യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 442 – ഭാഗം 6 നിര്‍വാണ പ്രകരണം.

ത്യാഗസ്തസ്യാതിസുകരഃ സുസാദ്ധ്യഃ സ്പന്ദനാദപി
രാജ്യാദപ്യധികാനന്ദഃ കുസുമാദപി സുന്ദരഃ (6/94/6)

ശിഖിധ്വജന്‍ പറഞ്ഞു: ഈ ചിത്തത്തിന്റെ ശരിയായ സ്വഭാവമെന്തെന്നും അതെങ്ങനെ ഇനിയൊരിക്കലും തിരികെ വരാത്തവണ്ണം പരിത്യജിക്കാനാവുമെന്നും പറഞ്ഞു തന്നാലും.

കുംഭന്‍ (ചൂഡാല) പറഞ്ഞു: ചിത്തത്തിന്റെ സ്വഭാവം പൂര്‍വ്വവാസനയാണ്. പഴയ സംഭവങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളുടെ ശകലങ്ങള്‍, ഉപാധികള്‍ എല്ലാം വാസനകളാണ്. “ചിത്തത്തെ പരിത്യജിക്കുക എളുപ്പമാണ്. ക്ഷിപ്രസാദ്ധ്യം. ഒരു സാമ്രാജ്യം നേടുന്നതിനേക്കാള്‍ ഹര്‍ഷദായിയാണത്. ഒരു പൂവിനേക്കാള്‍ സുന്ദരവുമാണത്”

വെറുമൊരു വിടുവായക്കാരന് രാജ്യം ഭരിക്കാനാവില്ലായെന്നതുപോലെ ഒരു മൂഢന് ചിത്തത്തെ ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നത് സത്യമാണ്. മനസ്സ് തീരെ ഇല്ലാതാവുമ്പോള്‍ സംസാരവും (സൃഷ്ടിചക്രം) ഇല്ലാതാവുന്നു. അതുകൊണ്ട് ‘ഞാന്‍’ എന്ന ധാരണ ബീജമായുള്ള വൃക്ഷത്തിനെ വേരോടെ പിഴുതെറിയൂ. അതിന്റെ ശിഖരങ്ങളും കായ്കളും ഇലകളുമെല്ലാം എല്ലാം അതോടെ ഇല്ലാതായി ഹൃദയാകാശത്തില്‍ വിശ്രാന്തിയടഞ്ഞാലും. ‘ഞാന്‍’ എന്ന ധാരണയുണ്ടാവുന്നത് ആത്മജ്ഞാനത്തിന്റെ അഭാവത്താലാണ്. മനസ്സെന്ന മരത്തിന്റെ വിത്താണീ ‘ഞാന്‍’.

പരമാത്മാവിന്റെ ക്ഷേത്രത്തില്‍, മായയെന്ന മിഥ്യാശക്തിയുടെ പ്രഭാവത്താല്‍ അത് വളരുന്നു. അങ്ങനെ ക്ഷേത്രവും അനുഭവവും എന്ന ഭിന്നത ഉണ്ടാവുന്നു. അതില്‍ നിന്നും വിവേചനപ്രോക്തമായ ബുദ്ധിയും ഉണ്ടാവുന്നു. ഇവയ്ക്കൊന്നും വ്യതിരിക്തമായ മൂര്‍ത്തരൂപങ്ങള്‍ ഇല്ല. അവയൊക്കെ വിത്തില്‍ അടങ്ങിയിരിക്കുന്നു. വിത്തിന്റെ സ്ഥൂലഭാവങ്ങളാണിവ. അതിന്റെ സ്വഭാവം ധാരണാത്മകമാണ്. മനസ്സ്, ജീവന്‍, ശൂന്യം എന്നെല്ലാമിത് അറിയപ്പെടുന്നു. ഈ മരത്തിന്റെ തടിയാണ് ദേഹം. മരത്തില്‍ മാനസീകോപാധികളാകുന്ന ഊര്‍ജ്ജപ്രവാഹം ആ തടിയെ വളര്‍ത്തുന്നു. അതിന്റെ ശിഖരങ്ങള്‍ നീളമേറിയവയാണ്, ദൂരവ്യാപകമാണ്. അവ ഭാവാഭാവങ്ങളായി അറിയപ്പെടുന്ന, പരിമിതങ്ങളായ ഇന്ദ്രിയാനുഭവങ്ങളാണ്.

മരത്തിലെ കായ്കനികള്‍, സുഖം,ദുഃഖം; ആഹ്ളാദം,വേദന, എന്നിങ്ങനെയുള്ള നന്മ-തിന്മ ദ്വന്ദങ്ങളാണ്. അതൊരു ക്രൂരവൃക്ഷ്മാണ്. വേരറുത്തും ശിഖരങ്ങള്‍ മുറിച്ചും അതിനെ നശിപ്പിക്കാന്‍ ഓരോനിമിഷവും നാം പരിശ്രമിക്കേണ്ടതുണ്ട്. ഉപാധികള്‍, ധാരണകള്‍, സങ്കല്‍പ്പങ്ങള്‍ എല്ലാം നിറയെ ഫലം കായ്ച്ചുകിടക്കുന്ന മരച്ചില്ലകള്‍ തന്നെ.

താങ്കളുടെ ആത്മബോധത്തിന്റെ ശക്തികൊണ്ട് ആ ഫലങ്ങളോട് ആസക്തി രഹിതനായി അവയുമായി താദാത്മ്യം പ്രാപിക്കാതെ അവയെപ്പറ്റി വേവലാതികള്‍ ഒന്നുമില്ലാതെയിരിക്കുന്നപക്ഷം ഈ വാസനകള്‍ ക്രമേണ ക്ഷീണിച്ചു വരും. അപ്പോള്‍ ആ മരത്തിനെ വേരോടെ പിഴുതെറിയാന്‍ അങ്ങേയ്ക്ക് കഴിയും. ശിഖരങ്ങളെ നശിപ്പിക്കലല്ല പ്രധാനം, മരത്തിന്റെ വേരറുക്കലാണ്.

എന്നാല്‍ എങ്ങനെയാണ് ഈ മരത്തിന്റെ വേര് നശിപ്പിക്കുക? ‘ഞാന്‍ ആര്’, എന്ന ആത്മാന്വേഷണത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണിത് സാധിക്കുക. അത്മാന്വേഷണത്തിന്റെ അഗ്നിയില്‍ ചിത്തത്തിന്റെ ബീജവും, മനസ്സെന്ന വുക്ഷത്തിന്റെ വേരുമെല്ലാം ഒന്നൊഴിയാതെ കത്തിയമരും.