യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 464 – ഭാഗം 6 നിര്‍വാണ പ്രകരണം.
അഹംകാരമസദ്‌വിദ്ധി മൈനമാശ്രമമാ ത്യജ
അസത: ശശശൃംഗസ്യ കില ത്യാഗഗ്രഹൌ കുത: (6/112/3)
വസിഷ്ഠന്‍ തുടര്‍ന്നു: അത്യുന്നതമായ ജ്ഞാനോപദേശം കിട്ടിയ കചന്‍ പ്രബുദ്ധനായി. അഹംഭാവത്തില്‍ നിന്നും, എന്തെങ്കിലും സ്വയമായി നേടുന്നതില്‍ നിന്നുമെല്ലാം അദ്ദേഹം സ്വതന്ത്രനായി. രാമാ, നീയും കചനെപ്പോലെ ജീവിക്കൂ.
“അഹം ഭാവം എന്നത് അസത്താണ്. അതിനെ വിശ്വസിക്കരുത്. അതിനെ ഉപേക്ഷിക്കയുമരുത്. ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് അറിഞ്ഞുകൊണ്ട് ഉപേക്ഷിക്കാന്‍ കഴിയുക?”
അഹംഭാവം തന്നെ ഇല്ലാത്ത ഒന്നാകുമ്പോള്‍പ്പിന്നെ ജനനവും മരണവും എന്താണ്? നീ സുക്ഷ്മവും നിര്‍മ്മലവുമായ ബോധമാണ്. ആ ബോധം അവിച്ഛിന്നവും സങ്കല്‍പ്പങ്ങള്‍ക്ക് അതീതവും എന്നാല്‍ എല്ലാ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്നതുമാണ്. അജ്ഞാനത്തിന്റെ അവസ്ഥയില്‍ മാത്രമേ ലോകം ഒരു മായക്കാഴ്ച്ചയായി നിലനില്‍ക്കുന്നുള്ളൂ. എന്നാല്‍ പ്രബുദ്ധന്റെ ദൃഷ്ടിയില്‍ എല്ലാം ബ്രഹ്മം മാത്രം. ഏകത, അനേകത തുടങ്ങിയ എല്ലാ സങ്കല്‍പ്പങ്ങളെയും അതിജീവിച്ച് ആനന്ദചിത്തനായി കഴിഞ്ഞാലും. വിഭ്രമത്തിനടിമയായ ഒരുവനെപ്പോലെ പെരുമാറി ദുരിതമനുഭവിക്കാന്‍ നിനക്കിടയാവാതിരിക്കട്ടെ.
രാമന്‍ പറഞ്ഞു:അങ്ങയുടെ അമൃതസമാനമായ വാക്കുകള്‍ എന്നില്‍ അനുഭൂതി നിറയ്ക്കുന്നു. അതിഭൌതീകമായ ജ്ഞാനത്തിന്റെ നിറവിലാണിപ്പോള്‍ ഞാന്‍ മരുവുന്നത്. എങ്കിലും സമ്പൂര്‍ണ്ണ സംതൃപ്തി എന്നൊന്നില്ല. അതുകൊണ്ട് ഞാന്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നു. അമൃതുപോലും ഒരുവന് മതിവരല്‍ ഇല്ലല്ലോ. അങ്ങ് പറഞ്ഞ വിഭ്രാന്തിയില്‍പ്പെട്ട മനുഷ്യന്‍ ആരാണ്?
വസിഷ്ഠന്‍ പറഞ്ഞു: അത്തരത്തിലുള്ള വിഭ്രാന്തനായ ഒരുവന്റെ രസകരമായ കഥ കേട്ടാലും. വിഭ്രാന്തിയുണ്ടാക്കുന്ന ഒരു യന്ത്രമാണ് ഈ മനുഷ്യനെ സൃഷ്ടിച്ചത്. അയാള്‍ ഒരു മരുഭൂമിയിലാണ് ജനിച്ചത്. അവിടെത്തന്നെ അയാള്‍ വളര്‍ന്നു.
അയാളില്‍ ഒരു തോന്നല്‍ ഉണ്ടായി. ‘ഞാന്‍ ആകാശമാണ്, ഞാന്‍ ആകാശത്തില്‍ നിന്നും ജനിച്ചു. ആകാശം കാലമാണ്. അതിനാല്‍ ആകാശത്തിന്റെ പരിരക്ഷ എന്റെ ചുമതലയാണ്.’ ഇങ്ങനെ നിശ്ചയിച്ച് അയാള്‍ ആകാശത്തെ സംരക്ഷിക്കാനായി ഒരു വീടുണ്ടാക്കി. ആകാശത്തെ വീട്ടിനുള്ളില്‍ ഭദ്രമായി വച്ച് അയാള്‍ സന്തുഷ്ടനായി. എന്നാല്‍ കാലക്രമത്തില്‍ ആ വീട് തകര്‍ന്നു. അയാള്‍ വിലപിക്കാന്‍ തുടങ്ങി. ‘കഷ്ടം! ആകാശമേ, നീയെങ്ങുപോയി? എല്ലാം തകര്‍ന്നു പോയല്ലോ!’
പിന്നീടയാള്‍ ഒരു കിണര്‍ കുഴിച്ച് ആകാശത്തെ അതിനുള്ളില്‍ സൂക്ഷിക്കാം എന്ന് കരുതി. അതും കാലക്രമത്തില്‍ നഷ്ടമായി. ആകാശത്തെ സൂക്ഷിക്കാന്‍ അയാള്‍ പിന്നെ ഒരു കുടമുണ്ടാക്കി, കുഴികുത്തി, ഒരു തോട്ടത്തില്‍ നാല് സാലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചു. ഇവയെയെല്ലാം കാലം അപഹരിച്ചു. ആ ഭ്രമബാധിതനായ മനുഷ്യന് ദുഖമായി.
രാമാ, ഇനി ഇക്കഥയുടെ ആന്തരാര്‍ത്ഥം എന്തെന്നു നോക്കിയാലും. വിഭ്രാന്തനായ മനുഷ്യന്‍ അഹംഭാവം തന്നെയാണ്. കാറ്റില്‍ ചലനമെന്നതുപോലെ അഹമുയരുകയാണ്. അതിന്റെ സത്തയും ബ്രഹ്മം തന്നെ. ഇത് തിരിച്ചറിയാതെ അഹംഭാവം ആകാശത്തെ നോക്കി, അതിനെ സ്വന്തമാക്കാന്‍, അല്ലെങ്കില്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നു. അങ്ങനെ അത് ദേഹവുമായി താദാത്മ്യം പ്രാപിച്ച് അതിനെ പരിരക്ഷിക്കാന്‍ ശ്രമിക്കുന്നു. ദേഹാദികള്‍ കുറച്ചുകാലം നിലനിന്ന് പിന്നീട് കാലത്തിന്റെ തന്നെ പിടിയില്‍പ്പെട്ട് നശിക്കുന്നു.
ഈ വിഭ്രാന്തി കാരണം അഹംഭാവം ആവര്‍ത്തിച്ചുള്ള ആകുലതകള്‍ ഏറ്റുവാങ്ങി നരകിക്കുന്നു. അഹം നഷ്ടമായി, ഇല്ലാതായി, മരിച്ചു എന്നിങ്ങനെയെല്ലാം മാഴ്കുമ്പോഴും ആകാശത്തിനു മാറ്റമേതുമില്ല. രാമാ, ദേഹാദികള്‍ ഇല്ലാതാകുമ്പോഴും ആത്മാവ് മാറ്റമില്ലാതെ നിലകൊള്ളുന്നു. ആത്മാവ് ആകാശത്തേക്കാള്‍ സൂക്ഷ്മതരമാണ്. അതിനെ ഒന്നിനും ബാധിക്കാനാവില്ല. അത് ജനിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അതിനു മരണമില്ല. ഈ ലോകമെന്ന കാഴ്ചയായി നിലകൊള്ളുന്നതും അനന്തബോധമെന്ന പരബ്രഹ്മം തന്നെയാണ്. ഈ അറിവിന്റെ നിറവില്‍ നീ ആനന്ദത്തോടെ സുചിരം വാണാലും.