യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 435 – ഭാഗം 6 നിര്‍വാണ പ്രകരണം.
ദുഖാനി മൌര്‍ഖ്യവിഭവേന ഭവന്തി യാനി
നൈവാപദോ ന ച ജരാമരണേന താനി
സര്‍വ്വാപദാം ശിരസി തിഷ്ഠതി മൌര്‍ഖ്യമേകം
കൃഷ്ണം ജനസ്യ വപുഷാമിവ കേശജാലം (6/88/27)
ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: പണ്ട് കണക്കില്ലാത്ത സ്വത്തും ജ്ഞാനവും സ്വായത്തമായിരുന്ന ഒരാളുണ്ടായിരുന്നു. എല്ലാവിധ ഐശ്വര്യങ്ങളും അദ്ദേഹത്തിനു സ്വന്തമായിരുന്നു. കര്‍മ്മകുശലന്‍, എല്ലാ കലകളിലും നൈപുണ്യമുള്ളവന്‍, ബുദ്ധിമാന്‍, കാര്യപ്രാപ്തന്‍, എല്ലാമായിരുന്നെങ്കിലും അദ്ദേഹത്തിനു തന്റെ സ്വരൂപത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അദ്ദേഹം ചിന്താമണിയെന്ന അപൂര്‍വ്വരത്നം കൈക്കലാക്കാന്‍ വേണ്ടി തപസ്സു തുടങ്ങി. ഈ രത്നം ഉടമസ്ഥന്റെ ഏത് ആശകളേയും സാധിപ്പിക്കുന്നതാണെന്ന് പ്രസിദ്ധമാണല്ലോ.
അദ്ദേഹത്തിന്‍റെ തപസ്സ് തീവ്രമായിരുന്നു. അതുകൊണ്ട് താമസംവിനാ ആ രത്നം അദ്ദേഹത്തിന്‍റെ മുന്നില്‍ പ്രത്യക്ഷമായി. പ്രയത്നം കൊണ്ട് നേടാന്‍ കഴിയാത്തതായി എന്തുണ്ട്? ദരിദ്രനാണെങ്കില്‍പ്പോലും സ്വപ്രയത്നം ഏകാഗ്ര ചിത്തത്തോടെ ബുദ്ധിമുട്ടുകളെ തൃണവല്‍ഗണിച്ചുകൊണ്ട് ചെയ്യുന്നവന് ആഗ്രഹപൂര്‍ത്തിയുണ്ടാവും എന്നത് നിശ്ചയം.
തനിക്കുമുന്നില്‍ തൊടാവുന്ന അകലത്തിലതാ ആ വിലയേറിയ കല്ലിരിക്കുന്നു. എങ്കിലും അതിനെക്കുറിച്ചൊരുറപ്പ് അയാള്‍ക്കില്ലാതെ പോയി. ‘ഇത് ഞാന്‍ വിചാരിച്ച ചിന്താമണി തന്നെയാണോ?’ ദീര്‍ഘതപസ്സിന്റെയും പരിശ്രമത്തിന്റെയും ഫലമായി അദ്ദേഹത്തെ ചെറിയൊരു ചിന്താക്കുഴപ്പം ബാധിച്ചിരുന്നു. ‘ഞാന്‍ അതിനെ തോടണമോ വേണ്ടയോ?’, ‘ഞാന്‍ തൊടുന്ന മാത്രയില്‍ അത് അപ്രത്യക്ഷമായാലോ?’. ‘ഇത്ര എളുപ്പത്തില്‍ കിട്ടാവുന്ന ഒന്നാണോ ചിന്താമണി?’ ‘ശാസ്ത്രങ്ങളില്‍ പറയുന്നത് ചിന്താമണി കിട്ടാന്‍ ജന്മം മുഴുവനും പരിശ്രമിക്കണം എന്നാണ്. ഞാന്‍ സ്വപ്നം കാണുകയായിരിക്കും. അല്ലെങ്കില്‍ ദരിദ്രനും അത്യാഗ്രഹിയുമായ എന്നില്‍ ഇതൊരു മതിഭ്രമമായിരിക്കും. ചിന്താമണി കരസ്ഥമാക്കാനുള്ള ഭാഗ്യമൊന്നും എനിക്കുണ്ടാവാനിടയില്ല.’
‘ഉന്നതന്മാരായ മഹാന്മാര്‍ക്ക് ചിലപ്പോള്‍ ഈ ചിന്താമണി പെട്ടെന്ന് തന്നെ ലഭിച്ചേക്കാം എന്നാല്‍ എന്നെപ്പോലുള്ള സാധാരണക്കാരന് ഇത് ക്ഷിപ്രസാദ്ധ്യമാണെന്ന് തോന്നുന്നില്ല. എന്നിലെ തപഃശക്തി അത്ര പ്രബലമല്ലല്ലോ. ഇത്ര പെട്ടെന്ന് എനിക്കിത് കിട്ടില്ല, തീര്‍ച്ച.’ എന്നിങ്ങനെ ആലോചിച്ച് അദ്ദേഹമാ ചിന്താമണിയെ തോട്ടുനോക്കുകപോലും ചെയ്തില്ല. അയാള്‍ക്കത് വിധിച്ചിട്ടില്ല. ഒരാള്‍ക്ക് അര്‍ഹമായതല്ലേ ലഭിക്കൂ. അതും അതിന്റെ സമയമാകുമ്പോള്‍ മാത്രം. ചിന്താമണി തന്റെ മുന്നിലിരുന്നിട്ടും ആ മൂഢന്‍ അതിനെ അവഗണിച്ചു. അവഗണിക്കപ്പെട്ട ചിന്താമണി താമസംവിനാ അപ്രത്യക്ഷമാവുകയും ചെയ്തു.
സിദ്ധികള്‍ അങ്ങനെയാണ്. സാധകന്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കിയിട്ട് അവസാനം അവനെ ഉപേക്ഷിച്ചു പോകും. അതിനൊപ്പം അവന്റെ വിവേകത്തെയും ഇല്ലായ്മ ചെയ്യും.
ആ മനുഷ്യന്‍ ചിന്താമണിക്കായി വീണ്ടും തപസ്സു ചെയ്യാന്‍ തുടങ്ങി. പരിശ്രമശാലികളുടെ രീതി അതാണല്ലോ? അവര്‍ ഒന്നില്‍നിന്നും പിന്മാറുകയില്ല. കുറച്ചുകഴിഞ്ഞ് ദേവതമാര്‍ അയാള്‍ക്ക് മുന്നില്‍ ഒരു വെറും സ്ഫടികക്കക്ഷണം തമാശയ്ക്ക് എറിഞ്ഞിട്ടു കൊടുത്തു. അതിനെ ചിന്താമണിയെന്നയാള്‍ വിശ്വസിച്ചു. ഭ്രമചിത്തനായ അയാള്‍ ആ ചില്ലുകഷണത്തെ ചിന്താമണിയെന്നു കരുതി കയ്യിലെടുത്തു. അത് തന്റെ എല്ലാ അഭീഷ്ടങ്ങളെയും സാധിപ്പിക്കും എന്ന് കരുതി അദ്ദേഹം തന്റെ സമ്പദൈശ്വര്യങ്ങളെല്ലാം ഉപേക്ഷിച്ച് വനത്തിലേയ്ക്ക് പോയി. ഈ മൂഢതമൂലം അദ്ദേഹം ഇപ്പോഴും വൃഥാ ദുരിതമനുഭവിക്കുന്നു.
കൊടിയ ദുരന്തങ്ങളും, ജരാനരകളും, മരണവും, ഒന്നും മൂഢതയുടെ ഫലമായി ഉണ്ടാവുന്ന ദുരിതങ്ങളേക്കാള്‍ വലുതല്ല. ദുരന്തങ്ങളുടെയും ദുരിതാനുഭവങ്ങളുടെയും കൊടുമുടിയാണ് മൂഢത.