യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 443 – ഭാഗം 6 നിര്‍വാണ പ്രകരണം.
കാരണം യസ്യ കാര്യസ്യ ഭൂമിപാല ന വിദ്യതേ
വിദ്യതേ നേഹ തത്കാര്യം തത്സംവിത്തിസ്തു വിഭ്രമഃ (6/94/54)
ശിഖിധ്വജന്‍ പറഞ്ഞു: എന്റെ സ്വരൂപം ശുദ്ധനിര്‍മ്മലമായ ബോധമാണെന്നു ഞാനറിയുന്നു. എന്നാല്‍ ഈ മാലിന്യം എന്നില്‍ എങ്ങനെ അടിഞ്ഞുകൂടിയെന്ന് എനിക്കറിയില്ല. എന്റെ അസ്വസ്ഥതയ്ക്ക് കാരണം അസത്തും അനാത്മവസ്തുവുമായ ഈ മനോമാലിന്യം എന്നില്‍ നിന്ന് കളയാന്‍ പറ്റാത്തതാണ്.
കുംഭന്‍ ചോദിച്ചു: ഞാനൊന്നു ചോദിക്കട്ടെ, ഈ മാലിന്യമാണ് അങ്ങയെ അജ്ഞാനത്തില്‍, സംസാരത്തോടു ആസക്തിപുലര്‍ത്തി നിലനിര്‍ത്തുന്നതെന്ന് പറഞ്ഞുവല്ലോ, അത് യഥാര്‍ത്ഥ്യമാണോ?
ശിഖിധ്വജന്‍ പറഞ്ഞു: ആ മാലിന്യം അഹംകാരമാണ്. ചിത്തമെന്ന വന്മരത്തിന്റെ വിത്ത്. അതിനെ എന്നെന്നേയ്ക്കുമായി പരിത്യജിക്കുന്നതില്‍ ഞാന്‍ വിജയിക്കുന്നില്ല. ഓരോ തവണ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും അത് എന്നിലേയ്ക്ക് തന്നെ തിരിച്ചു വരുന്നതാണനുഭവം.
കുംഭന്‍ പറഞ്ഞു: സത്തായ ഒരു കാരണത്തില്‍ നിന്നുമുണ്ടാവുന്ന കാര്യം എല്ലായിടത്തും എക്കാലത്തും സുവിദിതമായിരിക്കും. കാരണം അസത്താണെങ്കില്‍ കാര്യവും അങ്ങനെതന്നെയാവും. കണ്ണില്‍ അസുഖമുള്ളവന്‍ രണ്ടാമതൊരു ചന്ദ്രബിംബത്തെ കാണുന്നുവെങ്കില്‍ അത് സത്യമാവാന്‍ തരമില്ലല്ലോ. സംസാരമെന്ന ലോകം മുളപൊട്ടി വളര്‍ന്നത് അഹംകാരമെന്ന വിത്തില്‍ നിന്നാണ്. ഈ കാരണത്തില്‍ ധ്യാനമുറപ്പിച്ച് ഇനി പറയൂ.
ശിഖിധ്വജന്‍ പറഞ്ഞു: മുനേ, അനുഭവമാണ് അഹംകാരത്തിന്റെ കാരണമെന്ന് ഞാനറിയുന്നു. എങ്കിലും എങ്ങനെയാണതിനെയും പരിത്യജിക്കുകയെന്നു പറഞ്ഞു തന്നാലും.
കുംഭന്‍ വീണ്ടും ചോദിച്ചു: ആഹാ, അങ്ങേയ്ക്ക് കാര്യങ്ങളുടെ കാരണം കണ്ടെത്താന്‍ കഴിയുന്നുണ്ട്. ആകട്ടെ, അത്തരം അനുഭവങ്ങളുടെ കാരണമെന്താണ്? അതുകൂടി പറഞ്ഞു കഴിഞ്ഞാല്‍ ആ കാരണത്തെ എങ്ങനെ ഉപേക്ഷിക്കാം എന്ന് പറഞ്ഞു തരാം.
ബോധംതന്നെയാണ് അനുഭവവും അനുഭവിക്കലും; അനുഭവം എന്ന ‘വസ്തു’വിന് കാരണമായി ഒന്നും ഇല്ലാ താനും. പിന്നെയെങ്ങനെ അനുഭവങ്ങള്‍ ഉണ്ടായി?
ശിഖിധ്വജന്‍ പറഞ്ഞു: തീര്‍ച്ചയായും ദേഹാദികളായ വസ്തുസത്തയാണതിനു കാരണം. വസ്തുസത്തകളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളുടെ അസ്തിത്വത്തെ നിരാകരിക്കാന്‍ എനിക്കാവുന്നില്ല.
കുംഭന്‍ പറഞ്ഞു: ഈ അനുഭവങ്ങള്‍ ദേഹം മുതലായ വസ്തുക്കളില്‍ അധിഷ്ഠിതമാണെന്നു പറഞ്ഞുവല്ലോ. അപ്പോള്‍പ്പിന്നെ ദേഹം മുതലായ വസ്തുക്കള്‍ യാഥാര്‍ത്ഥ്യമല്ല എന്ന് വന്നാല്‍ ഈ അനുഭവങ്ങള്‍ക്ക് എവിടെയാണ് നിലനില്‍പ്പ്?
“ഒരു കാര്യത്തിന് കാരണമില്ലാതെയിരിക്കുകയോ ആ കാരണം അസത്താവുകയോ ചെയ്‌താല്‍ ആ കാര്യം മൂലമുണ്ടാകുന്ന അനുഭവങ്ങള്‍ ഭ്രമം മാത്രമാണ്. അവ അയാഥാര്‍ത്ഥ്യമാണ്.” എന്നാല്‍ ദേഹം മുതലായവയുടെ കാരണം എന്താണ്?
ശിഖിധ്വജന്‍ പറഞ്ഞു: ആദ്യം പറഞ്ഞ ഉദാഹരണത്തില്‍ കണ്ണ്ദീനക്കാരന്റെ ‘രണ്ടാമത്തെ ചന്ദ്രന്‍’ വാസ്തവത്തില്‍ അസത്യമെന്ന് പറഞ്ഞു കൂടാ. കാരണം അയാളുടെ അസുഖമാണല്ലോ ആ അനുഭവത്തെ ഉണ്ടാക്കിയത്? എന്നാല്‍ വന്ധ്യയുടെ പുത്രന്‍ എന്നത് യാഥാര്‍ത്ഥ്യമല്ല. അയാളെ ആരും കണ്ടിട്ടില്ല. ഈ ദേഹത്തിന്റെ കാരണം അതിന്റെ പിതാവാണ്, എന്നെന്തുകൊണ്ട് പറഞ്ഞുകൂടാ?
കുംഭന്‍ പറഞ്ഞു: പക്ഷെ പിതാവും യാഥാര്‍ത്ഥ്യമല്ല. യാഥാര്‍ത്ഥ്യമല്ലാത്ത വസ്തുവില്‍ നിന്നും ഉണ്ടായതൊന്നും യാഥാര്‍ത്ഥ്യമല്ല. ആദ്യസൃഷ്ടികര്‍ത്താവാണ് പിന്നീടുവന്ന എല്ലാറ്റിന്റെയും മൂലകാരണം എന്ന് പറഞ്ഞാല്‍ അതും ശരിയല്ല. കാരണം സൃഷ്ടാവ് സ്വയം പരമസത്തയില്‍ നിന്നും വിഭിന്നനല്ല. അതിനാല്‍ ആ സൃഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ട എല്ലാം, എല്ലാ പ്രകടിതഭാവങ്ങളും അസത്തയാണ്, ഭ്രമമാണ്. അജ്ഞാനത്തെയും അഹംകാരത്തെയും പരിത്യജിക്കാന്‍ ഈ തിരിച്ചറിവ് ഒരുവനെ പര്യാപ്തനാക്കും.