ഡൗണ്‍ലോഡ്‌ MP3

പഠന്തോ നാമാനി പ്രമദഭരസിന്ധൗ നിപതിതാ:
സ്മരന്തോ രൂപം തേ വരദ കഥയന്തോ ഗുണകഥാ: |
ചരന്തോ യേ ഭക്താസ്ത്വയി ഖലു രമന്തേ പരമമൂ-
നഹം ധന്യാ‌ന്‍ മന്യേ സമധിഗതസര്‍വ്വാഭിലഷിതാ‌ന്‍ ‍‍ || 1 ||

ഹേ അഭീഷ്ടപ്രദാ ! നിന്തിരുവടിയുടെ തിരുനാമങ്ങളെ കീര്‍ത്തനം ചെയ്ത് നിന്തിരുവടിയുടെ ദിവ്യരൂപത്തെ ധ്യാനിച്ച് പരമാനന്ദ‍ാംഭോദിയില്‍ മുഴുകി അങ്ങയുടെ ഗുണവിശേഷങ്ങളെ കീര്‍ത്തിക്കുന്നവരായി യഥേഷ്ടം സഞ്ചരിക്കുന്നവരായ യാതൊരു ഭക്തന്മാര്‍ അങ്ങയി‍ല്‍തന്നെ രമിക്കുന്നുവോ സകല അഭീഷ്ടങ്ങളേയും കരസ്ഥമാക്കിയ ഇവരെ ഞാന്‍ പരമഭാഗ്യവാന്മാരായി കരുതുന്നു.

ഗദക്ലിഷ്ടം കഷ്ടം തവ ചരണസേവാരസഭരേ-
പ്യനാസക്തം ചിത്തം ഭവതി ബത വിഷ്ണോ കുരു ദയ‍ാം |
ഭവത്പാദ‍ാംഭോജസ്മരണരസികോ നാമനിവഹാ-
നഹം ഗായം ഗായം കുഹചന വിവത്സ്യാമി വിജനേ || 2 ||

ആധികൊണ്ടും വ്യാധികൊണ്ടും കഷ്ടപ്പെടുന്നതും ദീനദശയെ പ്രാപിച്ചിരിക്കുന്നതുമായ എന്റെ മനസ്സ് നിന്തിരുവടിയുടെ പാദശുശ്രൂഷയാകുന്ന സുഖാതിശയത്തില്‍പോലും ഉറച്ചുനില്ക്കുവാന്‍ കഴിവില്ലാത്തതായി ഭവിച്ചിരിക്കുന്നുവല്ലോ! സര്‍വ്വേശ്വര ! എന്നില്‍ കനിഞ്ഞരുളിയാലും, ഞാന്‍ അങ്ങയുടെ തൃപ്പാദപത്മങ്ങളെ സ്മരിക്കുന്നതി‍ല്‍   ഉല്‍സുകനായിട്ട് തിരുനാമങ്ങളെ വീണ്ടും വീണ്ടും സങ്കീര്‍ത്തനംചെയ്തുകൊണ്ട് ഏതെങ്കിലുമൊരു വിജനപ്രദേശത്ത് ചെന്നു വസിച്ചുകൊള്ള‍ാം.

കൃപാ തേ ജാതാ ചേത്കിമിവ ന ഹി ലഭ്യം തനുഭൃത‍ാം
മദീയക്ലേശൗഘ പ്രശമനദശാ നാമ കിയതീ |
ന കേ കേ ലോകേസ്മിന്നനിശമയി ശോകാഭിരഹിതാഃ
ഭവദ്ഭക്താ മുക്താ: സുഖഗതിമസക്താ വിദധതേ || 3 ||

നിന്തിരുവടിയുടെ കാരുണ്യം ഉണ്ടാവുന്നപക്ഷം ശരീരങ്ങള്‍ക്ക് എന്തൊന്നുതന്നെയാണ് ലഭിക്കാത്തതായുള്ളത്? എന്റെ അരിഷ്ടങ്ങളെയെല്ല‍ാം നശിപ്പിക്കുക എന്നത് എത്ര നിസ്സാരം! സ്വാമിന്‍! ഈ ലോകത്തില്‍ അങ്ങയുടെ എത്രയെത്ര ഭക്തന്മാര്‍ എപ്പോഴും യാതൊരുവിധത്തിലുള്ള ദുഃഖവുംകൂടാതെ ജീവന്മുക്തന്മാരായി യതൊന്നിലും ആസക്തിയില്ലാത്തവരായി സ്വൈരസഞ്ചാരം ചെയ്യുന്നില്ല?

മുനിപ്രൗഢാ രൂഢാ ജഗതി ഖലു ഗൂഢാത്മഗതയോ
ഭവത്പാദാമ്ഭോജസ്മരണവിരുജോ നാരദമുഖാ:
ചരന്തീശ സ്വൈരം സതതപരിനിര്ഭാതപരചിത് –
സദാനന്ദാദ്വൈതപ്രസരപരിമഗ്നാ: കിമപരം || 4 ||

നാഥാ! ലോകത്തില്‍ സുപ്രസിദ്ധരായിത്തീ‍ര്‍ന്നവരും മറ്റുള്ളവര്‍ക്കറിയാന്‍ കഴിവില്ലാത്ത മനോഗതത്തോടുകൂടിയവരും അങ്ങയുടെ പാദപങ്കജങ്ങളെ സ്മരിച്ചുകൊണ്ടിരിക്കനിമിത്തം നീങ്ങിപ്പോയ ദുഃഖങ്ങളോടുകൂടിയവരുമായ നാരദ‍ന്‍ മുതലായവരായ മുനിശ്രേഷ്ഠന്മാര്‍ എപ്പോഴുമെവിടേയും പ്രസരിച്ചുകൊണ്ടിരിക്കുന്ന സച്ചിദാനന്ദാത്മകമായ അദ്വൈതപ്രവാഹത്തില്‍ മുഴുകിയവരായി നിര്‍ബാധം സഞ്ചരിക്കുന്നു; വേറെ എന്താണ് സാധിക്കേണ്ടതായിട്ടുള്ളത്?

ഭവദ്ഭക്തിഃ   സ്ഫീതാ ഭവതു മമ സൈവ പ്രശമയേ-
ദശേഷക്ലേശൗഘം ന ഖലു ഹൃദി സന്ദേഹകണികാ |
ന ചേദ്വ്യാസസ്യോക്തിസ്തവ ച വചനം നൈഗമവചോ
ഭവേന്മിഥ്യാ രഥ്യാപുരുഷവചനപ്രായമഖിലം || 5 ||

എനിക്ക് അങ്ങയോടുള്ള ഭക്തി വ‍ര്‍ദ്ധിച്ചതായിഭവിക്കേണമേ! അതു തന്നെയാണ് എല്ലാ ദുഃഖങ്ങളേയും വേരോടെ നശിപ്പിക്കുന്നത് എന്നതിന് എന്റെ മനസ്സി‍ല്‍ സംശയം ഒരു ലവലേശമെങ്കിലും ഇല്ലതന്നെ; അങ്ങനെയല്ലെങ്കില്‍ വേദവ്യാസവചനവും നിന്തിരുവടിയുടെ ഉപദേശവും (ഗീതയും) ഉപനിഷദ്വാക്യങ്ങളും എല്ല‍ാം ഒരുപോലെ തെരുവില്‍ തിരിയുന്ന മുഢന്മാരുടെ വാക്കുകളെന്നപോലെ അസത്യമായി ഭവിക്കുമല്ലൊ.

ഭവദ്ഭക്തിസ്താവത് പ്രമുഖമധുരാ ത്വത് ഗുണരസാത്
കിമപ്യാരൂഢാ ചേദഖിലപരിതാപപ്രശമനീ |
പുനശ്ചാന്തേ സ്വാന്തേ വിമലപരിബോധോദയമില-
ന്മഹാനന്ദാദ്വൈതം ദിശതി കിമത: പ്രാര്‍ത്ഥ്യമപരം || 6 ||

നിന്തിരുവടിയിലുള്ള ഭക്തിയാവട്ടെ അങ്ങയുടെ ഗുണങ്ങളെ കേള്‍ക്കുകയും സ്മരിക്കുകയും ചെയ്യുമ്പോളുണ്ടാവുന്ന  രസസമൃദ്ധിയില്‍ ആരംഭത്തില്‍ മദ്ഭുരമായിരിക്കുന്നതും അല്പം വര്‍ദ്ധിച്ചാല്‍ സര്‍വ്വോല്‍ക്കര്‍ഷമായി സകലസന്താപങ്ങളേയും നശിപ്പിക്കുന്നതും പിന്നീട് പരിണാമത്തില്‍ ഹൃദയത്തി‍ല്‍ അതിനിര്‍മ്മലമായ ജ്ഞാനോദാത്തോടുകൂടിയ പരമാനന്ദത്തില്‍നിന്നും അദേദമായ അവസ്ഥയെ നല്‍ക്കുന്നതും ആകുന്നു; ഇതിന്നുമേല്‍ വേറെ പ്രാര്‍ത്ഥിക്കത്തക്കത് എന്താണ്?

വിധൂയ ക്ലേശാന്മേ കുരു ചരണയുഗ്മം ധൃതരസം
ഭവത്ക്ഷേത്രപ്രാപ്തൗ കരമപി ച തേ പൂജനവിധൗ |
ഭവന്മൂര്‍ത്ത്യാലോകേ നയനമഥ തേ പാദതുളസീ-
പരിഘ്രാണേ ഘ്രാണം ശ്രവണമപി തേ ചാരുചരിതേ || 7 ||

എന്റെ ദുഃഖങ്ങളെ അകറ്റി കാലിണയെ നിന്തിരുവടിയുടെ ക്ഷേത്രത്തിലെത്തുന്നതിലും കൈകളെ അങ്ങയുടെ അര്‍ച്ചനാവിധിയിലും അതുപോലെ നേത്രങ്ങളെ അങ്ങയുടെ മോഹനവിഗ്രഹത്തെ ദര്‍ശിക്കുന്നതിലും നാസികയെ അവിടത്തെ തൃപ്പാദങ്ങളി‍ല്‍ അര്‍ച്ചിക്കപ്പെടുന്ന തുളസീപരിമളത്തെ ആഘ്രഃണം ചെയ്യുന്നതിലും ചെവിയെ നിന്തിരുവടിയൂടെ ദിവ്യചരിതത്തിലും കൗതുകത്തോടുകൂടിയതാക്കിച്ചെയ്യേണമേ.

പ്രഭൂതാധിവ്യാധിപ്രസഭചലിതേ മാമകഹൃദി
ത്വദീയം തദ്രൂപം പരമസുഖചിദ്രൂപമുദിയാത് |
ഉദഞ്ചദ്രോമാഞ്ചോ ഗലിതബഹുഹര്‍ഷാശ്രുനിവഹോ
യഥാ വിസ്മര്യാസം ദുരുപശമപീഡാപരിഭവാന്‍ || 8 ||

ഞാന്‍ കോള്‍മയിര്‍ക്കൊള്ളുന്നവനായി പൊഴിയുന്ന സന്തോഷബാഷ്പധരകളണിഞ്ഞ് ശമിപ്പിക്കുവാന്‍ സാധിക്കാത്ത രോഗപീഡകളെ യാതൊരു വിധത്തി‍ല്‍ തീരെ മറക്കുമോ ആ വിധത്തില്‍ അധികരിച്ച ആധികളാലും, വ്യാധികളാലും വ്യാകുലമാക്കപ്പെട്ടിരിക്കുന്ന എന്റെ ഹൃദയത്തില്‍ പരമാനന്ദരസസ്വരുപമായ അങ്ങയുടെ ആ ദിവ്യരുപം പ്രാകാശിക്കേണമേ.

മരുദ്ഗേഹാധീശ ത്വയി ഖലു പരാഞ്ചോപി സുഖിനോ
ഭവത്സ്നേഹീ സോഹം സുബഹു പരിതപ്യേ ച കിമിദം |
അകീര്‍ത്തിസ്തേ മാ ഭൂദ്വരദ ഗദഭാരം പ്രശമയന്‍
ഭവത് ഭക്തോത്തംസം ഝടിതി കുരു മ‍ാം കംസദമന || 9 ||

ഗുരുവായുപുരേശ! അങ്ങയില്‍ വിമുഖരായിരിക്കുന്നവര്‍പോലും സുഖികളായിട്ടാണല്ലോ കാണപ്പെടുന്നത്; എന്നാല്‍ അങ്ങയി‍ല്‍ പ്രേമത്തോടുകൂടിയ അങ്ങനെയുള്ള ഞാ‍ന്‍ വളരെ അധികം ദുഃഖിക്കുകയും ചെയ്യുന്നു. ഇതെന്തുകൊണ്ടാണ്? അഭീഷ്ടങ്ങളെല്ല‍ാം നല്‍ക്കുന്ന കംസാന്തക! അവിടുത്തേക്ക് ദുഷ്കീര്‍ത്തീ സംഭവിക്കരുതേ! ദൈന്യങ്ങളെയെല്ല‍ാം തീരെ നശിപ്പിച്ച് വേഗത്തില്‍ എന്നെ നിന്തിരുവടിയുടെ ഭക്തശിഖാമണിയാക്കിത്തീര്‍ത്തരുളിയാലും.

കിമുക്തൈര്‍ഭൂയോഭിസ്തവ ഹി കരുണാ യാവദുദിയാ-
ദഹം താവദ്ദേവ പ്രഹിതവിവിധാര്‍ത്തപ്രലപിതഃ |
പുരഃ ക്ലൃപ്തേ പാദേ വരദ തവ നേഷ്യാമി ദിവസാന്‍
യഥാശക്തി വ്യക്തം നതിനുതിനിഷേവാ വിരചയന്‍ || 10 ||

വളരെ പറയുന്നതുകൊണ്ട് എന്തുഫലം? സര്‍വ്വാഭീഷ്ടപ്രദനായ ഹേ പ്രഭോ! അങ്ങയുടെ കാരുണ്യം എപ്പോള്‍ ഉണ്ടാവുമോ അതുവരെ നിശ്ചയമായും ഞാന്‍ ഉപേക്ഷിക്കപ്പെട്ട പലവിധത്തിലുള്ള ആര്‍ത്തരോദനത്തോടുകൂടിയവാനിയിട്ട് എന്റെ മുന്‍പി‍ല്‍ സങ്കല്പിതമായിക്കുന്ന നിന്തിരുവടിയുടെ തൃപ്പാദത്തില്‍ ശക്തിക്കനുസരിച്ച് സ്പഷ്ടമായി നമസ്മാരം, സ്തുതി, പൂജാ എന്നിവയെ ചെയ്തുകൊണ്ട് ദിവസങ്ങളെ കഴിച്ചുകൂട്ടിക്കൊള്ള‍ാം.

ആദിതഃ ശ്ലോകാഃ 30.
പ്രഥമഃസ്കന്ധം സമാപ്തം.

വൃത്തം: – ശിഖരിണീ. ലക്ഷണം : യതിയ്ക്കാറില്‍ തട്ടും യമനസഭലം ഗം ശിഖരിണീ

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.