യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 466 – ഭാഗം 6 നിര്‍വാണ പ്രകരണം.
സര്‍വ്വാ: ശങ്കാ: പരിത്യജ്യ ധൈര്യമാലംബ്യ ശാശ്വതം
മഹാഭോക്താ മഹാകര്‍ത്താ മഹാത്യാഗീ ഭവാനഘ (6/115/9)
വസിഷ്ഠന് തുടര്‍ന്നു: നിന്റെ സംശയങ്ങളെയെല്ലാം ഇല്ലാതാക്കൂ. എന്നിട്ട് ധര്‍മ്മത്തിന്റെ ശക്തിയില്‍ ജീവിക്കൂ. കര്‍മ്മത്തില്‍ ഏറ്റവും നിപുണനായി വര്‍ത്തിക്കൂ. ആനന്ദത്തില്‍ ആമഗ്നനായിക്കഴിയൂ, പരിത്യാഗത്തിലും നീ ഉത്തമനായ സംന്യാസിയാവൂ.
ഈദൃശമായ മൂന്നു സാധനകളും ഭഗവാന് പരമശിവന് ഭൃംഗീശന് പണ്ടുകാലത്ത് ഉപദേശിച്ചതാണ്. അത് അദ്ദേഹത്തെ സമ്പൂര്‍ണ്ണമുക്തിയിലേയ്ക്ക് നയിക്കുകയുണ്ടായി. ഭൃംഗീശന് പാരമ്പര്യരീതികള്‍ക്കനുസരിച്ചു കഴിഞ്ഞുപോന്ന ഒരു സാധാരണക്കാരനായിരുന്നു. അയാള്‍ ഒരിക്കല്‍ ഭഗവാന് ശിവന്റെ അടുക്കല്‍ ഇങ്ങനെ പ്രാര്‍ത്ഥച്ചു. ‘ഭഗവാനേ, ഞാനീ പ്രത്യക്ഷലോകത്തിന്റെ കാഴ്ച കണ്ട് ആകെ ചിന്താക്കുഴപ്പത്തിലാണ്. എങ്ങനെയുള്ള ചിന്താഗതി എന്നിലുണ്ടാക്കിയാലാണ് ഈ ചിന്താക്കുഴപ്പത്തിന് അറുതി വരിക എന്നെനിക്കുപദേശിച്ചാലും.
ഭഗവാന് പറഞ്ഞു: “നിന്റെ സംശയങ്ങളെ ഉപേക്ഷിക്കൂ. ധര്‍മ്മശക്തിയെ ആശ്രയിക്കൂ. നീ സ്വയം മഹാഭോക്തനും, മഹാകര്‍ത്താവും, മഹാത്യാഗിയുമാവൂ.”
മഹാകര്‍ത്താവ് എന്നാല്‍ സംശയലേശമന്യേ എല്ലാ കര്‍മ്മങ്ങളും ഉചിതമായി പ്രകൃത്യായുള്ള ചോദനയ്ക്കനുസരിച്ച് ചെയ്യുന്നവനാണ്. ധാര്‍മ്മികം/ അധാര്‍മ്മികം, അഭികാമ്യം/അനഭികാമ്യം, ജയം/പരാജയം, എന്നിങ്ങനെയുള്ള തരംതിരിവുകള്‍ കൂടാതെ ഇഷ്ടാനിഷ്ടങ്ങളുടെ സ്വാധീനമില്ലാതെ അഹംകാരമോ അസൂയയോ ബാധിക്കാതെ മനസാ മൌനിയായും നിര്‍മ്മലനായും കര്‍മ്മങ്ങള്‍ ചെയ്യുന്നവനാണ് മഹാകര്‍ത്താവ്.
അയാള്‍ക്ക് ഒന്നിനോടും ആസക്തിയില്ല. എന്നാല്‍ എല്ലാറ്റിനെയും ഒരു സാക്ഷിഭാവത്തില്‍ അയാള്‍ കാണുന്നുണ്ട്. അയാളില്‍ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങള്‍ ഇല്ല. അത്യാഹ്ളാദമോ ആകുലതകളോ അയാളില്‍ ഇല്ല. മനസ്സ് പ്രശാന്തം. ദുഖരഹിതം. കര്‍മ്മാകര്‍മ്മങ്ങളോട് നിര്‍മ്മമനാണയാള്‍. പ്രകൃത്യാ അയാള്‍ ശാന്തനും സമതാഭാവമുള്ളവനുമാണ്. ജനനം, ജീവിതം, മരണം എന്നിവയാലൊന്നും അയാളിലെ സമതാഭാവത്തിനു മാറ്റങ്ങള്‍ ഉണ്ടാവുന്നില്ല.
മഹാഭോക്തന്‍ – എല്ലാം അനുഭവിച്ചു രസിക്കുന്നവന്- ഒന്നിനെയും വെറുക്കാന്‍ കഴിയാത്തവനാണ്. സ്വാഭാവികമായി വരുന്ന എല്ലാറ്റിനെയും അയാള്‍ ആസ്വദിക്കുന്നു. ഒരു കര്‍മ്മത്തില്‍ മുഴുകിയിരിക്കുമ്പോഴും അയാള്‍ ആ കര്‍മ്മമായിപ്പോലും മമതാബന്ധത്തിലല്ല. അതിനെ അയാള്‍ തള്ളിപ്പറയുന്നുമില്ല. അയാള്‍ അനുഭവത്തിലൂടെ അനുഭവിക്കുകയല്ല ചെയ്യുന്നത്; അയാള്‍ അനുഭവങ്ങളെ സാക്ഷീഭാവത്തില്‍ അറിയുകയാണ്. ലോകലീലകള്‍ അയാളെ ബാധിക്കുന്നില്ല. അയാളുടെ ഹൃദയം ജീവിതത്തിലെ സന്തോഷസന്താപങ്ങളാല്‍ വിവശമാവുന്നില്ല. ജരാനരകളെയും, മരണത്തെപ്പോലും അയാള്‍ സന്തോഷത്തോടെ നേരിടുന്നു. ദാരിദ്ര്യവും സര്‍വ്വധിപത്യവും അയാള്‍ക്കൊരുപോലെ. കൊടിയദുരന്തങ്ങളും, ഭാഗ്യാതിരേകവും അയാളില്‍ ചാഞ്ചല്യമുണ്ടാക്കുന്നില്ല. അയാളുടെ സ്വഭാവം ആഹിംസാത്മകമാണ്. ധര്‍മ്മനിഷ്ഠമാണ്. മധുരവും കയ്പ്പും അയാള്‍ക്കൊരുപോലെ. കാരണം അയാള്‍ ‘ഇതാസ്വാദ്യകരം’, ‘ഇത് ദുഷ്കരം’, എന്നിങ്ങനെ ഒന്നിനെയും തരം തിരിക്കുന്നില്ല.
ഇനി മഹാത്യാഗി ആരാണെന്ന് നോക്കാം. ധര്‍മ്മം, അധര്‍മ്മം; സുഖം, ദുഃഖം; ജനനം, മരണം; ആശ, നിരാശ; സംശയങ്ങള്‍, ദൃഢനിശ്ചയങ്ങള്‍, എന്നിവയെ എല്ലാം ത്യജിച്ചവനാണ്. മനസ്സിന്റെയും ശരീരത്തിന്റെയും സുഖദുഖങ്ങളിലെ വ്യാജത അയാള്‍ക്ക് തിരിച്ചറിയാം. ‘എനിക്ക് ദേഹമില്ല, ജനനമില്ല, ശരി-തെറ്റുകള്‍ ഇല്ല’ എന്നിങ്ങനെയുള്ള അവബോധം അയാളില്‍ സജീവമാണ്. ലോകമെന്ന കാഴ്ച്ചയെ, അതിന്റെ ധാരണകളടക്കം അയാള്‍ പരിത്യജിച്ചിരിക്കുന്നു.
വസിഷ്ഠന് പറഞ്ഞു: ഭഗവാന് പരമശിവന്റെ ഈ ഉപദേശം കേട്ട ഭൃംഗീശന് പ്രബുദ്ധനായി. ഭൃംഗീശനു കൈവന്ന മനോഭാവത്തോടെ രാമാ, നീയും ജീവിതത്തെ നേരിടൂ.