ് സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ അങ്ങേയ്ക്ക് സദുപദേശം നല്‍കാം. “ഒരുവന്‍ വെറുതെ ഒരു രസത്തിന് ചോദ്യം ചോദിച്ചിട്ട് മറ്റെയാള്‍ അതുപോലെ തന്നെ നിസ്സാരമായി ഉത്തരം നല്‍കിയാല്‍ അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാവുന്നില്ല. ചോദ്യകര്‍ത്താവിന്, കിട്ടുന്ന ഉപദേശം സ്വീകരിച്ച് അനുവര്‍ത്തിക്കാനുള്ള ആര്‍ജ്ജവമില്ലെങ്കില്‍ ആ പഠനമൊരു പാഴ് വേലയാണ്.”
ശിഖിധ്വജനില്‍ നിന്നും അത്തരം ഒരുറപ്പുകിട്ടിയശേഷം ചൂഡാല പറഞ്ഞു: ഞാനൊരു കഥപറയാം. ശ്രദ്ധിച്ചുകേട്ടാലും. അങ്ങയുടെ ജീവിതവുമായി അതിനു സാമ്യമുണ്ട്.