യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 437 – ഭാഗം 6 നിര്‍വാണ പ്രകരണം.

ത്യാഗിതാ സ്യാത്കുതസ്തസ്യ ചിന്താമപ്യാവൃണോതി യഃ
പവനസ്പന്ദയുക്തസ്യ നിഃസ്പന്ദത്വം കുതസ്തരോഃ (6/90/14)

ശിഖിധ്വജന്‍ പറഞ്ഞു: മഹാത്മാവേ, അങ്ങ് പറഞ്ഞ കഥകളുടെ സാരാംശം എന്തെന്ന് കൂടി പറഞ്ഞു തന്നാലും.

ബ്രാഹ്മണന്‍ (ചൂഡാല) പറഞ്ഞു: ചിന്താമണി തിരഞ്ഞുപോയ സമ്പന്നനും വിദ്യാവിശാരദനുമായ ആള്‍ അങ്ങ് തന്നെയാണ്. അങ്ങേയ്ക്ക് ശാസ്ത്രജ്ഞാനം വേണ്ടത്രയുണ്ട്. എന്നാല്‍ ജലത്തില്‍ക്കിടക്കുന്ന കല്ലുപോലെ മനസ്സില്‍ പ്രശാന്തി കൈവന്നിട്ടില്ല.

ചിന്താമണി എന്ന അവസ്ഥ സര്‍വ്വതിനെയും സംത്യജിക്കുക എന്നതാണ്. അത് സര്‍വ്വദുഖങ്ങള്‍ക്കും അറുതി നല്‍കും. ഈ ചിന്താമണിയെ എന്തുമായാണ് ഉപമിക്കേണ്ടത്? സാമ്രാജ്യവും മറ്റും ഉപേക്ഷിക്കുന്നതില്‍ അങ്ങ് വിജയിച്ചു. അത് കഴിഞ്ഞ് അങ്ങീ കുടിലില്‍ താമസമാക്കി. എന്നാല്‍ എല്ലാം ഉപേക്ഷിച്ചുവെന്ന് കരുതുമ്പോഴും അങ്ങയുടെ അഹംഭാവം ബാക്കിയാണ്.

ഹൃദയം മനസ്സിനെ (ചിന്തകളുടെ സഞ്ചാരം) പൂര്‍ണ്ണമായി ഉപേക്ഷിക്കുകയാണെങ്കില്‍ പരംപൊരുളിനെ സാക്ഷാത്ക്കരിക്കാം. എന്നാല്‍ സന്യാസത്തെക്കുറിച്ചുള്ള ചിന്തകള്‍ അങ്ങയെ മഥിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ സംപൂര്‍ണ്ണസംന്യാസത്തിന്റെ ആനന്ദം ഉള്ളില്‍ ഉണരാനിടയാവുന്നില്ല. “എല്ലാം ഉപേക്ഷിച്ചവന് ഒന്നിനെപ്പറ്റിയും വേവലാതിയില്ല. മരത്തിന്റെ ശാഖകള്‍ കാറ്റില്‍ ചാഞ്ചാടുകയാണെങ്കില്‍ ആ മരം നിശ്ചലമാണെന്ന് പറയാന്‍ വയ്യല്ലോ.”

അത്തരം വേവലാതിയാണ്, ചിന്താസഞ്ചാരമാണ്, മനസ്സ്. സങ്കല്‍പ്പം, പ്രതീതി, ചിന്ത, എന്നിങ്ങനെ പല പേരുകളിലും മനസ്സ് അറിയപ്പെടുന്നു. ചിന്തകള്‍ ഇനിയും നിലച്ചില്ലെങ്കില്‍ എല്ലാം സംന്യസിച്ചു എന്നെങ്ങനെ പറയാന്‍ കഴിയും? മനസ്സ് ചിന്താകലുഷമാകുമ്പോള്‍ മൂന്നു ലോകങ്ങളും ക്ഷണത്തില്‍ പ്രത്യക്ഷമാവുന്നു. ചിന്തകള്‍ അവിടെ തങ്ങിനില്‍ക്കുമ്പോള്‍ നിര്‍മലമായ സംന്യാസമെന്നു പറയാന്‍ വയ്യ. അത്തരം ചിന്തകള്‍ ഉള്ളില്‍ ഉണരുമ്പോള്‍ സംന്യാസം ഹൃദയത്തില്‍ നിന്നും പടിയിറങ്ങുന്നു. കഥയിലെ മനുഷ്യന്റെ കയ്യില്‍ നിന്നും ചിന്താമണി പോയതുപോലെയാണത്. അങ്ങ് സംന്യാസത്തിന്റെ ആന്തരീകാര്‍ത്ഥം ഗ്രഹിക്കാത്തതിനാല്‍ അതങ്ങയെ വിട്ടുപോയി. ചിന്താവ്യാകുലതകളില്‍ നിന്നുള്ള മുക്തിയെന്ന അവസ്ഥയും അത് കൊണ്ടുപോയി. ആ രത്നക്കല്ല് ഉപേക്ഷിച്ചിട്ട് അങ്ങ് സ്ഫടികക്കഷണം ശരിയായ രത്നമെന്നു കരുതി കയ്യിലെടുത്തു. കഠിനതപസ്സും അതിനായുള്ള ആചരണങ്ങളുമെല്ലാം വെറും ചില്ലുകഷണങ്ങള്‍!

അങ്ങ് സ്വയം അതിനെ വിലമതിക്കാന്‍ തുടങ്ങി. അനന്തമായ അനാസക്തമായ ഉപാധിരഹിതമായ ആത്മബോധത്തിനു പകരം കര്‍മ്മാചാരങ്ങളും തപശ്ചര്യകളും അങ്ങേയ്ക്ക് അഭിമതമായിത്തീര്‍ന്നു. അത് കൂടുതല്‍ ദുഖത്തിന് കാരണമാവുകയും ചെയ്തു. ക്ഷിപ്രലഭ്യമായ അനന്താനന്ദം വേണ്ടെന്നുവച്ച് കിട്ടാന്‍ സാദ്ധ്യതയില്ലാത്തതിനെ തേടി അലയുന്നത് പരമ വിഡ്ഢിത്തമെന്നല്ലേ പറയാവൂ? അത് ആത്മഹത്യാപരവുമാണ്.

അങ്ങ് വനവാസത്തിന്റെ ബന്ധനത്തില്‍പ്പെട്ട് ശരിയായ സംന്യാസത്തിനായുള്ള പരിശ്രമം ഉപേക്ഷിച്ചിരിക്കുന്നു. അങ്ങ് രാജ്യഭരണത്തിന്റെയും കുടുംബജീവിതത്തിന്റെയും ബന്ധനത്തില്‍ നിന്ന് വിടുതല്‍ നേടിയിട്ട് വന്നുപെട്ടിരിക്കുന്നത് താപസജീവിതത്തിന്റെ ബന്ധനത്തിലാണ്. അങ്ങേയ്ക്ക് ചൂട്, തണുപ്പ്, കാറ്റ് എല്ലാറ്റിനെയും പറ്റി വേവലാതിയിപ്പോള്‍ കൂടുതലാണ്. വേവലാതി കൂടുമ്പോള്‍ ബന്ധനത്തിനു ബലവും കൂടുന്നു. ഒരു ചില്ലുകഷണംപോലും കയ്യിലില്ലാതെ അങ്ങ് “എനിക്ക് ചിന്താമണി കിട്ടിപ്പോയി” എന്നൊരു മൂഢചിന്ത വെച്ചുപുലര്‍ത്തുകയാണ്. ഇതാണ്‌ ആദ്യത്തെ കഥയുടെ സാരം.