ഹേ രാമചന്ദ്ര! രജസ്തമസ്സുകള്‍ വര്‍ദ്ധിച്ചു ചിത്തം ദുഷിച്ച് ഒരിക്കലും സത്യത്തെ അറിയാന്‍ പരിശ്രമിക്കാതെ ജീവിക്കുന്ന പ്രാകൃതന്മാരാണ് ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ ഈ സംസാരത്തെ നിലനിര്‍ത്തുന്നത്. സത്വഗുണം വളര്‍ന്നു മൈത്രാദിസല്‍ഭാവങ്ങളോടുകൂടിയ സജ്ജനങ്ങള്‍ ജീവിതത്തിന്റെ ലക്ഷ്യത്തെ അറിയുകയും സംസാരത്തെ അതിക്രമിച്ചു ലക്ഷ്യത്തെ അറിയുകയും ചെയ്യുന്നു. കാണുന്നതെല്ലാം ബ്രഹ്മമാണ്. അപരിച്ഛിന്നവും അദ്വൈതവുമായ ബ്രഹ്മത്തില്‍ നിന്നന്യമായി ഒന്നുംതന്നെ സംഭവിച്ചിട്ടില്ല. സംഭവിച്ചുവെന്നു തോന്നപ്പെടുന്നവയെല്ലാം കല്പനകള്‍മാത്രമാണ്. ബ്രഹ്മത്തില്‍ ചെയ്യപ്പെടുന്ന കല്പനകള്‍ സമുദ്രത്തില്‍ തിരമാലകളെന്നപോലെയാണ്.
സമുദ്രത്തില്‍ നിന്നു വേറെയല്ല തിരകളെന്നു പ്രത്യക്ഷമാണ്. അതുപോലെ ബ്രഹ്മത്തിലും എന്തൊക്കെ കല്പിച്ചാലും അവയൊന്നുംതന്നെ ബ്രഹ്മത്തില്‍ നിന്നു വേറെയല്ലെന്നു വ്യക്തമാണ്. അങ്ങനെ എല്ലാം ബ്രഹ്മമാണെന്നു ബോദ്ധ്യം വന്നുകഴിഞ്ഞാല്‍ പിന്നെ ആര്‍ക്കാണ് ജനനവും മരണവും ബന്ധവും ദുഃഖവുമെല്ലാമുള്ളത്? വെറും ഭ്രമം മാത്രമാണ് സംസാരാനുഭവങ്ങളെല്ലാമെന്നു ബോദ്ധ്യംവരും. ജ്ഞാനവൈരാഗ്യങ്ങള്‍ വളര്‍ന്നു കര്‍മ്മവാസനകള്‍ നശിച്ച് ഒടുവിലത്തെ ജന്മമായിട്ടുള്ള ഒരാള്‍ക്കീ ആത്മജ്ഞാനം സ്വാഭാവികമായിട്ടുണ്ടാവും. അങ്ങനെ സ്വാഭാവികമായിട്ടുണ്ടായിട്ടില്ലെങ്കില്‍ പ്രയത്നം കൊണ്ടുണ്ടാവാന്‍ പരിശ്രമിക്കുകയും വേണം.
സജ്ഞനസംസര്‍ഗ്ഗം കൊണ്ടോ ശാസ്ത്രവിചാരം കൊണ്ടോ എങ്ങനെയെങ്കിലും സത്വഗുണത്തെ വളര്‍ത്താന്‍ ശ്രമിക്കണം. സത്വഗുണം വളര്‍ന്നാല്‍ മാത്രമേ ചിത്തശുദ്ധിയും ജ്ഞാനപ്രാപ്തിയുമെല്ലാമുണ്ടാവാന്‍ പോവുന്നുള്ളു. സാധാരണ അജ്ഞന്മാരായ സംസാരികള്‍ക്ക് ആത്മജ്ഞാനപ്രാപ്തിക്കു രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്. ഒന്നു പ്രാപ്തനായ ആചാര്യനെ സമീപിച്ച് അദ്ദേഹത്തില്‍ നിന്ന് ഉപദേശരൂപേണ ഗ്രഹിച്ചു ശ്രദ്ധയോടും നിഷ്ഠയോടുംകൂടി അനുഷ്ഠിക്കുക. എന്നാല്‍ ജന്മംകൊണ്ടോ ജന്മങ്ങളെക്കൊണ്ടോ അനുഭവസമ്പന്നനായി മുക്തനാവാം. മറ്റൊന്നു സുകൃതപരിപാകം വേണ്ടത്രയുണ്ടെങ്കില്‍ യാദൃച്ഛികമായി ശ്രവിക്കാന്‍ സാധിക്കുകയും ശ്രവണമാത്രംകൊണ്ടു വിലപ്പിടിച്ച വസ്തു അവിചാരിതമായി വീണുകിട്ടും പോലെ അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ അങ്ങനെ കിട്ടുന്നതു പുരുഷപ്രയത്നം കൊണ്ടു സാധിക്കാവുന്നതല്ല. ഈശ്വരായത്തമായിത്തന്നെ വന്നു ചേരണം. പുണ്യത്തിന്റെ അത്യന്താധിക്യമുള്ള ഒരാള്‍ക്ക് അങ്ങനെ യാദൃച്ഛികമായി വന്നുചേരുകയും ചെയ്യും. അങ്ങനെ സാധിച്ച ഒരു ഇതിഹാസം ഞാനിവിടെപ്പറയാം. അതു കേട്ടാല്‍ത്തന്നെ ഒരാള്‍ക്കു ജ്ഞാനമുണ്ടാവാന്‍ വിഷമമില്ല.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.