യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 457 – ഭാഗം 6 നിര്‍വാണ പ്രകരണം.

കൃതേനാനേന കാര്യേണ ന ശുഭം നാ ശുഭം സഖേ
പശ്യാമി തന്‍മഹാബുദ്ധേ യഥേച്ഛസി തഥാ കുരു (6/106/8)

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ പ്രച്ഛന്നവേഷത്തില്‍ കുംഭനായിക്കഴിഞ്ഞ ചൂഡാല ശിഖിധ്വജനോടു പറഞ്ഞു: കുറച്ചുകാലമായി ഞാന്‍ രാത്രിയില്‍ സ്ത്രീയായി അങ്ങയുടെ കൂടെ കഴിഞ്ഞുവന്നു. ഒരു സ്ത്രീയുടെ ധര്‍മ്മം അനുഷ്ഠിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരിക്കുന്നു. അതിനെന്നെ അങ്ങ് അനുവദിക്കണം. ഉത്തമനായ ഒരു ഭര്‍ത്താവിന്റെ ഭാര്യാപദവിയാണെനിക്ക് വേണ്ടത്. എനിക്കീ ത്രിലോകത്തിലും അങ്ങല്ലാതെ അടുപ്പമുള്ള മറ്റൊരാളില്ല. അതിനാല്‍ അങ്ങയെ വിവാഹം ചെയ്ത് ദാമ്പത്യസുഖം അനുഭവിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് സ്വാഭാവികമാണ്, രണ്ടാള്‍ക്കും പ്രീതികരമാണ് താനും. അതിലെന്താണ് തെറ്റ്? നാം രണ്ടുപേരും ഇഷ്ടാനിഷ്ടങ്ങളെ പരിത്യജിച്ചവരാണല്ലോ. അതിനാല്‍ എന്താണ് നമ്മില്‍ നൈസര്‍ഗ്ഗികം എന്നുവച്ചാല്‍ അത് തന്നെ നടക്കട്ടെ.

ശിഖിധ്വജന്‍ പറഞ്ഞു: “ഇതില്‍ നന്മയോ തിന്മയോ ഒന്നും ഞാന്‍ കാണുന്നില്ല. ജ്ഞാനിയായ അങ്ങ് പറയുന്നതുപോലെ തന്നെയാകട്ടെ. മനസ്സ് സമതയില്‍ അഭിരമിക്കുന്നതിനാല്‍ ഞാന്‍ എല്ലാടവും ആത്മാവിനെയാണ് കാണുന്നത്. അതിനാല്‍ അങ്ങേയ്ക്കിഷ്ടമുള്ളതുപോലെ ആവാം.”

കുംഭന്‍ പറഞ്ഞു: ‘അങ്ങേയ്ക്ക് സമ്മതമാണെങ്കില്‍ നമുക്ക് ഇന്നുതന്നെ വിവാഹിതരാകാം. ഇന്ന് പവിത്രതയുള്ള ഒരു ദിനമാണ്. ആകാശചാരികളായ ദേവഗന്ധര്‍വ്വന്മാര്‍ നമ്മെ അനുഗ്രഹിക്കും.’

അവര്‍ വിവാഹത്തിനുള്ള സാധനസാമഗ്രികള്‍ അവിടെത്തന്നെയൊരുക്കി. രണ്ടാളും പരസ്പരം പുണ്യജലത്തില്‍ കുളിച്ചു. പിതൃക്കള്‍ക്കും ദേവന്മാര്‍ക്കുമുള്ള പൂജാദികള്‍ വിധിപ്രകാരം ചെയ്തു.

അപ്പോഴേയ്ക്കും സന്ധ്യയായി. കുംഭന്‍ സുന്ദരിയായ ഒരു യുവതിയായി മാറി. ‘അദ്ദേഹം’ രാജാവിനോട് പറഞ്ഞു: ‘സുഹൃത്തേ ഞാനിപ്പോള്‍ ഒരു സ്ത്രീയാണ്. പേര് മദനിക. അങ്ങയെ ഞാന്‍ പ്രണാമം ചെയ്യുന്നു. അങ്ങയുടെ സഹധര്‍മ്മിണിയാണ് ഞാന്‍.’

ശിഖിധ്വജന്‍ മദനികയെ പൂമാല്യം ചാര്‍ത്തി സ്വീകരിച്ചു. അവള്‍ക്ക് രത്നഹാരങ്ങള്‍ നല്‍കി. അവളുടെ സൌന്ദര്യം വര്‍ണ്ണിച്ച് രാജാവ് പറഞ്ഞു: ദേവീ മദനികേ, നീ ലക്ഷ്മീദേവിയെപ്പോലെ ഐശ്വര്യവതിയാണ്. സൂര്യനും നിഴലുംപോലെ; ലക്ഷ്മിയും നാരായണനും പോലെ; ശിവനും പാര്‍വ്വതിയും പോലെ; എന്നെന്നും നമുക്ക് ഒരുമിച്ചു കഴിയാന്‍ ഇടവരട്ടെ. നമുക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുമാറാകട്ടെ.’

ദമ്പതികള്‍ ചേര്‍ന്ന് യഗാഗ്നിയൊരുക്കി, വിവാഹകര്‍മ്മങ്ങള്‍ യഥാവിധി തന്നെ നടത്തി. വള്ളിച്ചെടികളാലും മൂല്യവത്തും അല്ലാത്തതുമായ കല്ലുകള്‍കൊണ്ടും വിവാഹമണ്ഡപം അലങ്കരിച്ചിരുന്നു. നാല് മൂലയ്ക്കും നാളികേരം, പിന്നെ ഗംഗാജലം നിറച്ച മണ്‍കുടങ്ങള്‍ എന്നിവയാല്‍ അവിടം ഭംഗിയുള്ളതായി. മണ്ഡപത്തിനു നടുക്കായി യജ്ഞകുണ്ഡം. അവര്‍ അഗ്നിയെ പ്രദക്ഷിണം വച്ചു. വേദമന്ത്രങ്ങള്‍ ചൊല്ലി. രാജാവ് പ്രേമപൂര്‍വ്വം മദനികയുടെ കൈപിടിച്ചു. ലാജാ ഹോമത്തിന്റെ ഭാഗമായി അവര്‍ അഗ്നിക്ക് മൂന്നു വലത്തുവച്ചു. അവസാനം അവര്‍ കാട്ടിലെ ആ ഗുഹയില്‍ തീര്‍ത്ത മണിയറയിലേയ്ക്ക് പ്രവേശിച്ചു.

ചന്ദ്രന്റെ ശീതളപ്രഭ അവിടം സ്വര്‍ഗ്ഗമാക്കി. സുഗന്ധവാഹികളായ പൂക്കളാല്‍ മണിയറ അലങ്കരിച്ചിരുന്നു. ശയ്യാതലത്തില്‍ കയറി അവര്‍ സംഭോഗസുഖത്തില്‍ രമിച്ചു.