യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 450 – ഭാഗം 6 നിര്‍വാണ പ്രകരണം.
ചിത്തം നാശസ്വഭാവം തദ്വിദ്ധി നാശാത്മകം നൃപ
ക്ഷണനാശോ യതഃ കല്പചിത്തശബ്ദേന കഷ്യതേ (6/100/11)
ശിഖിധ്വജന്‍ പറഞ്ഞു: പരംപൊരുള്‍ സത്താണെന്നും ലോകം സത്യമാണെന്നുമുണ്ടെങ്കില്‍ പരംപൊരുള്‍ കാരണവും ലോകം കാര്യവുമാണെന്നു ഞാന്‍ കരുതുന്നു.
കുംഭന്‍ പറഞ്ഞു: കാരണം ഉണ്ടെങ്കില്‍ മാത്രമേ കാര്യത്തെ അനുമാനിക്കാന്‍ ആവൂ. എന്നാല്‍ കാരണം ഇല്ലാത്തിടത്ത് കാര്യമെങ്ങനെ ഉണ്ടാവാനാണ്? ബ്രഹ്മവും വിശ്വവും തമ്മില്‍ കാര്യകാരണ ബന്ധമില്ല. ഉള്ളത് ബ്രഹ്മം മാത്രം. ബീജം പോലും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടായി, അല്ലെങ്കില്‍ ജനിച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം? ബ്രഹ്മം നാമരൂപരഹിതമായതിനാല്‍ അതില്‍ കാരണമെന്ന വിത്തുണ്ടാവാന്‍ സാദ്ധ്യതയേയില്ല. ബ്രഹ്മം കര്‍മ്മരഹിതമായതിനാല്‍ അത് ഒന്നിന്റെയും കാരണമാവാന്‍ വയ്യ. വിശ്വമെന്നു വിളിക്കാവുന്ന ഒരു കാര്യം കാരണമില്ലാതെ എങ്ങനെയുണ്ടാവും? ബ്രഹ്മം മാത്രമേയുള്ളൂ. ബ്രഹ്മം മാത്രമാണ് അങ്ങ്.
ബ്രഹ്മത്തെ അവിദ്യയില്‍ അറിയുമ്പോള്‍ അത് വിശ്വമായി അനുഭവപ്പെടുന്നു. ബ്രഹ്മശരീരമെന്നതുപോലെയാണ് വിശ്വം നിലകൊള്ളുന്നത്. അനന്തമായ അവബോധം സ്വയം മറ്റെന്തോ ആയി തെറ്റിദ്ധരിക്കുന്നതാണ് ആത്മാനുഭവം, അല്ലെങ്കില്‍ ആത്മസംഹാരം.
“ആത്മസംഹാരമാണ് മനസ്സ്. അതിന്റെ സ്വഭാവം തന്നെ ആത്മജ്ഞാനത്തെ മൂടുക എന്നതാണ്. അത്തരം ആത്മനാശം നിമിഷനേരത്തേയ്ക്കാണെങ്കില്‍ക്കൂടി ആ മനസ്സ് ഒരു ലോകചക്രത്തിന്റെയത്ര കാലം നീണ്ടു നിലനില്‍ക്കുന്നു.” അത്തരം പ്രാതിഭാസികമായ നിലനില്‍പ്പ് ഇല്ലാതാവാന്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ എല്ലാ ധാരണകളും അവസാനിക്കണം. വെറും പ്രതീതിമാത്രമായ അസ്തിത്വം സത്യമറിയുമ്പോള്‍ സ്വാഭാവികമായും അവസാനിക്കുന്നു.
വിശ്വം കാതലില്ലാത്ത വെറുമൊരു വാക്കായി നില്‍ക്കുമ്പോള്‍ അതിനെ എങ്ങനെ സത്യമായ വസ്തുവെന്ന് കണക്കാക്കും? അതിന്റെ സ്വതന്ത്രമായ അസ്തിത്വം മരുഭൂമിയിലെ കാനല്‍ജലത്തിന്‍റേതിനു സമമാണ്.
അതെങ്ങനെ സത്യമാവും? അസത്യമായത് ഒരു ചിന്താക്കുഴപ്പത്തിലെന്നവണ്ണം സത്യമായി തെറ്റിദ്ധരിക്കുന്നതാണ് മനസ്സ്. സത്യത്തെ അറിയാതിരിക്കുന്ന അവസ്ഥയാണ് മനസ്സ്.
സത്യത്തെ ശരിയായി അറിഞ്ഞുണര്‍വ്വിലെത്തുന്നതാണ് ആത്മജ്ഞാനം, അല്ലെങ്കില്‍ സത്യസാക്ഷാത്കാരം.
‘ഇത് ജലമല്ല’, എന്ന തിരിച്ചറിവ് കാനല്‍ജലത്തെ കാനല്‍ജലമായിത്തന്നെ കാണാന്‍ കഴിയുന്നതുപോലെ, ‘ഇത് ശുദ്ധാവബോധമല്ല, വെറും പ്രാതിഭാസിക ബോധമാണ് (മനസ്സ്) എന്ന അറിവ് മനോനാശം വരുത്തും. അങ്ങനെ മനസ്സെന്ന അയാഥാര്‍ത്ഥ്യം സ്ഥിരീകരിച്ചാല്‍പ്പിന്നെ അഹംകാരം, മുതലായവയ്ക്ക് നിലകൊള്ളാന്‍ ഒരിടമില്ല. യഥാര്‍ത്ഥത്തില്‍ ഉള്ളത് ബോധം മാത്രം. അനന്തമായ അവബോധം.
എല്ലാ ധാരണകളും അവിടെ അസ്തമിക്കുന്നു. ധാരണകള്‍ അവസാനിക്കുന്നതോടെ മനസ്സെന്ന വസ്തു ഇല്ലാതാവുന്നു. ‘ഞാനില്ല’, അതുകൊണ്ടുതന്നെ ‘അയാളും’ ഇല്ല. മനസ്സോ ഇന്ദ്രിയങ്ങളോ വാസ്തവത്തില്‍ ഇല്ല. ശുദ്ധമായ ബോധം മാത്രമേയുള്ളൂ.
മൂലോകങ്ങളിലും ജനിച്ചു ജീവിച്ചു മരിക്കുന്ന യാതൊന്നും ഇല്ല. അനന്താവബോധം മാത്രമേയുള്ളൂ. എകാത്മകതയും വൈവിദ്ധ്യതയും, ചിന്താക്കുഴപ്പവും ഭ്രമവും ഒന്നും സത്യമല്ല. ഒന്നും നശിക്കുന്നില്ല, ഒന്നും പരിപോഷിക്കപ്പെടുന്നുമില്ല. എല്ലാമെല്ലാം ആത്മാവ് മാത്രം. സക്തിയായും അനാസക്തിയായും പ്രകടിതമാവുന്ന ചൈതന്യവിശേഷംപോലും ആത്മാവത്രേ.