യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 465 – ഭാഗം 6 നിര്‍വാണ പ്രകരണം.

ജന്തോര്‍യഥാ മനോരാജ്യം വിവിധാരംഭഭാസുരം
ബ്രാഹ്മം തഥേദം വിതതം മനോരാജ്യം വിരാജതേ (6/114/21)

വസിഷ്ഠന്‍ തുടര്‍ന്നു: ചിന്താശക്തിയും ഭാവനാത്മകതയും നിറഞ്ഞ മനസ്സ് ആദ്യമായി ഉദിച്ചത് പരബ്രഹ്മത്തില്‍ നിന്നുമാണ്. ഈ മനസ്സ് പൂവിലെ സുഗന്ധംപോലെ, കടലിലെ അലകള്‍ പോലെ, സൂര്യനിലെ രശ്മികള്‍ പോലെ ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. അതീവസൂക്ഷ്മവും അദൃശ്യവുമാകയാല്‍ ബ്രഹ്മത്തെ മറന്നിട്ടെന്നതുപോലെയാണ് ലോകമെന്ന കെട്ടുകാഴ്ചയ്ക്ക് യഥാര്‍ത്ഥ്യഭാവം കല്‍പ്പിച്ചുകിട്ടിയിരിക്കുന്നത്‌. സൂര്യരശ്മി, സൂര്യനില്‍ നിന്നും വിഭിന്നമാണെന്ന് ചിന്തിക്കുന്നവനെ സംബന്ധിച്ചിടത്തോളം സൂര്യരശ്മികള്‍ക്ക് തനതായ, വ്യതിരിക്തമായ ഒരു അസ്തിത്വം ഉണ്ട്. സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു കൈവള, വെറും വളയായി കണക്കാക്കുന്നവന് അതിലെ സ്വര്‍ണ്ണത്തിന്റെ അസ്തിത്വം സുവിദിതമല്ല.

എന്നാല്‍ സൂര്യരശ്മികള്‍ സൂര്യനില്‍ നിന്നും വിഭിന്നമല്ല എന്നറിയുന്നവന്റെ അറിവ് നിര്‍വികല്‍പ്പമാണ്. കടല്‍ത്തിരകള്‍ കടലില്‍ നിന്നും വിഭിന്നമല്ല എന്ന അറിവ് നിര്‍വികല്‍പ്പമാണ്. സ്വര്‍ണ്ണവളയും സ്വര്‍ണ്ണവും വിഭിന്നങ്ങളല്ല എന്നുള്ള അറിവും നിര്‍വ്വികല്പ്പമാണ്.

തീപ്പൊരിയുടെ തിളക്കം മാത്രം കാണുന്നവന്‍ അത് തീയാണെന്ന് തിരിച്ചറിയുന്നില്ല. ആളിപ്പോങ്ങി നിലത്തു ചിതറിയൊടുങ്ങുന്ന തീപ്പൊരികളെപ്പോലെ അയാളുടെ മനസ്സ് സുഖദുഖങ്ങളെ അനുഭവിക്കുന്നു. അയാള്‍ ഈ തിളക്കമേറിയ ജ്വാലാകണങ്ങളെ അഗ്നിമാത്രമായി തിരിച്ചറിയുന്നത് നിര്‍വികല്‍പ്പമായ അറിവാണ്. അങ്ങനെ നിര്‍വികല്‍പ്പമായ അറിവില്‍ വിരാജിക്കുന്നവനാണ് മഹാനായ ജ്ഞാനി. അയാളുടെ അറിവിന്‌ ഗ്ളാനിയില്ല. നേടാന്‍ യോഗ്യമായത് അയാള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. വസ്തുക്കളിലും വിഷയങ്ങളിലും അയാളുടെ ഹൃദയം ആമഗ്നമല്ല.

അതിനാല്‍ രാമാ, ഈ നാനത്വമെന്ന തോന്നല്‍ അല്ലെങ്കില്‍ വിഷയീകരണം എല്ലാം അവസാനിപ്പിച്ച് ബോധസ്വരൂപത്തില്‍ നിലകൊണ്ടാലും. ആത്മാവ് എന്ത് സങ്കല്‍പ്പിക്കുന്നുവോ, അത് സാധിതമാകാനുള്ള ശക്തി, ബോധത്തില്‍ വിലീനമാണ്. അങ്ങനെ ഉടലെടുത്ത ചിന്തയാണ് സ്വതന്ത്രമായ ഒന്നായി തോന്നുന്നത്. അതുകൊണ്ടാണ് ചിന്താശക്തിയുള്ള മനസ്സ് ആലോചിക്കുന്നതൊക്കെയും ക്ഷണത്തില്‍ നടപ്പാവുന്നത്. വൈവിദ്ധ്യതകളുടെ തുടക്കം ഇവിടെയാണ്. അതിനാല്‍ ലോകമെന്ന കാഴ്ച സത്തെന്നോ അസത്തെന്നോ പറയാന്‍ വയ്യ.

“ജീവികള്‍ തങ്ങളുടെ ദിവാസ്വപ്നങ്ങളില്‍ വിവിധങ്ങളായ അനുഭവങ്ങളെ ഉണ്ടാക്കി അനുഭവിക്കുന്നതുപോലെ പരബ്രഹ്മത്തിന്റെ ദിവാസ്വപ്നമത്രേ ഈ പ്രത്യക്ഷലോകമെന്ന പ്രതിഭാസം!”

ഈ ലോകത്തെ ബ്രഹ്മമെന്നു തിരിച്ചറിയുമ്പോള്‍ ലോകമെന്ന കാഴ്ചയും ഇല്ലാതാകുന്നു. അപ്പോള്‍ ആത്യന്തികമായ കാഴ്ചപ്പാടില്‍ ലോകം നിലനില്‍ക്കുന്ന ഒന്നല്ല എന്ന് വരുന്നു. ബ്രഹ്മം സ്വയം അങ്ങനെ തന്നെ, മാറ്റങ്ങള്‍ ഏതുമില്ലാതെ നിലകൊള്ളുന്നു. മുന്‍പേതന്നെ നിലവിലില്ലാത്ത ഒന്നും അത് പുതുതായി സൃഷ്ടിക്കുന്നില്ല.

രാമാ, നീ എന്തൊക്കെ ചെയ്താലും അത് ശുദ്ധാവബോധം മാത്രമാണെന്നറിയുക. ബ്രഹ്മം തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും ഇവിടെ കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാം. ‘അതിനും’, ‘ഇതിനും’, മറ്റും ഇവിടെ ഇടമില്ല. അതിനാല്‍ ബന്ധനം, മോക്ഷം, തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്കുപോലും സാധുതയില്ല. അതിനാല്‍ അവയെ ഉപേക്ഷിക്കൂ. നിത്യശുദ്ധമായ അഹങ്കാരരഹിതമായ സ്വരൂപത്തില്‍ സ്വാഭാവികമായി വരുന്ന കര്‍മ്മങ്ങളെ അനുഷ്ഠിച്ചു സ്വതന്ത്രനായി ജീവിക്കൂ.