ഹേ രാമചന്ദ്ര! ലോകത്തില്‍ വിദേഹമെന്നു പ്രസിദ്ധിപ്പെട്ട മിഥിലാചക്രവര്‍ത്തിയായ ജനകരാജാവ് ഒരിക്കല്‍ വസന്തഋതുവില്‍ പൂത്തുതഴച്ചു പുഷ്പസങ്കലമായ ഉദ്യാനത്തില്‍ ഒറ്റയ്ക്കു ചുറ്റിനടക്കാനിടയായി. ഓരോ വള്ളിക്കുടിലുകളേയും ഗൃഹാലയങ്ങളേയും നോക്കി നോക്കി നടക്കുമ്പോള്‍ ഗുഹാകഞ്ജങ്ങളില്‍ അദൃശ്യന്മാരായി അധിവസിക്കുന്ന സിദ്ധന്മാരുടെ അനുസന്ധാനപ്രകാരങ്ങളെ കീര്‍ത്തിച്ചുകൊണ്ടുള്ള ഗാനങ്ങളെ കേള്‍ക്കാനിടയായി. അദ്ദേഹമന്നു കേട്ട സിദ്ധഗാനങ്ങളുടെ ചുരുക്കം ഞാന്‍ പറയ‍ാം. കേട്ടോളൂ:

“ദ്രഷ്ടാവും ദൃശ്യവുമൊന്നിച്ചു കൂടിച്ചേരുമ്പോള്‍ ദ്രഷ്ടാവിനുള്ള പ്രത്യയാനന്ദത്തെ ഞാന്‍ ആത്മസത്തയെന്നറിഞ്ഞുപാസിക്കുന്നു. ദ്രഷ്ടാവിനേയും ദൃശ്യത്തേയും ദര്‍ശനത്തേയും ദര്‍ശിക്കാനുള്ള വാസനയേയും ഒന്നിച്ചു നീക്കി ദര്‍ശനത്തിനു മുമ്പു പ്രകാശിക്കുന്ന ചൈതന്യത്തെ ഞാന്‍ ആത്മസത്തയെന്നറിഞ്ഞ് ഉപാസിക്കുന്നു. ഉണ്ടെന്നും ഇല്ലെന്നുമുള്ള രണ്ടു പക്ഷങ്ങളുടെ മദ്ധ്യത്തില്‍ പ്രകാശത്തിനും പ്രകാശനമായി വിളങ്ങുന്ന ചൈതന്യത്തെ ഞാന്‍ ആത്മസത്തയെന്നറിഞ്ഞ് ഉപാസിക്കുന്നു. എല്ലാ ശരീരത്തിലും എപ്പോഴും ഹംസമന്ത്രത്തെ ഉച്ചരിച്ചുകൊണ്ടിരിക്കുന്ന ചൈതന്യത്തെ ഞാന്‍ ആത്മസത്തയെന്നറിഞ്ഞ് ഉപാസിക്കുന്നു.

ഹൃദയാന്തര്‍വ്വര്‍ത്തിയും സര്‍വ്വന്തര്യാമിയും ആത്മസ്വരൂപിയുമായ ഈശ്വരനെ വിട്ട് അന്യദേവനെ തേടുന്നവന്‍ കയ്യില്‍ കിട്ടയ കൗസ്തുഭത്തെ കളഞ്ഞു വേറെ രത്നത്തെ അന്വേഷിച്ചു നടക്കുകയാണെന്നു പറയണം, വിവേകമുള്ളവരാരും അങ്ങനെ ചെയ്യുമെന്നു പറയാന്‍വയ്യ. എല്ലാ ആഗ്രഹങ്ങളേയും ദൂരെത്തള്ളിക്കളഞ്ഞ ഒരാള്‍ക്കു മാത്രമേ ആത്മോപാസനം ചെയ്യാന്‍ സാധിക്കൂ. ആത്മോപാസന ചെയ്യാന്‍തുടങ്ങിയാല്‍ പിന്നെ അവനില്‍ വിഷയാഗ്രഹങ്ങള്‍ വളരാന്‍ വയ്യ. മാത്രമല്ല, വല്ല ആഗ്രഹങ്ങളും ബാക്കിയായിട്ടുണ്ടെങ്കില്‍ അതുകൂടി ആത്മോപാസനം കൊണ്ടു നശിക്കുകയും ചെയ്യും.

എന്നാല്‍ വിഷയപദാര്‍ത്ഥങ്ങളും അവയുടെ അനുഭവങ്ങളും കേവലം നിസ്സാരങ്ങളും ദുഃഖോദര്‍ക്കങ്ങളുമെന്നറിഞ്ഞിട്ടുകൂടി പിന്നെയും അവയെത്തന്നെ ആഗ്രഹിക്കുന്നവനെ മനുഷ്യനെന്നുപോലും പറയാന്‍ വയ്യ. പൊന്തിപ്പൊന്തിവരുന്ന ഇന്ദ്രിയപ്രക്ഷോഭങ്ങളെ വിവേകം കൊണ്ട‌ടക്കി കൈകളെ കൂട്ടിത്തിരുമ്മിയും പല്ലുകടിച്ചും അംഗങ്ങളെ അംഗങ്ങള്‍ക്കൊണ്ടമര്‍ത്തയും മറ്റും വേണം ആദ്യത്തില്‍ മനസ്സിനെ ജയിക്കാന്‍. ഉപശമത്തെ പ്രാപിക്കാന്‍ കഴിഞ്ഞാല്‍ ക്രമേണ മനസ്സടങ്ങും. അതുകൊണ്ടേ അട‌ങ്ങൂവെന്നും പറയണം. പ്രക്ഷുബ്ധമായ മനസ്സ് ഒരു പ്രകാരത്തിലും അടങ്ങില്ല. അതിനാല്‍ ആദ്യത്തില്‍ ഉപശമത്തെ പ്രാപിപ്പിക്കുകതന്നെ വേണം. കലങ്ങിയ വെള്ളത്തില്‍ വസ്തുപ്രതിഫലനം അശക്യമായതുപോലെ വികാരങ്ങളെക്കൊണ്ടും വിഷയഗ്രഹങ്ങളെക്കൊണ്ടും പ്രക്ഷുബ്ധമായ ചിത്തം ഉപശാന്തമാവാതിരിക്കും കാലത്തോളം അതിലും വസ്തുപ്രതിഫലനമെന്ന അവസ്ഥ വിഷമംതന്നെ. മനസ്സടങ്ങിയാല്‍ പിന്നെ സംശയമില്ല. ആനന്ദമയമായ സ്വരൂപത്തില്‍ സ്ഥിതി കിട്ടാന്‍ വിഷമമില്ല.”

സിദ്ധന്മാരുടെ ഇപ്രകാരമുള്ള വാക്കു കേട്ടു വിചാരവാനായിത്തീര്‍ന്ന ജനകന്‍ ചിന്താമഗ്നനായി തനിയേ തന്റെ മണിമാളികയില്‍ കയറി സ്വസ്ഥമായ ഒരാസനത്തിലിരുന്നു വിചാരം ചെയ്യാന്‍ തുടങ്ങി.

ജഗത്തിന്റെ അസ്ഥിരത്വം, ദുഃഖാത്മകത്വം ജീവിതത്തില്‍ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭ്രമങ്ങളുടെ അര്‍ത്ഥശൂന്യത, ക്ഷണികമായ ജീവിതത്തില്‍ സ്ഥിരമായ സുഖത്തെ പ്രാപിക്കാനുള്ള കൊതിയുടെ പിന്നിലുള്ള ബുദ്ധിശൂന്യത, ജീവിതത്തിന്റെ അനിശ്ചിതത്വം, ക്ഷണികത്വം തുടങ്ങി അനേകകാര്യങ്ങള്‍ അദ്ദേഹത്തിന് വിചരമാത്രം കൊണ്ടു ബോദ്ധ്യമായി. അവസാനമായി എല്ലാവിധ അനര്‍ത്ഥങ്ങള്‍ക്കും ഏകഹേതു ചിത്തമാണെന്നും ബോദ്ധ്യമായി. എന്തൊക്കെയുണ്ടായാലും ചിത്തം അസ്വസ്ഥമാണെങ്കില്‍ അതുകൊണ്ടു പറയത്തക്ക പ്രയോജനമൊന്നുമില്ല. ഒന്നുമില്ലെങ്കില്‍ക്കൂടി ചിത്തം സ്വസ്ഥവും പ്രശാന്തവുമാണെങ്കില്‍ അവന്‍ സുഖിയാണ്. അതിനാല്‍ സുഖദുഃഖങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും സമ്പത്തിനും ആപത്തിനും എല്ല‍ാം ഹേതു ചിത്തമാണെന്നും ചിത്തമടങ്ങാതെ ആര്‍ക്കും ഇതുവരെ സുഖംകിട്ടീട്ടില്ലെന്നും, ചിത്തമടങ്ങിയാല്‍ പിന്നെ സുഖിക്കാന്‍ മറ്റുപകരണങ്ങളൊന്നും ആവശ്യമില്ലെന്നും എല്ല‍ാം അദ്ദേഹത്തിന് ബോദ്ധ്യമായി. അതിനാല്‍ ചിത്തത്തെ അടക്കല്‍തന്നെ ചെയ്യാനുള്ള മുഖ്യമായ പ്രവൃത്തിയെന്നു തീര്‍ച്ചപ്പെടുത്തി അതിനായി ഒരുങ്ങി. എന്താണ് മനസ്സിന്റെ സ്വരൂപമെന്നു നിരൂപിച്ചപ്പോള്‍ സങ്കല്പം തന്നെയാണ് മനസ്സിന്റെ രൂപമെന്നും സങ്കല്പമെന്ന ഒന്നില്ലെങ്കില്‍ മനസ്സെന്ന തത്വമില്ലെന്നും അറിയാന്‍ കഴിഞ്ഞു.

അത്രയും അറിയാന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ജനകന്‍ വളരെയധികം സന്തുഷ്ടനും ചരിതാര്‍ത്ഥനുമായി. എങ്കിലും മനസ്സിനെ ജയിക്കുകകൂടി സാധിക്കണമെന്നുറച്ച് അദ്ദേഹം വീണ്ടും വിചാരം ചെയ്തു. വസ്തുസ്വരൂപത്തില്‍ പ്രജ്ഞയെ ഉറപ്പിച്ചതോടെ ചിത്തമടങ്ങി ഉപശമസുഖത്തെ നുകരാന്‍ തുടങ്ങി. അങ്ങനെ വളരെ സമയം ജനകന്‍ മൗനിയായിരുന്നു. ജനകന്‍ തന്റെ മനസ്സിന്റെ ഉപശമത്തെ പ്രാപിച്ചു. ജനകന്‍ ഇപ്രകാരം യദൃച്ഛയാ കേള്‍ക്കാനിടയായ സിദ്ധഗാനം കൊണ്ടു വിചാരമഗ്നനായി തന്നത്താന്‍ പ്രാപ്യത്തെ ക്കുകയാണ് ചെയ്തത്. ഇങ്ങനെയാണ് സ്വപ്രയത്നത്താല്‍ യാദൃശ്ചികമായി അനുഭൂതിയുണ്ടാവുന്ന സമ്പ്രദായം.

ഇതുപോലെ ഹേ രാമചന്ദ്ര! മറ്റുള്ളവര്‍ക്കും ചെയ്യാന്‍ വിരോധമില്ല. എന്നാല്‍ നിസ്സാരങ്ങളായ ലോകവിഷയങ്ങളെ വിട്ട് ആത്മശ്രേയസ്സിനുവേണ്ടി പ്രയത്നിക്കാനുള്ള ശ്രദ്ധയുണ്ടായവര്‍ക്കുമാത്രമേ അതൊക്കെ ഫലപ്പെടാന്‍ പോവുന്നുള്ളു. തന്റെ ബുദ്ധി വേണ്ടപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയവര്‍ക്കേ എന്തുതന്നെ കേട്ടിട്ടും പ്രയോജനമുള്ളു. ബുദ്ധി വേണ്ടപോലെയായിക്കഴിഞ്ഞിട്ടില്ലെങ്കില്‍ ബ്രഹ്മാവുതന്നെ ഉപദേശിച്ചിട്ടും വിശേഷമൊന്നുമില്ല. ബാഹ്യങ്ങളായ ലോകപദാര്‍ത്ഥങ്ങളെ സമ്പാദിക്കാന്‍ വേണ്ടത്ര പ്രയത്നം ചെയ്യാന്‍ എല്ലാവരും തയ്യാറാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്ന പ്രയത്നത്തിന്റെ ഒരു ചെറിയ അംശം മതി ബുദ്ധിയെ നന്നാക്കാനും പ്രാപ്യത്തെ അറിയാനും. പക്ഷേ അതില്‍ ശ്രദ്ധയുണ്ടാവണം.

ശ്രദ്ധയാണ് കാര്യം. ശ്രദ്ധയില്ലാതെ കുറെ അധികം പ്രയത്നിച്ചതുകൊണ്ടും വിശേഷിച്ചു പ്രയോജനമൊന്നുമില്ല. ദുഃഖങ്ങളുടെയെല്ല‍ാം ഉല്‍പത്തിസ്ഥാനവും ആപത്തുകളുടെ ബീജവും തന്റെ പ്രജ്ഞാമാന്ദ്യം മാത്രമാണ്. പ്രജ്ഞയെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ത്തന്നെ വലിയ കാര്യമായി. വിവേകിയായ ഒരാളുടെ ഉണര്‍ച്ചുവന്ന പ്രജ്ഞ ചിന്താമണിയെന്നപോലെ സര്‍വ്വാഭീഷ്ടമാത്രിയാണെന്നു പറയണം. സ്വരൂപചൈതന്യത്തെ മറച്ചിരിക്കുന്ന അഹങ്കാരമാകുന്ന മേഘാവരണത്തെ ചിന്നിച്ചിതറിപ്പിച്ചു വസ്തത്വത്തെ പ്രകാശിപ്പിക്കാന്‍ കൂര്‍മ്മതയുള്ള നിര്‍മ്മലമായ പ്രജ്ഞയ്ക്കുമാത്രമേ കഴിവുള്ളു. അതിനാല്‍ ലക്ഷ്യപ്രാപ്തിയെ ഉദ്ദേശിക്കുന്ന വിവേകിയായവന്‍ ആദ്യത്തില്‍ എന്തൊക്കെ ചെയ്തും തന്റെ പ്രജ്ഞയെ ഉണര്‍ത്തുകതന്നെ വേണം.

ഹേ രാമചന്ദ്ര! ഈ ജഗത്ത് എല്ലാ സമയത്തും ചഞ്ചലവും ക്ഷണികവും കേവലം മനോമാത്രവുമാണെന്നു ദൃഢമായി ബോധിക്കുന്ന സുകൃതിക്കു കാലംകൊണ്ടു ജനകനെന്ന പോലെ ആത്മസ്വരൂപം പ്രകാശിക്കും. അപ്പോള്‍ എല്ലാവിധ വിപരീതബോധങ്ങളും അസ്തമിക്കുകയും ചെയ്യും. താന്‍ സംസാരത്തില്‍ ബദ്ധനാണെന്നും അതില്‍നിന്ന് എങ്ങനെയെങ്കിലും മുക്തനാവണമെന്നും ബോധിക്കുന്ന ഏതൊരാള്‍ക്കും സ്വപ്രയത്നം മാത്രമാണ് മുഖ്യമായ ആശ്രയം. എന്തുകൊണ്ടെന്നാല്‍ കുടുംബമോ സ്വത്തോ പുത്രന്മാരോ മാതാപിതാക്കളോ ഒന്നുംതന്നെ പരഗതിക്കു സ്വല്പംപോലും ഉപകരിക്കാന്‍ പോവുന്നില്ല. നേരെ മറിച്ചു മിക്കപ്പോഴും അവയെല്ല‍ാം തടസ്സങ്ങളായിത്തീരുകയും ചെയ്യും. ശരീരാദികളില്‍ ഞാനെന്നും ഗൃഹകുടുംബാദികളില്‍ എന്റേതെന്നുമുള്ള തോന്നല്‍ അവസാനിച്ചാല്‍ത്തന്നെ പ്രജ്ഞയ്ക്കു അപാരമായ വിശാലതകിട്ടും. കൊള്ളുക, തള്ളുക; നല്ലത്, ചീത്ത; വേണ്ടത്, വേണ്ടാത്തത് എന്നീ ദ്വന്ദ്വങ്ങളാണ് ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ മനസിന്റെ ബന്ധം. ഹേയോപാദേയഭാവങ്ങളടങ്ങി ചിത്തം സമതയെ പ്രാപിച്ചാല്‍ത്തന്നെ പ്രസന്നമായ ഭാവം കിട്ടും. ആ പ്രസന്നഭാവത്തെ എപ്പോഴും നിലനിര്‍ത്തി അതുകൊണ്ടു മറ്റുള്ളവയെ ജയിച്ചു ക്രമേണ ആത്മഭാവത്തെ പ്രാപിക്കണം.

വാസന ഒരു വലപോലെയാണ്. അതു മുറിഞ്ഞുപോവുകതന്നെ വേണം. വാസനയുള്ളേടത്തോളം കാലം പലതിനെക്കുറിച്ചും ചിന്തകള്‍ പൊന്തിക്കൊണ്ടേയിരിക്കും. കാറ്റുമേഘസമൂഹത്തെയെന്നപോലെ ജ്ഞാനംകൊണ്ട് – സുദൃഢമായ വസ്തുബോധം കൊണ്ട് – വാസനാജാലത്തെ മുഴുവന്‍ തുരത്തണം. മഴുകൊണ്ട് വൃക്ഷത്തെയെന്നപോലെ ചിത്തം കൊണ്ടു തന്നെ ചിത്തത്തെ ഛേദിക്കാന്‍ കഴിഞ്ഞാല്‍ എല്ലാ ബാധയും തീര്‍ന്നു, ശാന്തവും ശിവവുമായ പദത്തില്‍ സ്ഥിരമായിരിക്ക‍ാം. ചിത്തമാണ് എല്ലാ സംസാരഭയങ്ങള്‍ക്കും ഏകഹേതു. ചിത്തത്തിലാണ് സംസാരം മുഴുവന്‍ നിലനില്‍ക്കുന്നതും. അതിനാല്‍ ചിത്തമടങ്ങിയാല്‍ സംസാരവും അവസാനിച്ചു. പക്ഷേ ദൃശ്യത്തെ അല്പമായിട്ടെങ്കിലും ആശ്രയിക്കുന്നേടത്തോളംകാലം ചിത്തമടങ്ങലോ സംസാരം ക്ഷയിക്കലോ വാസന നശിക്കലോ ഇല്ല. അങ്ങനെതന്നെ താനടക്കം സര്‍വ്വദൃശ്യങ്ങളും അസത്യങ്ങളാണെന്നും ബോദ്ധ്യപ്പെട്ടു കേവലം ചില്‍സ്വരൂപനായിരിക്കാന്‍ കഴിയുന്നുവെന്നിരിക്കട്ടേ, അതോടെ ചിത്തമടങ്ങി. ചിത്തമടങ്ങിയാല്‍ പിന്നയെന്തു സംസാരമാണ്. അതിനാല്‍ ഹേ രാമചന്ദ്ര! നീ വാസകളെ നശിപ്പിച്ചു ദൃശ്യങ്ങളെ തള്ളിക്കളഞ്ഞു ചിത്തത്തെ നിശ്ചലമാക്കി അടക്കി എപ്പോഴും ചില്‍സ്വരൂപനായിരിക്കൂ. എന്നാല്‍ പിന്നെ സംസാരത്തിന്റെ ബാധ ഒരു പ്രകാരത്തിലും നിനക്കുണ്ടാവാന്‍ വയ്യ.

ഏതില്‍ക്കൂടെയും കിട്ടുന്ന അനുഭൂതി ആത്മസ്വരൂപമാണ്. അതാണ് ആസ്വാദനീയമായിട്ടിരിക്കുന്നത്. ഒരു പദാര്‍ത്ഥത്തെ ഭക്ഷിക്കുമ്പോഴുണ്ടാവുന്ന സ്വാദ് ആസ്വാദനീയമാണ്. സ്വാദിനെ ആസ്വദിക്കുന്ന രസനേന്ദ്രിയമോ അല്ലെങ്കില്‍ സ്വാദിന് ഹേതുവായ പദാര്‍ത്ഥമോ അല്ല ആസ്വാദനീയമായിട്ടിരിക്കുന്നത്. അതിനാല്‍ രസനേന്ദ്രിയത്തെയും പദാര്‍ത്ഥത്തെയും തള്ളിക്കളഞ്ഞാല്‍ ശേഷിക്കുന്ന നിരാലംബമായ സ്വാദ് ആത്മസ്വരൂപമാണ്. ഏതിന്ദ്രിയം കൊണ്ടനുഭവിക്കപ്പെടുന്ന ഏതൊരു വിഷയത്തിന്റെയും സ്ഥിതി ഇതുതന്നെ.

മദ്ധ്യവര്‍ത്തിയായ ആസ്വാദനരസം ആത്മസ്വരൂപമാണ്. അതിന്റെ ഉപാധിമാത്രമാണ് തത്തദ്വിഷയപദാര്‍ത്ഥം. ഉപാധിയെ തള്ളി ഉപഹിതത്തെ ഉപാസിക്കുന്നപക്ഷം വിഷയസേവനമെന്നൊന്നില്ലാതായിത്തീരും. എന്നാല്‍ അതിനെല്ല‍ാം തടസമായിട്ടിരിക്കുന്നത് അഹങ്കാരമാണ്. ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനം നിലവിലുള്ളിടത്തോളം കാലം വിഷയസേവനമല്ലാതെ ആത്മാനുഭൂതിയുണ്ടാവാനും വയ്യ. വാസനകളാണ് അഭിമാനത്തെ നിലനിര്‍ത്തുന്നത്. അതിനാല്‍ വാസനകളെ നിശ്ശേഷം ത്യാഗം ചെയ്യുകതന്നെ വേണം. രണ്ടുരൂപത്തിലാണ് വാസനാത്യാഗം. അവയ്ക്കു ജ്ഞേയമെന്നും ധ്യേയമെന്നും പറയും. അവയില്‍ ഏതെങ്കിലും ഒരു രൂപത്തിലുള്ള വാസനാത്യാഗം ആവശ്യമായും ഒരാള്‍ക്കുണ്ടാവണം.

ഇക്കാണപ്പെടുന്ന ഗൃഹഹകുടുംബാദിവസ്തുക്കളെല്ല‍ാം എന്റേതാണ്, ഞാനുണ്ടാക്കിയവായണ്; ഞാനില്ലായിരുന്നെങ്കില്‍ ഇവയൊന്നുമുണ്ടാവുമായിരുന്നില്ല; അതുപോലെ ഇവയൊന്നുമില്ലെങ്കില്‍ എന്റെ ജീവിതവുമില്ല; ഇവയൊന്നും കൂടാതെ എനിക്കു ജീവിക്കാന്‍തന്നെ സാദ്ധ്യമല്ല; എന്നുള്ള തോന്നലിനെ അതിനാസ്പദങ്ങളായ പദാര്‍ത്ഥങ്ങളോടുകൂടി ‘ഞാനും ഇവയുമായി യാതൊരു സംബന്ധവുമില്ല’ എന്ന ഭാവനകൊണ്ടു സമ്പൂര്‍ണ്ണമാകുംവണ്ണം ത്യാഗം ചെയ്യുന്നതാണ് ഒരു തരത്തിലുള്ള വാസനാത്യാഗം. അതിനെ ധ്യേയമെന്നു പറയുന്നു. അങ്ങനെ ത്യാഗം ചെയ്താലും രാഗദ്വേഷങ്ങളുടെ സ്പര്‍ശലേശമില്ലാതെ ശീതളമായ ബുദ്ധികൊണ്ടു നിഷ്കാമമാകുംവണ്ണം കര്‍ത്തവ്യകര്‍മ്മങ്ങളെ ചെയ്യാന്‍ സാധിക്കുകയും ചെയ്യും. വസ്തുക്കളിലുള്ള ഭേദഭാവന മുഴുവന്‍ നീങ്ങി അഭേദദൃഷ്ടികൊണ്ട് എല്ലാറ്റിനെയും കാണാറായിത്തീരലാണ് ജ്ഞേയമായ വാസനാത്യാഗമെന്നും പറഞ്ഞുവരുന്നു. പറയപ്പെട്ട ഏതെങ്കിലും ഒറു തരത്തിലുള്ള വാസനാത്യാഗമുണ്ടെങ്കില്‍ അവന് അഹന്താമമതകളുടെ നീരസവും ചിത്തത്തിന്ന് അടക്കവും വസ്തുബോധവും വസ്തുപ്രാപ്തിയുമെല്ല‍ാം സാധിക്കും കാലംകൊണ്ട്. വാസനാത്യാഗം അല്പംപോലുമില്ലെങ്കില്‍ സംസാരത്തില്‍ത്തന്നെ മുങ്ങിപ്പൊങ്ങലുമാണ് ഫലം.

വാസനാത്യാഗി – വിശേഷിച്ചും ജ്ഞേയത്യാഗി – ജീവന്മുക്തന്‍തന്നെയാണെന്നു പറയ‍ാം. സാമ്യതാബുദ്ധികൊണ്ട് ഒന്നിലും വ്യത്യസ്താബോധമോ രാഗദ്വേഷാദിവികാരങ്ങളോ തൃഷ്ണയോ അല്പംപോലും ഒരാളെ അലട്ടുന്നില്ലെങ്കില്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ മറ്റുള്ളവരെക്കൂടി തന്റെ ദര്‍ശനം കൊണ്ടു കുളുര്‍പ്പിക്കുന്നുവെങ്കില്‍ അവനെ ജീവന്മുക്തനെന്നല്ലാതെന്തു പറയും? തീര്‍ച്ചയായും അല്പംപോലും ഭേദപ്രതീതിയില്ലാത്ത സാമ്യതാഭാവം സ്ഫുരിച്ചു ദൃഢപ്പെട്ട മഹാത്മാവു ജീവന്മുക്തന്‍ തന്നെയാണ്. സംസാരം ഒരു പ്രകാരത്തിലും അയാളെ പീഡിപ്പിക്കുന്നില്ല. നാലു രൂപത്തിലാണ് മനുഷ്യന്റെ നിശ്ചയം അല്ലെങ്കില്‍ അഭിമാനം.

കാലടിമുതല്‍ ശിരസ്സടക്കമുള്ളതും മാതാപിതാക്കളാല്‍ ജനിപ്പിക്കപ്പെട്ടതുമായ ഈ ശരീരം ഞാനാണ്. അല്ലെങ്കില്‍ ഈ ശരീരമാണ് ഞാന്‍; മറ്റൊന്നുമല്ല. ഞാന്‍ ജനിച്ചു, എനിക്കിത്ര വയസ്സായി, ഞാന്‍ യുവാവാണ് ഇത്യാദിയാണ് ഒന്നാമത്തെ നിശ്ചയം അല്ലെങ്കില്‍ അഭിമാനം. ഇങ്ങനെയുള്ള അഭിമാനം തികച്ചും അജ്ഞാനസ്വരൂപവും, അതുകാരണത്താല്‍ ബന്ധത്തിനും ദുഃഖത്തിനും ജന്മ പരമ്പരകള്‍ക്കും ഹേതുവുമാണ്.

എല്ലാ ഭാവങ്ങള്‍ക്കും അതീതവും അത്യന്തസൂക്ഷവുമായ ചൈതന്യമാണ് ഞാന്‍ ; അല്ലാതെ ശരീരമോ അന്തഃകരണമോ ഒന്നുമല്ല. ഞാന്‍ ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല; എപ്പോഴുമുള്ളവനാണ് ഞാന്‍. ചൈതന്യമാത്രനായ എന്റെ പ്രകാശത്തിലാണ് എല്ല‍ാം വിളങ്ങുന്നത്. എന്നിങ്ങനെയുള്ളതാണ് രണ്ടാമത്തെ അഭിമാനം. ഈ അഭിമാനത്തെ വളര്‍ത്തി ദൃഢപ്പെടുത്തുന്ന പക്ഷം കാലംകൊണ്ടു കൈവല്യപ്രാപ്തിയുണ്ടാവും.

എല്ല‍ാം ഞാനാണ്; എന്നില്‍ നിന്നന്യമായി ഒന്നുംതന്നെ ഉണ്ടായിട്ടില്ല; ഉണ്ടാവന്‍ അര്‍ഹതയുമില്ല. ഞാനാകുന്ന ഒരേയൊരു ചൈതന്യംമാത്രം എങ്ങും നിറഞ്ഞിരിക്കുന്നു. എനിക്കു ജനനമരണങ്ങളോ ക്ഷയവൃദ്ധികളോ ഒന്നു തന്നെയില്ല. ഞാനെല്ലാമായും പ്രകാശിക്കുകമാത്രമാണ് ചെയ്യുന്നത്. എന്നിങ്ങിനെയുള്ളതാണ് മൂന്നമാത്തെ അഭിമാനം. അതും നല്ലതാണ്. ദൃഢത വന്നാല്‍ കാലംകൊണ്ടു കൈവല്യപ്രാപ്തികരണമാണ്.

കാണപ്പെടുന്ന ഈ പ്രപഞ്ചവും അതിനെ കാണുന്ന ഞാനും ഒന്നും തന്നെ ഉണ്ടായിട്ടേ ഇല്ല; വെറും തോന്നല്‍മാത്രം, അഖണ്ഡമായ ചിദാകാശംമാത്രം എപ്പോഴും എവിടെയും പ്രകാശിക്കുന്നു. മറ്റൊന്നുംതന്നെ ഉണ്ടായിട്ടില്ല. എന്നതാണ് നാലാമത്തെ അഭിമാനം. ഇതു സ്ഫുരിക്കുന്ന നിമിഷത്തില്‍ത്തന്നെ അവന്‍ മുക്തനാവും.

ആദ്യത്തേതു കേവലം അജ്ഞാനസ്വരൂപവും മറ്റു മൂന്നും ജ്ഞാനസ്വരൂപങ്ങളുമാണ്. അവസാനത്തേതു സമ്പൂര്‍ണ്ണജ്ഞാനസ്വരൂപമാണ്. ജീവന്മുക്തന്മാരില്‍മാത്രമേ അതു സാധാരണയായി കാണലുള്ളൂ. അല്ലാത്തവര്‍ക്കുതുണ്ടാവാന്‍ വിഷമം ഉണ്ടായാലും ക്ഷണനേരത്തേയ്ക്കല്ലാതെ സ്ഥിരമായി നിലനില്ക്കുകയുമില്ല. ജ്ഞേയത്യാഗംകൊണ്ടു ഭേദഭാവത്തെ മുഴുവന്‍ നീക്കിയാല്‍ ഈ സംസ്കാരമുണ്ടാവുകയെന്നതു വളരെ എളുപ്പമാണ്. വാസനകള്‍ ശക്തിയായി വികസിക്കുകയും നാനാത്വം ദൃഢപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും തന്നെ പറയപ്പെട്ട ജ്ഞാനനിശ്ചയങ്ങളുണ്ടാവാന്‍ വയ്യ. അതിനാല്‍ ഹേ! രാമചന്ദ്ര! നീ നിര്‍വ്വാസനനും ജ്ഞാനനിശ്ചയത്തോടുകൂടിയവനുമായിത്തീരും.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.