യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 468 – ഭാഗം 6 നിര്‍വാണ പ്രകരണം.

സംസ്ഥാപ്യ സങ്കല്‍പകളങ്കമുക്തം
ചിത്തം ത്വമാത്മന്യുപശാന്തകല്‍പ
സ്പന്ദേഽപ്യസംസ്പന്ദമിവേഹ തിഷ്ഠ
സ്വസ്ഥ: സുഖീ രാജ്യമിദം പ്രശാധി (6/118/18)

മനു തുടര്‍ന്നു: ശുദ്ധാവബോധം സ്വയം സങ്കല്‍പ്പപ്രതീതികള്‍ ഉണ്ടാക്കുമ്പോഴാണ്‌ സ്വതന്ത്രജീവന്‍ ഉണ്ടാവുന്നത്. അങ്ങനെയുള്ള ജീവന്മാര്‍ സംസാരത്തില്‍ – പ്രത്യക്ഷലോകത്തില്‍ -അലയുന്നു.

ഗ്രഹണസമയത്ത് പണ്ട് കാണാന്‍ കഴിയാതിരുന്നതിനെപ്പോലും ചിലപ്പോള്‍ കാണാന്‍ കഴിയുന്നതുപോലെ ചിലപ്പോള്‍ വ്യക്തികള്‍ക്ക് സ്വാനുഭവങ്ങളിലൂടെ അനന്താവബോധമെന്ന നിര്‍മ്മലാനുഭവം സുവിദിതമാവാം. ഈ ആത്മജ്ഞാനം ശാസ്ത്രപഠനങ്ങളിലൂടെയോ ഒരു ഗുരുവിന്റെ സഹായത്തോടെയോ അല്ല ലഭ്യമാവുന്നത്. അത് സ്വയം ആത്മാവിനെ ആത്മാവുകൊണ്ട് അറിയുന്ന ഒരവസ്ഥയാണ്. നിന്റെ ശരീരവും ഇന്ദ്രിയങ്ങളും മറ്റും അനുഭവങ്ങളെ സ്വാംശീകരിക്കാനുള്ള സാമഗ്രികള്‍ മാത്രമാണ്. അവ ആത്മാവല്ല. ‘ഞാന്‍ ശരീരമാണ്’ എന്ന ചിന്ത സാധകനു ചേര്‍ന്നതല്ല, അതിനാല്‍ ആ ചിന്ത ഉപേക്ഷിക്കുക.

‘ഞാന്‍ ശുദ്ധാവബോധമല്ലാതെ മറ്റൊന്നുമല്ല’, എന്ന അറിവ് നിസ്തന്ദ്രമായി നിലകൊള്ളുമ്പോള്‍ അത് മുക്തിപ്രദായകമത്രേ. ജരാനരകളും മരണവും തീണ്ടാത്ത ആത്മാവിനെ സാക്ഷാത്കരിക്കാത്ത ഒരുവന്‍ മാത്രമേ ‘അയ്യോ ഞാന്‍ ചത്തേ, ഞാന്‍ നിസ്സഹായനാണേ’, എന്നിങ്ങനെ വിലപിക്കുകയുള്ളു. അങ്ങനെയുള്ള ചിന്തകളാണ് അജ്ഞാനത്തെ ഊട്ടി ഉറപ്പിക്കുന്നത്.

“നിന്റെ മനസ്സിനെ അത്തരം മലിനചിന്തകളില്‍ നിന്നും വിമുക്തമാക്കിയാലും. അത്തരം വികലപ്രതീതികളാല്‍ കളങ്കിതമാവാതെ ആത്മാവില്‍ അഭിരമിച്ചാലും. വൈവിദ്ധ്യമാര്‍ന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാലും. പൂര്‍ണ്ണമായ സമതാഭാവത്തെ കൈക്കൊള്ളു. ശാന്തിയോടെ, സന്തോഷത്തോടെ ചക്രവര്‍ത്തിപദം അലങ്കരിക്കൂ.”

ഭഗവാന്‍ പ്രകടിതമായ ഈ ലോകത്ത് ലീലയാടിയിട്ട് സ്വയം ഉള്‍വലിയുകയാണ്. ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കുന്ന ഊര്‍ജ്ജം തന്നെയാണ് സൃഷ്ടിസര്‍ഗ്ഗത്തിനും മുക്തിക്കും നിദാനമായ ചൈതന്യമായി വര്‍ത്തിക്കുന്നതും. ഒരുമരം അതിന്റെ എല്ലാ ശാഖകളിലും ഇലകളിലും നിറഞ്ഞു നില്‍ക്കുന്നതുപോലെ അനന്താവബോധം വിശ്വത്തെ മുഴുവന്‍ ചൂഴ്ന്നു നിലകൊള്ളുന്നു.

കഷ്ടം! അയാളുടെ ഓരോ അണുവിലും നിറഞ്ഞു വിളങ്ങുന്ന സത്തയാണെങ്കിലും അജ്ഞാനി ഇതറിയുന്നില്ല. എല്ലാറ്റിലും ആത്മാവിനെ ദര്‍ശിക്കുന്നവനാണ് ആനന്ദം അനുഭവിക്കുന്നത്. ഈ അറിവ് ഒരുവനുണ്ടാവുന്നത് ശാസ്ത്രപഠനത്തിലൂടെയും ഗുരുക്കന്മാരുമായുള്ള സത്സംഗം കൊണ്ടുമാണ്. അതാണ്‌ ആദ്യപടി. മനനമാണ് രണ്ടാമത്തെത്. മാനസീകമായി സ്വയം മുക്തനാവുക, അതായത് അനാസക്തി പരിശീലനമാണ് മൂന്നാമത്തേത്. വാസനകളെയും മറ്റുപാധികളെയും അറുത്തു മാറ്റുകയാണ് നാലാമത്തെ പടി. ശുദ്ധാവബോധത്തില്‍ നിന്നും ഉണരുന്ന ആനന്ദമാണ് അഞ്ചാമത്തേത്. ആത്മജ്ഞാനമാണ് അടുത്തത്.

ദീര്‍ഘനിദ്രയിലെന്നവണ്ണം ആനന്ദതുന്ദിലമായ ഒരവസ്ഥയാണിത്. ഏഴാമത്തേത് തുരീയമാണ്. ഇന്ദ്രിയാതീതം. മുക്തിയാണത്. സമ്പൂര്‍ണ്ണസമത. നൈര്‍മ്മല്യം! ഇതേ തലത്തില്‍ത്തന്നെയുള്ള തുരീയാതീതമായ അടുത്ത അവസ്ഥയെ വിവരിക്കാനാവില്ല.

ആദ്യത്തെ മൂന്നവസ്ഥകള്‍ ‘ജാഗ്രദാണ്’- ഉണര്‍ന്നിരിക്കുന്ന അവസ്ഥകള്‍. നാലാമത്തേത് സ്വപ്നാവസ്ഥ, അഞ്ചാമത്തേത് ആനന്ദപൂര്‍വ്വമായ ദീര്‍ഘനിദ്ര. ആറാമത് തുരീയം, അദ്വൈതമായ അവബോധം. ഏഴാമത്തെ അവസ്ഥ വിവരണാതീതം. ഈ അവസ്ഥയിലെത്തിയ ആളില്‍ വിഷയ-വിഷയീ വിഭജനം ഇല്ല. ജീവന്‍ നിലനിര്‍ത്താനോ, മരണം വരിക്കാനോ അയാള്‍ക്ക് ആശങ്കയേതുമില്ല. എകാത്മകതയുടെ പൂര്‍ണ്ണതയാണയാള്‍. അയാളുടെ സ്വത്വം വ്യക്തിഗതമല്ല.