യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 460 – ഭാഗം 6 നിര്‍വാണ പ്രകരണം.
സഖാ ഭ്രാതാ സുഹൃദ്ഭൃത്യോ ഗുരുര്‍മിത്രം ധനം സുഖം
ശാസ്ത്രമായതനം ദാസ: സര്‍വം ഭര്‍ത്തു: കുലാംഗനാ: (6/109/27)
ശിഖിധ്വജന്‍ പറഞ്ഞു: നീയാരാണ്? സുന്ദരിയും സുഭഗയുമായ നീ എങ്ങിനെയാണിവിടെ എത്തിയത്? കുറച്ചു നേരമായോ വന്നിട്ട്? കണ്ടിട്ട് എന്റെ പ്രിയതമയുടെ നല്ല ഛായ തോന്നുന്നു.
ചൂഡാല പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ചൂഡാലതന്നെയാണ്. ഞാനാണ് കുംഭന്റെയും മദനികയുടെയും വേഷമിട്ടത്. അങ്ങയില്‍ ആത്മജ്ഞാനമുണര്‍ത്താന്‍ അങ്ങിനെയൊരു നാടകം കളിച്ചതാണ്. ഞാന്‍ തന്നെയാണ് അങ്ങിപ്പോള്‍ കണ്ട രമണീയമായ ഈ നന്ദനോദ്യാനവും മറ്റും ആയി ഇവിടെ നിലകൊണ്ടത്.
അങ്ങ് പെട്ടെന്നുള്ള ഒരാവേശത്തില്‍ രാജ്യമുപേക്ഷിച്ചു വനത്തില്‍ തപസ്സിനായി പോയ അന്നുമുതല്‍ അങ്ങയില്‍ ആത്മീയതയുണര്‍ത്താന്‍ എന്താണ് മാര്‍ഗ്ഗം എന്ന് ഞാന്‍ ചിന്തിച്ചു വന്നു. അങ്ങിനെയാണ് കുംഭന്റെ വേഷത്തില്‍ ഞാനങ്ങയെ ഉപദേശിക്കാനിടയായത്. അങ്ങ് കണ്ടതായ കുംഭനും മറ്റും സത്യമല്ല. വെറും കാഴ്ചമാത്രം. അങ്ങിപ്പോള്‍ പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു. അറിയേണ്ട എല്ലാം അങ്ങ് അറിഞ്ഞിരിക്കുന്നു.
വസിഷ്ഠന്‍ തുടര്‍ന്നു: ശിഖിധ്വജന്‍ ഉടനെ തന്നെ തന്റെ ദിവ്യദൃഷ്ടിയില്‍ താന്‍ രാജ്യം ഉപേക്ഷിച്ചു പോന്നതിനു ശേഷമുണ്ടായ എല്ലാക്കാര്യങ്ങളും തെളിഞ്ഞുകണ്ടു. അതീവ സംപ്രീതനായ അദ്ദേഹത്തിന് തന്റെ പ്രിയതമയോട് വളരെയധികം സ്നേഹം തോന്നി. ദേഹബോധത്തിലേയ്ക്ക് തിരികെ വന്ന രാജാവ് പറയാനരുതാത്ത പ്രേമവായ്പ്പോടെ രാജ്ഞിയെ ഗാഢം പുണര്‍ന്നു. അവര്‍ രണ്ടാളും കുറേനേരം അങ്ങിനെ അലൌകീകമായ ആനന്ദത്തിലാറാടി ലോകബോധമില്ലാതെ നിന്നു.
ശിഖിധ്വജന്‍ പറഞ്ഞു; പ്രിയപെട്ടവളേ, നീയെത്ര മധുരോദാരമായി എന്നെ സ്നേഹിക്കുന്നു! അമൃതിനേക്കാള്‍ മധുരമാണ് നിന്റെ പ്രേമം. എനിക്കുവേണ്ടി എന്തെല്ലാം കഷ്ടങ്ങള്‍ നീ സഹിച്ചില്ല! അതിദുര്‍ഘടമായ സംസാരസാഗരത്തില്‍ നിന്നും നീ എന്നെ വീണ്ടെടുത്തു. നീയതിനായി കണ്ടെത്തിയ മാര്‍ഗ്ഗത്തിനു സമമായി മറ്റൊന്ന് പറയാനില്ല. നമ്മുടെ സംസ്കാരം ഉത്തമചരിതകളായ വനിതാരത്നങ്ങളെ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അവരില്‍ പലരും ഉത്തമസഹധര്‍മ്മിണികളും ആയിരുന്നു. എന്നാല്‍ നിന്നെപ്പോലെ ആരുമില്ല. അവരെ എല്ലാവരെക്കാളും ഉയരെയാണ് നിന്റെ സ്വഭാവവൈശിഷ്ട്യങ്ങള്‍. നിന്റെ കഠിനപ്രയത്നം എന്നില്‍ പ്രബുദ്ധതയുളവാകാന്‍ കാരണമായി. നിനക്കെന്താണ് ഞാന്‍ പകരം തരിക? സ്നേഹവതികളായ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ സംസാരസാഗരതരണത്തില്‍ സഹായിക്കുന്നതെത്ര പരിപാവനം! ശാസ്ത്രങ്ങളോ, ഗുരുക്കന്മാരോ, മന്ത്രങ്ങളോ നല്‍കാത്ത പുണ്യം സ്വഭര്‍ത്താവിനെ സ്നേഹിച്ചു നേര്‍വഴി നയിക്കുന്നതിലൂടെ ഭാര്യമാര്‍ക്ക് ലഭിക്കുന്നു.
“ഭാര്യ ഭര്‍ത്താവിന്റെ എല്ലാമെല്ലാമാണ്. സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകരകടക്കാനുള്ള തോണി, അടിമ, എല്ലാമാണവള്‍” അങ്ങിനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്. ചൂഡാലേ, പ്രിയപ്പെട്ടവളേ, നീ അങ്ങിനെയുള്ള ഒരുത്തമമഹിളാരത്നം തന്നെയാണ്. വരൂ, എന്നെ വീണ്ടും ആലിംഗനം ചെയ്യൂ.
വസിഷ്ഠന്‍ പറഞ്ഞു: ഇങ്ങിനെ പറഞ്ഞു രാജാവ് രാജ്ഞിയെ വീണ്ടും വീണ്ടും പ്രേമപൂര്‍വ്വം പുണര്‍ന്നു.