വസിഷ്ഠമഹര്‍ഷി പറകയുയാണ്. ഹേ രാമചന്ദ്ര! അനന്തമായ കാലപ്രവാഹത്തില്‍ നൂറുകൊല്ലമെന്നതെത്ര നിസ്സാരമാണ്! നൂറു കൊല്ലം ഒരാളുടെ പരമായുസ്സാണെങ്കില്‍ അയാള്‍ക്കീ പ്രപഞ്ചത്തില്‍ എത്രത്തോളം ആഗ്രഹിക്കാന്‍ വകയുണ്ട്? വളരെ വേഗത്തില്‍ കഴിയാവുന്ന ഒന്നേ ഉള്ളൂ നൂറു കൊല്ലം. ആഗ്രഹംകൊണ്ട് ആയുസ്സിനെ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നു വ്യക്തമല്ലേ? ഒന്നിനെയും വര്‍ദ്ധിപ്പാക്കാനോ ക്ഷയിപ്പിക്കാനോ കഴിയില്ല ആഗ്രഹം കൊണ്ട്. ബന്ധത്തേയും ദുഃഖത്തേയും നിലനിര്‍ത്താന്‍ മാത്രം കഴിയും. അതിനാല്‍ ആഗ്രഹങ്ങളെ കേവലം ഉപേക്ഷിക്കലല്ലേ ബുദ്ധി പൂര്‍വ്വകമായ പ്രവൃത്തി? വിവേകമില്ലാത്തതുകൊണ്ടാണ് അങ്ങനെ തോന്നാത്തതും ചെയ്യാത്തതും.
ആരും ഒന്നും ആഗ്രഹിച്ചില്ലെങ്കിലും ഈ ലോകം നടക്കേണ്ടതുപോലെ അങ്ങനെ നടന്നുകൊള്ളും. ബ്രഹ്മത്തിന്റെ സാന്നിധ്യംമാത്രം കൊണ്ടാണ് പ്രപഞ്ചം നടക്കുന്നത്. അല്ലാതെ ആഗ്രഹം കൊണ്ടല്ല, രത്നം ആഗ്രഹിച്ചില്ലെങ്കിലും അതിന്റെ പ്രകാശപ്രസരത്തിന്നൊരു കുറവുമില്ല. അതുപോലെ തന്റെ സാന്നിധ്യം മാത്രമേ ആവശ്യമുള്ളു എല്ലാം നടക്കാന്‍. കര്‍ത്തവ്യങ്ങളെ ചെയ്യണമെന്നതു വാസ്തവംതന്നെ. എന്നാല്‍ അതിന് ആഗ്രഹം അത്യാവശ്യമാണെന്നില്ലല്ലോ. ഒന്നും ആഗ്രഹിക്കാതെയും ഒന്നിനും കര്‍ത്താവാകാതെയും തന്നെ എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റാന്‍ സാധിക്കും. എങ്കിലും അതസാദ്ധ്യമാണെന്നു തോന്നുന്നുവെങ്കില്‍ എല്ലാം ഞാനാണെന്ന മഹാകര്‍ത്തൃത്വത്തെ വരിച്ചാലും മതി. എന്നാലും രാഗദ്വേഷങ്ങളോ ബന്ധദുഃഖങ്ങളോ ഉണ്ടാവാന്‍ പോവുന്നില്ല.
അകര്‍ത്തൃത്വം അല്ലെങ്കില്‍ മഹാകര്‍ത്തൃത്വം ഇങ്ങനെ രണ്ടു മാര്‍ഗ്ഗങ്ങളേയുള്ളൂ കര്‍മ്മങ്ങള്‍ തന്നോടു ബന്ധപ്പെടാതിരിക്കാന്‍. അവ രണ്ടും ഒരാള്‍ക്കു നിലനിര്‍ത്താന്‍ സാധ്യമല്ലെന്നു വരുന്നപക്ഷം പ്രസ്തു രണ്ടു ദൃഷ്ടികളേയും വിട്ടു സര്‍വ്വത്ര സാമ്യഭാവത്തെ വളര്‍ത്തി മനസ്സിനെത്തന്നെ നശിപ്പിക്കയാണ് വേണ്ടത്. അങ്ങനെ സാധിച്ചാല്‍ പിന്നെ ഒന്നിന്റെയും ബാധയില്ല. പക്ഷെ അങ്ങനെ സാധിക്കാനേ കുറച്ചു വിഷമമുള്ളൂ. മനസ്സിനെ സാമ്യഭാവം കൊണ്ടു നശിപ്പിക്കുന്നത്രയൊന്നും വിഷമമില്ല അകര്‍ത്തൃത്വത്തെയോ മഹാകര്‍ത്തൃത്വത്തെയോ നിലനിര്‍ത്താന്‍ സാമ്യതാഭാവം വന്ന ഒരാള്‍ക്ക് എന്തു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതുമെല്ലാം ഒരുപോലെയാണ്. അതിനാല്‍ അങ്ങനെയുള്ളാള്‍ക്കു കര്‍ത്തവ്യങ്ങളുണ്ടാവന്‍ വയ്യ. തനിക്കു ചില കര്‍ത്തവ്യങ്ങളുണ്ടെന്ന തോന്നല്‍ കൊണ്ടാണല്ലോ സാമ്യതാഭാവം കിട്ടാത്തത്. അങ്ങനെയിരിക്കുംകാലത്തോളം അകര്‍ത്തൃത്വത്തെ മാനിക്കുകയും നിലനിര്‍ത്തുകയും തന്നെയാണ് ചെയ്യേണ്ടത്. അതിനാല്‍ ഒന്നിനും ഞാന്‍ കര്‍ത്താവല്ലെന്നോ, അല്ലെങ്കില്‍ എല്ലാറ്റിന്നും ഞാന്‍മാത്രമാണ് കര്‍ത്താവെന്നോ ഉള്ള ഭാവനയെ നിര്‍ത്തുന്നതാണ് നല്ലത്. പറയപ്പെട്ട രണ്ടു ഭാവങ്ങളില്‍ ഏതെങ്കിലും ഒന്നിനെ ബലമായവലംബിച്ചുകൊണ്ടാണ് വിവേകികളൊക്കെയും ജീവിതം നയിക്കുന്നത്.
എല്ലാ അനര്‍ത്ഥങ്ങള്‍ക്കും ഏകഹേതു വാസനായണ്. വിഷയങ്ങളുടെ നിത്യസാഹചര്യംകൊണ്ടും ആഗ്രഹങ്ങളുടെ ദൃഢതകൊണ്ടും തത്തല്‍പദാര്‍ത്ഥങ്ങളോടും കര്‍മ്മങ്ങളോടും ബന്ധപ്പെട്ട വാസനകള്‍ ചിത്തത്തില്‍ കട്ടപിടിച്ചുകിടക്കുകയാണ്. അവയാണ് ഹേ രാമ! ജീവനെ നാനാജന്മങ്ങളില്‍ക്കൂടെയും കര്‍മ്മങ്ങളില്‍ക്കൂടെയും അനുഭവങ്ങളില്‍ക്കൂടെയും പ്രവേശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രാണാദികരണങ്ങളുടെ ചലനം, ചേഷ്ട തുടങ്ങിയവകൂടിയും വാസകളുടെ പ്രേരണയ്ക്കനുസരിച്ചാണ്. അതിനാല്‍ ബുദ്ധിമാനായ രാമചന്ദ്രാ! വിവേകം കൊണ്ടു വാസനാപ്രവാഹത്തെ ഫലപ്രദമാംവണ്ണം തടഞ്ഞു കരണങ്ങളെ അടക്കി സ്വസ്വരൂപസ്ഥിതനായിരിക്കൂ. സംസാരതാപത്തില്‍ നിന്നു നിവര്‍ത്തിക്കാനുള്ള ഒരേയൊരു മര്‍ഗ്ഗം അതാണ്.
മനസ്സില്‍നിന്ന് എല്ലാം നീങ്ങിക്കഴിഞ്ഞാല്‍ അവന്‍ മിക്കവാറും മുക്തനായെന്നുതന്നെ പറയാം. മുക്തനായിക്കഴിഞ്ഞാല്‍ അവന്‍ സാക്ഷാല്‍ ഈശ്വരനാണെന്നുതന്നെ പറയണം. കര്‍മ്മം ചെയ്തുകൊണ്ടിരുന്നാലും എല്ലാ കര്‍മ്മങ്ങളെയും ഉപേക്ഷിച്ചു സമാധി പരിശീലിച്ചു കൊണ്ടിരുന്നാലും മനസ്സില്‍ യാതൊരുവിധ ആസ്ഥയുമില്ലെങ്കില്‍ എല്ലാം ഒരു പോലെയാണ്. എന്തെങ്കിലും ചില ആഗ്രഹങ്ങളുണ്ടെങ്കിലും അങ്ങനെത്തന്നെ, അവന്‍ ബദ്ധന്‍തന്നെയാണ്. വാസനകള്‍ നിശ്ശേഷം ക്ഷയിച്ചുകഴിഞ്ഞാല്‍ ഒരാള്‍ക്കു യാതൊരു ബന്ധവുമില്ലെന്നു പറയണം. വാസനയാണ് പല ബന്ധങ്ങളേയും സൃഷ്ടിക്കുന്നത്. അതിനാല്‍ വാസകളെ വളരെ സൂക്ഷിക്കണം. വാസനകളടങ്ങി മനസ്സിന്നു മൗനം കിട്ടിക്കഴിഞ്ഞ ഒരാള്‍ ജപിച്ചാലും തപസ്സുചെയ്താലും ഒന്നും ചെയ്തില്ലെങ്കിലും ഒക്കെ ഒരു പോലയാണ്.
പലരും പലേടത്തും ചുറ്റിനടന്നു തത്വാന്വേഷണം ചെയ്യുന്നു. പക്ഷേ തത്വത്തെ അറിയുന്നവര്‍ വളരെ വിരളമാണ്. പഞ്ചഭൂതമയമാണ് ജഗത്ത്. ആറാമതൊരു ഭൂതം എവിടേയും ഇല്ല. പിന്നെ എവിടെയൊക്കെ ചുറ്റിനടന്നിട്ടെന്താണ്? അതിനാല്‍ ഇരിക്കുന്നേടത്തിരുന്നു തത്വത്തെ അറിയലാണാവശ്യം. വാസനകള്‍ ക്ഷയിച്ചു കരണങ്ങളടങ്ങി മനസ്സു നിശ്ചലമായിത്തീര്‍ന്നുകൊണ്ടുള്ള മൗനമാണാവശ്യം.അതുകൊണ്ടേ ശ്രേയസ്സുണ്ടാവാന്‍ പോവുന്നുള്ളൂ. അത്രനല്ല അനുഷ്ഠാനം മറ്റൊന്നുമില്ലെന്നുതന്നെ പറയണം. പഞ്ചഭൂതവികാരമാണ് ഏതു ലോകത്തിലെ ഏതു പദാര്‍ത്ഥവും. അവയെല്ലാം ജഡങ്ങളും നശിക്കുന്നവയുമാണുതാനും. ആ സ്ഥിതിക്കു സ്വര്‍ഗ്ഗലോകത്തോ നാഗലോകത്തോ ഭൂമിയിലോ എവിടെ ഇരുന്നാലെന്താണ്? ഏതു ലോകത്തിനും ഏതു പദാര്‍ത്ഥത്തിനും പ്രത്യേകിച്ചു വിശേഷമൊന്നുമില്ല. ഭാവനകൊണ്ടാണ് ചിലതു നല്ലതും ചിലതു ചീത്തയുമാണെന്നൊക്കെ തോന്നുന്നത്. ഒരു ഭാവനയുമില്ലാത്ത ഒരാള്‍ക്ക് എല്ലാം ഒരുപോലെയല്ലാതെ ഒരു വ്യത്യാസവുമില്ല. സുഖദുഃഖങ്ങളും ഭാവനാസൃഷ്ടിമാത്രമാകയാല്‍ ഭാവനയില്ലാത്തവരെ അപേക്ഷിച്ചു സുഖദുഃഖങ്ങളുമില്ല. ചിത്തവിശ്രാന്തിയാണാവശ്യം. അതാകട്ടെ ലോകങ്ങളെക്കൊണ്ടോ ലോകപദാര്‍ത്ഥങ്ങളെക്കൊണ്ടോ കിട്ടാവുന്നതല്ല.
യുക്തിയോടും വിചാരത്തോടും കൂടി ജീവിക്കുന്ന ഒരാള്‍ക്കു പശുവിന്റെ കുളമ്പടിപ്പാടുപോലെ നിസ്സാരമാണ് സംസാരം. അങ്ങനെ ചെയ്യാത്ത അവിവേകികളും രാഗികളുമായവര്‍ക്കാകട്ടെ പ്രളയസമുദ്രംപോലെ ഭയാനകവുമാണ്. തത്വജ്ഞനായ ഒരാള്‍ക്ക് ഈ ജഗത്തിന്റെ ഏതൊരു ചമല്‍ക്കൃതിയിലും യാതൊരു കൗതുകവുമില്ല. അജ്ഞന്മാര്‍ക്കാണ് പലതരത്തിലുള്ള ആശയും കൗതുകവും വളരുന്നത്. അവര്‍ അവരുടെ അജ്ഞാനക്കയറുകൊണ്ടുതന്നെ കെട്ടപ്പെട്ടവരുമാണ്. നിര്‍മ്മലമായ സച്ചിദാനന്ദബ്രഹ്മസമുദ്രത്തില്‍ പൊന്തിക്കാണുന്ന നുരകളും കുമിളകളുമാണ് ജഗത്തെല്ലാം. തത്വജ്ഞന്‍ അതിനെ അറിയുന്നു. പണ്ടൊരിക്കല്‍ ദേവാചാര്യപുത്രനായ കുചന്‍ വളരെ കാലത്തെ സമാധിബന്ധത്തില്‍ നിന്നുണര്‍ന്ന് ഒരു ഗാഥയെ പാടുകയുണ്ടായി. ആത്മജാഞാനിയുടെ ബ്രഹ്മരസചമല്ക്കാരം നിറഞ്ഞ ആ പാട്ടിനെ ഞാന്‍ പറയാം. കേട്ടോളൂ.
എന്നു പറഞ്ഞുകൊണ്ടു വസിഷ്ഠമഹര്‍ഷി പണ്ടു കുചന്‍ പാടിയ ഗാഥയെ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി: “ശരീരത്തിന്നകത്തും പുറത്തും ചുവട്ടിലും മുകളിലും ഇടത്തും വലത്തുമെന്നു വേണ്ട എല്ലായിടത്തും ഞാന്‍തന്നെ നിറഞ്ഞിരിക്കുന്നു. എന്നില്‍നിന്നന്യമായി ഒന്നും തന്നെ കാണപ്പെടുന്നില്ല. ആസ്ഥിതിക്ക് എന്തിനെയാണ് കൊള്ളേണ്ടത്, എന്തിനെയാണ് തള്ളേണ്ടത്, എവിടേയ്ക്കാണ് വരണ്ടേത്, എന്താണ് ചെയ്യേണ്ടത്, എന്തിനെയാണനുഭവിക്കേണ്ടത്? എല്ലാം ഞാനായിട്ടിരിക്കുന്നു. ഞാനില്ലാത്ത ഒരു വസ്തുവേയും കാണുന്നില്ല. എല്ലാം ജ്ഞാനഘനസ്വരൂപമായിട്ടിരിക്കുന്നു. അഹോ! ആശ്ചര്യമാശ്ചര്യം!” ഹേ രാമചന്ദ്ര! ആത്മാവില്‍ ഉണര്‍വ്വുവന്ന് അദ്വൈതമായ പരമഭാവം പ്രകാശിച്ച മഹാത്മാവിന്റെ നിര്‍വൃതിസ്വരൂപങ്ങളായ അനുഭവവാക്യങ്ങള്‍ എത്ര സുന്ദരങ്ങളായിട്ടിരിക്കുന്നു. ഇങ്ങനെ സത്വസമ്പന്നന്മാരും ഉത്തമന്മാരുമായി ജനിച്ച സുകൃതികളൊക്കെത്തന്നെയും ആനന്ദമത്തന്മാരായിത്തന്നെ ജീവിതത്തെ നയിച്ചു അവസാനം സ്വരൂപസ്ഥിയില്‍ ലയിക്കുന്നു. അവരൊരിക്കലും പിന്നീട് ഈ സംസാരത്തിലേയ്ക്കു മടങ്ങിവരുന്നില്ല. മൂഢന്മാരും ദുഷ്കൃതികളുമായിജ്ജനിച്ചു രജസ്തമസ്സുകളെ വളര്‍ത്തി മലിനമായി ജീവിച്ച പാപികളാണ് വീണ്ടും വീണ്ടും ഈ സംസാരത്തില്‍ത്തന്നെ ജനിച്ചും മരിച്ചും കഴിഞ്ഞുകൂടുന്നത്.
ആര്യതാ, സൗമ്യതാ, ഔദാര്യം, സമതാ തുടങ്ങിയ സല്‍ഗുണങ്ങള്‍ നിറഞ്ഞ സജ്ജനങ്ങളുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കണം. അതിനു വിപരീതഗുണങ്ങളുള്ളവരുമായി സമ്പര്‍ക്കമില്ലാതിരിക്കാനും ശ്രമിക്കണം. ഞാനെന്നുള്ളതാരാണ്? വിശാലമായ ഈ സംസാരം എങ്ങനെയുണ്ടായി? ആരുണ്ടാക്കി? എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയും വേണം. മൃത്യുവുണ്ടെന്ന കഥ എപ്പോഴും മറക്കരുത്. അതെപ്പോള്‍ വരുമെന്നോര്‍ക്കും അറിഞ്ഞുകൂടാ. വന്നാല്‍പ്പിന്നെ ഒന്നിനും സമയമില്ല. അതിനാല്‍ നേരത്തേതന്നെ തയ്യാറായി മൃത്യുവിന്റെ ബാധയേല്കാതിരിക്കത്തക്ക നിലയില്‍ കാത്തിരിക്കണം. ആദിത്യനിലും നിസ്സാരമായ കീടത്തിലും ഒരേ ചൈതന്യമാണ് വിളങ്ങുന്നത്. സത്വാദിഗുണങ്ങളുടെ ഏറ്റക്കുറവുകളും സംസ്കാരത്തിന്റെ ഉച്ചനീചത്വങ്ങളുമെല്ലാം തന്റെ പ്രയത്നം കൊണ്ടുണ്ടായിത്തീരുന്നവയാണ്. അതിനാല്‍ പ്രയത്നത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുകയും വേണം.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.