യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 446 – ഭാഗം 6 നിര്‍വാണ പ്രകരണം.
കേവലം പരമേ വേത്ഥം പരമം ഭാസതേ ശിവം
അതോ ജഗദഹന്താദി പ്രശ്ന ഏവാത്ര നോചിതഃ (6/96/41)
കുംഭന്‍ പറഞ്ഞു: ഹേതുരഹിതവും അവര്‍ണ്ണനീയവും ആയ ഒന്ന് മറ്റൊന്നിന്റെ കാരണമാവുക അസാദ്ധ്യം. അതില്‍ നിന്നും മറ്റൊന്ന് ഉണ്ടാവാന്‍ സാധിക്കുകയില്ല. അതിനാല്‍ ആത്മാവ് കര്‍മ്മകര്‍ത്താവോ, കര്‍മ്മമോ കര്‍മ്മോപകരണമോ അല്ല.
അത് സത്യമാകുന്നു, അനന്തമായ അവബോധമാകുന്നു. സ്വരൂപജ്ഞാനമാകുന്നു. പരബ്രഹ്മത്തില്‍ സൃഷ്ടികള്‍ ഒന്നുമില്ല.
സമുദ്രോപരിയുണ്ടാവുന്ന അലകളുടെ അസ്തിത്വം നമിക്കൊരുപക്ഷേ യുക്തിഭദ്രമായി വിശദീകരിക്കാനാവും. കാരണം ഒരല ഉണ്ടായ സമയം, അതുണ്ടാവാന്‍ വേണ്ട ഇടം എല്ലാം നമുക്ക് കണ്ടറിയാം. എന്നാല്‍ ബ്രഹ്മാവും സൃഷ്ടിയും തമ്മിലുള്ള ബന്ധമറിയാന്‍ ആര്‍ക്കു കഴിയും? കാരണം ബ്രഹ്മത്തില്‍ കാലദേശങ്ങള്‍ എന്ന പരിമിതികള്‍ (ഉപാധികള്‍) ഇല്ല. വാസ്തവത്തില്‍ ലോകമെന്ന സങ്കല്‍പ്പത്തിന് ഉണ്മയില്ല.
ശിഖിധ്വജന്‍ പറഞ്ഞു: തീര്‍ച്ചയായും കടലിലെ അലകളെപ്പറ്റി നമുക്കറിയാം. പക്ഷേ ഈ ലോകവും അഹംകാരവും അഹേതുകമാണെന്ന്‍ എനിക്ക് തെളിഞ്ഞു മനസ്സിലായിട്ടില്ല.
കുംഭന്‍ പറഞ്ഞു: ഇപ്പോള്‍ അങ്ങേയ്ക്ക് സത്യം മനസ്സിലായിക്കഴിഞ്ഞു രാജാവേ. കാരണം ലോകം, അഹങ്കാരം എന്നീ വാക്കുകള്‍ക്ക് ഉണ്മയൊന്നും ഇല്ല.
ശൂന്യത അല്ലെങ്കില്‍ ദൂരമെന്ന ധാരണ, ആകാശവുമായി അഭിന്നമാണല്ലോ. അതുപോലെ ഈ ലോകമെന്ന പ്രകടനം പരബ്രഹ്മത്തില്‍, അനന്താവബോധത്തില്‍ നിലകൊള്ളുന്നു. ഒരു ഭാവത്തില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാവത്തില്‍ അത് കാണപ്പെടുന്നതായി തോന്നുന്നു.
അങ്ങനെ ഈ ലോകത്തിന്റെ യഥാര്‍ത്ഥവസ്തുത ശരിയായി അറിഞ്ഞു കഴിഞ്ഞാല്‍ പരമാത്മാവായ ശിവനെ സാക്ഷാത്ക്കരിച്ചു എന്നര്‍ത്ഥം. ശരിയായ അറിവില്‍ വിഷംപോലും അമൃതസമം. എന്നാല്‍ ശരിയായ അറിവിന്റെ അഭാവത്തില്‍ അത് ദുഃഖദായിയായ ലോകമാണ് (അശിവം). ബോധം സ്വയം എന്ത് ധരിക്കുന്നുവോ അത് സ്വയം ആയിത്തീരുന്നു. ആത്മാവിലെ ചെറിയൊരിളക്കമാണ് ബോധത്തെ മൂര്‍ത്തരൂപങ്ങളുള്ള ലോകമായിക്കാണുന്നത്.
“പരമാത്മാവ് തന്നെയാണ് പരംപൊരുളായി, ശിവമായി വിളങ്ങുന്നത്. അതിനാല്‍ ലോകം, അഹങ്കാരം തുടങ്ങിയവയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ തന്നെ അപ്രസക്തങ്ങളാണ്.” ചോദ്യങ്ങള്‍ ഉചിതമാവണമെങ്കില്‍ അവ യഥാര്‍ത്ഥത്തില്‍ ഉള്ള വസ്തുക്കളെപ്പറ്റിയാവണമല്ലോ. അല്ലാതെ അസ്ഥിത്വം ഇനിയും തെളിയിച്ചിട്ടില്ലാത്തവയെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്? ലോകത്തിനും അഹംകാരത്തിനും പരബ്രഹ്മത്തെ വിട്ട് സ്വതന്ത്രമായ ഒരസ്തിത്വമില്ല. അവയുടെ നിലനില്‍പ്പിനു കാരണമൊന്നും ഇല്ലാത്തതിനാല്‍ ബ്രഹ്മം മാത്രമേ വാസ്തവത്തില്‍ ഉള്ളു എന്ന് വരുന്നു. ബ്രഹ്മത്തിന്റെ ചൈതന്യം – മായയാണ് പഞ്ചഭൂതാത്മകമായ ലോകം എന്ന മായക്കാഴ്ചയെ ഉണ്ടാക്കി, നടത്തി, നശിപ്പിക്കുന്നത്.
എന്നാല്‍ ബോധം അങ്ങനെതന്നെ നിലനില്‍ക്കുന്നു. വൈവിധ്യത എന്ന പ്രതീതി വിവിധ നാമരൂപങ്ങളെ സങ്കല്‍പ്പത്തില്‍ ഉണ്ടാക്കുകയാണ്. പൂര്‍ണ്ണത്തില്‍ (അനന്തതയില്‍) നിന്നും പൂര്‍ണ്ണം ഉയരുന്നു. പൂര്‍ണ്ണം പൂര്‍ണ്ണത്തെ സൃഷ്ടിക്കുന്നു. പൂര്‍ണ്ണം പൂര്‍ണ്ണമായിത്തന്നെ നിലകൊള്ളുന്നു. ബോധം ബോധമായി പ്രഭാസിക്കുന്നു.